Skip to content Skip to sidebar Skip to footer

രോഹിത് വെമുല ഓർമിപ്പിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ ചരിത്രം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയാണ് രാജ്യത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യങ്ങളുടെ തീവ്രത കൂട്ടിയത്. രണ്ടു കേന്ദ്രമന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്നുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ പുറത്താക്കല്‍ നടപടിക്കെതിരെ സമരം ചെയ്യുന്നതിനിടെയായിരുന്നു രോഹിതിന്റെ ആത്മഹത്യ. കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നേക്കാവുന്ന ജാതീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി രോഹിതിന്റെ സഹപ്രവര്‍ത്തകരും വിവിധ വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടുവെച്ച ആവശ്യമാണ് രോഹിത് ആക്റ്റ് എന്ന നിയമനിര്‍മാണം. എന്നാല്‍ ഇതുവരെയും ഇത് സാധ്യമായിട്ടില്ല. 

രോഹിത് വെമുലയുടെ ആത്മഹത്യ ഏഴ് വര്‍ഷം പിന്നിടുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതീയവും വംശീയവും വര്‍ഗീയവുമായ വേര്‍തിരിവുകള്‍ തുടരുകയാണ്. 

2000 മുതല്‍ തന്നെ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിരവധി ദലിത് വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. 1970കളില്‍ സര്‍വ്വകലാശാല ആരംഭിച്ചതുമുതല്‍ തന്നെ 12 ദലിത് വിദ്യാര്‍ത്ഥികളാണ് ജാതീയമായ മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ള പീഡനങ്ങള്‍ കാരണം ആത്മഹത്യ ചെയ്തത് എന്നാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍.

2008ല്‍ സെന്തില്‍ കുമാര്‍ എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് ശേഷം ആത്മഹത്യ നിരക്കില്‍ വര്‍ധനവുണ്ടായതായി രോഹിത് വെമുലയുടെ സഹപ്രവര്‍ത്തകനായ പി വിജയകുമാര്‍ പറയുന്നു. സെന്തില്‍ കുമാറിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പരിശോധിച്ച വിനോദ് പൗരാള കമ്മിറ്റി, ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപോര്‍ട്ട് നല്‍കി.

ഇന്ത്യയിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതീയമായ പീഡനങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ജീവനൊടുക്കേണ്ടിവരുന്നതിന് വലിയ ചരിത്രമുണ്ട്. 1990കള്‍ മുതല്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യകളിലേക്ക് നയിച്ച സംഭവങ്ങള്‍ പരിശോധിക്കുന്നു.

ചുനി കോടാൽ

1965ല്‍ ജനിച്ച ചുനി കോടാല്‍ വിദ്യാസാഗര്‍ ലോധാ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ആദ്യത്തെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. ബംഗാളിലെ ലോധ സവാര എന്ന ആദിവാസി വിഭാഗത്തിലെ അംഗമായിരുന്നു ചുനി കോടാല്‍. ‘പ്രാകൃതര്‍’, ‘കുറ്റവാളികള്‍’ എന്നെല്ലാം അധിക്ഷേപം നേരിട്ട ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ വനിതാ ബിരുദധാരിയാണ് ചുനി. സാമൂഹ്യ പ്രവര്‍ത്തകയായും എസ് സി എസ് ടി ഹോസ്റ്റലില്‍ സൂപ്രണ്ടായും ജോലി ചെയ്ത ചുനി കോടാല്‍ വ്യവസ്ഥാപിതമായി മുന്‍വിധികളും വംശീയ അധിക്ഷേപങ്ങളും നേരിട്ടു. ജോലിയില്‍ ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടെങ്കിലും അതിനോട് പ്രതികരണങ്ങള്‍ ഉണ്ടായില്ല. 1987ല്‍ വിദ്യാസാഗര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നരവംശശാസ്ത്രം പഠിക്കാന്‍ പോയ ചുനി കോടാല്‍ മേൽ ജാതിക്കാരനായ ഒരു അധ്യാപകനില്‍ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടു. അറ്റന്‍ഡന്‍സ് രേഖപ്പെടുത്താതിരിക്കുകയും, അതിലൂടെ പരീക്ഷ എഴുതാന്‍ വിസ്സമതിക്കുകയും ചെയ്യുന്നത് രണ്ട് വര്‍ഷം തുടര്‍ന്നു. ചുനി കോടാലിന്റെ നിരന്തര പരാതികളുടെ ഫലമായി 1991ല്‍ വിദ്യാഭ്യാസ മന്ത്രി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇവരുടെ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല, ഈ സമയത്തും അധ്യാപകന്റെ ചെയ്തികൾ തുടര്‍ന്നു. ചുനിയെയും അവരുട ഗോത്രത്തെയും കുറ്റവാളികളെന്ന് അധിക്ഷേപിച്ചുകൊണ്ടായിരുന്നു അത്. ഒരു സെമിനാറിനിടെ അധ്യാപകന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചുനി കോടാല്‍ മറ്റു വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി മഹാശ്വേതാ ദേവി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്, “ഇന്ന് സെമിനാറില്‍ ഈ അധ്യാപകൻ ഒരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ സംസാരിച്ചു തുടങ്ങിയത് ലോധകളെ പറ്റിയാണ്, ലോധകള്‍ മോഷ്ടിക്കുന്നവരും പിടിച്ചുപറിക്കാരുമാണെന്നാണ് പറഞ്ഞത്. വരാന്തയില്‍ വെച്ച് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. സെപ്തംബറില്‍ എന്നെ പരീക്ഷയ്ക്ക് ഇരുത്തുകയില്ല എന്നാണ് പറഞ്ഞത്. ഒരു ലോധ ആയതിനാല്‍ ഉപരിപഠനത്തെക്കുറിച്ച് ഞാന്‍ സ്വപ്‌നം കാണരുത് എന്നും. കുറ്റവാളികളെക്കുറിച്ച് ഞാന്‍ പരാതിപ്പെട്ടെങ്കിലും അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. എന്റെ രണ്ടു വര്‍ഷങ്ങള്‍ പാഴായിപ്പോയി, ക്ലാസില്‍ പോയിരുന്നെങ്കിലും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല.

1992ല്‍ 27ആം വയസ്സിലാണ് ഭര്‍ത്താവിനൊപ്പം ഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം ചുനി കോടാലിന്റെ ആത്മഹത്യ സംഭവിച്ചത്. ചുനിയുടെ പരാതികള്‍ അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷന്‍ റിപോര്‍ട്ട് മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. 

രജനി എസ് ആനന്ദ്

2004 ജൂലൈ 22ന് കേരളത്തില്‍ നടന്ന രജനി എസ് ആനന്ദ് എന്ന എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി. ഹോസ്റ്റല്‍ ഫീസ് അടക്കാന്‍ കഴിയാതെ പഠനം തടസ്സപ്പെടുകയും ബാങ്ക് ലോണുകള്‍ ലഭിക്കാതാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രജനിയുടെ ആത്മഹത്യ. ഇത് സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളോടുള്ള തുറന്ന സമരത്തിലേക്ക് നയിച്ചു. 

ഡോ.ജസ്പ്രീത് സിങ്

2008 ജനുവരി 27ന് ചണ്ഡീഗഢ് ഗവണ്മെന്റ് മെഡിക്കല്‍ കൊളേജിലെ എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഡോ. ജസ്പ്രീത് സിങ് അധ്യാപകനില്‍നിന്നും ജാതീയമായ പീഡനം നേരിട്ടിരുന്നു. കൊളേജ് ലൈബ്രറിയുടെ അഞ്ചാംനിലയിലാണ് ജസ്പ്രീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജസ്പ്രീതിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പില്‍ ക്ലാസില്‍ നേരിട്ട ജാതിപീഡനത്തിന്റെ വിശദാംശങ്ങള്‍ എഴുതിയിരുന്നു. ജാതീയമായി അധിക്ഷേപിച്ച കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവിയായ പ്രൊഫസര്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവസാനവര്‍ഷം വരെ എല്ലാ പേപ്പറുകളും എഴുതിയെടുത്ത ജസ്പ്രീതിനെ ഇത് സംഘര്‍ഷത്തിലാക്കി. ഈ കാര്യം ജസ്പ്രീത് മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. ഒരു പേപ്പറില്‍ അധ്യാപകന്‍ തോല്‍പിക്കുകയും ചെയ്തിരുന്നു. കേസില്‍ എസ്.സി.എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരം എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു.

ബാൽ മുകുന്ദ് ഭാർതി

2010 മാര്‍ച്ച് 3ന് മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ നടന്നു, എയിംസില്‍ എം.ബി.ബി.എസ് അവസാനവര്‍ഷ പഠനത്തിലായിരുന്ന, മധ്യപ്രദേശ് തികംഗഢ് ജില്ലയില്‍ നിന്നുള്ള ബാല്‍മുകുന്ദ് ഭാര്‍തി. വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് നേരിട്ട ജാതീയമായ പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

മനീഷ് കുമാര്‍ ഗുഡ്ഡോലിയന്‍

2011ല്‍ ഐ.ഐ.ടി റൂര്‍ക്കിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിയായ മനീഷ് കുമാര്‍ ഗുഡ്ഡോലിയന്‍ ആത്മഹത്യ ചെയ്തത് അക്കാദമിക് സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെയാണ് എന്നാണ് ഐ.ഐ.ടി റൂര്‍ക്കിയുടെയും റൂര്‍ക്കി പൊലീസിന്റെയും ഭാഷ്യം. എന്നാല്‍ സഹപാഠികളില്‍ നിന്നും ജാതിപീഡനം അനുഭവിച്ചിരുന്നതായും ഹോസ്റ്റല്‍ വാര്‍ഡന്റെ സമീപനം കാരണം ഐ.ഐ.ടിക്ക് പുറത്തേക്ക് താമസം മാറേണ്ടിവരികയും ചെയ്തിട്ടുണ്ട്. ചമാറുകള്‍ക്ക് പഠിക്കാന്‍ കഴിയുമോ എന്ന് സഹപാഠികള്‍ ചോദിച്ചിരുന്നതായി മനീഷിന്റെ അമ്മ ഭാനുമതിയും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സൈക്യാട്രിക് ചികിത്സ തേടുകയും പഠനം മുടങ്ങുകയും ചെയ്തു. 

മുദസിർ കമ്രാൻ

2013 മാര്‍ച്ചില്‍ ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്‌ഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന, പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ മുദസിര്‍ കമ്രാന്റെ ആത്മഹത്യ സങ്കീര്‍ണമായ മറ്റുചില ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നതായിരുന്നു. ജമ്മു കശ്മീരിലെ പുള്‍വാമ സ്വദേശിയായ കമ്രാനെതിരെ റൂംമേറ്റ് നല്‍കിയ ഒരു പരാതി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച പ്രോക്റ്ററുടെ നടപടിയാണ് ആത്മഹത്യയ്ക്ക് കാരണമായത്. പൊലീസ് സ്റ്റേഷനില്‍നിന്നും മുദസിര്‍ കമ്രാന്‍ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെയാണ് തിരിച്ചെത്തിയതെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

മദാരി വെങ്കടേഷ്

2013 നവംബര്‍ 24ന് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ മദാരി വെങ്കടേഷ് എന്ന ദലിത് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. അഡ്വാൻസ്‌ഡ് സെന്റർ ഓഫ് റിസേർച്ച് ഇൻ ഹൈ എനർജി മെറ്റിരിയൽസ് വിഭാഗത്തിൽ മൂന്നാം വർഷ പി.എച്ച്.ഡി വിദ്യാർത്ഥി ആയിരിക്കെ, ഹോസ്റ്റല്‍ മുറിയില്‍ വെച്ച് വിഷം കഴിച്ചാണ് വെങ്കടേഷിന്റെ ആത്മഹത്യ. സര്‍വ്വകലാശാലയിലെ ഒരു അധ്യാപകന്റെ മാനസികപീഡനമാണ് ആത്മഹത്യാ പ്രേരകമായതെന്ന് വെങ്കടേഷിന്റെ കുടുംബം. മൂന്ന് വര്‍ഷമായി ഗവേഷണത്തിന് ഗൈഡിനെ ലഭിക്കാത്തത് വെങ്കടേഷിനെ തളര്‍ത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 2013ല്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ റിപോര്‍ട്ട് ചെയ്ത നാലാമത്തെ ആത്മഹത്യയാണ് മദാരി വെങ്കടേഷിന്റേത്.

അനികേത് അംഭോർ

2014ല്‍ ഐ.ഐ.ടി ബോംബെയില്‍ അനികേത് അംഭോര്‍ എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് ശേഷം രക്ഷിതാക്കള്‍ ഐ.ഐ.ടി ബോംബേക്ക് സമര്‍പ്പിച്ച പത്ത് പേജുള്ള മൊഴിയില്‍ ക്യാംപസിനകത്ത് അനികേതിന് നേരിടേണ്ടിവന്ന ജാതിപീഡനം രേഖപ്പെടുത്തി. കെട്ടിടത്തില്‍നിന്നു വീണ് മരിച്ചതാണെന്ന് അപകടമരണമായിട്ടാണ് ഐ.ഐ.ടി രേഖപ്പെടുത്തിയത്. ആന്തരിക സംഘര്‍ഷങ്ങള്‍ കാരണമുള്ള ആത്മഹത്യയാണിതെന്ന് കേസ് അന്വേഷണത്തിനായി നിയമിച്ച എ.കെ സുരേഷ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഒരു പ്രൊഫസറുടെ പെരുമാറ്റത്തെ കുറിച്ചും രക്ഷിതാക്കളുടെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. മുന്‍വിധിയോടെയുള്ള സമീപനം അനികേതിനോട് ഉണ്ടായിരുന്നത് ഈ അധ്യാപകനായിരുന്നു എന്നും മൊഴിയില്‍ പരാമര്‍ശിച്ചു. രക്ഷിതാക്കള്‍ ആരോപിച്ചതുപോലെ, സംവരണവിരുദ്ധമായ നിലപാട് ഐ.ഐ.ടി ബോംബെയില്‍ നിലനില്‍ക്കുന്നില്ലെന്ന് എ.കെ സുരേഷ് കമ്മിറ്റി റിപോര്‍ട്ട് നല്‍കി. 

ഡോ. ശരവണൻ
ഗണേശൻ

2016 ജൂലൈ 10നായിരുന്നു ഐയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26കാരന്‍ ഡോ.ശരവണന്‍ ഗണേശന്‍റെ ആത്മഹത്യ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ശരവണന്‍റെ കുടുംബം ഇതൊരു ആത്മഹത്യയല്ലെന്ന് ആരോപിച്ചു. ഡല്‍ഹി പൊലീസ് ഈ മരണത്തെ വിലയിരുത്തിയെങ്കിലും സാഹചര്യ തെളിവുകളും സാങ്കേതികതകളും ചൂണ്ടിക്കാട്ടി ഇതൊരു കൊലപാതകമാണ് എന്ന ആരോപണമുന്നയിച്ചു.  എന്നാൽ പ്രതികളെ ഇതുവരെ കണ്ടെത്താൻ ആയില്ല.

എസ്. അനിത

മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നടപ്പിലാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ദലിത് വിദ്യാര്‍ത്ഥിനിയാണ് തമിഴ്‌നാട്ടിലെ അരിയല്ലൂരില്‍നിന്നുള്ള എസ്.അനിത. പ്ലസ് റ്റു മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടന്നിരുന്നെങ്കില്‍ മെഡിക്കല്‍ സീറ്റ് നേടാനുള്ള സാധ്യതകളുണ്ടായിരുന്നു അനിതക്ക്. എന്നാല്‍, മാറിയ സംവിധാനത്തില്‍ അനിത പിന്നിലാക്കപ്പെട്ടു. ‘എനിക്കൊരു ഡോക്ടര്‍ ആകണം, പ്ലസ് റ്റു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കില്‍ എനിക്ക് തീര്‍ച്ചയായും മെഡിക്കല്‍ സീറ്റ് കിട്ടുമായിരുന്നു,’ സുപ്രീം കോടതിയില്‍ വെച്ച് അനിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്. സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജില്‍ മാത്രമേ പഠിക്കൂ എന്നും അനിത തീരുമാനിച്ചിരുന്നു. 2017 സെപ്തംബര്‍ 1ന് അനിത ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ മെച്ചപ്പെടുത്താത്ത അക്കാദമിക നിലവാരങ്ങളും, അനിത ഉള്‍പ്പെടെ നീറ്റ് കോച്ചിങ് നേടാനുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്ലാത്ത നിരവധി വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി. അംബേദ്കറുടെയും പെരിയാറുടെയും ആശയങ്ങളില്‍ പ്രവര്‍ത്തിച്ച അനിത നീറ്റിനെതിരെയുള്ള സമരങ്ങള്‍ക്ക് തുടക്കമിട്ടു.

ഡോ.പായൽ തദ്വി

മഹാരാഷ്ട്രയില്‍ ഗൈനക്കോളജി പി ജി വിദ്യാര്‍ത്ഥിയായ ഡോ.പായൽ തദ്വിയുടെ ആത്മഹത്യ സീനിയേഴ്‌സില്‍ നിന്നുള്ള നിരന്തരമായ ജാതിപീഢനങ്ങള്‍ കാരണമായിരുന്നു. 2019ല്‍ മാര്‍ച്ച് 22നായിരുന്നു 26കാരിയായ പായലിന്റെ മരണം. തദ്വി ഭില്‍ ഗോത്ര സമുദായ അംഗമായ പായല്‍ പി.ജി റെസിഡന്റ് ഡോക്ടറായി പ്രാക്റ്റീസ് ചെയ്തിരുന്ന സമയത്താണ് മേല്‍ജാതിക്കാരായ മൂന്നു സീനിയര്‍മാരില്‍നിന്നും തുടര്‍ച്ചയായ ജാതിപീഢനം നേരിട്ടത്. സംവരണത്തിലൂടെ പഠിക്കാനെത്തിയതാണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ പായലിനെതിരെ നടത്തിയ പീഡനം. കുറ്റാരോപിതരെയും ബി.വൈ.എല്‍ നായര്‍ ഹോസ്പിറ്റലിലേക്ക് പഠനം തുടരാന്‍ അനുവദിച്ചുകൊണ്ട് 2020 ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിറക്കി. ആന്റി റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തല്‍ ഇവര്‍ മൂന്നുപേരും വാട്‌സപ് ഗ്രൂപ്പിലുള്‍പ്പെടെ പായലിനെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ്. അടുത്ത സെമസ്റ്ററില്‍ ക്ലിനിക്കല്‍ വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് ഭീഷണിയും ഉണ്ടായിരുന്നു. 

ഫാത്തിമ ലത്തീഫ്

ഐ.ഐ.ടി മദ്രാസിലെ യു.ജി ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായിരുന്ന 19 കാരിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് 2019 നവംബര്‍ 9നാണ്. 2019 ജൂലെെയിലാണ് ഫാത്തിമ ഐ.ഐ.ടി ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ചേരുന്നത്. ആത്മഹത്യാ കാരണത്തെ കുറിച്ച് ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ മേൽജാതികാരനായ ഒരു അധ്യാപകന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു. മകള്‍ ജാതീയവും വര്‍ഗീയവുമായ വിവേചനം ക്ലാസ് മുറിയില്‍ നേരിട്ടിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞിരുന്നു. അധ്യാപകരില്‍നിന്നുള്ള പീഡനങ്ങളെക്കുറിച്ച് ഫാത്തിമ നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഒരു മുസ്‌ലീം പേര് എല്ലാ ലിസ്റ്റുകളിലും മുന്നില്‍ നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന ഫാത്തിമയുടെ പേരിനെ ചോദ്യം ചെയ്യുന്ന സമീപനമാണ് ഐ.ഐ.ടിയിലെ അധ്യാപകരില്‍നിന്നും ഉണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

നജീബിന്‍റെ തിരോധാനം 

2016 ഒക്ടോബറില്‍ ആണ് ജെ.എന്‍.യുവിലെ എം.എസ്‌.സി ബയോടെക് വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ സര്‍വ്വകലാശാല ഹോസ്റ്റലില്‍ നിന്നും കാണാതാകുന്നത്. എ.ബി.വി.പി അംഗങ്ങളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നജീബിന്റെ തിരോധാനം. നജീബ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 2017 മേയില്‍ ഡല്‍ഹി ഹൈ കോടതി നജീബിന്റെ മാതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐ ക്ക് കൈമാറി. നജീബിന്റെ കുടുംബാംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കോടതി പറഞ്ഞത്. നജീബിനെതിരെ എന്തെങ്കിലും കുറ്റകൃത്യം നടന്നതിന് തെളിവുകളില്ല എന്ന് 2018 മേയില്‍ സി.ബി.ഐ ഡല്‍ഹി ഹൈ കോടതിയെ അറിയിച്ചു. കുറ്റാരോപിതരായ എ ബി.വി.പി അംഗങ്ങളുടെ ഒമ്പത് ഫോണുകളില്‍ മൂന്നെണ്ണം പരിശോധിക്കാന്‍ പരിമിതികളുണ്ട് എന്നാണ് സി.ബി.ഐ പറഞ്ഞത്. പരാതി നല്‍കാന്‍ പോയ ഫാത്തിമാ നഫീസിനോട് എ.ബി.വി.പി അംഗങ്ങളുടെ പേര് പരാമര്‍ശിക്കാതിരിക്കാനും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

2018 സെപ്തംബറില്‍ കേസില്‍ ക്ലോഷര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതായി സി.ബി.ഐ ഹെെ കോടതിയെ അറിയിച്ചു. “രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയെന്ന് അറിയപ്പെടുന്ന സി.ബി.ഐ ഈ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്റെ ഹൃദയം തകര്‍ക്കുന്നു. എന്റെ മകന്‍ ആക്രമിക്കപ്പെട്ടുവെന്ന് സി.ബി.ഐ സമ്മതിക്കുന്നുണ്ടെങ്കിലും കോടതിയില്‍ അവകാശപ്പെടുന്നത് അവന് ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്. ഇത്രയും കടുത്ത നുണകള്‍ എന്നെ ഞെട്ടിക്കുന്നു”, ഫാത്തിമ നഫീസ് പറഞ്ഞു. 

തുടരും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.