കോഴിക്കോട് വെള്ളയില്‍ പുതിയകടവിലെ ആവിക്കല്‍ തോടില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമൃത് (Atal Mission for Rejuvenation and Urban Transformation) പദ്ധതിക്കുകീഴില്‍ നഗരസഭ നിര്‍മിക്കാനൊരുങ്ങുന്ന കക്കൂസ് മാലിന്യ പ്ലാന്റ് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാകുമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് ഡയലോഗ് ഫോറം അഡ്വക്കേറ്റ് പിഎ പൗരന്റെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പ്ലാന്റ് ഉണ്ടാക്കാവുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആരോഗ്യപ്രശ്നങ്ങള്‍, പദ്ധതി നടത്തുന്ന നിയമലംഘനങ്ങള്‍, പ്ലാന്റിന് അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടായിട്ടും ആവിക്കല്‍ തോട് തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്നിവയാണ് സമിതി പരിഗണിച്ചത്.

അമൃത് പദ്ധതിയുടെ ഭാഗമായി 2013ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളത്തിലെ ആദ്യ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റായ മുട്ടത്തറയിലെ പ്ലാന്റിന്റെ അനുഭവം വെള്ളയിലെ ജനങ്ങളെയും ഭയപ്പെടുത്തുന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
‘പ്ലാന്റിന്റെ ഗുണം അവിടത്തെ പരിസരവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പ്ലാന്റിന്റെ ചുറ്റുപാടും അധിവസിക്കുന്നവര്‍ തീരാരോഗങ്ങളാലും പകര്‍ച്ചവ്യാധികളാലും കടുത്ത ദുരിതത്തിലുമാണ്. ഇതാണോ പുരോഗമന ഭരണകൂടങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്’? സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
തുറന്ന പ്രോസസറുകളിലാണ് മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ആവിക്കല്‍ തോടിലെ ജനങ്ങള്‍ വസ്തുതാന്വേഷണത്തിനിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ ഇത് ശ്വാസംമുട്ടിക്കുന്ന ദുര്‍ഗന്ധവും രോഗങ്ങളും ഉണ്ടാക്കുന്നു എന്ന് വ്യക്തമാണ്. അമൃത് പദ്ധതി പ്രകാരം തന്നെ 2013ല്‍ നിര്‍മിച്ച മുട്ടത്തറയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം പദ്ധതിയിലുണ്ടായിരുന്നതുപോലെ മുന്നോട്ടുപോയില്ല.
മുട്ടത്തറയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലുള്ള പരിമിതികളെയും അതുണ്ടാക്കിയ സാമൂഹ്യ, പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ ദേശീയമാധ്യമങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലാന്റില്‍നിന്ന് സംസ്കരിക്കുന്ന വെള്ളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നാഗരിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. പ്ലാന്റില്‍നിന്നുള്ള ഖരമാലിന്യം വളമായി മാറ്റിയെടുക്കാം തുടങ്ങിയ പദ്ധതികളൊന്നും കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്ലാന്റില്‍നിന്നു പുറന്തള്ളുന്ന വെള്ളം തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ആവിക്കല്‍ തോടിലും സമാനമായ രീതിയില്‍ പ്ലാന്റില്‍നിന്നുള്ള വെള്ളം തോട്ടിലേക്കും അതുവഴി കടലിലേക്കും ഒഴുക്കിവിടാം എന്നാണ് നിലവില്‍ അധികാരികള്‍ പറയുന്നത്.
‘പ്ലാന്റ് വരുന്നതോടെ 70 ലക്ഷം മുതല്‍ 1 കോടി ലിറ്റര്‍ വരെ വെള്ളം ശുദ്ധീകരിച്ച് ടാങ്കര്‍ ലോറികളില്‍ കടത്തിക്കൊണ്ടുപോകുമെന്നും അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും പദ്ധതിവിദഗ്ധര് ഉറപ്പുപറയുന്നു. എന്നാല്‍, ശോഷിച്ച ആവിക്കല്‍ തോട്ടിലൂടെ മലിനജലം ഒഴുക്കുക മാത്രമാണ് നടക്കുക എന്ന് നാട്ടുകാര്‍ ന്യായമായും ഭയപ്പെടുന്നു. ഈ മലിനജലം എത്തുക ഫിഷിങ് ഹാര്‍ബറിനോട് ചേര്‍ന്നുള്ള ബ്രേക് വാട്ടറിലേക്കാണ്. ഈ വെള്ളത്തിലാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യം കഴുകി എടുക്കുന്നത്. ഈ വെള്ളം അശുദ്ധമായാല്‍ ഫിഷിങ് ഹാര്‍ബര്‍ തന്നെ അപ്രസക്തമാകും. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും തൊഴില്‍നഷ്ടം നേരിടും. ഡി.പി.ആര് തയ്യാറാക്കിയ സ്ഥാപനത്തിനു തന്നെയാണ് പ്ലാന്റ് നിര്‍മാണ ചുമതലയും നല്‍കിയിരിക്കുന്നത്. പരിസരവാസികളില്‍ ഇത് സംശയങ്ങളുണ്ടാക്കി’ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
1937ല്‍ തണ്ണീര്‍ത്തടമായി രേഖപ്പെടുത്തിയിരുന്ന 2 ഏക്കര്‍ സ്ഥലത്ത് കഴിഞ്ഞ 50 വര്‍ഷങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിച്ചതിന്റെ ഫലമായി ഒരു ഏക്കര്‍ 13 സെന്റ് സ്ഥലം നികത്തപ്പെട്ടു. നിലവില്‍ 87 സെന്റ് മാത്രമാണ് ആവിക്കല്‍ തോട് ആയി നിലനില്‍ക്കുന്നത്. നഗരത്തിലെ ആറ് വാര്‍ഡുകളില്‍ നിന്നുള്ള വെള്ളം ഒഴുകിവരുന്ന ജലസംഭരണി ആയതിനാല്‍ ഇത് നികത്തപ്പെട്ടാല്‍ പ്രദേശത്തെ മുന്നൂറോളം വീടുകള്‍ മലിനജലത്തില്‍ മുങ്ങും എന്നും റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം വികസനത്തിനായി തീരദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് കോര്പറേഷന് അധികൃതരും മൂലധനശക്തികളും നടത്തുന്നതെന്ന ആശങ്കയും സമിതി രേഖപ്പെടുത്തി.
2008ലെ തണ്ണീര്‍ത്തടം നെല്‍വയല്‍ സംരക്ഷണ നിയമം, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടയുന്ന, എം.സി മേത്ത വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസിലെ വിധി എന്നിവയാണ് പ്ലാന്റ് നിര്‍മാണം അസാധ്യമാണെന്നു വാദിക്കാന്‍ വസ്തുതാന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ആവിക്കല്‍ തോടില്‍ നടന്ന, പ്ലാന്റിനെതിരായ പ്രക്ഷോഭങ്ങളെ കടുത്ത പൊലീസ് മുറകളിലൂടെയും ഗൂണ്ടാ നിയമം ഉള്‍പ്പെടുത്തി കേസുകള്‍ ചുമത്തിയുമാണ് സര്‍ക്കാര്‍ നേരിട്ടത്.