Skip to content Skip to sidebar Skip to footer

ആരാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത്?

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ്‌ പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ ഘാതകരായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ, “മതഭ്രാന്തനും, ഹിന്ദുവിരുദ്ധനുമായ” ടിപ്പുവിനെതിരെയുള്ള ഹിന്ദുക്കളുടെ ധീരമായ പ്രതികാരമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകമെന്ന ആഖ്യാനം സൃഷ്ടിക്കുകയാണ് ബി ജെ പി യുടെ ഉദ്ദേശം.

“ടിപ്പുവിന്റെ ഭരണത്തിൽ നിന്ന് മൈസൂരിനെ വിമോചിപ്പിച്ച” ഈ സാങ്കൽപിക മനുഷ്യരുടെ പ്രതിമ മൈസൂരിൽ സ്ഥാപിക്കണമെന്ന് വരെയുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ട്.

ആദ്യമായി ഈ സാങ്കൽപിക കഥ പ്രത്യക്ഷപ്പെടുന്നത് സംഘ്‌ പരിവാർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു. പിന്നീടത് മുഖ്യധാരാ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും വ്യാപകമായി പ്രചരിച്ചു.

2018 ൽ തന്നെ ടിപ്പു സുൽത്താനെതിരായ സംഘടിത ആക്രമണങ്ങൾ ബി ജെ പി ആരംഭിച്ചിരുന്നു. 2015ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന, വാർഷിക ടിപ്പു ജയന്തി ആഘോഷം ബി.ജെ.പി സർക്കാർ ഒഴിവാക്കി. 2022 ൽ, ‘ദേശീയവാദ ആഖ്യാനങ്ങളിലൂടെ ചരിത്രത്തെ നവീകരിക്കുന്നു’വെന്ന പേരിൽ, സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെക്കുറിച്ചുള്ള പാഠങ്ങൾ നീക്കം ചെയ്യപ്പെട്ടു.

2022 ഡിസംബറിൽ, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മേലുകോട് ചെലുവ നാരായണ ക്ഷേത്രം തുടങ്ങിയ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രങ്ങളിൽ നടത്തുന്ന പരമ്പരാഗത ആചാരങ്ങളുടെ പേരുകൾ “സലാം ആരതി”, “ദീവതിഗെ സലാം” എന്നിവയിൽ നിന്ന് “നമസ്‌കാർ ആരതി”, “ദീവതിഗെ നമസ്‌കാരം” എന്നിങ്ങനെ മാറ്റി. ഈ ക്ഷേത്രങ്ങൾ ടിപ്പു സുൽത്താൻ സംരക്ഷിക്കുകയും ധനസഹായം നൽകുകയും ചെയ്‌തിരുന്നവയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്, ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ ഓടുന്ന ‘ടിപ്പു എക്സ്പ്രസ്’, ‘വോഡയാർ എക്സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ടിപ്പുവിന്റെ ഘാതകരെ ആഘോഷിക്കാനുള്ള ബി.ജെ.പി യുടെ നീക്കം കർണാടകയിലെ മുസ്‌ലിംകളെ ഭീകരവത്കരിക്കാൻ കൂടിയാണ്. എന്നാൽ ബി.ജെ.പി അവകാശപ്പെടുന്നത് പോലെ വൊക്കലിഗ സമുദായക്കാരാണോ ടിപ്പുവിനെ കൊലപ്പെടുത്തിയത്? ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നോ?

1782 മുതൽ 1799 വരെ ദക്ഷിണേന്ത്യയിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. രാജ്യത്തെ സാംസ്കാരികവും, അടിസ്ഥാന സൗകര്യ വികസനത്തിനും ഗണ്യമായ സംഭാവനകൾ നൽകിയ, ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 1799 മെയ് 4 നാണ് ടിപ്പു കൊല്ലപ്പെടുന്നത്. ഇത് സംബന്ധിച്ച് ബ്രിട്ടീഷുകാരുടേതായ രേഖപ്പെടുത്തലുകൾ തന്നെ ധാരാളമുണ്ട്. ഇന്ത്യൻ ചരിത്രത്തെ അപകോളനിവൽക്കരിക്കുന്നതിനെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സംഘപരിവാറും ബി.ജെ.പിയും, ടിപ്പുവിനെതിരായ അപവാദ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത് ബ്രിട്ടീഷുകാരുടെ ഈ ചരിത്രവിവരണമാണ്.

തങ്ങളുടെ വഞ്ചനയും, കൊള്ളയും, മൈസൂർ പിടിച്ചടക്കലും ന്യായീകരിക്കാൻ, ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിന് കടുത്ത വെല്ലുവിളിയായിരുന്നു ടിപ്പുവിന്റെ ഭരണത്തെ “മതഭ്രാന്തന്റെ അടിച്ചമർത്തൽ ഭരണകൂടമായി” ചിത്രീകരിച്ചു.

നിലവിലുള്ള ഒരു ചരിത്രവിവരണത്തിലും, ടിപ്പുവിന്റെ മരണത്തെക്കുറിച്ചുള്ള കൊളോണിയൽ വിവരണങ്ങളിൽ പോലും ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിങ്ങനെയുള്ള യോദ്ധാക്കളെ കുറിച്ച് പരാമർശിച്ചിട്ടില്ല. കാരണം അങ്ങനെ രണ്ട് പേർ ഉണ്ടായിരുന്നില്ല. തന്റെ മതാന്ധതയുടെ പ്രതികാരമായി നാട്ടുകാരാണ് ടിപ്പുവിനെ കൊലപ്പെടുത്തിയതെങ്കിൽ, ബ്രിട്ടീഷുകാർ തീർച്ചയായും അത് അവരുടെ വിവരണത്തിൽ പരാമർശിക്കുമായിരുന്നു. മൈസൂർ കീഴടക്കിയതിനെ ന്യായീകരിക്കാൻ അത് അവരെ സഹായിക്കുമായിരുന്നു.

ടിപ്പുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ എഴുതപ്പെട്ട, ഫ്രാൻസിസ് ബുക്കാനന്റെ, ‘The Journey From Madras through the Country of Mysore, Canara and Malabar: A Documentation of Society and People of Mysore Province’ തുടങ്ങി, അലക്‌സാണ്ടർ ബീറ്റ്‌സണും ജെയിംസ് സാൽമണ്ടറും രേഖപ്പെടുത്തിയ അവസാന ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ചരിത്രവിവരണങ്ങൾ; രാമചന്ദ്ര റാവു പുംഗനൂരിയെപ്പോലുള്ള പ്രദേശവാസികൾ എഴുതിയ വിവരണങ്ങൾ; സി. ഹയവദന റാവു എഴുതിയ വിവരണങ്ങൾ; എന്നിവയിലൊന്നും ഈ കഥാപാത്രങ്ങളെ പറ്റി പരാമർശിക്കുന്നില്ല. ആർ.എസ്.എസ് അനുഭാവികൾ എഴുതിയ, പഴയ വലതുപക്ഷ വിവരണങ്ങളിൽ പോലും ഇവരെ പറ്റിയുള്ള പരാമർശങ്ങൾ കാണാനില്ല.

1799 മെയ് 4ന് സംഭവിച്ചതിനെപ്പറ്റിയുള്ള ഔദ്യോഗികവും വിശ്വസനീയവുമായ എല്ലാ വിവരണങ്ങൾക്കും പറയാനുള്ളത് ഒരേ കഥയാണ്, ടിപ്പു സുൽത്താന്റെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന മിർ സാദിഖ് ബ്രിട്ടീഷുകാരുമായി ഒത്തുകളിക്കുകയും ടിപ്പുവിനെ ഒറ്റിക്കൊടുക്കുകയും ചെയ്തുവെന്ന കഥ.

മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ ചരിത്രവിവരണങ്ങളിലും ടിപ്പുവിന്റെ മരണം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് – ഉച്ചഭക്ഷണസമയത്ത് കാവൽ ഇല്ലാത്ത കോട്ട തകർത്ത് ബ്രിട്ടീഷുകാർക്ക് ശ്രീരംഗപട്ടണത്തിലേക്കുള്ള പ്രവേശനം മിർ സാദിഖ് സുഗമമാക്കി കൊടുത്തു. ബ്രിട്ടീഷുമായുള്ള യുദ്ധത്തിൽ, തന്റെ കമാൻഡറായ ഗഫൂർ വീരമൃത്യു വരിച്ച വിവരം അറിഞ്ഞ ടിപ്പു സുൽത്താൻ, തന്റെ വിശ്വസ്തരോടൊപ്പം യുദ്ധക്കളത്തിലേക്ക് കുതിച്ചു. എന്നാൽ അപ്പോഴേക്കും ശ്രീരംഗപട്ടണം ബ്രിട്ടീഷ് പട്ടാളക്കാരുടെ അധീനതയിൽ ആയിക്കഴിഞ്ഞിരുന്നു. എന്നാൽ വളരെ ധീരമായ പോരാട്ടം നടത്തി, നിരവധി ബ്രിട്ടീഷ് സൈനികരെ കൊന്നതിന് ശേഷമാണ് ടിപ്പു കൊല്ലപ്പെട്ടത്.

‘തന്റെ പ്രിയപ്പെട്ട കുതിര കൊല്ലപ്പെടുകയും, മസ്‌ക്കറ്റ് ബോളുകളാൽ ആക്രമിക്കപ്പെടുകയും ചെയ്തപ്പോൾ ടിപ്പു താഴെ വീണു. തുടർന്ന് ബ്രിട്ടീഷ് പട്ടാളക്കാർ അദ്ദേഹത്തിന്റെ വജ്രം പതിച്ച വാൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. ടിപ്പു ഇത് പ്രതിരോധിക്കാൻ ശ്രമിക്കുകയും ഒരു പട്ടാളക്കാരനെ കൊലപ്പെടുത്തുകയും ചെയ്‌തപ്പോൾ, മറ്റ് പട്ടാളക്കാർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു.’

മായം കലരാത്ത ചരിത്രസത്യം എന്ന് പൊതുവെ കരുതപ്പെടുന്ന, മൈസൂരിലെ നാടോടിക്കഥകളിൽ, കർഷകരുടെ വിമോചനത്തിനായി പോരാടിയ, രാജ്യത്തിന് കാവലിരുന്ന് വീരമൃത്യു വരിച്ച നായകനായാണ് ടിപ്പു വാഴ്ത്തപ്പെടുന്നത്. ടിപ്പു ഒരു സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, മൈസൂരിനെ മതാന്ധതയിൽ നിന്ന് മോചിപ്പിച്ച ഉറി ഗൗഡയും നഞ്ചെഗൗഡയും സത്യമായിരുന്നുവെങ്കിൽ, അത് നാടോടിക്കഥകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. എന്നാൽ, ഒരൊറ്റ കഥ പോലും ഈ സാങ്കൽപ്പിക പോരാളികളെ പരാമർശിക്കുകയോ, ടിപ്പുവിനെ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുകയോ ചെയ്യുന്നില്ല.

തുടരും…

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.