ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്

Staff Editor
October 08, 2021

ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന  ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ  തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി മുഴക്കുകയും ചെയ്തു. 'ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും' എന്നായിരുന്നു അക്രമികളുടെ ആക്രോശം.  

സാഹുവിന് മാത്രമല്ല ഇത്തരത്തിലുള്ള അക്രമണങ്ങൾ നേരിട്ടത്. ഈ വർഷം തുടക്കം മുതൽ തന്നെ ഛത്തീസ്ഗഢിൽ ഉടനീളം സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ചില ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മറ്റു ചിലയിടങ്ങളിൽ പാസ്റ്റർമാർക്ക് നേരെ അക്രമങ്ങളും അധിക്ഷേപങ്ങളുമുണ്ടായി. നിരവധി വിശ്വാസികൾ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഈ അക്രമങ്ങളിൽ പോലീസും ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അവരെ പോലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴക്കുകയും ഞായറാഴ്ച്ച പ്രാർത്ഥനകളിൽ റെയ്ഡുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ  ക്രിസ്​ത്യാനികൾ ഇന്ന് ജീവിക്കുന്നത്​ ഭയത്തിലാണ് എന്ന് ഇതിൽ നിന്ന്മനസ്സിലാക്കാം. ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ്  വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ഇത്തരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന  ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഛത്തീസ്ഗഢിൽ ഉടനീളം ഡസൻ കണക്കിന് "മതപരിവർത്തന വിരുദ്ധ" റാലികൾ ഹിന്ദുത്വ സംഘടനകൾ നടത്തിയിട്ടുണ്ട്. കൂടാതെ നേരിട്ടുള്ള അക്രമ പ്രവർത്തനങ്ങളും ഉണ്ടായി. ആഗസ്റ്റ് 29ന്, വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു സരജ ജഗ്തർ സമിതിയുടെ നേതൃത്വത്തിൽ 100ഓളം  ​​ആളുകൾ മൂന്ന് പള്ളികൾ ആക്രമിക്കാൻ ശ്രമിച്ചത് ഉദാഹരണമാണ്.

ഇത്തരം അക്രമണങ്ങളെക്കുറിച്ച് മുതിർന്ന ബി.ജെ.പി. നേതൃത്വത്തിൻ്റെ പ്രതികരണം ഇങ്ങനെയാണ്; "ഞങ്ങൾ ഈ വിഷയത്തെ വെല്ലുവിളിക്കുന്നു. കാരണം, ഇത് രാജ്യത്തിന്റെ ജനസംഖ്യ മാറ്റി മറിക്കും. മതപരിവർത്തനം  ക്രമസമാധാനത്തിന് ഭീഷണിയാണ്. ഈ പരിവർത്തനങ്ങൾക്ക് മുഴുവൻ ചുക്കാൻ പിടിക്കുന്നത് വിദേശ ഫണ്ടുകളാണ്. ആളുകൾ അതിൽ ആകർഷിക്കപ്പെടുകയും അതുവഴി പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. അവസാനം ഈ വിദേശ ഫണ്ടിങ്ങ് ഇന്ത്യക്കെതിരാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ അജണ്ടയിൽ മുൻപന്തിയിൽ നില്കുന്നത് നിർബന്ധിത മത പരിവർത്തനങ്ങൾക്ക് എതിരെ പോരാടുക എന്നതാണ്". ഛത്തീസ്ഗഢ് ബി.ജെ.പിയുടെ മുൻ മന്ത്രി ബ്രിജ്മോഹൻ അഗർവാൾ ദി ഗാർഡിയനോട് പറഞ്ഞു. 

എന്നാൽ, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച എല്ലാ ആരോപണങ്ങളും തെറ്റും അടിസ്ഥാനരഹിതവും ആണെന്നാണ് ക്രിസ്ത്യൻ വിഭാഗക്കാർ പറയുന്നത്. ദി ഗാർഡിയനുമായി സംസാരിക്കവെ, "തങ്ങൾക്ക് പുറത്തുനിന്നുള്ള ധന സഹായമില്ല. ഗ്രാമങ്ങളിലും ചേരി പ്രദേശങ്ങളിലും ബൈബിൾ വിതരണം ചെയ്യാറുണ്ടെങ്കിലും സംസ്ഥാന നിയമമനുസരിച്ച് സജീവമായ മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല" 
അവർ പറയുന്നു.

മതപരിവർത്തനങ്ങൾ നിയന്ത്രിക്കുന്ന കടുത്ത നിയമങ്ങൾ നിലവിലുള്ള ഒമ്പത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്. മതം മാറാൻ ആഗ്രഹിക്കുന്നവർ പ്രാദേശിക ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി തേടേണ്ടതുണ്ട്, നിർബന്ധിത മതപരിവർത്തനം നടത്തുന്ന ആർക്കും മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. അതുകൊണ്ട് തന്നെ നിർബന്ധിത മതപരിവർത്തനത്തിന് ആരും ശ്രമിക്കില്ല. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യമാക്കി മാറിയിട്ടുണ്ടന്ന് ക്രിസ്ത്യൻ സമുദായത്തിലെ പലരും ആരോപിക്കുന്നുണ്ട്: "മതപരിവർത്തന വിവാദം ബി.ജെ.പി പുനരുജ്ജീവിപ്പിച്ചത് വോട്ടർമാരെ മതപരമായി വിഭജിക്കാനും, ചത്തീസ്ഗഡ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്താനുമാണ്".

ഇന്ത്യയിലുടനീളം ബി.ജെ.പി മുസ്ലിംകളെ ടാർഗറ്റ് ചെയ്താണ് വോട്ട് നേടുന്നത്. ഇപ്പോൾ ഛത്തീസ്ഗഢിൽ അവർ ക്രിസ്ത്യാനികളെ ടാർഗറ്റ് ചെയ്യുന്നു. അതിനുള്ള ഒരുക്കങ്ങളാണ് അവർ നടത്തുന്നത്. വ്യകതമായ ഒരു രാഷ്ട്രീയ അജണ്ട വെച്ചുകൊണ്ടാണ് അവർ ഇത്തരത്തിലുള്ള അക്രമങ്ങൾ നടത്തുന്നതെന്ന് മനസ്സിലാക്കാം.

(ദ ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ സംഗ്രഹം)

Staff Editor