2019-ൽ ഇന്ത്യയെ വെളിയിട വിസർജനത്തിൽ നിന്ന് മുക്തമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, 2019-21ൽ NFHS നടത്തിയ ഏറ്റവും പുതിയ സർവേ കാണിക്കുന്നത് 19 ശതമാനം ഇന്ത്യൻ വീടുകളിലും ഒരു തരത്തിലുള്ള ശുചിമുറി സൗകര്യങ്ങളും ഇല്ല എന്നാണ്.

എന്നിരുന്നാലും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്ന കുടുംബങ്ങളുടെ ശതമാനം 2015-16 ൽ ഉണ്ടായിരുന്ന 39 ശതമാനത്തിൽ നിന്ന് 2019-21 ൽ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബീഹാറിലാണ് (62 ശതമാനം) ഏറ്റവും കുറവ് ശുചിമുറി സൗകര്യമുള്ളത്. ജാർഖണ്ഡിൽ 70 ശതമാനം ആളുകളും ഒഡീഷയിൽ 71 ശതമാനം ആളുകളുമാണ് ശൗചാലയം ഉപയോഗിക്കുന്നത്.
NFHS-5 ന്റെ കണ്ടെത്തലുകൾ പ്രകാരം 69 ശതമാനം വീടുകളും മറ്റ് വീടുകളുമായി പങ്കിടാത്ത മെച്ചപ്പെട്ട സാനിറ്റേഷൻ സൗകര്യം ഉപയോഗിക്കുന്നുണ്ട്. എട്ട് ശതമാനം ആളുകൾ മറ്റു വീടുകളുമായി പങ്കിട്ടില്ലായിരുന്നെങ്കിൽ മെച്ചപ്പെട്ടതായി കണക്കാക്കാവുന്ന സൗകര്യമാണ് ഉപയോഗിക്കുന്നത്.
“പത്തൊമ്പത് ശതമാനം വീടുകളിലും ശുചിമുറി സൗകര്യമില്ല, അതായത് വീട്ടിലെ അംഗങ്ങൾ തുറസ്സായി മലമൂത്ര വിസർജനം നടത്തേണ്ടി വരുന്നു.”, റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
“ഇന്ത്യയിൽ 83 ശതമാനം കുടുംബങ്ങൾക്കും ടോയ്‌ലറ്റ് സൗകര്യമുണ്ട്. അറുപത്തിയൊമ്പത് ശതമാനം കുടുംബങ്ങളും മെച്ചപ്പെട്ട, പരസ്പരം പങ്കിടാത്ത ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു, അതായത് മനുഷ്യ മാലിന്യങ്ങളുമായി സമ്പർക്കം പുലർത്താതെ അതുവഴി കോളറ, ടൈഫോയ്ഡ്, മറ്റ് രോഗങ്ങൾ എന്നിവയുടെ സംക്രമണം കുറയ്ക്കുകയും ചെയ്യുന്നു.” റിപ്പോർട്ടിൽ പറയുന്നു.
ഏഴ് ശതമാനം ഗ്രാമീണ കുടുംബങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഗരങ്ങളിലെ 11 ശതമാനം കുടുംബങ്ങളും ശുചിമുറി സൗകര്യം പരസ്പരം പങ്കിട്ട് ഉപയോഗിക്കുന്നതായി സർവേ കണ്ടെത്തി.
പട്ടികവർഗ കുടുംബങ്ങളിൽ 69 ശതമാനവും പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടാത്ത കുടുംബങ്ങളിൽ 93 ശതമാനവുമാണ് ശുചിമുറി സൗകര്യം നിലവിലുള്ളത്.
സുരക്ഷിതമായ കുടിവെള്ളത്തിന്റെ കാര്യത്തിൽ, 58 ശതമാനം വീടുകളും കുടിക്കുന്നതിന് മുമ്പ് വെള്ളം ശുദ്ധീകരിക്കുന്നില്ലെന്നും റിപ്പോർട്ട് കാണിക്കുന്നു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളശുദ്ധീകരണം കുറവാണ്; നഗരങ്ങളിലെ 44 ശതമാനം വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ 66 ശതമാനം ഗ്രാമീണ കുടുംബങ്ങളും കുടിവെള്ളം ശുദ്ധീകരിക്കുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു.
NFHS കണ്ടെത്തലുകൾ പ്രകാരം, വെള്ളം തിളപ്പിച്ച് കുടിക്കുകയോ തുണി ഉപയോഗിച്ച് അരിച്ചെടുക്കുകയോ ചെയ്യുന്നതാണ് കുടിവെള്ള ശുദ്ധീകരണത്തിന് സാധാരണ ഇന്ത്യൻ കുടുംബങ്ങളിൽ കണ്ടുവരുന്ന രീതികൾ. (യഥാക്രമം 16 ശതമാനവും 15 ശതമാനവും കുടുംബങ്ങൾ).
ഇന്ത്യയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുടുംബങ്ങൾക്ക് മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സ് ലഭ്യമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
നഗരങ്ങളിലുള്ള കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ അവരുടെ വാസസ്ഥലത്തേക്കോ മുറ്റത്തേക്കോ (54 ശതമാനം), കുഴൽക്കിണർ (16 ശതമാനം), പൊതു ടാപ്പുകൾ, സ്റ്റാൻഡ് പൈപ്പുകൾ (12 ശതമാനം) എന്നിവയിൽ ലഭ്യമാകുന്ന വെള്ളമാണ്. മറിച്ച്, ഗ്രാമീണ കുടുംബങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ് (46 ശതമാനം). 23 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് അവരുടെ വാസസ്ഥലത്തേക്ക് വെള്ളം ലഭ്യമാകുന്നത്.
വെള്ളം വിതരണം ചെയ്യാത്ത വീടുകളിൽ, അല്ലെങ്കിൽ ജലസ്രോതസ്സ് വീടിന്റെ പരിസരത്തു ലഭ്യമല്ലാത്ത 71 ശതമാനം വീടുകളിലും വെള്ളം എത്തിക്കുന്നത് 15 വയസ്സിനു മുകളിലുള്ള സ്ത്രീകളാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ 41 ശതമാനം വീടുകളിലും പാചകത്തിന് ഏതെങ്കിലും തരത്തിലുള്ള ഖര ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നും, കൂടുതലും വിറകോ ചാണകമോ ആണെന്നും റിപ്പോർട്ട് കണ്ടെത്തി. വെളിയിൽ പാചകം ചെയ്യുന്നതിനുപകരം വീടിനുള്ളിൽ പാചകം ചെയ്യുന്നത് പുകയുമായി സമ്പർക്കം വർധിപ്പിക്കുന്നു.കൂടാതെ 25 ശതമാനം കുടുംബങ്ങളിലും ആരെങ്കിലും വീടിനുള്ളിൽ പുകവലിക്കുന്നുണ്ട്.
ദേശീയ കുടുംബാരോഗ്യ സർവേ-5 (NFHS) 2019നും 2021 നും ഇടയിൽ രാജ്യത്തെ 707 ജില്ലകളിലെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 7,24,115 സ്ത്രീകളെയും 1,01,839 പുരുഷന്മാരെയും ഉൾപ്പെടുത്തി 6.37 ലക്ഷം സാമ്പിൾ ശേഖരിച്ചു പരിശോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
നയരൂപീകരണത്തിനും ഫലപ്രദമായ പദ്ധതി നടപ്പാക്കലിനും ഉപയോഗപ്രദമായ സാമൂഹികവും സാമ്പത്തികവും മറ്റ് പശ്ചാത്തല സവിശേഷതകളും അടിസ്ഥാനമാക്കിയുള്ള ഡാറ്റയും ഈ റിപ്പോർട്ട് നൽകുന്നുണ്ട്.