Skip to content Skip to sidebar Skip to footer

ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നർ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ 40 ശതമാനം സമ്പത്ത്.

ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് ‘ഓക്‌സ്‌ഫം ഇന്റർനാഷണൽ’,
2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്‌സ്‌ഫം ഇന്റർനാഷണലിന്റെ ‘വാർഷിക അസമത്വ റിപ്പോർട്ടിന്റെ’ ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന ‘വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി’ യുടെ ആദ്യ ദിവസമാണ് ഓക്‌സ്‌ഫം ഇന്റർനാഷണൽ, ‘സർവൈവൽ ഓഫ് ദി റിച്ചെസ്റ്: ദി ഇന്ത്യ സ്റ്റോറി’ റിപ്പോർട്ട് പുറത്തിറക്കിയത്.

റിപ്പോർട്ടിലെ പ്രസക്‌ത ഭാഗങ്ങൾ:

  1. 2012 മുതൽ 2021 വരെ, ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനമാണ് കൈവശം വെച്ചിരിക്കുന്നത്. രാജ്യത്തെ ആകെ സമ്പത്തിന്റെ വെറും 3 ശതമാനം മാത്രമാണ് ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ആളുകളിലേക്ക് എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 2020-ലെ 102-ൽ നിന്ന് 2022-ൽ 166 ആയി വർധിച്ചു. ഇന്ത്യയിലെ അതിസമ്പന്നരായ നൂറ് പേരുടെ ആകെ സമ്പത്ത് 660 ബില്യൺ ഡോളറായി (54.12 ലക്ഷം കോടി രൂപ) വർധിച്ചിരിക്കുന്നു.
  2. രാജ്യത്തെ ദരിദ്രർ കഠിനമായ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ ആകെ സമ്പത്ത് 27.52 ലക്ഷം കോടി രൂപയാണ് (335.7 ബില്യൺ ഡോളർ, 2021 ലേതിൽ നിന്ന് ഏകദേശം 110 ബില്യൺ ഡോളറിന്റെ വർദ്ധനവ്). സമ്പന്നരായ 10 പേരുടെ സമ്പത്തുകൊണ്ട് മാത്രം
    30 ൽ കൂടുതൽ വർഷങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയത്തിനും പ്രവർത്തിക്കാനുള്ള ധനസഹായം ലഭിക്കും. 26 വർഷത്തേക്ക് ഇന്ത്യയുടെ കേന്ദ്ര വിദ്യാഭ്യാസ ബജറ്റിന് ധനസഹായം നൽകാനോ അല്ലെങ്കിൽ 38 വർഷത്തേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) ധനസഹായം നൽകാനോ സാധിക്കും.
  3. 2020 മുതൽ, ലോകത്തിലെ ഏറ്റവും ധനികരായ 1%, സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്തു – സാമ്പത്തികമായി മനുഷ്യരാശിയുടെ ഏറ്റവും താഴെയുള്ള 7 ബില്യൺ (90%) ആളുകളേക്കാൾ ആറിരട്ടി കൂടുതലാണിത്. പണപ്പെരുപ്പ നിരക്ക്, കുറഞ്ഞത് 1.7 ബില്യൺ തൊഴിലാളികളുടെ വേതനത്തേക്കാൾ കൂടുതലാകുമ്പോഴും, ശതകോടീശ്വരന്മാരുടെ ലാഭം പ്രതിദിനം 2.7 ബില്യൺ ഡോളർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മുതൽ, സാമ്പത്തികമായി മനുഷ്യരാശിയുടെ ഏറ്റവും താഴെയുള്ള 90% ആളുകളിൽ ഒരാൾ നേടിയ പുതിയ ആഗോള സമ്പത്തിന്റെ ഓരോ ഡോളറിനും, ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാൾ 1.7 മില്യൺ ഡോളർ നേടിയിട്ടുണ്ട്.
  4. ലോൺ റിക്കവറിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം
    വർഗ്ഗ പക്ഷപാതം പ്രകടമാക്കുന്നുണ്ട്. ജാർഖണ്ഡിൽ 10,000 രൂപ ഇ.എം.ഐ അടക്കാത്തതിന് 22 കാരിയായ ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. എന്നാൽ, അപകടകരമായ ലോൺ റിക്കവറി തന്ത്രങ്ങളിൽ നിന്ന് ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കുന്നതിനുപകരം, തേർഡ് പാർട്ടി റിക്കവറി ഏജന്റുമാരുടെ മേലുള്ള നിയന്ത്രണങ്ങൾ ആർ.ബി.ഐ പിൻവലിക്കുകയാണ് ചെയ്തത്.
    അതേ വർഷം തന്നെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകൾ 11.17 ലക്ഷം കോടി രൂപയാണ്. ഇതിൽ കൂടുതലും കോർപറേറ്റുകൾക്ക് നൽകിയ വായ്പയാണ്. ഈ ഭീമമായ തുകയുടെ 13% പോലും ബാങ്കുകൾ തിരിച്ചെടുത്തിട്ടില്ല.
  5. 2021-22 ലെ ചരക്ക് സേവന നികുതിയുടെ (ജി.എസ്. ടി), 14.83 ലക്ഷം കോടി രൂപയിൽ, ഏകദേശം 64 ശതമാനവും സാമ്പത്തികമായി താഴെയുള്ള ജനസംഖ്യയുടെ 50 ശതമാനത്തിൽ നിന്നാണ് ഈടാക്കിയിട്ടുള്ളത്. ജി.എസ്.ടി യുടെ 33 ശതമാനം ഈടാക്കിയിട്ടുള്ളത് സാമ്പത്തികമായി മധ്യഭാഗത്തുള്ള
    40 ശതമാനത്തിൽ നിന്നാണ്. സാമ്പത്തികമായി ഉയർന്ന്‌ നിൽക്കുന്ന 10 ശതമാനത്തിൽ നിന്ന് ഈടാക്കിയിട്ടുള്ള ജി.എസ്.ടി 3 ശതമാനം മാത്രമാണ്. താഴെയുള്ള 50 ശതമാനം ആളുകൾ, ഉയർന്ന 10 ശതമാനത്തിനേക്കാൾ ആറിരട്ടി നികുതിയായി നൽകേണ്ടി വരുന്നു.
  6. ഇന്ത്യയിലെ ദരിദ്രർക്ക് മേൽ ചുമത്തുന്ന നികുതി വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, സമ്പന്നർക്ക് നികുതി ഇളവുകളുടെ പ്രയോജനം ലഭ്യമാക്കുകയും ചെയ്യുന്നു. 2019 ൽ, കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി സ്ലാബുകൾ 30% ൽ നിന്ന് 22% ആയി കുറച്ച്, പുതുതായി സംയോജിപ്പിച്ച കമ്പനികൾക്ക് ഇത് പിന്നീട് 15% ആക്കി ചുരുക്കി നൽകി. കോർപ്പറേറ്റുകൾക്കുള്ള ഇൻസെന്റീവുകളുടെയും നികുതി ഇളവുകളുടെയും രൂപത്തിൽ 2020-21-ൽ മാത്രം കേന്ദ്ര ഗവൺമെന്റിന് നഷ്ട്ടമായ വരുമാനം 1,03,285.54 കോടി രൂപയിലധികം ആയിരുന്നു. ഇത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) 1.4 വർഷത്തേക്ക് അനുവദിച്ച തുകയ്ക്ക് തുല്യമാണ്.
  7. സാർവത്രിക പൊതു സേവനങ്ങൾ, കാലാവസ്ഥാവ്യതിയാനം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് സർക്കാരിനെ പ്രാപ്തമാക്കാൻ സമ്പന്നരിൽ നിന്ന് ഈടാക്കുന്ന നികുതിയിലൂടെ സാധിക്കും. 2021-ൽ ‘ഫൈറ്റ് ഇനിക്വാളിറ്റി അലയൻസ് ഇന്ത്യ'(എഫ്.ഐ.എ ഇന്ത്യ) രാജ്യവ്യാപകമായി നടത്തിയ സർവേയിൽ, ഇന്ത്യയിലെ 80 ശതമാനത്തിലധികം ആളുകളും കോവിഡ് -19 മഹാമാരിയുടെ സമയത്ത് റെക്കോർഡ് ലാഭം നേടിയ സമ്പന്നരിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും നികുതി ഈടാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി. സാർവത്രിക സാമൂഹിക സുരക്ഷ, ലിംഗാധിഷ്ഠിത അക്രമം തടയുന്നതിനുള്ള ബജറ്റിന്റെ വിപുലീകരണം, ആരോഗ്യ മേഖലയിലെ വികസനം തുടങ്ങി അസമത്വത്തെ ചെറുക്കുന്നതിനായുള്ള ബജറ്റ് നടപടികൾ സർവേയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ഓക്‌സ്‌ഫം ഇന്ത്യ കേന്ദ്ര സാമ്പത്തിക മന്ദ്രാലയത്തിനു മുന്നിൽ വെക്കുന്ന നിർദേശങ്ങൾ:

  1. പ്രതിസന്ധി ഘട്ടങ്ങളിലെ ലാഭം കൊയ്യൽ അവസാനിപ്പിക്കാൻ ഒറ്റത്തവണ സോളിഡാരിറ്റി വെൽത്ത് ടാക്‌സും വിൻഡ്‌ഫാൾ ടാക്‌സും അവതരിപ്പിക്കുക.
  2. സമ്പന്നരായ 1 ശതമാനത്തിൽ നിന്ന് ഈടാക്കുന്ന നികുതി ശാശ്വതമായി വർദ്ധിപ്പിക്കുക. മറ്റ് തരത്തിലുള്ള വരുമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതി നിരക്കുകൾക്ക് വിധേയമായ മൂലധന നേട്ടത്തിന്മേൽ പ്രത്യേകിച്ചും നികുതി ഉയർത്തണം. കൂടാതെ അനന്തരാവകാശം, സ്വത്ത്, ഭൂനികുതികൾ, അറ്റ ​​സ്വത്ത് (net wealth) നികുതികൾ എന്നിവയും നടപ്പിലാക്കുക.
  3. ദേശീയ ആരോഗ്യ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ, ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം 2025-ഓടെ ജി.ഡി.പിയുടെ 2.5 ശതമാനമായി വർധിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുക, ചെലവ് കുറയ്ക്കുക, ആരോഗ്യ പ്രതിരോധം ശക്തിപ്പെടുത്തുക.
  4. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് (ഐ.പി.എച്ച്.എസ്) മാനദണ്ഡങ്ങൾക്കനുസൃതമായി മതിയായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സികൾ), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സി.എച്ച്.സികൾ), സർക്കാർ ആശുപത്രികൾ എന്നിവ ലഭ്യമാക്കുക. ആളുകളുടെ താമസസ്ഥലത്തിന്റെയോ ജോലിസ്ഥലത്തിന്റെയോ 3 കി.മീ ചുറ്റളവിൽ ഇത്തരം സംവിദാനങ്ങൾ ലഭ്യമാക്കുക.
  5. ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിച്ചിട്ടുള്ളതുപോലെ, വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം ജി.ഡി.പിയുടെ 6 ശതമാനം എന്ന ആഗോള മാനദണ്ഡത്തിലേക്ക് ഉയർത്തുക. ഇത് നേടുന്നതിന് സർക്കാർ ഒരു വർഷതെക്കുള്ള മാർഗരേഖ തയ്യാറാക്കണം.
  6. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകളിൽ (ഉദാഹരണത്തിന്: പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ) കൂടുതൽ ചെലവഴിച്ചുകൊണ്ട് വിദ്യാഭ്യാസത്തിലെ നിലവിലുള്ള അസമത്വം കുറയ്ക്കുക.
  7. ഔപചാരികവും അനൗപചാരികവുമായ മേഖലയിലെ തൊഴിലാളികൾക്ക് അടിസ്ഥാന വേതനം നൽകുന്നുവെന്ന് ഉറപ്പാക്കുക. ഈ വേതനം അന്തസ്സോടെ ജീവിക്കാൻ അത്യാവശ്യമായ ജീവിത വേതനത്തിന് തുല്യമായിരിക്കണം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.