Skip to content Skip to sidebar Skip to footer

മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ

തശ്‌രീഫ് കെ പി

അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല.

മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും മികച്ച നേട്ടങ്ങൾ കൊയ്യുമ്പോഴും മലബാറിൽ പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും പഠന അവസരങ്ങളുടെ കാര്യത്തിൽ അനീതിയുടെ കണക്കുകൾക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഹയർ സെക്കണ്ടറി മേഖലയിൽ മലബാര്‍ ജില്ലകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രൂക്ഷമായ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. പ്രീഡിഗ്രി നിര്‍ത്തലാക്കി സ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിച്ചകാലം മുതൽ തന്നെ തുടങ്ങിയതാണ് ഈ പ്രതിസന്ധി. നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയുമായിരുന്ന 2000-2001 കാലത്ത് ആദ്യമായി ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ പുലര്‍ത്തിയ വിവേചനത്തിന്റെ പ്രത്യാഘാതമാണ് മലബാര്‍ ഇപ്പോഴും അനുഭവിക്കുന്നത്. അന്ന് ഹയര്‍ സെക്കന്ററി അനുവദിച്ചപ്പോള്‍ തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം നല്‍കി; മലബാറിന് ആവശ്യമായത് നല്‍കാന്‍ സംസ്ഥാന ഭരണകൂടം തയാറായതുമില്ല.

പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം കുറവായതിനാല്‍ പ്ലസ്ടു ആരംഭിച്ച ആദ്യ വര്‍ഷങ്ങളിലത് മലബാറിനെ സാരമായി ബാധിച്ചില്ല. പിന്നീട് എസ്.എസ്.എല്‍.സി വിജയശതമാനം വർധിച്ചതോടെ മലബാര്‍ ജില്ലകളിലെ ഈ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങി. എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉയർന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സ്ഥിതി മലബാറില്‍ ഉടലെടുത്തു. ഓരോ വര്‍ഷവും അര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതു മേഖലയില്‍ ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടായി. ഇത് ശാശ്വതമായി പരിഹരിക്കാന്‍ പുതിയ ഹയര്‍ സെക്കന്ററികളും ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ജില്ലകളില്‍ നിരന്തര സമരങ്ങളും മുറവിളികളും ഉയര്‍ന്നുവെങ്കിലും നേരിയ പരിഹാര ശ്രമങ്ങള്‍ക്കപ്പുറം ഒരു ഭരണകൂടവും ക്രിയാത്മക ഇടപെടലുകൾ നടത്തിയില്ല.

സീറ്റ് വര്‍ധനവെന്ന താല്‍ക്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇടതുവലതു ഭരണകൂടങ്ങള്‍ കാലങ്ങളായി ഈ വിഷയത്തില്‍ സ്വീകരിച്ചത്. പ്ലസ് വണ്‍ ആരംഭിച്ച് ഇരുപത് വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ഈ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലബാറില്‍ രൂക്ഷമായി തുടരുന്നു എന്നതാണ് 2021, 2022 വർഷങ്ങളിലെ ഔദ്യോഗിക കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത്.


പരീക്ഷ ഫലം പുറത്ത് വന്ന് മൂന്ന് ആഴ്ച്ച പിന്നിട്ടിട്ടും ഈ വർഷത്തെ പ്ലസ് വൺ പ്രവേശന പ്രക്രിയ ആരംഭിച്ചിട്ടില്ല. എന്നാൽ സർക്കാർ ഔദ്യോഗിക വിവരങ്ങൾ പ്രകാരം സംസ്‌ഥാനത്ത്‌ ലഭ്യമായ കണക്കുകകൾ പരിശോധിക്കുമ്പോൾ മലബാർ ജില്ലകളിൽ 62,293 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ക്ഷാമം ഉണ്ട്. സംഥാനത്തെ മികച്ച വിജയ ശതമാനമുള്ള റവന്യൂ ജില്ല കണ്ണൂരും കൂടുതൽ എ പ്ലസ് വിദ്യാർത്ഥികളുള്ള ജില്ല മലപ്പുറവുമാണ്. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും മതിയായ സീറ്റില്ലാത്ത കടുത്ത വിവേചനം ചരിത്ര വിജയം നേടിയ 2021ലും മലബാറിന് അവകാശപ്പെടാനുണ്ടായിരുന്നു.

വിവേചന ഭീകരതയുടെ കണക്കുകൾ നോക്കാം

സംസ്ഥാനത്ത് ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,21,694, സർക്കാർ എയ്‌ഡഡ്‌ മേഖലയിൽ സംസ്ഥാനത്ത് ലഭ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ 3,06,150 മലബാറിലെ ജില്ലകളിൽ കുറവ് വരുന്ന സീറ്റുകളുടെ എണ്ണം 62293, തെക്കൻ ജില്ലകളിൽ അധികമായി വരുന്ന സീറ്റുകളുടെ എണ്ണം 19390. മലബാർ ജില്ലകളിൽ മലപ്പുറം ജില്ലയിൽ മാത്രം 30,941 വിദ്യാർത്ഥികൾക്ക് സീറ്റില്ല.

2021ൽ മലബാറിലെ ആറ് ജില്ലകളിലുമായി 208231 വിദ്യാര്‍ഥികളിലാണ് പ്ലസ് വൺ അപേക്ഷ നൽകിയത്. ഇരുപത് ശതമാനം സീറ്റ് വര്‍ധനവിനു ശേഷവും ഈ വര്‍ഷം മലബാറില്‍ 194875 വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് വണ്‍ പഠന സൗകര്യമുള്ളത്. 43356 അപേക്ഷകര്‍ക്ക് സർക്കാർ എയ്‌ഡഡ്‌ മേഖലയിൽ പ്ലസ് വണ്‍ പഠന സൗകര്യം ലഭിക്കില്ലെന്ന് വ്യക്തം. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് പഠന സാധ്യതകള്‍ കൂടി പരിഗണിച്ചാലും മലബാറില്‍ ഉപരിപഠന സൗകര്യം ലഭിക്കാത്ത കാല്‍ ലക്ഷം വിദ്യാര്‍ഥികളുണ്ടാവും. മിക്ക തെക്കന്‍ ജില്ലകളിലും അപേക്ഷകരേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുള്ളപ്പോഴാണ് ഇതെന്നോര്‍ക്കുക. പത്താം ക്ലാസ് പഠനശേഷമുള്ള മുഴുവന്‍ ഉപരിപഠന സൗകര്യങ്ങളും തെക്കന്‍ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

രണ്ടു ലക്ഷത്തോളം വരുന്ന പ്ലസ് വണ്‍ സീറ്റുകള്‍ക്ക് പുറമെ ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക് മേഖലയില്‍ 46931 സീറ്റുകള്‍ തിരുകൊച്ചി മേഖലയിലുണ്ട് മിക്ക വര്‍ഷങ്ങളിലും പഠിക്കാന്‍ കുട്ടികളില്ലാതെ ഈ ജില്ലകളില്‍ പല കോഴ്‌സുകളുടെയും ബാച്ചുകള്‍ കാലിയായി കിടക്കലാണ് പതിവ്. ഒരേ മേഖലയില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ സീറ്റുകളും ബാച്ചുകളും വെറുതെ കിടക്കുമ്പോഴാണ് മലബാറില്‍ കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ഭാവി അവതാളത്തിലായി തുടരുന്നത്.

മലബാറിലെ ഹയർ സെക്കണ്ടറി സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മാത്രം 1555 പുതിയ സ്ഥിരം ബാച്ചുകളാണ് ആവശ്യം. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഒരൊറ്റ പുതിയ സ്ഥിര ബാച്ചും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വിഷയം ശ്രദ്ധയിൽപെടുത്തി മന്ത്രിയോട് ആവശ്യമുന്നയിക്കുമ്പോൾ പുതിയ കെട്ടിടങ്ങളും ബാച്ചുകളും അനുവദിക്കാനുള്ള നയപരമായ തീരുമാനം സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ്. ഓരോ വർഷവും തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ ഹയർ സെക്കൻ്ററി സീറ്റുകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അലോട്ട്മെന്റുകൾ പൂർത്തിയായി കഴിഞ്ഞ് 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കലായിരുന്നു പതിവ്.

കഴിഞ്ഞ വർഷ മുപ്പത് ശതമാനം വരെയായിരുന്നു ആനുപാതിക സീറ്റ് വർധനവ്. അത് പോലും അനുവദിക്കപ്പെട്ടത് നിരവധി പ്രക്ഷോഭങ്ങൾക്കും അഭ്യർത്ഥനകൾക്കും ശേഷം. മുഴുവൻ അലോട്മെന്റുകൾ കഴിഞ്ഞാൽ സീറ്റ് കിട്ടാതെ ഒരാളും പുറത്താകേണ്ടി വരില്ല എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം പോലും കാപട്യമായിരുന്നു എന്നതാണ് ചരിത്ര വിജയം നേടിയ കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ. ഈ പ്രഖ്യാപനമെങ്കിലും ഈ വർഷം വിവാദമുയരുമ്പോൾ തന്നെ സമ്മതിക്കാൻ മന്ത്രി തയ്യാറായി എന്നതാണ് അദ്ദേഹത്തിനുണ്ടായ താത്കാലിക മാറ്റം.

അമ്പത് പേർക്കിരിക്കാവുന്ന ഒരു ക്ലാസ്സിൽ മലബാർ ജില്ലകളിൽ മാത്രം 65 വിദ്യാർത്ഥികൾ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടുള്ളത്. വരുംവർഷങ്ങളിൽ ഇപ്പണി ചെയ്യരുതെന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ ഹൈക്കോടതി കേരള സർക്കാരിനോടാവശ്യപ്പെട്ടിരുന്നതുമാണ്. ഇങ്ങനെ അശാസ്ത്രീയമായ രീതിയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ സീറ്റുകൾ വർധിപ്പിച്ച ശേഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ സീറ്റില്ലാതെ ഓരോ വർഷവും മലബാർ ജില്ലകളിൽ മെയിൻ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരാറുണ്ട്. അനീതിയുടെയും വിവേചനത്തിൻ്റെയും ആ സ്ഥിരം ഇരകൾ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തും ആവർത്തിക്കുകയാണ്.

“പത്താംക്ലാസ് പാസായ എല്ലാ വിദ്യാർഥികൾക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ട്. ഒരു ജില്ലയിലും സീറ്റ് പ്രതിസന്ധിയില്ല. നേരിയ പ്രശ്നങ്ങളുണ്ടെങ്കിൽ 20 ശതമാനം മാർജിനൽ ഇൻക്രീസ് നടപ്പാക്കിയതോടെ അതവസാനിച്ചു. ഇനി പ്രശ്നമുണ്ടാവുകയാണെങ്കിൽ സെക്കൻഡ് അലോട്മെൻ്റിന് സീറ്റ് വീണ്ടും വർധിപ്പിക്കാം” ഈ രീതിയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക് പ്രഖ്യാപനങ്ങളും നിയമസഭാ മറുപടികളുമുള്ളത്. മലബാർ ജില്ലകളിൽ എസ്.എസ്.എൽ.സി പാസായവർക്ക് ഉപരി പഠനസൗകര്യങ്ങളില്ലെന്നത് പതിവിലധികം ചർച്ചയായ സന്ദർഭത്തിലാണ് സീറ്റുകുറവുള്ള മലബാറിനെ സ്പർശിക്കാതെ കേരളത്തെ മൊത്തം ഒരു യൂണിറ്റായി പരിഗണിച്ച് പത്താംക്ലാസ് പാസായ മുഴുവൻ പേർക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തുന്നത്.

സംസ്ഥാനത്തെ ഗണ്യമായ സീറ്റുകളും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ബോധപൂർവം മറച്ചുവെച്ചാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. സീറ്റുപ്രതിസന്ധിയനുഭവിക്കുന്ന മലബാർ ജില്ലകളിലെ വിദ്യാർഥികൾക്ക് കേരളത്തിലൊന്നാകെ ഒരു യൂണിറ്റാക്കിയുള്ള ഈ സീറ്റുകണക്ക് എന്ത് പരിഹാരമാണുണ്ടാക്കുക?

മലബാറിലെ ആറ് ജില്ലകളിലും ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർസെക്കൻ്ററി, ഐ.ടി.ഐ, പോളിടെക്നിക് മുഴുവൻ ഉപരിപഠന സാധ്യതകളെടുത്താലും ആവശ്യത്തിന് സീറ്റുകളില്ല. മലപ്പുറത്തും കോഴിക്കോടുമൊക്കെ പഠനം മുടങ്ങുന്ന കൗമാരക്കാരായ വിദ്യാർത്ഥികൾ സീറ്റുകളൊഴിഞ്ഞു കിടക്കുന്ന കോട്ടയത്തും പത്തനംത്തിട്ടയിലുമെല്ലാം പോയി പ്ലസ് വൺ പഠിക്കട്ടെയെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്? വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഈ വിഷയത്തിൽ രേഖാമൂലം നൽകിയ മറുപടികളിലും മലബാർ ജില്ലകളിൽ മാത്രമുള്ള ഈ സീറ്റുകുറവുകൾ മറച്ചുവെച്ച്, തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ കൂടി ചേർത്ത സംസ്ഥാനതലത്തിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മലബാറിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ പ്രത്യേകം അഭിമുഖീകരിക്കാതെ വിചിത്രമായ കണക്കുകൾ നിരത്തി യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാനാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി ഇങ്ങനെയാണ്:”2021 – 22 അധ്യയന വർഷം ഹയർസെക്കൻ്ററി പ്രവേശനത്തിന് സംസ്ഥാനത്തെ ജില്ലകളിൽ ലഭ്യമായ സീറ്റുവിവരം, പ്രസ്തുത ജില്ലയിൽ ഉപരിപഠനത്തിന് അർഹരായ (എസ്.എസ്.എൽ. സി വിജയിച്ച ) വിദ്യാർഥികളുടെ എണ്ണവും അനുബന്ധമായി ചേർക്കുന്നു. പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻ്ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല.”

ഈ പ്രസ്താവനക്ക് തെളിവായി മന്ത്രി വിചിത്രമായകണക്കുകളുടെ അനുബന്ധ പട്ടികയും നിയമസഭയിലെ ഈ രേഖാമൂലമുള്ള മറുപടിയിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്ലസ് വണിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാർഥികൾ മാത്രമാണ് അതത് ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവരായുള്ളൂ എന്നാണ് ഈ “ഗവേഷണപട്ടിക” സമർഥിക്കുന്നത്. പ്ലസ് വണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മാത്രം കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അഡ്മിഷൻ ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ ഈ ശരാശരി കണക്കിന് പുറത്തായി. അവർ പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കാത്തവരോ അതിന് അർഹതയില്ലാത്തവരോ ആണെന്ന് ഗവേഷക പട്ടിക തയാറാക്കിയവർ സ്വയം തീരുമാനിച്ചൂവെന്ന് ചുരുക്കം.

തെക്കൻ ജില്ലകളിൽ പത്താം ക്ലാസ്സ് പാസാകുന്നവരെക്കാൾ പ്ലസ് വൺ സീറ്റുകൾ ഉണ്ട്. അതിനാൽ അവിടെ പ്ലസ് വണിന് അപേക്ഷിക്കാതെ മറ്റ് കോഴ്സുകൾക്ക് പോകുന്നവരുണ്ടെങ്കിൽ ആ ജില്ലകളിൽ ഈ ശരാശരി കണക്കുകൾ യാഥാർഥ്യമാകാം. അപേക്ഷിച്ചിട്ട് സീറ്റു ലഭിക്കാത്ത വിദ്യാർഥികളെ മൈനസ് ചെയ്ത് മലബാറിലെ പ്ലസ് വൺ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ഏത് ഗണിത ശാസ്ത്ര യുക്തിവെച്ചിട്ടാണെന്ന് മനസിലാവുന്നില്ല. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്ലസ് വൺ അഡ്മിഷൻ ആഗ്രഹിക്കുന്നവരുടെ കണക്കാണ് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടതെങ്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏകജാലകം വഴി ഈ ജില്ലകളിൽ പ്ലസ് വൺ ഫസ്റ്റ് അലോട്മെൻ്റിന് അപേക്ഷിച്ചവരുടെ എണ്ണമെടുക്കുകയാണ് വേണ്ടത്.


2019 – 20 അധ്യയന വർഷത്തിൽ ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം പാലക്കാട് (43942),മലപ്പുറം (80890), കോഴിക്കോട് (48718). വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി രേഖയനുസരിച്ച് ഈ ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവർ! പാലക്കാട് (28158 ), മലപ്പുറം (53040), കോഴിക്കോട് (34488) എന്നിങ്ങനെയാണ്. പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ സീറ്റുകൾ ഈ വർഷവും ഒഴിഞ്ഞുകിടക്കുമെന്ന മന്ത്രിയുടെ മറുപടി തെക്കന്‍ ജില്ലകൾക്ക് മാത്രമാണ് ബാധകം. തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംത്തിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ നിലവില്‍ 19,493 സീറ്റുകള്‍ കൂടുതലാണവിടെ. എന്നാൽ 2021ൽ മലബാർ ജില്ലകളിൽ 58,668 ഉപരി പഠന സീറ്റുകളുടെ കുറവുണ്ട്.

കേരള സർക്കാരിന് കീഴിലെ പ്രൈവറ്റ് ഹയർസെക്കൻ്ററി ഓപ്പൺ സ്കൂൾ പഠന സംവിധാനമായ സ്കോൾ കേരളയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ അഡ്മിഷൻ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാൽ അതിൽ പഠിക്കേണ്ടിവന്ന 80 ശതമാനം വിദ്യാർത്ഥികളും മലബാർ ജില്ലകളിൽ നിന്നുള്ളവരാണെന്ന് കാണാം.റെഗുലർ സംവിധാനത്തിൽ പ്ലസ് വൺ പഠനം ആഗ്രഹിച്ച് അപേക്ഷ നൽകിയ ശേഷം സീറ്റില്ലാത്തതിനാൽ അത് ലഭിക്കാതെ പോയപ്പോൾ നിർബന്ധിതരായി സ്കോൾ കേരളയിൽ പ്ലസ് വൺ പoനത്തിന് രജിസ്റ്റർ ചെയ്യേണ്ടി വന്ന ഹതഭാഗ്യരാണിവരിലധികവും. ഹയർസെക്കൻ്ററി റെഗുലർ സംവിധാനത്തിൽ വിജയശതമാനം എൺപതിന് മുകളിലാണെങ്കിൽ സ്കോൾ കേരളയിലത് അമ്പതിന് താഴെയാണെന്നുമറിയുക.

പത്താം ക്ലാസിൽ എഴുപത് ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിട്ടും സർക്കാർ / എയ്ഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റില്ലാത്തതിനാൽ ഓപ്പൺ സ്കൂളിൽ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്ന മലബാറിലെ വിദ്യാർഥികളിൽ അമ്പത് ശതമാനം പേരും പരീക്ഷയിൽ പരാജയപ്പെട്ട് തുടർപഠനം അവസാനിപ്പിക്കലാണെന്ന് സാരം. എന്നാൽ തെക്കൻജില്ലകളിൽ ജനിച്ചുവെന്നതിൻ്റെ പേരിൽ മാത്രം എസ്.എസ്.എൽ .സി യിൽ ഇവരേക്കാൾ മാർക്ക് കുറവായ വിദ്യാർത്ഥികൾക്ക് അവരുടെ ജില്ലകളിൽ റെഗുലർ സംവിധാനത്തിൽ ഹയർസെക്കൻ്ററി പഠിക്കാനവസരം ലഭിക്കുന്നു. റെഗുലർ പoന സംവിധാനമികവിൻ്റെ പിൻബലത്തിലിവർ പ്ലസ്ടു ‘വിജയിച്ച് ബിരുദ-ബിരുദാനന്തര പഠനങ്ങൾക്ക് അവസരം ലഭിക്കുന്നവരായി മാറുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന ഈ സാമൂഹിക അനീതി ഏതെങ്കിലും സർക്കാർ എന്നെങ്കിലുമൊന്ന് അവസാനിപ്പിക്കേണ്ടതിനു പകരം വിചിത്രമായ കണക്കുകൾ നിരത്തി മലാബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇരുട്ടിൽ നിർത്തുന്ന നയം കടുത്ത അനീയാണ്.

മലബാർ ജില്ലകളിൽ അരലക്ഷത്തിലധികം വിദ്യാർഥികൾ പുറംതള്ളപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും അൻപതിനു മുകളിൽ കുട്ടികളുള്ള ക്ലാസുകളിൽ വീണ്ടും തിങ്ങിയിരുന്ന് പഠിക്കേണ്ട കേവല പരിഹാരമാണ് സർക്കാറിന് ഇപ്പോഴും മുന്നോട്ടുവെക്കാനുള്ളത്. തെക്കൻ ജില്ലകളിൽ കൂടുതലായി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും മലബാർ ജില്ലകളിലെ സീറ്റ് കുറവും കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച സമീപനം സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടുമുള്ള വഞ്ചനയും വിദ്യാഭ്യാസ അവകാശങ്ങളോടുള്ള നഗ്നമായ ലംഘനവുമാണ്. മാർജിനൽ സീറ്റ് വർധനവിന് ശേഷം സംസ്ഥാനത്തുടനീളം അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണവും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും പറഞ്ഞാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായുള്ള സർക്കാർ കാപട്യം. ഇത് തെറ്റിദ്ധാരണജനകവും അനീതിയും നിറഞ്ഞ സമീപനമാണ്.

വിദ്യാഭ്യാസ അവകാശങ്ങളെയും ചോദ്യങ്ങളെയും പൂർണ്ണമായി നിരാകരിക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കാലങ്ങളായുള്ള വിശദീകരണം. സർക്കാരിൻ്റെ ഈ കാപട്യങ്ങളോടും അനീതികളോടും ചില ചോദ്യങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കാനുണ്ട്.

  • സംസ്ഥാനത്ത് കഴിഞ്ഞ വർഷം അനുവദിച്ച സീറ്റുകളുടെയും പ്രവേശനം നേടിയ സീറ്റുകളുടെയും എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് പറയുന്ന വിദ്യാഭ്യാസ വകുപ്പ് ഓരോ ജില്ലകളിലും പുതുതായി അനുവദിക്കപ്പെട്ട സീറ്റുകളിലേക്ക് റെജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം, പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം, ഒഴിവു വന്ന സീറ്റുകൾ എന്നിങ്ങനെ കണക്കുകൾ പുറത്തു വിടാത്തത് എന്തുകൊണ്ട്..?
  • പ്ലസ് വൺ പ്രവേശന നടപടികൾ നടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് ഓപ്പൺ സ്കൂൾ സംവിധാനത്തിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പ്രവേശനം നേടാനുള്ള കാരണമെന്താണ്..? സംസ്ഥാനത്ത് തന്നെ മികച്ച റിസൾട്ട് ഉള്ള മലപ്പുറം ജില്ലയിൽ നിന്നും സ്‌കോൾ കേരള പ്രവേശനം ഏറ്റവും കൂടുതൽ ആവാനുള്ള കാരണമെന്താണ്..?
  • മലബാർ ജില്ലകളിൽ സീറ്റ് പ്രതിസന്ധി ഉണ്ടെന്ന് ഒരുഘട്ടത്തിൽ സമ്മതിച്ച വിദ്യാഭ്യാസ വകുപ്പ് അത് സ്ഥായിയായി പരിഹരിക്കുന്നതിന് പ്രത്യേകമായി നടപ്പിലാക്കിയ പരിഹാരങ്ങൾ എന്താണ്..?
    പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് സ്ഥിരം ബാച്ചുകൾ ആണ് പരിഹാരമെന്നും തദടിസ്ഥാനത്തിൽ മുന്നൂറിലധികം ബാച്ചുകൾ ആവശ്യമാണെന്നുമുള്ള സർക്കാർ തന്നെ പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ട് പ്രകാരം കണ്ടെത്തിയിട്ടും എത്ര പുതിയ സ്ഥിര ബാച്ചുകൾ ആണ് ഈ വർഷം അനുവദിക്കപ്പെട്ടത്..?
  • മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കാതെ പ്രതിസന്ധിയിലായ കുട്ടികളുടെ അനുഭവം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതല്ലേ ..? മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് മലബാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഇപ്പോൾ എവിടെ..?
  • താൽക്കാലിക ബാച്ചുകൾ ഈ പ്രശ്നത്തിനുള്ള കൃത്യമായ പരിഹാരമല്ല. താൽക്കാലികമായിട്ടെങ്കിലും അനുവദിക്കപ്പെട്ട ബാച്ചുകൾ നടപ്പിലാക്കുന്നതിന് നിയമപരമായ ശ്രമങ്ങളിലൂടെയാണ് മലപ്പുറത്തെ മുന്നിയൂർ സ്കൂളിന് അനുകൂലമായ വിധി നേടിയെടുക്കാൻ കഴിഞ്ഞത്. പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നതിന് ഈ വർഷം സർക്കാർ നയപരമായ തീരുമാനം സ്വീകരിച്ചില്ല എന്നാണ് വിശദീകരിച്ചത്. നയപരമായ തീരുമാനത്തിന്റെ പേരിൽ വിദ്യാഭ്യാസ അവകാശം തടയാനാവില്ലെന്ന കോടതി നിരീക്ഷണം സർക്കാർ കാപട്യങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കുമേറ്റ തിരിച്ചടിയാണ്.
  • ആനുപാതിക സീറ്റ് വർദ്ധനവും താൽകാലിക ബാച്ചുകളും നടപ്പിലാക്കിയത് വളരെ വൈകിയാണ്. തുടർ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾ പലരും ഓപ്പൺ സ്‌കൂൾ, അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലാണ് പ്രവേശനം നേടിയത്. വീണ്ടും അഡ്മിഷൻ നടത്തി നൽകിയ ഫീസ് ഉൾപ്പെടെ നഷ്ടമാകുന്നതിനാൽ ഈ വിദ്യാർത്ഥികൾക്ക് ഗവ സ്‌കൂളുകളിൽ പ്രവേശനം നേടാൻ കഴിയാതായിരുന്നത് കൂടിയാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുണ്ടായ സാഹചര്യം.
  • സർക്കാർ നുണകളെ ഏറ്റെടുത്ത് മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്കെതിരെ നടത്തുന്ന സൈബർ പ്രചരണങ്ങൾ വിദ്യാർത്ഥി അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാവർഷവും പറയാറുള്ള സമാന വിശദീകരണമാണ് ഇപ്പോഴും സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം എഴുപതിനായിരത്തിലധികം കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടും അമ്പതിനായിരനടുത്തു സീറ്റുകൾ മാത്രമേ മാർജിനൽ സീറ്റ് വർധനവിനു ശേഷവും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂ. അനുവദിക്കപ്പെട്ട സീറ്റും പ്രവേശനം നേടിയ സീറ്റും വെച്ച് നടത്തുന്ന ഈ കാപട്യം സർക്കാർ അവസാനിപ്പിക്കുകയും യഥാർത്ഥ പ്രശ്നത്തെ കൃത്യമായി പരിഹരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

സമാനമായ പ്രതിസന്ധി തന്നെയാണ് ഉന്നത വിദ്യാഭ്യസ രംഗത്തും മലബാർ ജില്ലകളിൽ അഭിമുഖീകരിക്കുന്നത്. പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികളുടെ നേര്‍ പകുതിക്ക് താഴെയാണ് മലബാര്‍ ജില്ലകളില്‍ ഉന്നത പഠന സൗകര്യമുള്ളത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഹയര്‍ സെക്കന്ററി പാസ്സാകുന്നവരേക്കാള്‍ ഉന്നത പഠന സീറ്റുകളുള്ളപ്പോഴാണ് മലബാര്‍ ജില്ലകളില്‍ മാത്രം ഈ പ്രതിസന്ധി അപരിഹാര്യമായി തുടരുന്നത്. മലബാര്‍ ജില്ലകളില്‍ ഒരൊറ്റ ഗവണ്‍മെന്റ് കോളേജുകള്‍ പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഇപ്പോഴുമുണ്ട്. മലബാറില്‍ പുതിയ യൂനിവേഴ്‌സിറ്റികളും കോളേജുകളും ഹയര്‍ സെക്കന്ററി ബാച്ചുകളും അനുവദിക്കുക മാത്രമാണ് ഈ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം.

പത്താം ക്ലാസ് വിജയികള്‍ക്ക് ആനുപാതികമായി ഹയര്‍ സെക്കന്ററി സീറ്റുകളും പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉന്നത പഠന സീറ്റുകളും ഉണ്ടാകും വിധമുള്ള മലബാര്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഐക്യ കേരളത്തിലെ എല്ലാ പൗരന്മാരും തുല്യ അവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനങ്ങളുണ്ടാകുന്നത് സാമൂഹിക അനീതിയാണ്. കഴിഞ്ഞ അറുപതിറ്റാണ്ടിലെ ഐക്യ കേരള സര്‍ക്കാറുകളുടെ വികസന വീതംവെപ്പില്‍ ആ അനീതി ഉണ്ടായിട്ടുണ്ടെന്നാണ് ഈ വിവേചന ഭീകരതയുടെ കണക്കുകള്‍ തെളിയിക്കുന്നത്. ഒരു അനീതി തിരിച്ചറിഞ്ഞാല്‍ ഘട്ടംഘട്ടമായെങ്കിലും പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് വിവേചനമനുഭവിക്കുന്ന പൗരന്മാര്‍ പ്രതീക്ഷിക്കുന്നത്. മലബാറിന്റെ വിദ്യാഭ്യാസ വിഷയത്തിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷ. അതാകട്ടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇടതുപക്ഷം വാഗ്ദാനം ചെയ്തതുമാണ്.

സർക്കാരിന്റെ താൽകാലിക പരിഹാരങ്ങളോ, കേവല നടപടികളോ വാഗ്‌ദാന നാടകങ്ങളോ അല്ല മലബാറിന് ഇനിയും ആവശ്യം. കാലങ്ങളായി തുടരുന്ന വിവേചന ഭീകരത കൃത്യമായി പരിഹരിക്കാനുള്ള അടിയന്തിരമായ ശ്രമങ്ങളും ഇടപെടലുകളുമാണ് ആവശ്യം. അത് നടപ്പിലാകാൻ, ആ നീതി അനുഭവിക്കാൻ മലബാർ ഇനിയുമെത്ര കാത്തിരിക്കണം എന്നതാണ് ചോദ്യം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.