മദ്യപാനത്തിൽ ആരാണ് മുന്നിൽ?

Staff Editor
September 13, 2021

മദ്യപാനത്തിൽ മുന്നിൽ നിൽക്കുന്നത് ഏത് മതവിഭാഗമാണ്? ബാർ മുതലാളിമാർ ഏറ്റവും കൂടുതൽ ഏത് മതസമുദായത്തിൽപെട്ടവരാണ്? കഞ്ചാവ് കൃഷിയും മറ്റും നിയമപാലകർ പിടികൂടി നശിപ്പിച്ചിട്ടുണ്ടെങ്കിൽ, അതെല്ലാം ആരുടെ ഉടമസ്ഥതയിലുള്ളതാണ്? മദ്യവും മറ്റ് ലഹരിയും മതപരമായി നിരോധിക്കാത് എതൊക്കെ സമുദായങ്ങളിലാണ്? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോൾ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. നാർക്കോടിക് ജിഹാദ്' എന്ന തലക്കെട്ടിൽ പാലാ ബിഷപ്പ് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണമാണ് ഇപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പശ്ചാത്തലമായി മാറിയിട്ടുള്ളത്. കേരളത്തിൽ മദ്യോപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ് എന്ന പഴയ കണക്കും വീണ്ടും ചർച്ചയാകാൻ തുടങ്ങിയിരിക്കുന്നു.

എസ്. ഇരുദയരാജൻ, ജോർജ് ജോസഫ്, രാജേഷ് മണി എന്നിവർ ചേർന്ന് 2016ൽ തയ്യാറാക്കിയ ഒരു പഠനത്തിൽ പറയുന്നത്, കേരളത്തിൽ മദ്യോപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ് എന്നാകുന്നു. ഇവരിൽ 6.86 ശതമാനം മദ്യം ഉപയോഗിക്കുന്നവരും, മദ്യപിക്കുന്നവർക്കിടയിൽ 24.33 ശതമാനം അമിതമായി മദ്യപിക്കുന്നവരുമാണ്.

രണ്ടാംസ്ഥാനം ഹിന്ദുക്കൾക്കുള്ളതാണ്. ഹിന്ദുക്കളിൽ 6.52 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. ഇവരിൽ 36.21 ശതമാനം അമിതമായി മദ്യപിക്കുന്നവരാണ്. മുസ്ലിം മതവിഭാഗത്തിൽ 0.99 ശതമാനം വ്യക്തികൾ മദ്യം ഉപയോഗിക്കുന്നു. എന്നാൽ, ഈ മദ്യപരിൽ 46.53 ശതമാനം വ്യക്തികളും അമിതമായി മദ്യം ഉപയോഗിക്കുന്നവരാണ്.

ഹിന്ദുമതത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലായി മദ്യപിക്കുന്നത്. ഈ വിഭാഗത്തിൽ 10.15 ശതമാനം മദ്യപരും ഇവർക്കിടയിൽ 42.96 ശതമാനം അമിതമദ്യപരുമാണ്. പിന്നാക്കസമുദായത്തിൽപ്പെട്ടവരിൽ 6.39 ശതമാനവും മുന്നാക്ക സമുദായത്തിൽപ്പെട്ടവരിൽ 4.71 ശതമാനവും മദ്യം ഉപയോഗിക്കുന്നു.

ക്രിസ്തുമതത്തിൽ ദളിത് ക്രിസ്ത്യാനികളാണ് കൂടുതലായി മദ്യപിക്കുന്നത്. ഇവരിൽ 11.47 ശതമാനം മദ്യപിക്കുന്നു. ഈ സാമൂഹികവിഭാഗമാണ് കേരളത്തിലെ പ്രധാന മദ്യപർ. രണ്ടാം സ്ഥാനം റോമൻ കത്തോലിക്കാ വിഭാഗത്തിലുള്ളവർക്കാണ്. ഈ വിഭാഗത്തിൽ 7.89 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. 

വിശദമായ കണക്കുകൾക്ക് മാതൃഭുമി പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കുക.

Staff Editor