17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 ‘സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022’ സ്ഥിതിവിവര കണക്കുകൾ പറയുന്നു.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട് ഈ രോഗങ്ങളെ പട്ടികപ്പെടുത്തുന്നത്. ഭക്ഷണക്രമത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ കുറവും സംസ്കരിച്ച മാംസം, ചുവന്ന മാംസം, മധുരമുള്ള പാനീയങ്ങൾ എന്നിവയുടെ അതിരുകവിഞ്ഞ ഉപയോഗവും അമിത ഭാരവും അതുമൂലം ഇത്തരം രോഗങ്ങളിലേക്കും നയിക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ലോകത്ത് 42 ശതമാനം മനുഷ്യർക്കും ആരോഗ്യകരമായ ഭക്ഷണം ലഭ്യമാവുന്നില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് 71 ശതമാനമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവ അടങ്ങിയിട്ടില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ഭക്ഷണ സമ്പ്രദായങ്ങളും ശീലങ്ങളും പരിസ്ഥിതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, വലിയ അളവിൽ ഗ്രീൻ ഹൗസ് വാതക പുറംതള്ളലിനും ഭൂവിനിയോഗത്തിനും പാലുൽപ്പാദനം സഹായിക്കുമ്പോൾ ശുദ്ധജല ഉപയോഗത്തിലും നൈട്രജൻ, ഫോസ്ഫറസ് പ്രയോഗങ്ങളിലും ഏറ്റവും വലിയ പങ്ക് ധാന്യങ്ങൾക്കാണ്.

ഭക്ഷ്യവസ്തുക്കളുടെ വിലയെയും റിപ്പോർട്ട് വിശകലനം ചെയ്യുന്നുണ്ട്. ഉപഭോകൃത ഭക്ഷ്യ വില സൂചികയിൽ (സിഎഫ്പിഐ) പണപ്പെരുപ്പം കഴിഞ്ഞ വർഷം 327 ശതമാനം വർധിച്ചു, അതോടൊപ്പം തന്നെ സിഎഫ്പിഐ ഉൾപ്പെടെയുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ) 84 ശതമാനം ഉയരുകയും ചെയ്തു.
ഡൗൺ ടു എർത്തിന്റെ മാനേജിംഗ് എഡിറ്റർ റിച്ചാർഡ് മഹാപത്ര പറയുന്നു: “സിപിഐ പണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ കാരണം ഭക്ഷണമാണെന്ന് തോന്നുന്നു. വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും അന്താരാഷ്ട്ര വിളകളുടെ വിലക്കയറ്റവും കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങളുമാണ് നിലവിലെ ഉയർന്ന അളവിലുള്ള ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായത്. വാസ്തവത്തിൽ, CRISIL ഡാറ്റയെക്കുറിച്ചുള്ള ഞങ്ങളുടെ വിശകലനം കാണിക്കുന്നത് 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യവില വലിയ രീതിയിൽ വർദ്ധിച്ചുവെന്നാണ്.”
“ചില പുരോഗതികൾ സംഭവിക്കുന്നുണ്ടെങ്കിലും ഭക്ഷണരീതികൾ ആരോഗ്യകരമാകുന്നില്ല. കൂടാതെ, രാജ്യത്ത് വലിയ രീതിയിൽ പോഷകാഹാരക്കുറവ് നിലനിൽക്കുമ്പോഴും നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. നമ്മൾ ഇനിയും പ്രതികരിക്കാതിരുന്നാൽ വലിയ വില നൽകേണ്ടിവരും. ആരോഗ്യ, പരിസ്ഥിതി മേഖലകളിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആഗോള ഭക്ഷ്യസമ്പ്രദായം പരാജയപെടുകയാണ്. റിപ്പോർട്ട് പറയുന്നു .
“ഈ സ്ഥിതിവിവരകണക്കുകൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഈ വർഷം ഇന്ത്യക്കും ലോകത്തിനും നിർണായകമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയാണ് അതെ സമയം സ്റ്റോക്ക്ഹോം കോൺഫറൻസിന്റെ (മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള യുഎൻന്റെ ആദ്യ യോഗം ) 50-ാം വാർഷികം അടയാളപ്പെടുത്തുന്നതും ഇതേ വർഷമാണ്”- റിച്ചാർഡ് മഹാപത്ര കൂട്ടിച്ചേർത്തു.