Skip to content Skip to sidebar Skip to footer

പ്രതീക്ഷക്ക് വക നൽകാത്ത ഇന്ത്യൻ സാമ്പത്തിക രംഗം.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളിൽ ഭൂരിഭാഗവും ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ലഭിച്ചത്. എന്നാൽ, ബാക്കിയുള്ളവർക്ക് പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രയാസങ്ങളുടെയും വർധിച്ച വേദനകളാണ് അനുഭവിക്കേണ്ടി വന്നത്.

എല്ലാ സാമ്പത്തിക പ്രതിസന്ധികളും മറികടക്കാൻ അതത് സമൂഹങ്ങൾക്ക് സാധിക്കാറുണ്ട്. എന്നാൽ നിലവിലെ ഇന്ത്യൻ സാമ്പത്തിക മേഖല കാണുമ്പോൾ അത് സാധ്യമാകുമോ എന്നൊരു ചോദ്യം മുന്നിൽ വന്നു നിൽക്കുന്നു. ഡൗവ്വിനും നാസ്ഡാകിനും ഒറ്റ രാത്രികൊണ്ടുണ്ടായ തകർച്ച ഇന്ത്യയിൽ മറ്റൊരു ഓഹരി വിപണി തകർച്ചയെക്കുറിച്ചുള്ള ഭയം കൊണ്ടുവരുന്നു. തികച്ചും പുതിയതും പേടിപ്പെടുത്തുന്നതുമായ ഒരു അവസ്ഥയിലേക്കാണ് രൂപ ഇപ്പോൾ ചെന്ന് വീഴുന്നത് – ഡോളറിനു 80 എന്ന നിരക്കിലേക്ക്.

ക്രൂഡ് ആണെങ്കിൽ ഇപ്പോൾ നിൽക്കുന്ന മൂന്നക്കത്തിൽ നിന്നും തിരിച്ചു വരാൻ ഒരു സാധ്യതയും കാണിക്കുന്നുമില്ല. ഇതെല്ലാമാണ് പ്രധാനവാർത്തകളിലും ടീവി ചർച്ചകളിലും ഇടം പിടിക്കുന്നത്. എന്നാൽ ഓഹരി വിപണിയിൽ പങ്കാളികളാകുന്നതും അത് കൈവശം വെക്കുന്നതും ഇന്ത്യയിലെ ജനസംഖ്യയുടെയും അതിനുള്ളിലെ നിക്ഷേപ സമൂഹത്തിന്റെയും ഒരു ചെറിയ ഭാഗം ആളുകൾ മാത്രമാണ്. ഈ അവസ്ഥകളെ വസ്തുതകളുടെ അളവുകോൽ എന്നു വിളിക്കാം. എന്നാൽ, ഇത് ആരുടെ വസ്തുതകളെയാണ് പ്രതിപാദിക്കുന്നത്?

ഇപ്പോൾ മാത്രമോണോ ഈ വക കാര്യങ്ങൾ മോശമായത്?

2016 നവംബർ 8-ലെ നോട്ട് അസാധുവാക്കൽ ദിനത്തിലേക്ക് തിരിഞ്ഞു നോക്കാം. രാജ്യവും ഭാരതീയ ജനത പാർട്ടി സർക്കാരും അപകടകരമായ ഒരു പരീക്ഷണത്തിൽ നിന്ന് കേടുപാടുകൾ കൂടാതെ ഉയർന്നു വന്നു. എന്നാൽ ശ്രദ്ധിക്കപ്പെടാതെ പോയത് – അല്ലെങ്കിൽ തീർച്ചയായും മുഖ്യധാരാ മാധ്യമംങ്ങൾ റിപ്പോർട്ട് ചെയ്യാതെ പോയത് – ചെറുകിട, ഇടത്തരം ബിസിനസ്സുകളിൽ അത് സൃഷ്‌ടിച്ച നാശമാണ്. ആ നാശം സാവധാനത്തിൽ ഓരോ ബിസിനസിനെയും തകർക്കുകയായിരുന്നു.

2016 -ലെ അസംബന്ധം നികത്താൻ ശ്രമിച്ചത് 2017 -ലെ ചരക്ക് സേവന നികുതിയുടെ അഥവാ GST എന്ന പാച്ച് വർക്കിലൂടെ ആയിരുന്നു. പക്ഷെ, അതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി. പണപ്പെരുപ്പത്തിന്റെ ഭീമാകാരമായ ഉയർച്ചയാണ് ശവപ്പെട്ടിയിൽ അവസാന ആണി.

ഈ വർഷം ഏപ്രിലിൽ, റീറ്റെയ്ൽ തലത്തിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7 .79 ശതമാനത്തിലെത്തി. പച്ചക്കറികൾ, പഴങ്ങൾ, പാൽ, നിർമാണവ്യവസായം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലക്കയറ്റത്തിന്റെ ഫലമായി മൊത്തവില സൂചിക 15 .1 % എന്ന റെക്കോർഡ് നിലയിലെത്തി.
യുക്രൈനിലെ യുദ്ധവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിനു മുൻപേ പണപ്പെരുപ്പം തുടർച്ചയായി 13 ആം മാസവും ഇരട്ട അക്കത്തിൽ തുടരുകയായിരുന്നു എന്ന് നാം മനസ്സിലാക്കണം. മാസങ്ങളോളമായി അലയടിച്ച ഈ ഒരു പ്രധാനപ്രശ്നം ഇപ്പോൾ റിസേർവ് ബാങ്കിന്റെ മുഴുവൻ ശ്രദ്ധയിലേക്കും വന്നതായി കാണുന്നു.

ആദ്യം മുതലേ വൻകിട വ്യവസായികൾ പ്രതികരിച്ചു തുടങ്ങിയിരുന്നു. പലചരക്ക് വ്യവസായങ്ങൾ മാറ്റങ്ങൾ വരുത്തിക്കൊണ്ടുനിന്നു- സാധനങ്ങളുടെ വില വർധിപ്പിച്ചും പാക്കേജ് വലുപ്പങ്ങൾ ചെറുതാക്കിയും എന്നാൽ അവയുടെ വില നിലനിർത്തിയും. വിലകൂടിയ ഉൽപ്പന്നങ്ങളിൽ നിന്നും വിലകുറഞ്ഞ ബദലുകളിലേക്ക് മാറുന്ന ഒരു പുതിയ യാഥാർഥ്യത്തിലേക്കെത്തിയിരിക്കുന്നു പൊതുജനങ്ങൾ. സിമന്റ്, ഗതാഗതം, നിർമാണസാമഗ്രികൾ എന്നിവയുടെ വില വർധിക്കുന്നതിനാൽ വീടുകളുടെ നിർമ്മാണം കൂടുതൽ ചിലവേറിയതായി തീരുകയും ചെയ്തു. എന്നാൽ, ചെറുകിട ബിസിനസുകൾക്ക് ഇതേ സൗകര്യങ്ങളും ആശ്വാസവും ഉണ്ടോ? വാസ്തവത്തിൽ ഇല്ല.

‘ബിസിനസ് സ്റ്റാൻഡേർഡ്’നു നൽകിയ അഭിമുഖത്തിൽ, സൂറത്തിലെ സൗത്ത് ഗുജറാത്ത് ടെക്സ്റ്റൈൽ പ്രൊസസ്സർസ് അസോസിയേഷൻ പ്രസിഡന്റ് ജിത്തുഭായ് വഖാരിയ, കൽക്കരി ഉൽപാദനച്ചെലവ് ഏകദേശം ഇരട്ടിയായത് എങ്ങനെയെന്നു വിശദീകരിക്കുന്നു. ചായങ്ങളുടെയും രാസവസ്തുക്കളുടെയും വില 25 % മുതൽ 40 % വരെ വർദ്ധിച്ചു, സോഡയുടെ സോഡിയം ഹൈഡ്രോസൾഫേയ്റ്റ് അല്ലെങ്കിൽ ഡിസ്ചാർജിങ് ഏജന്റായ സാഫോലൈറ്റ് പോലുള്ള ചില രാസവസ്തുക്കളുടെ വില 140 % മുതൽ 150 % വരെ വർധിച്ചതായും ഇൻപുട്ട് ചെലവ് വർധിച്ചതായും അദ്ദേഹം പറയുന്നു.

അങ്ങനെയാണെങ്കിൽ ഇവർക്കും ചിലവ് കൂട്ടാൻ കഴിയുമല്ലോ? പക്ഷെ, വിപണിയിൽ ഡിമാൻഡ് ഇതിനകം തന്നെ കുറവായതിനാൽ ഇനിയും വില വർധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഇതിന്നർത്ഥം കൂടുതൽ ബിസിനസ് അടച്ചുപൂട്ടാൻ നിർബന്ധിതരാകാം, കൂടുതൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടാം, കൂടുതൽ കുടുംബങ്ങൾ ദൈനംദിന ചെലവുകൾക്കായി ബുദ്ധിമുട്ടാവാം എന്നെല്ലാമാണ്.

2020 – ’21, 2021 – ’22 സാമ്പത്തിക വർഷങ്ങളിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളായി രജിസ്റ്റർ ചെയ്ത 5907 ബിസിനസുകൾ പൂട്ടിയതായി സർക്കാരിന്റെ തന്നെ ഡാറ്റ കാണിക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ മാത്രം 330 ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടേണ്ടതായി വന്നു.

വിലക്കയറ്റത്തെ ചുറ്റിപ്പറ്റിയുള്ള ഈ അതൃപ്തിയും അയൽ രാജ്യമായ ശ്രീലങ്ക പണപ്പെരുപ്പത്തിന്റെ പേരിൽ കത്തിജ്വലിക്കുന്നതും ശ്രദ്ധയിൽ പെട്ടത് കൊണ്ടാവാം, ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും നികുതികളിൽ എക്സൈസ് വെട്ടിക്കുറച്ചതായും പാചക വാതക സിലിണ്ടറുകൾ വാങ്ങുന്നവർക്ക് 200 രൂപ സബ്‌സിഡിയും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറക്കലുകളും വാഗ്ദാനപ്രഖ്യാപനങ്ങളായി നടത്തിയത്. ഈ നീക്കം ഒരു മിഥ്യാധാരണയായി വിമർശിക്കപ്പെടുമ്പോഴും ചെലവ് വർധിച്ചതിന്റെ അതൃപ്തി നിലവിലെ മോദി സർക്കാർ വ്യക്തമായി മനസ്സിലാക്കുകയും ചില കേടുപാടുകൾ നിയന്ത്രിക്കാൻ നീക്കം നടത്തുകയും ചെയ്തതായും നമുക്ക് മനസ്സിലാക്കാവുന്നതാണ്.


ഇക്കണോമിക് അഡ്‌വൈസറി കൗൺസിൽ പ്രധാനമന്ത്രിക്ക് നൽകിയ ‘ഇന്ത്യയിലെ അസമത്വത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. മുകൾ തട്ടിലുള്ള 1 %-ന്റെ വരുമാനം കൂടെക്കൂടെ വളരുന്ന പ്രവണത കാണിക്കുന്നു, അതേസമയം താഴെയുള്ള 10 %-ന്റെ വരുമാനം ചുരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വരുമാനക്കാരായ 1 %, താഴെയുള്ള 10 % സമ്പാദിക്കുന്നതിന്റെ മൂന്നിരട്ടിയിലധികം സമ്പാദിക്കുന്നു. അതുപ്രകാരം, പ്രതിമാസം ശരാശരി 25 ,000 രൂപ സമ്പാദിക്കുന്ന ഒരു വ്യക്തി പോലും ഇപ്പോൾ മൊത്ത വേതനത്തിന്റെ ഉയർന്ന 10 ശതമാനത്തിന്റെ ഭാഗമാണ്. ഇത് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്, ആളുകൾ എങ്ങനെ, എന്താണ് സമ്പാദിക്കുന്നത്, തുടർച്ചയായ ചെലവ് വർധനയുടെ അന്തരീക്ഷത്തിൽ അവർ എങ്ങനെയാണ് കാര്യങ്ങളെ നേരിടുന്നത് എന്നെല്ലാം പ്രധാനമാണ്.

ഈ സാമ്പത്തിക സംഘർഷങ്ങൾ സുപ്രധാനമായ ഒരു ചോദ്യം മുന്നോട്ടുവെക്കുന്നു, എന്തുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടായിരിക്കെ പ്രതിഷേധങ്ങളോ തെരഞ്ഞെടുപ്പ് തിരിച്ചടികളോ ഒന്നും തന്നെ സംഭവിക്കാത്തത്?

വർധിച്ചുവരുന്ന ചിലവുകളും തൊഴിലില്ലായ്മയും ചെലവഴിക്കാനുള്ള പണത്തിന്റെ കുറവ് തുടങ്ങിയ സമ്മർദ്ദങ്ങൾ അനുഭവിക്കുമ്പോഴും എന്തുകൊണ്ടാണ് ആളുകൾ സർക്കാരുകളെ വോട്ട് ചെയ്ത് മാറ്റിക്കൊണ്ട് വരാത്തത്?

വിഷമകരമായ അവസ്‌ഥ

ഒന്ന്, ഇതിനു ഏകീകൃത സമഗ്ര സ്വാധീനമില്ല എന്ന വാസ്തവമാണ്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി റിപ്പോർട്ടർമാർ പൊതുജനങ്ങളോടായി അന്വേഷിച്ചു, നിങ്ങളുടെ ആശങ്ക എന്തിലാണ്? “മെഹെൻകായി”, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നാണവർ ഒരു പോലെ പ്രതികരിച്ചത്. പാചക എണ്ണകൾ, ഗ്യാസ് സിലിണ്ടർ എന്നിവയുടെ വില ഉയർന്നതും തൊഴിലവസരങ്ങൾ കുറഞ്ഞതും കുടുംബം പൊട്ടിക്കൊണ്ടു വരുന്നത് ഒരു ഭാരിച്ച പോരാട്ടമായിക്കൊണ്ടിരിക്കുന്നു.


ഇന്ത്യയുടെ മൊത്ത തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7 .6 %ൽ നിന്ന് ഏപ്രിലിൽ 7 .83 % ആയി ഉയർന്നു. എന്നിട്ടും അത് വോട്ടിംഗ് തെരഞ്ഞെടുപ്പുകളെ ബാധിച്ചില്ല, ഭരണത്തിലുള്ള സംസ്ഥാന സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കാരണം, എന്റെ വിലക്കയറ്റവും നിങ്ങളുടെ വിലക്കയറ്റവും ഒന്നല്ല, എന്റെ വീട്ടുചെലവ് നിങ്ങളുടേത് പോലല്ല; എനിക്ക് ജോലിയുണ്ട്, പക്ഷെ നിങ്ങൾക്കില്ല.
ചെലവ് വർധന വളരെ വിശാലമായ തരത്തിൽ ആണ് ആളുകളെ ബാധിക്കുന്നത്, അതൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ഒരു മുഴുവൻ ജനവിഭാഗത്തേയും ഒന്നിപ്പിക്കാനുതകും മാത്രം ഒരു പ്രശ്നമല്ല എന്നതാണ് പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത്.

വളരെ പാവപ്പെട്ടവർക്കായി ഉണ്ടാക്കിയ ക്ഷേമപദ്ധതികൾ പാവപ്പെട്ടവർക്ക് ഉപകരിക്കുന്നു, സഹായകമാകുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന സ്‌കീം, വിവിധ ഭക്ഷ്യ പദ്ധതികൾ, ക്യാഷ് ട്രാൻസ്ഫറുകൾ, തുടങ്ങിയവ ഇതിന്നുദാഹരണങ്ങളാണ്. എന്നാൽ ഈ സാഹചര്യത്തിൽ ദുർബലമാക്കപ്പെടുകയും ഉപരോധിക്കപ്പെടുകയും ചെയ്തത് ഇന്ത്യയിലെ ഏറ്റവും വലുതായ വൈവിധ്യപൂർണവുമായ മധ്യവർഗ്ഗമാണ്, ഇവരാണ് ഈ വേദനെയല്ലാം പേറിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടരുടെ സ്വപ്നങ്ങൾ ആകട്ടെ, വളരെ പരിമിതവും.

രാഷ്ട്രീയ മാർക്കറ്റിംഗിന്റെ ഉയർച്ച

രണ്ട്, നമുക്ക് ഇപ്പോൾ മാറിയ ഒരു രാഷ്ട്രീയമുണ്ട്. 500 ദശലക്ഷത്തിനടുത് വാട്സാപ്പ് ഉപയോക്താക്കളുമായി ഇന്ത്യയാണ് ഇന്ന് വാട്സാപ് ഉപയോഗത്തിൽ ലോകത്തേറ്റവും മുൻപിൽ. അവരെല്ലാവരും തന്നെയും രാഷ്ട്രീയ അജണ്ടയെ ചുറ്റിപ്പറ്റിയുള്ള സ്ഥിരമായ ചർച്ചകളിൽ പങ്കാളികളുമാണ്. കഴിഞ്ഞ 10 വർഷമായി സാമ്പത്തിക പതറലുകൾ ഉണ്ടായതായി വിലയിരുത്തപ്പെട്ടെങ്കിൽ, രാഷ്ട്രീയത്തിലെ മാർക്കറ്റിംഗിന്റെ ഉയർച്ചയും തത്തുല്യമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. 2015 നും 2020 നും ഇടയിൽ 18 രാഷ്ട്രീയ പാർട്ടികളായി 6 ,500 കോടിയിലധികം രൂപ തെരഞ്ഞെടുപ്പിനായി മാത്രം ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 3 ,400 കോടിയിലധികം രൂപ അഥവാ 52 .3 %വും പാർട്ടികൾ പുബ്ലിസിറ്റിക്കായി മാത്രം ചെലവഴിച്ചതാണ്‌.


അഞ്ചു വർഷത്തിനുള്ളിൽ 18 പാർട്ടികളും ചേർന്ന് ചെലവഴിച്ച മൊത്തം തെരഞ്ഞെടുപ്പ് ചെലവിന്റെ 56 % (3600 കോടി രൂപയിൽ കൂടുതൽ) ഭാരതീയ ജനതാ പാർട്ടിയും 21 .41 % (1400 കോടിയിലധികം രൂപ) കോൺഗ്രസ്സും ചെലവഴിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ബിജെപി അവരുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ 54 .87 % (2000 കോടിയിലധികം രൂപ) ‘പരസ്യങ്ങൾക്കും പബ്ലിസിറ്റിക്കും’ വേണ്ടി ചെലവഴിച്ചപ്പോൾ 7 .2% (260കോടി രൂപ) മാർച്ചുകൾക്കും റാലികൾക്കും മറ്റ് പ്രചാരണങ്ങൾക്കുമായി ചെലവഴിച്ചു. അഞ്ചു വർഷത്തെ കാലയളവിൽ കോൺഗ്രസ് മൊത്തം തെരഞ്ഞെടുപ്പ് ചെലവിന്റെ 40 .08 % (560 കോടി രൂപ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പബ്ലിസിറ്റിക്കായി മാത്രം ചെലവഴിച്ചു.


ഇതെല്ലാം പ്രസക്തമാണോ? ഒരു തെരഞ്ഞെടുപ്പ് വർഷത്തിൽ പബ്ലിസിറ്റിക്കും പരസ്യത്തിനും വേണ്ടിയുള്ള ഈ ഉയർന്ന പൊതുചെലവ് ഒരു സംസ്ഥാന സർക്കാരിന് അധികാരം നിലനിർത്താനുള്ള ഒരു പ്രധാന ഘടകമായാണ് കണക്കാക്കുന്നത്. 2021 മെയ് മാസത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ “State Elections : How Women are Shaping India ‘s Destiny ” എന്ന തലക്കെട്ടിൽ ഗ്രൂപ്പ് ഇക്കണോമിക് അഡ്‌വൈസറായ സൗമ്യ കാന്തി ഘോഷ് എഴുതുന്നു: മിക്ക സംസ്ഥാനങ്ങളിലും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി നിലവിലുള്ള സർക്കാരുകൾ തെരഞ്ഞെടുപ്പ് വർഷത്തിൽ വലിയ തുക ചെലവഴിക്കുന്നു എന്ന്.


തെരഞ്ഞെടുപ്പ് വർഷത്തിൽ പബ്ലിസിറ്റി ചെലവ് കുറവായിരുന്ന ചില സംസ്ഥാനങ്ങളിൽ, നിലവിലുള്ള സർക്കാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും നാം കാണുന്നു. തന്ത്രം ഏതുമാകട്ടെ – തദ്ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടോ ജനങ്ങളിലെ ഒരു വിഭാഗത്തെ പൈശാചികമാക്കിക്കൊണ്ടോ എന്തുമാവട്ടെ, ഈ മാർക്കറ്റിംഗ് തന്ത്രത്തിന് വോട്ടർമാരുടെ അഭിപ്രായം രൂപപ്പെടുത്താൻ കഴിയുമെന്ന് പറയേണ്ടതായിരിക്കുന്നു. സ്വന്തം നഷ്ടങ്ങളുമായി പൊരുതുന്ന സ്റ്റോക്ക് മാര്കെറ്റിനും ബെയർ ട്രേഡിങ്ങിനും ഇതുമായി എന്ത് ബന്ധമുണ്ടാവാൻ ആണെന്നല്ലേ ഇപ്പോൾ ആലോചിക്കുന്നത്?

മാർക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രയാസമുള്ള സാഹചര്യമാണ്, എന്തെന്നാൽ ഇക്വിറ്റി യൂണിവേഴ്സിലെ വില്പനകൾ ഏറിയും കുറഞ്ഞുമിരിക്കും. എന്നിരുന്നാലും, ഈ അവസ്ഥയും മാറിമറിഞ്ഞേക്കാവുന്നതാണല്ലോ. കാര്യങ്ങൾ ഉയർന്നതോ താഴ്ന്നതോ ആകാതെ നീങ്ങുന്ന മാസങ്ങളത്രയും ഇത് വിപണികളെ പ്രയാസപ്പെടുത്തിയേക്കാം. അതല്ലെങ്കിൽ മെച്ചപ്പെട്ട ആഗോള സാഹചര്യത്താലോ വിദേശ സ്ഥാപന നിക്ഷേപകരുടെ തിരിച്ചുവരവാലോ അത് പ്രതീക്ഷിച്ചതിലും വേഗത്തിൽ കുതിച്ചുയർന്നേക്കാം.

പ്രധാന പാഠങ്ങൾ

എന്നാലും ഇവയിലെ പ്രധാനപ്പെട്ട പാഠങ്ങൾ എന്തെല്ലാമാണ്? യഥാർത്ഥത്തിൽ സ്‌മോൾ ക്യാപ് സ്റ്റോക്ക് നിക്ഷേപം നടത്താൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നോ? ഫ്യുച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ എനിക്ക് വേണ്ടത്ര അറിവും അവഗാഹവുമുണ്ടോ? ക്രിപ്റ്റോകറന്സി വിപണിയിൽ അമ്പരന്നുപോയി ഒരു യുവ ഇന്ത്യക്ക് അതിന്റെ തകർന്ന സമ്പാദ്യങ്ങളും സ്വപ്നങ്ങളും ശേഖരിക്കേണ്ടതായി വരും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ക്രിപ്റ്റോകറൻസി വിപണികളിലൊന്നാണ് ഇന്ത്യ, 2020 ജൂലൈക്കും 2021 ജൂണിനുമിടയിൽ 641 % വർദ്ധിച്ചു. അതിൽ ഭൂരിഭാഗവും ബി, സി, കാറ്റഗറി നഗരങ്ങളിൽ നിന്നുള്ള യുവജനങ്ങളായിരുന്നു. ഈ വർഷം നമ്മൾ കണ്ട സാമ്പത്തിക തകർച്ചയിൽ നിരവധി യുവ വ്യാപാരികൾ പാടുപെട്ടു.

ഒരു സിസ്റ്റത്തിൽ കാൻസർ ഉണ്ടെങ്കിൽ അത് പടരും, തീർച്ച. കഴിഞ്ഞ കുറച്ച വർഷങ്ങളായി, വിശാലമായ വിപണിയും അതിലെ ആളുകളും തകർന്നു കൊണ്ടിരിക്കുമ്പോൾ, വിപണിയുടെ ഒരു വിഭാഗം വളർച്ച തുടരുമെന്ന് വിശ്വസിച്ച എല്ലാവര്ക്കും അത് ആ രീതിയിൽ പ്രവർത്തിച്ചതായി കണ്ടു വരാൻ സാധിച്ചില്ല. വലിയ സാധ്യതയുള്ള, വലിയ തൊഴിലാളി ശക്തിയുള്ള, വൈവിധ്യമാർന്ന ഭൂമി ശാസ്ത്രമുള്ള, ഒരു വലിയ വിപണി സാധ്യതയുള്ള ഒരു രാജ്യമായി നാം ഇപ്പോഴും തുടരുന്നു എന്നത് സത്യമാണ്. എന്നാൽ ഇന്ത്യ ഭാവിയിലേക്ക് സമ്പന്നരായ ചുരുക്കം ചിലർക്കൊപ്പം നടക്കുമോ, അതോ നമ്മുടെ എല്ലാ ആളുകളെയും കൂട്ടി സമ്പന്നതയിലേക്ക് കൊണ്ടുപോകുമോ എന്നാണു ഒരു പ്രധാന അന്വേഷണം. എങ്ങനെയായാലും, ജെയിംസ് ബാൾഡ്വിൻ പറഞ്ഞപോൽ, “സ്നേഹമോ ഭീകരതയോ ഒരാളെ അന്ധനാക്കുന്നില്ല. എന്നാൽ നിസ്സംഗത അന്ധനാക്കുന്നു.”

മൈഥലി മുഖർജീ എഴുതി ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച ലേഖനം.

വിവർത്തനം: അസ്മ മൻഹാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.