Skip to content Skip to sidebar Skip to footer

മുഗൾ ചക്രവർത്തിമാരെ കുറിച്ച് പറയാതെ എങ്ങനെ ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കും?

രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം.

മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ മാറ്റി നിർത്തി, ആധുനിക ഇന്ത്യയുടെ ചരിത്രം പറയൽ സാധ്യമാണോ?

‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും: മുഗൾ കോടതികൾ’ എന്ന അദ്ധ്യായമാണ് പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച്, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറി സയ്യിദ് അലി നദീം റസാവി പറയുന്നതിങ്ങനെ: “മുഗളന്മാരോട് കടപ്പെട്ടിട്ടില്ലാത്ത എന്തെങ്കിലും ഇന്ന് ഇന്ത്യയിൽ ഉണ്ടോ? ഇന്ത്യയിലെ നിയമസംവിധാനവും, നിയമ ഭാഷയുമൊക്കെ മുഗൾ സാമ്രാജ്യത്തോടും തുർക്കി സുൽത്താനേറ്റിനോട് കടപ്പെട്ടിരിക്കുന്നു. വക്കാലത്നാമ, കച്ചേരി, ദർബാർ തുടങ്ങിയ വാക്കുകൾ മുഗളന്മാരുടെ കാലത്തു രൂപപ്പെട്ടതാണ്. ഇന്ന്, ഒരു വലിയ കൂട്ടം ഇന്ത്യക്കാർ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മുഗൾ കാലഘട്ടത്തിൽ രാമായണം രചിച്ച തുളസീദാസിനോടാണ് ഇതിന് നന്ദി പറയേണ്ടത്. കൂടാതെ, കൃഷ്ണഭക്തിയുടെ പ്രധാന കേന്ദ്രങ്ങളായി വൃന്ദാവനം, മഥുര എന്നിവ ഉയർത്തി കൊണ്ടുവന്നത് ചൈതന്യ സ്വാമിമാരാണ്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ മുഗൾ ചക്രവർത്തിമാർ ഇവർക്ക് ഗ്രാന്റുകൾ നൽകി സഹായിച്ചിരുന്നു.”

അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങി, ഇന്ത്യ ഭരിച്ച മുഗളന്മാരിൽ കൂടുതലും ഇന്ത്യൻ മണ്ണിൽ ജനിച്ച് ഇവിടെ തന്നെ മരണമടഞ്ഞവരാണ്. അവരാരും ഹജ്ജ് നിർവഹിക്കാൻ പോലും രാജ്യം വിട്ട് പുറത്തുപോയിട്ടില്ല.

1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോഡിയെ തോൽപ്പിച്ച് ബാബർ അധികാരത്തിലേറിയതോടെയാണ് മുഗൾ സാമ്രാജ്യത്തിന് ആരംഭമാകുന്നത്. ബാബറിന്റെ വിജയം, 200 വർഷം നീണ്ടുനിന്ന രാഷ്ട്രീയ സ്ഥിരതയുള്ള ഭരണകാലത്തിന് വഴിയൊരുക്കി. പിന്നീട് അദ്ദേഹത്തിന്റെ ചെറുമകൻ അക്ബർ ഏകദേശം 50 വർഷത്തോളം ഇന്ത്യ ഭരിച്ചു, അക്ബറിന്റെ കൊച്ചുമകൻ ഔറംഗസേബ്, അദ്ദേഹത്തിന്റെ മകൻ ജഹാംഗീർ, ഷാജഹാൻ തുടങ്ങിയവർ രണ്ട് പതിറ്റാണ്ടിലേറെ കാലം ഭരണം നിലനിർത്തുകയും, ഭരണ നയങ്ങളിൽ സ്ഥിരത ഉറപ്പുവരുത്തുകയും, സാമ്രാജ്യത്തിന്റെ വികസനത്തിനായി പ്രയത്നിക്കുകയും ചെയ്‌തു. എന്നാൽ 1707 മുതൽ അവരുടെ സ്വാധീനം ക്രമേണ കുറഞ്ഞുവന്നു. അവസാനത്തെ മുഗൾ രാജാവായ ബഹാദൂർ ഷാ സഫർ, 1857 സമരത്തിന്റെ പ്രതീകാത്മക നേതാവ് മാത്രമായിരുന്നു. എന്നിരുന്നാലും, ഈ പ്രതീകാത്മകതയിൽ ഒരു സന്ദേശമുണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ മുഗളന്മാരെ തങ്ങളുടെ രാജാക്കന്മാരായി അംഗീകരിച്ചിരുന്നു. അതിനാലാണ് ബഹാദൂർ ഷാ സഫറിന് സമര നേതാവാകാൻ കഴിഞ്ഞത്.

ആരംഭം :

മുഗൾ സാമ്രാജ്യത്തിന്റെ ആരംഭം പ്രതീക്ഷാവഹമായിരുന്നു. ടർക്കിഷ്, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ബാബർ, തന്റെ രാജ്യത്തെ ഭൂപ്രകൃതിയെയും, താൻ കണ്ടുമുട്ടിയ കലാകാരന്മാരെയും കുറിച്ചുള്ള രേഖകലുണ്ടാക്കി സൂക്ഷിക്കാൻ ആരംഭിച്ചു. അങ്ങനെ അദ്ദേഹം ‘ബാബർനാമ’ എന്ന കൃതി രചിച്ചു. ടർക്കിഷ് -പേർഷ്യൻ ഭാഷകളിലേക്ക് അത് പിന്നീട് വിവർത്തനം ചെയ്യപ്പെട്ടു. ‘ബാബർനാമ’ മാത്രമല്ല, രാമായണം, മഹാഭാരതം, ഉപനിഷത്തുകൾ എന്നിവയും മുഗൾ കാലഘട്ടത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നദീം റസാവി പറയുന്നതനുസരിച്ച്; “രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ ആദ്യ വിവർത്തനം ഉണ്ടാവുന്നത് മുഗളന്മാരുടെ ഭരണത്തിന് കീഴിലാണ്. ഈ കാലയളവിൽ ദാരാ ഷുക്കോ, 25 ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്.”

ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷുക്കോ ,ഹിന്ദു തത്ത്വചിന്തകരുമായും ക്രിസ്ത്യൻ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു സുന്നി മുസ്ലീമായിരുന്നു. ബ്രാഹ്മണരും, ക്രിസ്ത്യാനികളും, ജൈനരും, ബുദ്ധമതക്കാരും, ഇസ്‌ലാമിക പണ്ഡിതന്മാരും തമ്മിൽ പണ്ഡിതോചിതമായ സംവാദങ്ങൾ നടന്നിരുന്ന ‘ഇബാദത്ത് ഖാന’ നിർമ്മിച്ച ചക്രവർത്തി ജലാലുദ്ദീൻ അക്ബറിന്റെ പിന്മുറക്കാരനാണ് ഷുക്കോ. ചക്രവർത്തിയുടെ മതം രാജ്യത്തിന്റെ മതമായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് അക്ബർ ഇത്തരം മുന്നേറ്റങ്ങൾ നടത്തിയത്.

‘ഗംഗാ-യമുന തഹ്‌സീബ്’, രൂപപ്പെട്ടത് ഇത്തരത്തിൽ വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയമായ ഈ പങ്കിടൽ വികാരത്തിൽ നിന്നാണ്. അക്ബറിന്റെയും, ജഹാംഗീറിന്റെയും കാലത്തെ ദാർശനിക ചർച്ചകൾ, വിവിധ മതവിഭാഗങ്ങളിൽ പെട്ട സാധാരണക്കാർക്കിടയിൽ സാഹോദര്യം വളർത്താൻ സഹായിച്ചു. മുഗൾ ഇന്ത്യയിൽ, ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെ സഹവസിച്ചിരുന്നു. ആരാധനാലയങ്ങളിലേക്കും ഈ സ്‌നേഹാദരവ് വ്യാപിച്ചു. മുഗൾ ചക്രവർത്തിമാരാണ് പലപ്പോഴും ക്ഷേത്രങ്ങൾക്കായി ഭൂമി അനുവദിച്ചത്. ക്ഷേത്രങ്ങൾ തകർത്ത ഭരണാധികാരി എന്ന് സംഘപരിവാർ സമർത്ഥിക്കാൻ ശ്രമിക്കുന്ന ഔറംഗസേബ്, ഹിന്ദു അമ്പലങ്ങൾക്കും, മത പണ്ഡിതർക്കും ഭൂമി അനുവദിച്ചതിനും, ഗ്രാന്റുകളും സാമ്പത്തിക സഹായങ്ങളും നൽകിയതിനും തെളിവുണ്ട്.

സാമ്രാജ്യം:

അക്ബറിന്റെ ഭരണകാലയളവ് അവസാനിക്കുമ്പോൾ, മുഴുവൻ യൂറോപ്പിലേതിനെക്കാളും കൂടുതലായിരുന്നു മുഗൾ രാജ്യത്തിലെ ജനസംഖ്യ. മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്തു സമാനതകളില്ലാത്തതായിരുന്നു. മുഗൾ ഭരണത്തിന് കീഴിൽ, “അഖണ്ഡഭാരതം” ഒരു യാഥാർത്ഥ്യമായിരുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമറിന്റെ ചില ഭാഗങ്ങൾ, അസമിന്റെ ചില ഭാഗങ്ങൾ, സിന്ധ് മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശം, എന്നിവ ഉൾപ്പെടുന്ന വിശാലമായ ഉപഭൂഖണ്ഡമായിരുന്നു മുഗൾ സാമ്രാജ്യം. ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യം.

ഹൽദിഘട്ടി യുദ്ധത്തിൽ റാണാ പ്രതാപിനെ പരാജയപ്പെടുത്തുകയും വിവാഹബന്ധത്തിലൂടെ അവരെ തന്റെ സാമ്രാജ്യത്തിൽ സഹകരിപ്പിക്കുകയും ചെയ്ത അക്ബറിന്റെ കാലം മുതൽ അധികാരത്തിൽ പങ്കുചേരുന്ന രജപുത്രരുടേത് കൂടിയായിരുന്നു മുഗൾ സാമ്രാജ്യം. ജഹാംഗീറിന് ശേഷമുള്ള മിക്ക മുഗൾ ഭരണാധികാരികളും രജപുത്ര സ്ത്രീകൾക്ക് ജനിച്ചവരാണ്. തൽഫലമായി, മുഗൾ കുടുംബങ്ങളിൽ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ഹൈന്ദവി ഭാഷയായിരുന്നു. എന്നാൽ ഔറംഗസേബ്, ഹിന്ദിയിൽ സംസാരിക്കുകയും ബ്രജ് ഭാഷയിൽ രചിക്കുകയും ചെയ്‌തിരുന്നു.

ഹിന്ദു മുസ്ലിം ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന കാലത്ത്, കലയിലും, സംസ്കാരത്തിലും രാഷ്ട്രീയത്തിലുമെല്ലാം സാഹോദര്യം നിലനിന്നിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണ്. മുഗളന്മാർ ലോകമെമ്പാടും പ്രചരിപ്പിച്ച ‘ട്രിപ്പിൾ ഡോം മസ്ജിദ്’ വാസ്തുവിദ്യ എന്ന ആശയം സവിശേഷമായി ഭാരതീയമാണെന്ന പോലെ, മുഗളന്മാരും അവരുടെ ചരിത്രവും ഇന്ത്യയുടെ ചരിത്രമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.