Skip to content Skip to sidebar Skip to footer

‘ഇത് ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ്,
ഒരു സമുദായത്തിൻ്റെ ജീവിതവും’

അഭിമുഖം
അമീൻ ഭാരിഫ്, അൽത്താഫ് ഇബ്നു ഖാദർ /
പി.പി അൻഷദ്

//പൗരത്വ പ്രശ്നങ്ങളെ പ്രമേയമാക്കി രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ (IDSFFK) അവാർഡ് ലഭിച്ച “റൂപോശ്” ഡോക്യുമെന്ററിയുടെ സംവിധായകരായ അമീൻ ഭാരിഫ്, അൽത്താഫ് ഇബ്നു ഖാദർ എന്നിവർ ഫാക്റ്റ് ഷീറ്റിനോട് സംസാരിക്കുന്നു.//

  • ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർത്ഥികൾ എന്ന നിലയിൽ ഈ വിഷയത്തിൽ ഒരു ഡോക്യുമെന്ററി എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസ്ക്തിയില്ല. എങ്കിലും എങ്ങനെയായിരുന്നു ഈ ചിത്രത്തിൻ്റെ തുടക്കം?

ഈ ആശയം ഒരു ഡോക്യുമെന്ററി ആവണം എന്ന ചിന്ത ഞങ്ങൾക്ക് തുടക്കത്തിൽ ഇല്ലായിരുന്നു. സുഹൃത്ത് ഫഹ്‌മീദ് സംസാരത്തിനിടയിൽ വളരെ ആകസ്മികമായാണ് ഇങ്ങനൊരു വിരുദ്ധ വശം അവന്റെ ജീവിതത്തിലുണ്ട് എന്ന് പറയുന്നത്. പിന്നീട് ഇതിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്തപ്പോഴാണ് ഇത് ഒരു ഡോക്യുമെന്ററി ആക്കാനുള്ള കഥയുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത്. അങ്ങനെയാണ് ഈയൊരു ഡോക്യുമെന്ററിയിലേക്ക് എത്തുന്നത്. ഇതേ സമയത്താണ് ജാമിഅ‌യിൽ സി.എ.എ വിരുദ്ധ സമരങ്ങളൊക്കെ നടന്നുകൊണ്ടിരുന്നത്. ഞങ്ങളും ആ സമരങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഡോക്യുമെന്ററിയുടെ രൂപം കൂടുതൽ വികസിച്ചു വന്നത്. എങ്ങനെയാണ് നിലവിലെ വ്യവഹാരത്തിൽ ഈ ഡോക്യുമെന്ററിക്ക് രൂപംകൊടുക്കാൻ കഴിയുക എന്ന ആലോചനയായി പിന്നീട്. അപ്പോഴാണ് ഇതിൻ്റെ കഥയുടെ ശൈലിയെ കുറിച്ചും ഇതിന്റെ ആഖ്യാനം എങ്ങനെയായിരിക്കണം, ഇത് എന്തിലേക്കാണ് പോകേണ്ടത് എന്നും കൂടുതൽ ചിന്തിച്ചത്. ഒരു കുടുംബത്തിന്റെ വേര് അന്വേഷിക്കുന്നതിലൂടെ നമുക്ക് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ഇവടെത്തെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധാനവും ഭീതിയും എല്ലാം വ്യക്തമാക്കാൻ പറ്റുന്ന ഒരു വിഷയമാണിതെന്ന് മനസ്സിലാക്കുന്നിടത്താണ് ഈ ഡോക്യുമെന്ററിയുടെ തുടക്കം.

എങ്ങനെയാണ് മുഹമ്മദ് ഫഹ്‌മീദിനെ പരിചയപ്പെടുന്നത്? അദ്ദേഹത്തിന്റെ ജീവിതം ഒരു ഡോക്യുമെന്ററി ആക്കാനുമുള്ള പ്രചോദനം എന്തായിരുന്നു?

ഫഹ്‌മീദ് ഞങ്ങളുടെ സഹാപാഠിയാണ്, എന്ന് മാത്രമല്ല ഫഹ്‌മീദ് ചെറിയ ക്ലാസ്സുകൾ മുതൽ ബിരുദവും ബിരുദാനന്തര ബിരുദവും ജാമിഅയിൽ പഠിച്ച് അവിടെ തിയറ്റെർ വർക്‌ഷോപ്പിലൊക്കെ സജീവമായിരുന്ന ഒരാളാണ്. ഫഹ്‌മീദിനെ അവിടെ എല്ലാവർക്കും അറിയാം അവനും എല്ലാവരേയും അറിയും. ശരിക്കും പറഞ്ഞാൽ അവൻ ഒരു ജമിഅ മില്ലിയ ഉൽപന്നമാണ്. ഫഹ്‌മീദിന്റെ ഉപ്പ ചെറുപ്പകാലത്തെ മരണപ്പെട്ടതാണ്. ഉമ്മ മാത്രമേയുള്ളൂ. വേറെ സഹോദരങ്ങളൊന്നുമില്ല. പൗരത്വ സമരങ്ങൾക്ക് ശേഷമുള്ള പല ചായ ചർച്ചകളിലൊക്കെ ഉമ്മയുടെ അരക്ഷിതാവസ്ഥയെ കുറിച്ചൊക്കെ അവൻ പറയാറുണ്ടായിരുന്നു. അങ്ങനൊരു സംസാരത്തിനിടക്കാണ് അവന്റെ ജീവിത സാഹചര്യം പറയുന്നത്. അവന്റെ കുടുംബത്തിലെ പിതാമഹൻ ഇന്ത്യ-പാക് വിഭജനം കാരണം പാകിസ്താനിൽ പോയതാണെന്നും, അവരുടെ പാകിസ്താനിലെ അഡ്രസ്സ് ഉള്ള ഒരു ഡയറി ഫഹ്‌മീദിന്റെ ഉമ്മാക്ക് ആകസ്മികമായി കിട്ടിയെന്നൊക്കെ അവൻ നല്ല രസത്തിൽ ഞങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ മേലുള്ള ആലോചനയിലാണ് ഇങ്ങനെയൊരു സാധ്യത തെളിഞ്ഞ് വന്നത്. എടുത്ത് പറയേണ്ടുന്ന ഒരു കാര്യം ഇത് ഫഹ്‌മീദിനെ പറ്റി മാത്രമല്ല, അവനെ പോലെ ജാമിഅ, ബട്ല ഹൗസ്, നൂർ നഗർ, ഷഹീൻ ബാഗ് ഭാഗത്തൊക്കെ ജീവിക്കുന്ന സാധാരണ മുസ്‌ലിം കുടുംബത്തിന് ഇതുപോലെയുള്ള വേര് ഉണ്ടാകും. അതുപോലെ മുസ്‌ലിം എന്ന നിലക്ക് ബന്ധപ്പെട്ട പല പ്രശ്നങ്ങളുമുണ്ടാകും. അവർക്ക് ദേശ സ്നേഹം പോലുള്ള വികാരങ്ങളിൽ ഊന്നിയുള്ള അരക്ഷിതാവസ്ഥകളുണ്ടാകും. ഇതൊക്കെ കൊണ്ടാണ് മുസ്‌ലിം പോക്കറ്റിലുള്ള ഒരു വിദ്യാർത്ഥിയുടെ പ്രതിനിധാനം എന്ന നിലയിൽ ഫഹ്‌മീദിന്റെ ജീവിതം ഡോക്യുമെന്റ് ചെയ്യാം എന്ന് തീരുമാനിച്ചത്. അത് ഫഹ്‌മീദിന്റെ മാത്രം ജീവിതമായി കാണപ്പെടില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.

ഇന്ത്യയിൽ മു‌സ്‌ലിംകളുടെ പൗരത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ നിങ്ങളുടെ ഡോക്യുമെന്ററി എങ്ങനെ സ്വാധീനം ചെലുത്തുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

ഡോക്യുമെന്ററികളുടെ സ്വഭാവം അടിസ്ഥാനപരമായി ഒരു സമൂഹത്തെ സ്വാധീനിക്കുക എന്നതല്ല. അതിലേറെ ഒരു സംഭവം രേഖപ്പെടുത്തുക എന്നതാണ് ഡോക്യുമെന്ററി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആ രീതിയിൽ തന്നെയാണ് ഞങ്ങൾ ഇതിനെ സമീപിച്ചതും. ഞങ്ങൾ ഈ ഡോക്യുമെന്ററി കൊണ്ട് ഉദ്ദേശിച്ചത് മുസ്‌ലിം പോക്കറ്റുകൾ ഉള്ള ജാമിഅയിലേയും ഷഹീൻ ബാഗിലേയും ആളുകളുടെ സ്വാഭാവികമായ അരക്ഷിതാവസ്ഥകൾ, സവിശേഷമായും പൗരത്വ സമരത്തിന് ശേഷമുള്ളവ, അതുപോലെ കൃത്യമായ രേഖകൾ ഇല്ലാതെ ജീവിക്കുന്ന മനുഷ്യരുടെ ഭീതികളും രേഖപ്പെടുത്താനാണ്. കൂടുതലായും പഴയ തലമുറയിലെ ആളുകളുടെ ജീവിതം രേഖപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ഫഹ്‌മീദിന്റെ തന്നെ നാന എന്ന് പറയുന്ന വല്ല്യുപ്പയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അവർ ഇന്ത്യ-പാക് വിഭജന കാലത്ത് ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ച ആളുകളാണ്. നാനയുടെ രണ്ടാമത്തെ ഭാര്യ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്, അവർക്ക് കൃത്യമായ രേഖകളൊന്നും ഇല്ല. ഇതുപോലുള്ള ആളുകളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യുക എന്നതാണ് ഞങ്ങൾ ഉദ്ദേശിച്ചത്. ഇത് ഏത് തരത്തിൽ സമൂഹത്തെ സ്വാധീനിക്കും എന്ന് പറയാൻ കഴിയില്ല, അത് കാണുന്ന ആളുകൾക്ക് അനുസരിച്ചായിരിക്കും. ഇത്തരം മുസ്‌ലിം ജീവിതങ്ങളെ രേഖപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്.

പൗരത്വ പ്രക്ഷോഭ കാലത്തെ അനുഭവങ്ങൾ എങ്ങനെയാണ് നിങ്ങളെയും ഈ ഡോക്യുമെന്ററിയേയും സ്വാധീനിച്ചത്?

അമീൻ ഭാരിഫ്:

ഞാൻ കേരളത്തിൽ ഒരു ഇടതുപക്ഷ സംഘടനയിൽ അംഗമായി പ്രവർത്തിച്ചിരുന്ന ഒരാളാണ്. അവിടെ നിന്നാണ് ജാമിഅയിലേക്ക് വരുന്നത്. ജാമിഅ അതിൽ നിന്നും വ്യത്യസ്തമായ ഒരു ക്യാമ്പസാണ്. ജാമിഅയുടെ രാഷ്ട്രീയം സ്വത്വ രാഷ്ട്രീയമാണ്. ഒരു ന്യൂനപക്ഷ ക്യാമ്പസ് എന്ന നിലയിൽ സ്വയം അഭിമാനിക്കുന്ന ഒന്നാണ് ജാമിഅ. അതിന്റെ എല്ലാ വിധ ക്രെഡിക്റ്റും ജാമിഅക്കുണ്ട്. എങ്കിലും പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിഅക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ രാഷ്ട്രീയ ഭേദമന്യേ ജാമിഅയിലെ വിദ്യാർത്ഥികൾ എല്ലാ നിലയിലും ഒരുമിച്ച് ഒരു ക്യാമ്പസ് എന്ന രീതിയിലാണ് സമരം നടത്തിയത്. തീർച്ചയായും ആ സമയത്ത് നമുക്കുണ്ടായ അനുഭവങ്ങൾ ഈ വർക്കിനെ സ്വാധീനിച്ചിട്ടുണ്ട്. അതായത്, നമ്മുടെ സ്വത്വം എന്താണ്, എന്താണ് ഇസ്‌ലാമോഫോബിയ എന്നത് കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോളാണ് ഞാൻ പൂർണമായും മനസ്സിലാക്കിയത്. സമരത്തിന്റെ സമയത്ത് മെട്രോയിൽ കയറുമ്പോൾ ജമിഅയുടെ ഐഡി കാർഡ് ആണെങ്കിൽ അവർ സൂക്ഷ്മമായി പരിശോധിക്കുമായിരുന്നു. അത്രത്തോളം മോശമായിരുന്നു ആ സമയം. ശരിക്കും പേടിച്ച് ജീവിച്ച രണ്ട്, മൂന്ന് ആഴ്ച്ചകൾ ഉണ്ടായിരുന്നു അവിടെ. ഡൽഹിയിൽ കലാപം/വംശഹത്യ നടക്കുന്ന സമയത്ത് ഞങ്ങൾ ജാമിഅയിൽ പഠിക്കുന്നുണ്ട്, അന്ന് അനുഭവിച്ച ടെൻഷനും പേടിയുമൊക്കെ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. കലാപം/വംശഹത്യ ഒരു നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടാൾ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നമുക്കാർക്കും അറിയില്ല. നമ്മളെ സംരക്ഷിക്കാൻ ആരുമില്ല. നമ്മളുടെ പേര് ഇങ്ങനെ ആയതുകൊണ്ടും നമ്മൾ പ്രതിനിധാനം ചെയ്യുന്ന ക്യാമ്പസ് ജാമിഅ ആയതുകൊണ്ടും രാഷ്ട്രീയപരമായി അതിന്റെ തലം വേറെയാണ്. കലാപക്കാലത്ത് നമുക്കുണ്ടായ അനുഭവവും നമ്മളെ പോലീസ് തല്ലിയതുമൊക്കെ ഈ ഡോക്യുമെന്ററിക്ക് മുതൽക്കൂട്ടായിട്ടുണ്ട് എന്നതുപോലെ, എന്തിനെയാണ് നമ്മൾ ഭയക്കുന്നത്, എന്താണ് ഇസ്‌ലാമോഫോബിയ, എന്താണ് അത് ഉല്പാദിപ്പിക്കുന്ന പേടി എന്നൊക്കെ കൃത്യമായിട്ട് മനസ്സിലാക്കാൻ സമരത്തിന്റെ സമയത്തുള്ള എല്ലാ അനുഭവങ്ങളും ഒരു പരിധിയിൽ കൂടുതൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

ഈ ചിത്രത്തിന് സർവകലാശാല അധികൃതരുടെ ഭാഗത്തുന്നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?

സർവ്വകലാശാല അധികൃതർ എന്നതിനേക്കാളും ജാമിഅയിലെ മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ആണ് ഇതിൽ ഇടപ്പെടുന്നത്. ഞങ്ങളുടെ ഫൈനൽ പ്രൊജക്റ്റിന്റെ ഭാഗമായിരിക്കുന്നത് കൊണ്ട് തന്നെ കൃത്യമായ ഒരു സൂപ്പർവിഷൻ അവിടത്തെ അധ്യാപകരുടെയും ഡിപ്പാർട്ട്മെന്റിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകും. അങ്ങനൊരു സൂപ്പർവിഷൻ ഉണ്ടായതുകൊണ്ട് തന്നെ ക്രിയാത്മക സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് പൂർണമായും കിട്ടുകയില്ല. ഉദാഹരണം, ഫഹ്‌മീദ് ഒരു ജാമിഅ വിദ്യാർഥിയും ഷാഹീൻ ബാഗിൽ താമസിക്കുന്ന ആളുമായതുകൊണ്ട് തന്നെ സി.എ.എ പ്രക്ഷോഭത്തിന് ശേഷം ഫഹ്‌മീദിനെ പറ്റി അവന്റെ ഉമ്മാക്ക് വലിയ പേടിയുണ്ട്. ഇതിനൊക്കെ ബലം കൊടുക്കുന്നതിന് വേണ്ടി എന്ന രീതിയിൽ, ജാമിഅ സമരങ്ങളുടെ ഭാഗമായിട്ടുള്ള ഒരുപാട് അക്രമങ്ങൾ ഞങ്ങൾക്ക് ഡോക്യുമെന്ററിയിൽ കാണിക്കണം എന്നുണ്ടായിരുന്നു. ഞങ്ങളുടെ കയ്യിൽ ക്യാമ്പസിലേയും ലൈബ്രറിയിലേയും പോലീസിന്റെ അതിക്രമങ്ങളുടെ ആർക്കൈവൽ ദൃശ്യങ്ങളുണ്ട്, അതുപോലെ ഞങ്ങൾ തന്നെ ഷൂട്ട് ചെയ്ത ചിത്രങ്ങളും ഉണ്ടായിരുന്നു. അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഞങ്ങൾക്ക് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നോ, രണ്ടോ തവണ അത്തരം ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇത് ജാമിഅയുടെ ഭാഗത്തു നിന്നുള്ള തിരുത്തലോ, വിലക്കോ, കത്രിക പ്രയോഗമോ എന്നുള്ളതിനേക്കാൾ കൂടുതൽ ടീച്ചേഴ്സിന്റെ അരക്ഷിതാവസ്ഥയുടെ ഭാഗമായി മനസ്സിലാക്കാനാണ് എനിക്ക് താല്പര്യം. അവരും ഈ അക്രമത്തിന്റെ സാക്ഷികളും ഇരകളുമാണ്. അങ്ങനെ നോക്കുമ്പോൾ അവരുടെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്തായിരിക്കാം അവർ പലപ്പോഴും പൂർണമായ ക്രിയാത്മക സ്വാതന്ത്ര്യം തരാതിരുന്നത്. എന്നിരുന്നാൽ പോലും അത് ഈ ഡോക്യുമെന്ററിക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു പ്രഭാവം ലഭിക്കാനും, ഞങ്ങൾ വിചാരിച്ച രീതിയിൽ ഈ ഡോക്യുമെന്ററി നിർമ്മിക്കാനും കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്

IDSFFK-2021ൽ ‘റൂപോശി’ന് രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയപ്പോൾ എന്താണ് തോന്നിയത്?

Idsffk ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചൊരു വേദി ആയിരുന്നില്ല. ഡോക്യുമെന്ററി കുറേ ഫെസ്റ്റ്‌വെല്ലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, ധാരാളം ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഈ ഡോക്യുമെന്ററിക്ക് കൃത്യമായിട്ടുള്ള സ്വീകാര്യത കിട്ടുന്നത് idsffk യിൽ നിന്നാണ്. ഒരു മത്സരത്തിൽ വിജയിച്ച് അത് ഒരു സദസ്സ് അറിയുക എന്നത് വലിയ കാര്യമാണ്. ഒരു ഡോക്യുമെന്ററി ചെയ്തതിന്റെ പേരിൽ ഞങ്ങൾ അംഗീകരിക്കപ്പെടുന്നത് ‘രൂപോഷ്’ idsffk യിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ്. Idsffk യിൽ ഡെലിഗേറ്റ് ആയിട്ട് ഞങ്ങൾ 2/3 തവണ പോയിട്ടുണ്ട്. അതുകൊണ്ട് നമുക്കറിയാം അവിടത്തെ ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്നും അവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്നും. ആ സമയത്താണ് ഞങ്ങൾക്ക് തോന്നിയത് ഞങ്ങളുടെ ഡോക്യുമെന്ററി idsffkക്ക് അയച്ച് നോക്കാം, തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് ഞങ്ങൾക്ക് വലിയ ആവേശമാണെന്ന പ്രതീക്ഷയിലാണ് ആയക്കുന്നത്. സ്ക്രീനിങിനു ശേഷം ഞങ്ങൾക്ക് നല്ല പ്രതികരണമാണ് കിട്ടിയത്. നമ്മളോട് കുറേ ആളുകൾ ഇടപെടുന്നുണ്ടായിരുന്നു. ഇത് ശരിക്കും ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു അവാർഡ് ആയിരുന്നതുകൊണ്ട് തന്നെ അത് വലിയൊരു അംഗീകാരമായി അനുഭവപ്പെട്ടു. സദസ്സ് ഞങ്ങളുടെ ഡോക്യുമെന്ററി ഏറ്റെടുത്തതിൽ ഞങ്ങൾക്ക് നല്ല സന്തോഷമുണ്ട്. ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ അവാർഡ് സഹായിക്കും, ഇതിലെ വിഷയം അവർ ശ്രദ്ധിക്കും, ഇതിന്റെ നിർമ്മാതാക്കളെ ശ്രദ്ധിക്കും. അത് തന്നെയാണ് ഒരു പുരസ്കാരത്തിന് നൽകാൻ കഴിയുന്ന പ്രധാന കാര്യം, അത് തന്നെയാണ് idsffk യും ഈ ഡോക്യുമെന്ററിക്ക് നൽകിയിട്ടുള്ളത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.