ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ!
ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ “ഏജൻ്റുമാരിൽ ഒരാളെ” ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ “തീവ്രമായ പ്രതിഷേധങ്ങൾ” നേരിട്ട സന്ദർഭത്തിൽ ഈ “ഏജന്റിന്” ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഏത് പ്രതിഷേധത്തെകുറിച്ചാണ് സാറ്റ്‌കോയുടെ പരാമർശം എന്നത് വ്യക്തമല്ല. എന്നാൽ, 2021 ഫെബ്രുവരിയിൽ കർഷക പ്രതിഷേധത്തിനിടെ ‘#ModiPlanningFarmerGenocide’ എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്ത 250 ഓളം ട്വിറ്റർ ഹാൻഡിലുകൾ തടഞ്ഞുവെക്കാൻ ട്വിറ്ററിന് നിർദ്ദേശം നൽകിയിരുന്നു.
പ്രമുഖ മാധ്യമ സ്ഥാപനമായ കാരവൻ മാസികയുടെയും സമരത്തിൽ പങ്കാളികളായ കർഷകരെ പ്രതിനിധീകരിക്കുന്ന സംയുക്ത മുന്നണിയായ കിസാൻ ഏകതാ മോർച്ചയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഇത്തരത്തിൽ തടഞ്ഞവയിൽപ്പെടുന്നു. പിന്നീട് അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചെങ്കിലും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കമ്പനിക്ക് നോട്ടീസ് നൽകുകയുണ്ടായി.
സാറ്റ്‌കോയുടെ വെളുവെടുത്തലിൻ്റെ പ്രസക്‌ത ഭാഗങ്ങൾ:
“തങ്ങളുടെ ഒരു ഏജന്റിനെ കമ്പനിയിൽ നിയമിക്കാൻ ഇന്ത്യ ഗവൺമെന്റ് ട്വിറ്ററിനെ നിർബന്ധിച്ചിരുന്നു. ട്വിറ്ററിന്റെ അടിസ്ഥാന വാസ്തുവിദ്യാ പിഴവുകൾ കാരണം ഇത്തരം ഗവൺമെന്റ് ഏജന്റുമാർക്ക് വലിയ അളവിൽ സെൻസിറ്റീവ് ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കും. ഒരു ഗവൺമെന്റ് ഏജന്റിനെ കമ്പനിയുടെ സിസ്റ്റങ്ങളിലേക്കും ഡാറ്റയിലേക്കും നുഴഞ്ഞുകയറാൻ അനുവദിക്കുന്നതിലൂടെ ട്വിറ്റർ എക്‌സിക്യൂട്ടീവുകൾ ‘ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ലംഘിച്ചു’. ട്വിറ്ററിന്റെ സുതാര്യതാ റിപ്പോർട്ടുകൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഡാറ്റാ അഭ്യർത്ഥനകളുടെ എണ്ണം പുറത്തുവിട്ടുവെങ്കിലും, കമ്പനിയുടെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ ഏജന്റുമാരെ ഉൾപ്പെടുത്തുന്നതിൽ സർക്കാർ വിജയിച്ചതായി എക്സിക്യൂട്ടീവ് ടീം വിശ്വസിക്കുന്നുണ്ടെന്നത് ഉപഭോക്താക്കളിൽ നിന്ന് മറച്ചു വെച്ചു.”

“തങ്ങളുടെ ഉപഭോക്താക്കളെയും സിസ്റ്റങ്ങളെയും ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിലും സ്പാം കുറയ്ക്കുന്നതിലും വന്നിട്ടുള്ള പോരായ്മകൾ ട്വിറ്റർ എക്സിക്യൂട്ടീവുകൾ റെഗുലേറ്റർമാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അതിന്റെ ഡയറക്ടർ ബോർഡിൽ നിന്നും മറച്ചു വെക്കുന്നതിലൂടെ അവരെ വഞ്ചിക്കുകയായിരുന്നു. കമ്പനിയുടെ പകുതി സെർവറുകളും “കാലഹരണപ്പെട്ടതും ദുർബലവുമായ സോഫ്റ്റ്‌വെയർ” ആണ് ഉപയോഗിക്കുന്നതെന്നും, ഡാറ്റാ സംരക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചുള്ള വസ്‌തുതകൾ കമ്പനി എക്സിക്യൂട്ടീവുകൾ ഡയറക്ടർമാരിൽ നിന്ന് മറച്ചുവെക്കുകയാണെന്നും സഹപ്രവർത്തകർക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നു.”
“വിവര സുരക്ഷ സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങൾ പോലും ട്വിറ്റർ ഉറപ്പാക്കുന്നില്ല. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയതിന് ശേഷവും ട്വിറ്റർ അവരുടെ ഡാറ്റ ഇല്ലാതാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ട്വിറ്ററിന് വിവരങ്ങൾ സംബന്ധിച്ച തുടർച്ച നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. കൂടാതെ ഉപഭോക്താക്കളുടെ ഡാറ്റയെക്കുറിച്ച് തെറ്റായ വിവരങ്ങളും കമ്പനി നൽകുന്നുണ്ട്”.
സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ 2022 ജൂലൈയിൽ യു.എസ് കോൺഗ്രസിനും ഫെഡറൽ ഏജൻസികൾക്കും അയച്ചിരുന്നു. ട്വിറ്ററിന് അതിന്റെ പ്ലാറ്റ്‌ഫോമിലുള്ള ബോട്ടുകളുടെ എണ്ണം പൂർണ്ണമായി മനസ്സിലാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നും അത് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും സാറ്റ്‌കോ പരാതിയിൽ പറയുന്നുണ്ട്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാൻ അടുത്തിടെ ശ്രമിച്ചെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ബോട്ടുകളെയും സ്പാം അക്കൗണ്ടുകളെയും കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പിന്നീട് പിന്മാറിയത് കണക്കിലെടുക്കുമ്പോൾ ഈ ആരോപണത്തിന് പ്രാധാന്യമുണ്ട്.

മോശം പ്രകടനത്തിന്റെ പേരിൽ 2022 ജനുവരിയിൽ സാറ്റ്കോയെ പുറത്താക്കിയതായി ട്വിറ്റർ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനെ അറിയിക്കാനുള്ള ശ്രമങ്ങൾക്ക് ശേഷമാണ് താൻ ‘വിസിൽ ബ്ലോവറായി’ മാറിയതെന്ന് സാറ്റ്‌കോ പറഞ്ഞു. ഫേസ്ബുക്ക് വിസിൽബ്ലോവർ ഫ്രാൻസെസ് ഹൗഗനെ പ്രതിനിധീകരിച്ച ‘വിസിൽബ്ലോവർ എയ്ഡാ’ണ് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നത്.
സുരക്ഷയും സ്വകാര്യതയും ദീർഘകാലമായി കമ്പനിയുടെ മുൻഗണനകളാണെന്നും, സാറ്റ്‌കോ ഉന്നയിച്ച ആരോപണങ്ങൾ അവസരവാദപരവും ട്വിറ്റർ ഓഹരി ഉടമകളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ സൃഷ്ടിക്കപ്പെട്ടവയാണെന്നും ട്വിറ്റർ പ്രതികരിച്ചിട്ടുണ്ട്.