ബീഹാറിലെ മുസ്ലിം പള്ളി പരിപാലിക്കുന്നത് ഹിന്ദു സഹോദരങ്ങൾ

Staff Editor
September 29, 2021

മറ്റൊരു മതത്തിൻ്റെ ചിഹ്നങ്ങളെ ആദരിക്കാനും സമുദായ സൗഹാർദ്ദം നിലനിർത്താനും ബീഹാറിലെ ഒരു ഗ്രാമവാസികൾ കാണിക്കുന്ന താൽപര്യം വർഗീയത ധ്രുവീകരണത്തിൻ്റെ വർത്തമാനകാലത്തും നമുക്ക് നല്ല നാളെയെക്കുറിച്ച് പ്രതീക്ഷ നൽകുന്നു.

 

ബീഹാറിലെ മാഡി പള്ളിയിലാണ് മനോഹരമായ ഈ കാഴ്ച്ച കാണാൻ സാധിക്കുക. ബീഹാറിലെ ഈ ഗ്രാമത്തിൽ മുസ്‌ലിംകൾ ആരുമില്ലാതിരുന്നിട്ടും അവിടുത്തെ പള്ളിയിൽ ഇന്നും അഞ്ച് നേരവും ബാങ്ക് മുഴങ്ങുന്നുണ്ട്. അത്‌ സംരക്ഷിക്കുന്നതാകട്ടെ അവിടത്തെ ഹിന്ദു സഹോദരങ്ങളും.

1981ൽ നടന്ന സാമുദായിക ലഹളകളെത്തുടർന്നായിരുന്നു ബിഹാറിലെ മാഡി ഗ്രാമത്തിൽനിന്ന് അവസാനത്തെ മുസ്‍ലിം കുടുംബവും പലായനം ചെയ്തത്. പിന്നീട് ഒരു മുസ്‍ലിം കുടുംബവും അങ്ങോട്ട് തിരികെ വന്നില്ല. എന്നാൽ, ഗ്രാമത്തിൽ ഇപ്പോഴും കേടുപാടുകളൊന്നും സംഭവിക്കാത്ത പള്ളിയിൽ ദിവസവും അഞ്ചുനേരം ബാങ്ക് മുഴങ്ങുന്നുണ്ട്.

നാലു പതിറ്റാണ്ടുമുമ്പ് ഗ്രാമം വിട്ടുപോയ തങ്ങളുടെ സഹോദരങ്ങളുടെ ഓർമകൾ മാഡിയിലെ ഹിന്ദു സമൂഹം മായാതെ കൊണ്ടുനടക്കുന്നത് ഇങ്ങനെയാണ്.  വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പള്ളി കൃത്യമായി പരിപാലിച്ചുപോരുന്നുണ്ട് ഗ്രാമീണർ. റെക്കോർഡ് ചെയ്തുവച്ച ബാങ്ക് അഞ്ചുനേരവും നിസ്‌കാരസമയങ്ങളിൽ നിഷ്ഠയോടത്തന്നെ അവര്‍ പ്രക്ഷേപണം  ചെയ്യുന്നു. ഈ പള്ളി തങ്ങൾക്ക് ജീവനുള്ള ദൈവമാണെന്ന് നാട്ടുകാരനായ ഉദയ്കുമാർ പറയുന്നു. വെള്ളപ്പൊക്കമടക്കം ഒട്ടനവധി പ്രകൃതിദുരന്തങ്ങള്‍ ബിഹാറിനെ തകര്‍ത്തുകളഞ്ഞപ്പോഴെല്ലാം കാര്യമായ നാശനഷ്ടങ്ങളൊന്നും മാഡിയിൽ സംഭവിച്ചില്ല. ദുരന്തങ്ങളുടെ കാലത്തും ഒട്ടും പോറലില്ലാതെ തങ്ങളെ കാത്തത് ഈ പള്ളിയാണെന്നാണ് നാട്ടുകാരെപ്പോലെ ഉദയും വിശ്വസിക്കുന്നു.

അവസാനത്തെ മുസ്‍ലിം കുടുംബവും ഗ്രാമം വിട്ടുപോയതോടെ പള്ളിയുടെ പരിപാലനം ഗ്രാമത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കുകയായിരുന്നു. പള്ളി പരിപാലനത്തിനു വേണ്ട പണം നാട്ടുകാരിൽനിന്നു പിരിച്ചെടുക്കുകയാണ് പതിവ്. ഓരോ വീട്ടില്‍നിന്നുള്ള പങ്കും അതിലുണ്ടാകും. ഗ്രാമത്തില്‍ വിശേഷപ്പെട്ട എന്തു കാര്യം നടക്കുകയാണെങ്കിലും പള്ളിയിൽനിന്നായിരിക്കും തുടക്കം. പള്ളിമുറ്റത്തെത്തി പ്രാർത്ഥനകളോടെ കാര്യങ്ങൾ ആരംഭിക്കും. ആ ശുഭാരംഭം മാത്രം മതി എല്ലാം മംഗളകരമാകാനെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

Staff Editor