കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?

Staff Editor
September 05, 2021

ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും പ്രതിസന്ധികൾ അനുഭവപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വാടകയോ അനുബന്ധ കാര്യങ്ങളോ നൽകുന്നതിനുള്ള കരാർ കാലാവധി അവസാനിക്കുന്നതുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിക്കപ്പെടും എന്നാണ്. കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെടുകയോ, കുറയുകയോ ചെയ്തതിനെത്തുടർന്ന് വാടക നൽകാൻ കഴിയാത്തവർ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരും. പതിനൊന്ന് ദശലക്ഷത്തോളം ആളുകൾ അവരുടെ വരുമാനത്തിന്റെ 50%വും വാടക പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം ആശങ്ക വർധിപ്പിക്കുകയാണ്. 2016 മുതൽ വർധിച്ചു വരുന്ന ഭവന രഹിതരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും എന്നത് ആശങ്കയോടെത്തന്നെ കാണേണ്ടതാണ്. 

ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാണ്. ഇടുങ്ങിയതും അസൗകര്യങ്ങൾ നിറഞ്ഞതുമായ വീടുകളിൽ താമസിക്കുന്നവർ, കൂടുതൽ ഇടുങ്ങിയ വീടുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇടുങ്ങിയതും അസൗകര്യങ്ങൾ നിറഞ്ഞതുമായ വീടുകളെ സംബന്ധിച്ചിടത്തോളം പകർച്ചവ്യാധിയുടെ സാധ്യത വളരെ വലുതാണ്. ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ, കുട്ടികൾ വീടുകളിൽ നിന്നുതന്നെ പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഉള്ളതുകൊണ്ടുളള മറ്റു പ്രശ്നങ്ങളും ഏറെയാണ്. എല്ലാത്തിനും അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്താൻ കഴിയുന്നുമില്ല.

കമ്പ്യൂട്ടറുകളുടെയോ, സ്മാർട്ട് ഫോണുകളുടെയോ, ഇന്റർനെറ്റിന്റെയോ അഭാവത്തിന് പുറമെ, ഇവിടങ്ങളിൽ സ്ഥലപരിമിതിയുമുണ്ട്. കുറഞ്ഞ വരുമാനത്തിൽ, കൂടുതൽ ആളുകൾ, കുറഞ്ഞ സ്ഥലത്ത് കൂടുതൽ സമയം താമസിക്കുമ്പോൾ, പല തരത്തിലുമുള്ള സമ്മർദ്ദങ്ങളും വഴക്കുകളും എളുപ്പം വർധിക്കും. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ബുദ്ധമുട്ട് വളരെ വലുതാണ്. അതിന്റെ കൂടെ വാടക അടക്കാൻ കഴിയാത്തതിന്റെയും  കുടിയൊഴിപ്പിക്കലിന്റെതുമായ പ്രയാസങ്ങളുമുണ്ട്. കുടിയൊഴിപ്പിക്കൽ ഇല്ലെങ്കിൽ പോലും, കുമിഞ്ഞുകൂടുന്ന വാടകക്കുടിശിക എങ്ങനെ നൽകണം എന്നത് വർധിച്ചു വരുന്ന ഒരു പ്രശ്നമാണ്.

സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെപ്പോവുകയും മാസങ്ങൾക്ക് ശേഷം നഗരങ്ങളിലേക്ക് മടങ്ങിവരികയും ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ അവിടെ താമസ സൗകര്യങ്ങൾ കണ്ടെത്തേണ്ടി വരും. അത് അവരുടെ മുമ്പുണ്ടായിരുന്ന വീടിനെക്കാൾ ദൂരത്താണെങ്കിൽ പുതിയ സ്ഥലം ക്രമീകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണം. സബ്‌സിഡി, റേഷൻ, കുട്ടികൾക്ക് അനുയോജ്യമായ സ്‌കൂൾ തുടങ്ങിയവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നങ്ങളാണ്. ഒട്ടുമിക്ക നഗരങ്ങളിലും ഭവനരഹിതരായ ആളുകൾക്ക് ആവശ്യമായ അഭയകേന്ദ്രങ്ങളും മറ്റനുബന്ധ സൗകര്യങ്ങളും ഇതിനകം തന്നെ അപര്യാപ്തമായ സമയത്ത്, ഭവന രഹിതരായവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ ഭവനരഹിതർക്ക് അനുയോജ്യമായ ഫണ്ടുകളും സഹായങ്ങളും  കാലതാമസം വരുത്താതെ വർധിപ്പിക്കേണ്ടതുണ്ട്. 

നഗരങ്ങളിലെ ദരിദ്രർക്കുവേണ്ടി ഭക്ഷണത്തിനുള്ള റേഷനുകളും സാമ്പത്തിക സഹായങ്ങളും ഉൾപ്പെടെ മൊത്തത്തിലുള്ള ക്ഷേമപദ്ധതികളും സഹായങ്ങളും വർധിപ്പിക്കേണ്ട സമയമാണിത്.  കുടിയൊഴിപ്പിക്കലിന് ന്യായമായ കാലയളവിലക്ക് ഒരു കരാർ ഉണ്ടാക്കണം. മാത്രമല്ല, ഈ ദുരിത കാലത്ത്  വീടുകൾ പൊളിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും വേണം. വരുമാനവും ഉപജീവന സാധ്യതകളും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വളരെ വലിയ തോതിൽ, കൂടുതൽ നൂതനവും സുസ്ഥിരവുമായ രീതിയിൽ നടത്തണം.  തമിഴ്‌നാട്ടിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന  നഗര തൊഴിലുറപ്പ് ഈ പശ്ചാത്തലത്തിൽ സ്വാഗതം ചെയ്യണം. ഡോ. ജീൻ ഡ്രീസിനെപ്പോലുള്ള വിദഗ്ദർ, നഗര തൊഴിലുറപ്പ് പദ്ധതിക്കായി നൂതന ആശയങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അവ പരിഗണിക്കപ്പെടേണ്ടതാണ്. 

നഗരത്തിലെ ദരിദ്രരുടെ പ്രശ്‌നങ്ങൾ വളരെ അടിയന്തരമാണെങ്കിലും മധ്യവർഗക്കാരുടെ വർധിച്ചു വരുന്ന ഭവന പ്രശ്നങ്ങൾ അവഗണിക്കാൻ കഴിയില്ല. വർധിച്ചു വരുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇത്തരം വീടുകൾ പലതും ഗാർഹിക പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഒന്നുകിൽ തവണകളായി പണം തിരികെ അടക്കണം, അല്ലെങ്കിൽ വായ്പാതുക മാസന്തോറും തിരികെ കൊടുക്കണം. സമീപ കാലത്ത് അതിനുള്ള ശേഷിയിൽ കുറവ് സംഭവിച്ചേക്കാം. അതിനാൽ സമ്പത്തിക ഇടപാടുകൾ പുനഃക്രമീകരിക്കുന്ന ദീർഘകാലത്തേക്ക് പോലും അമിത ഭാരമില്ലാത്ത ഉദാര നയം പിന്തുടരണം. ദുർബല വിഭാഗങ്ങൾക്കും മധ്യവർഗത്തിനും വേണ്ടി ഭവന നിർമാണത്തിനായി, താങ്ങാൻ കഴിയുന്ന ചെറിയ തുകകൾ തവണകളായി അടക്കാൻ പറ്റുന്ന ഒരു വലിയ പൊതുഭവനപദ്ധതി പ്രഖ്യാപിക്കണം. 

ബുദ്ധിമുട്ടുള്ള തൊഴിൽ സാഹചര്യം നേരിടുന്ന നിർമ്മാണ തൊഴിലാളികൾക്കും ഇത് വളരെ വേഗം തന്നെ ഉയർന്ന തോതിൽ  ഉപജീവന അവസരങ്ങൾ സൃഷ്ടിക്കും. അവിവാഹിതരായ സ്ത്രീകൾക്കുവേണ്ടി വലിയ തോതിൽ ഹോസ്റ്റലുകളുടെയും ഷെൽട്ടറുകളുടെയും നിർമ്മാണത്തിന് പ്രത്യേക മുൻഗണന നൽകണം. ഗാർഹികാവകാശങ്ങൾക്കും  മനുഷ്യാവകാശങ്ങൾക്കുമായി അന്താരാഷ്ട്ര സംഘടനകൾ, പ്രത്യേകിച്ച് ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടവർ, പ്രത്യേകം പരിശ്രമിക്കേണ്ട സമയമാണിത്. ദുരിത സമയങ്ങളിൽ ഗാർഹികാവകാശങ്ങൾ  സംരക്ഷിക്കുന്നതിനുള്ള വലിയതും വിപുലവുമായ ആഗോള ശ്രമങ്ങൾ തന്നെ ഉണ്ടാകേണ്ടതുണ്ട്.

Staff Editor