അസ്മ മന്‍ഹാം
കേരള വിദ്യാഭ്യാസ മേഖലയിൽ ഇടക്കിടെ നടന്നുകൊണ്ടിരിക്കുന്ന ‘ഒറ്റപ്പെട്ട’ സംഭവങ്ങളുടെ പുതിയ പതിപ്പാണ് ഈയിടെയായി നാം കണ്ട ചിലചോദ്യപ്പേപ്പറുകൾ.
കേരളത്തിലെ വ്യത്യസ്ത സർവകലാശാലകളിലെയും പി. എസ്. സിയിലെയും ചോദ്യപ്പേപ്പറിൽ ഇസ്‌ലാമോഫോബിയയും വംശവെറിയും പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നു. സംഘപരിവാർ അജണ്ടകൾ ഭരണ സംവിധാനങ്ങളിലൂടെ കേരളത്തിലും നടപ്പിലാക്കുന്നു എന്ന സൂചനയാണ്ഇത് നൽകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുകളും സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾക്കായി ഒരുക്കപ്പെടുന്നതിന്റെ തെളിവുകളായി ഇവയെ മനസിലാക്കാം.
മലബാർ സമരത്തെക്കുറിച്ച PSCയുടെ ചോദ്യത്തിന്, ‘ഹിന്ദുക്കൾ നിബന്ധിത മതപരിവർത്തനത്തിനു വിധേയരായി’ എന്ന് ഉത്തരം കൊടുക്കുന്നതോടെ ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥി പിന്തുണക്കേണ്ടിവരുന്നത് സംഘ്പരിവാർ കെട്ടി ഉണ്ടാക്കിയ ചരിത്ര നിർമിതിയെയാണ്.

MG സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് ആറാം സെമസ്റ്റർ
ബിരുദ പരീക്ഷയിലെ ‘State and Society in Kerala’ എന്ന വിഷയത്തിലെ ഒരു ചോദ്യം, ‘കേരളത്തിൽ തീവ്രവാദ സംഘടനകൾ ഉണ്ടാവാനുള്ള കാരണങ്ങൾ’ അന്വേഷിക്കുന്നതായിരുന്നു. ഉത്തരസൂചികയിൽ NDF, PDP, നക്സൽ സംഘടനകളെ ഒരുമിച്ച് പേരെടുത്ത് പരാമർശിക്കുകയും അവയുടെ രൂപീകരണ കാരണം ന്യൂനപക്ഷ അരക്ഷിതാവസ്ഥയാണെന്ന് സമർത്ഥിക്കുകയും ചെയ്യുക വഴി
ഒരാൾ സ്റ്റേറ്റിന്റെ ആഖ്യാനങ്ങളെ അംഗീകരിക്കേണ്ടി വരികയാണ്.

2021ൽ സാക്ഷരതാ മിഷന്നു കീഴിലെ +2 തുല്യതാ കോഴ്സിന് ഹയർ സെക്കന്ററി പരീക്ഷാ ബോർഡ് തയ്യാറാക്കിയ സോഷ്യോളജി ചോദ്യപ്പേപ്പറിൽ, ‘ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണോ’? എന്നൊരു ചോദ്യമുണ്ടായിരുന്നു.

2017-ലെ എം. ജി. സർവകലാശാലയുടെ പഞ്ചവത്സര LLB കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ ചോദ്യപ്പേപ്പറിൽ, ‘Abolition of Love Jihad Act എന്ന നിയമം കൊണ്ടുവന്നാലുള്ള ഫലങ്ങൾ എന്തെല്ലാമായിരിക്കും’ എന്നാണ് അന്വേഷിക്കുന്നത്.

സാങ്കൽപിക സാഹചര്യത്തെയാണ് വിശകലനം ചെയ്യാൻ ആവശ്യപ്പെടുന്നതെങ്കിലും ഇതിന് ഉത്തരം നൽകാൻ വിദ്യാർത്ഥി ഏതു രീതിയിൽ ചിന്തിക്കേണ്ടതുണ്ട് എന്ന് പറയേണ്ടതില്ലല്ലോ! നിയമം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ‘കോൺസ്റ്റിറ്റ്യൂഷനലിസ്റ്റുകൾ’ തങ്ങളുടെ പിൻഗാമികളെ തന്ത്രപൂർവം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ്ഇത് സൂചിപ്പിക്കുന്നത്.
മുസ്‌ലിംകളുടെ സാന്നിധ്യവും ചരിത്രവും വംശീയമായി അധിക്ഷേപിക്കപ്പെടുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്ന സംഘ്പരിവാർ നടപടികളോട് രാജിയാവുകയാണോ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും തൊഴിൽ റിക്രൂട്ട്മെന്റ് മേഖലയും എന്ന സംശയം ബലപ്പെടുത്തുകയാണ് ഇതെല്ലാം. സംഘ്പരിവാർ സ്റ്റേറ്റിനോട് വിയോജിപ്പുണ്ടെന്ന് വാദിക്കുന്നവർ, ആ വിയോജിപ്പ് പ്രായോഗവൽക്കരിക്കുന്നതിൽ കാണിക്കുന്ന വീഴ്ച്ചകളുടെയും
ഒത്തുതീർപ്പുകളുടേയും അനന്തരഫലങ്ങൾ ചെറുതാവില്ല.