Skip to content Skip to sidebar Skip to footer

അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!

ഔനിന്ധ്യോ ചക്രവർത്തി.

കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു.

കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ ദേശീയ പ്രസ്ഥാനത്തിന്റെ വലിയ നേതാവായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്. ഗാന്ധിയെ എതിർത്ത്, ബ്രിട്ടീഷുകാരെ നേരത്തെ പുറത്താക്കി വിഭജനം ഒഴിവാക്കാൻ കെല്പുണ്ടായിരുന്നു എന്നവർ വിശ്വസിക്കുന്ന നേതാവ്.

സവർക്കറുടെ രൂപം തന്നെ കെട്ടുകഥകൾ സൃഷ്ടിക്കാൻ ഉതകുന്നതായിരുന്നു. 1910-ൽ മാർസെയിൽസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട സവർക്കർ, ഇരുമ്പുകമ്പികൾ വളച്ചുകൊണ്ട് തടവിലാക്കിയ കപ്പലിൽ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ടു എന്ന തരത്തിലുള്ള കഥകളും കേൾക്കാറുണ്ട്. ആൻഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാർ ജയിലിൽ 10 വർഷത്തോളം സവർക്കറെ അടച്ചിടാൻ കാരണം ബ്രിട്ടീഷുകാർ അയാളെ അത്രത്തോളം അപകടകാരിയായി കണ്ടതുകൊണ്ടാണ് എന്ന വാദവും പൊതുവിൽ ഉന്നയിക്കാറുണ്ട്.

സെല്ലുലാർ ജയിലിൽ നിന്ന് പുറത്തുവന്ന സവർക്കർ മഹാരാഷ്ട്രയിലെ രത്‌നഗിരി ജയിലിൽ മൂന്ന് വർഷം കൂടി തടവിലായിരുന്നു. ജില്ലയ്ക്ക് പുറത്തേക്ക് കാലുകുത്തരുത് എന്ന വ്യവസ്ഥയിൽ മാത്രമാണ് അയാൾ പുറത്തിറങ്ങിയത്. അന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോംബേ സ്റ്റേറ്റ് മുഖ്യമന്ത്രി ബി.ജി ഖേർ നിരുപാധികം വിട്ടയക്കുന്നതുവരെ, 13 വർഷക്കാലം അയാൾ തടവിലായിരുന്നു.

2002-ൽ സവർക്കർ ബ്രിട്ടീഷുകാരോട് ക്ഷമാപണം ആവശ്യപ്പെട്ട് എഴുതിയ ദയാഹർജികൾ പുറത്തുവന്നു. ബ്രിട്ടീഷ് “സർക്കാരിനെ ഏതുവിധേനയും സേവിക്കാമെന്ന്” അതിൽ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഇത്, അത് വരെ ഊതി വീർപ്പിച്ചു വെച്ച ഇന്ത്യൻ വലതുപക്ഷത്തിന്റെ സമരവീര്യത്തിന്റെ പ്രതീകത്തെ സൂചികൊണ്ട ബലൂൺ കണക്കെ പൊട്ടിച്ചു കളഞ്ഞു. മറുപക്ഷത്തിനാകട്ടെ ഹിന്ദുത്വയെ അടിക്കാൻ കിട്ടിയ ഏറ്റവും പ്രഹരശേഷിയുള്ള വടിയുമായി. സമരം ചെയ്തില്ല എന്നുമാത്രമല്ല, ബ്രിട്ടീഷ് രാജുമായി സഹകരിച്ച് രാജ്യത്തെ ഒറ്റിക്കൊടുത്ത വർഗവഞ്ചകൻ എന്ന രീതിയിൽ സമൂഹം സവർക്കറെ മനസ്സിലാക്കി.

യുദ്ധത്തിൽ വിജയിക്കാനുള്ള താൽക്കാലിക തന്ത്രങ്ങളായി ദയാഹർജിയെ അവതരിപ്പിക്കുക എന്നതായിരുന്നു സവർക്കറുടെ അനുയായികൾ കണ്ടെത്തിയ വാദം. ബ്രിട്ടീഷുകാരെ കബളിപ്പിച്ച് സ്വയം മോചനം നേടാനാണ് സവർക്കർ ശ്രമിച്ചതെന്നും, അതുവഴി തിരിച്ചുവന്ന് സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും അയാൾക്കായി എന്നുമായിരുന്നു അവരുടെ വാദം. ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സവർക്കർ ദയാഹർജികൾ എഴുതിയതെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടത്. ഇതും ദയാഹർജിയെ ന്യായീകരിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു. ദയാഹർജികൾ എഴുതുക എന്ന ആശയം ഗാന്ധി കൊണ്ടുവന്നതായി കാണിക്കാൻ കഴിഞ്ഞാൽ, സവർക്കർ ഈ തന്ത്രത്തിനുള്ള ഒരു പാത്രമായി മാറുന്നു.

1920 ജനുവരി 25-ന് സവർക്കർക്ക് അയാളുടെ സഹോദരനായ നാരായണൻ എഴുതിയ ഒരു കത്തിലാണ് ഗാന്ധിയുടെ ‘ഉപദേശം’ വന്നതെന്ന് ചില വസ്തുതാ പരിശോധകർ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഈ സമയം ആയപ്പോഴേക്ക് സവർക്കർ മൂന്ന് ദയാഹരജികൾ എഴുതിയിരുന്നു. 1911-ൽ, പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയി ഒരു മാസത്തിനുള്ളിൽ, ഗാന്ധി ഇന്ത്യയിൽ പോലുമില്ലാതിരുന്ന കാലത്ത് അയാൾ ആദ്യ മാപ്പപേക്ഷ എഴുതി. 1909-ൽ ലണ്ടനിൽ വെച്ച് ഗാന്ധി സവർക്കറെ കണ്ടിരുന്നു, എന്നാൽ സവർക്കറെ അറസ്റ്റുചെയ്യുന്നതിന് മുമ്പായിരുന്നു അത്.

സവർക്കർ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ചതാണ് എന്ന് സമ്മതിച്ചാൽ തന്നെയും, 1920 മാർച്ചിൽ എഴുതിയ നാലാമത്തെ ദയാഹരജിയിൽ സവർക്കർ കുറച്ചധികം പറഞ്ഞിട്ടുണ്ട്. “കേസിന്റെ വസ്തുതകൾ വ്യക്തമാക്കുന്ന ഒരു ഹ്രസ്വ നിവേദനം” എഴുതണമെന്നാണ് ഗാന്ധി സവർക്കറുടെ സഹോദരനോട് ഉപദേശിച്ചിരുന്നത്. സവർക്കർ ചെയ്ത കുറ്റം തികച്ചും രാഷ്ട്രീയമാണെന്നും” ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ സവർക്കർ എഴുതി വന്നപ്പോൾ ഇതല്ല കാണാൻ കഴിഞ്ഞത്. “… ഞാൻ തീവ്രവാദിയായ ഒരാളല്ല. സമാധാനപരവും ദാർശനികവുമായ സമരങ്ങളെ പോലും ഞാൻ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല … ഈയിടെ ഞാൻ പരസ്യമായി തന്നെ എന്റെ വിശ്വാസവും ക്രമസമാധാനത്തിന്റെ പക്ഷത്ത് (ബ്രിട്ടീഷ് രാജിനൊപ്പം) നിൽക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചതാണ് .”

സവർക്കറുടെ അപേക്ഷ നിരസിക്കപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭം നടത്തില്ലെന്ന വാഗ്ദാനത്തിൽ ഒരിക്കൽ കൂടി അയാൾ ഉറച്ചുനിന്നു എന്നതിന്റെ തെളിവാണിത്. ഹിന്ദു മഹാസഭാ അംഗങ്ങൾക്ക് സൈനിക പരിശീലനം ലഭിക്കുന്നതിന് ബ്രിട്ടീഷ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സവർക്കർ ശ്രദ്ധ കേന്ദ്രീകരിച്ചു. “എല്ലാ രാഷ്ട്രീയവും ഹിന്ദുവൽക്കരിക്കുക, ഹിന്ദുത്വത്തെ സൈനികവൽക്കരിക്കുക” എന്ന് എഴുതുകയും ചെയ്തു.”1942-ൽ, ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമര നടത്തിയപ്പോൾ, സവർക്കർ എല്ലാ “ഹിന്ദു സംഘടനാ വാദികളോടും സർക്കാർ ജോലിക്കാരോടും സമരത്തിൽ പങ്കെടുക്കരുതെന്നും സർക്കാരിനെ പിന്തുണക്കണമെന്നും ആഹ്വാനം നൽകി.

ഈ വസ്തുതകളൊന്നും കാര്യമാക്കുന്നില്ല. രാജ്‌നാഥ് സിംഗിന്റെ കൗശലം, സവർക്കറെക്കുറിച്ചുള്ള പുതിയ പുസ്തകങ്ങളിലൂടെയും, ടി.വി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അയാളുടെ പൈതൃകത്തെ കുറിച്ചുള്ള പുതിയ ‘വസ്തുതകൾ’ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതിലൂടെ സവർക്കറുടെ ആവർത്തിച്ചുള്ള ക്ഷമാപണങ്ങളുടെയും ദയയ്‌ക്കുള്ള അപേക്ഷകളുടെയും ലജ്ജാകരമായ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണ്.

ഗാന്ധി വധവുമായി സവർക്കർക്കുള്ള ബന്ധം നിഗൂഢമാണ്. ഗൂഢാലോചനക്കാരിൽ ഒരാളായ ദിഗംബർ ബാഡ്‌ഗെ, കൊലപാതക ഗൂഢാലോചനയിൽ സവർക്കറുടെ പങ്കാളിത്തത്തെ പറ്റി വെളിപ്പെടുത്തിയിരുന്നു. ബാഡ്‌ഗെ പറയുന്നതനുസരിച്ച്, ബാഡ്‌ഗെയും നാഥുറാം ഗോഡ്‌സെയും സഹ-ഗൂഢാലോചനക്കാരനായ നാരായൺ ആപ്‌തെയും 1948 ജനുവരി 14 ന്, സവർക്കറെ അയാളുടെ വസതിയിൽ കാണാൻ പോയിരുന്നു. ഗോഡ്‌സെയും ആപ്‌തെയും സവർക്കറെ കാണാനായി അയാളുടെ മുറിയിലേക്ക് പോയി, ബാഡ്ഗെ പുറത്ത് കാത്തുനിന്നു. അവർ മടങ്ങുമ്പോൾ സവർക്കർ അവരെ അനുഗമിച്ചുകൊണ്ട് പറഞ്ഞു “യശസ്വി ഹൗൻ യാ” (വിജയിച്ചു വരൂ). അവർ സവർക്കർ സദനിൽ നിന്ന് ടാക്സിയിൽ തിരിച്ചു പോകുമ്പോൾ, “ഗാന്ധിയുടെ 100 വർഷങ്ങൾ അവസാനിക്കുകയാണ്, ഈ ജോലി വിജയിക്കുമെന്നതിൽ എനിക്ക് സംശയമില്ല” എന്ന് സവർക്കർ പറഞ്ഞതായി നാരായണ ആപ്‌തെ ബാഡ്ഗെയോട് പറഞ്ഞു. രണ്ടാഴ്ച്ചക്ക് ശേഷമാണ്, ഗോഡ്‌സെ മഹാത്മാ ഗാന്ധിയുടെ ദുർബലമായ നെഞ്ചിലേക്ക് വെടിയുതിർത്ത് അദ്ദേഹത്തെ കൊന്നു കളഞ്ഞത്.

തെളിവുകളുടെ അഭാവത്തിൽ സവർക്കർ കുറ്റവിമുക്തനാക്കപ്പെട്ടു. അയാൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ പോലീസിനായില്ല. ബാഡ്‌ഗെയുടെ സാക്ഷ്യം ജഡ്ജി വിശ്വസിച്ചുവെങ്കിലും ” ഇത്രയും ദൈർഘ്യമേറിയതും വിശദമായതുമായ ഒരു കഥ മനഃപാഠമാക്കുന്ന ഒരാളെ സങ്കൽപ്പിക്കാൻ പ്രയാസമാണ്.” എന്ന് പറഞ്ഞു തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ ബോംബെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെയും സർദാർ പട്ടേലിന്റെയും നിർദേശപ്രകാരം സവർക്കറിനെതിരായ കേസ് ബോധപൂർവം ദുർബലപ്പെടുത്തിയതാണെന്ന് പ്രോസിക്യൂഷൻ ടീമിലെ ജൂനിയർ അഭിഭാഷകർ സംശയിച്ചിരുന്നു. വർഗീയത നിറഞ്ഞ അന്നത്തെ അന്തരീക്ഷത്തിൽ സവർക്കറുടെ അറസ്റ്റ് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ദേശായി ഭയപ്പെട്ടിട്ടുണ്ടാകാം. എന്നാൽ പട്ടേലിന്റെ ഉദ്ദേശം സവർക്കറെ ഉപയോഗിച്ച് ഹിന്ദു മഹാസഭയുടെ സഹകരണം നേടലായിരുന്നു.

ഗാന്ധിജിയെ വധിക്കാനുള്ള, പരാജയപ്പെട്ട ആദ്യ ശ്രമത്തിൽ സവർക്കർക്ക് പങ്കുണ്ടെന്ന് സർക്കാർ സംശയിക്കുകയും സവർക്കറെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. കോടതിയിൽ സവർക്കറുടെ അഭിഭാഷകർ അയാൾക്കെതിരെ സർക്കാർ നിരീക്ഷണം ഏർപ്പെടുത്താനുണ്ടായ കാരണം വിശദീകരിക്കാൻ മൊറാർജി ദേശായിയോട് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ അതു സംബന്ധിച്ച മുഴുവൻ വസ്തുതകളും തുറന്ന് പറയട്ടെ? ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. അത് വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ് (സവർക്കർ).” അപ്പോൾ സവർക്കർ തന്റെ അഭിഭാഷകരോട് ചോദ്യം പിൻവലിക്കാൻ സൂചന നൽകുകയാണുണ്ടായത്.

കുറ്റവിമുക്തനാക്കിയിട്ടും, സവർക്കർ നെഹ്‌റു ഗവൺമെന്റിനു വെറുക്കപെട്ടവനായി തുടർന്നു. 1857-ലെ സ്വാതന്ത്ര്യ സമരത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സവർക്കറോടൊപ്പം വേദി പങ്കിടാൻ പ്രധാനമന്ത്രി വിസമ്മതിച്ചു. നെഹ്‌റു മരിക്കുമ്പോഴേക്കും സവർക്കറും മരണത്തോട് അടുത്തിരുന്നു. അപ്പോഴേക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് അതിന്റെ സമ്പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ ഒരു ‘രാഷ്ട്രീയ അമീബ’ എന്ന പോലെ, രൂപങ്ങൾ മാറിക്കൊണ്ട്, വിഭിന്നമായ വിരുദ്ധ ഘടകങ്ങളെ ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രത്തിന്റെ ചരിത്രം എഴുതാനുള്ള കോൺഗ്രസ് പദ്ധതിക്ക് സവർക്കറെ മാറ്റിനിർത്തേണ്ടി വന്നില്ല. ഗാന്ധിയോട് “വിയോജിപ്പുണ്ടായിരുന്ന”, “രാജ്യസ്നേഹമുള്ള ഒരു ദേശീയവാദിയായി” അദ്ദേഹത്തെ അവതരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്. 1970-ൽ ഇന്ദിരാഗാന്ധി സവർക്കറോടുള്ള ബഹുമാനാർത്ഥം ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി, പിന്നീട് അയാളെ “ഇന്ത്യയുടെ സവിശേഷ പുത്രൻ” എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

സ്വാതന്ത്ര്യാനന്തരം സ്ഥാപിതമായ കോൺഗ്രസ് സർക്കാരിന് സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണം എന്ന ഗാന്ധിയുടെ കാഴ്ചപ്പാടുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നത് രഹസ്യമല്ല. ഗാന്ധി കേന്ദ്രീകരണത്തെ എതിർത്തിരുന്നു എന്നാൽ നെഹ്‌റു അത് നടപ്പാക്കി. ഗാന്ധി കുടിൽ വ്യവസായം എന്ന ആശയത്തെ മുറുകെ പിടിച്ചിരുന്നു എന്നാൽ നെഹ്‌റു കനത്ത വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പിച്ചു. ആധുനികതയെയും വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള അതിന്റെ എല്ലാ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ഗാന്ധി ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ നെഹ്റു ആകട്ടെ ആധുനികതയുടെ കടുത്ത ആരാധകനായിരുന്നു.

എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തര ഇന്ത്യ ഗാന്ധി എന്ന ആരാധനാബിംബം സൃഷ്ടിച്ചു, ചോദ്യം ചെയ്യപ്പെടലുകൾക്ക് അതീതമായ മാതൃകാപുരുഷൻ. അദ്ദേഹത്തിന്റെ കണിശവും സൗമ്യവുമായ രൂപം വരേണ്യവർഗം ഭരിക്കുന്ന ‘ആൾ-അമൂർത്ത’ങ്ങളെ പ്രതിനിധീകരിച്ചു. ‘മഹാത്മാവിനെ’ രാജ്യത്തിന്റെ ധാർമിക മൂല്യങ്ങളുടെ ആൾരൂപമായി നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം തത്ത്വചിന്തയ്ക്ക് വിരുദ്ധമായി പൊതുനയങ്ങൾ രൂപകല്പന ചെയ്യപെട്ടുകൊണ്ടിരുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രം നിർവചിക്കുന്ന, ബി.ജെ.പിയുടെ പുതിയ ‘മസ്കുലർ ദേശീയതയ്‌ക്ക്’, അതിന്റെ ‘വ്യാപാര വരേണ്യവർഗ്ഗ’ ഭരണത്തിന് ഒരു പ്രതിനിധാനം ആവശ്യമാണ്. ഒരു ആരാധന ബിംബം. അവിടെയാണ്, വൈരുദ്ധ്യങ്ങളിൽ നിന്നും ആവർത്തിച്ചുള്ള ക്ഷമാപണങ്ങളുടെ ലജ്ജാകരമായ ചരിത്രത്തിൽ നിന്നും മുക്തനായ സവർക്കർ എന്ന മാതൃക പുരുഷൻ പ്രതിഷ്ടിക്കപ്പെടുന്നത്.

1960-കളുടെ മദ്ധ്യത്തിൽ സവർക്കറുടെ പൈതൃകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചെയ്‌തതിന്റെ നേർവിപരീതമാണ് ഗാന്ധിജിയിൽ സ്രോതസ്സ് സ്ഥാപിച്ച് സവർക്കറിന്റെ ദയാഹർജികൾ അംഗീകൃതമാക്കുവാനുള്ള പുതിയ പദ്ധതി. ഹിന്ദുത്വയോട് വിയോജിപ്പോടെ സഹകരിച്ച, ഗാന്ധിജിയെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് താഴെയിറക്കി അവസാനം വിഭജനത്തിലൂടെ അതിനെ ഒറ്റിക്കൊടുത്തയാളായി പ്രതിഷ്ടിക്കുവാനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്. അപ്പോൾ ഗാന്ധിവധം ചരിത്രപരമായ ഒരു തെറ്റിന് പ്രായശ്ചിതമായ, നിയമാനുസൃതമായ ഒരു പ്രവൃത്തിയായി അംഗീകരിക്കപ്പെടും. ‘ബിജെപി സംവിധാനത്തിന്റെ’ ആവിർഭാവത്തിന്റെ അവസാന ഘട്ടമാണിത്. ഇതിലൂടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളെ – ഗാന്ധിയെ പിന്തുടരുന്നവരെയും അദ്ദേഹത്തിന്റെ കൊലപാതകികളെ ആരാധിക്കുന്നവരെയും ബി.ജെ.പിക്ക് ഉൾകൊള്ളാൻ കഴിയും.

ഔനിന്ധ്യോ ചക്രവർത്തി എഴുതി എൻ ഡി ടി വി പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.