വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതക്കുന്ന വെള്ളപ്പൊക്കത്തിനും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിനും അവസരമൊരുക്കി കൊണ്ട് 2022 ലെ കാലവർഷം ഇന്ത്യയിലുടനീളം വ്യാപിക്കുന്ന സാഹചര്യത്തിൽ, ജീവൻ, വസ്തുവകകൾ, വിളകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നഷ്ടം തടയുന്നതിനുള്ള ഇന്ത്യയുടെ മുൻകരുതൽ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വെള്ളപ്പൊക്കവും ചുഴലികാറ്റും സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുവാനുള്ള ആധുനികവും പരിഷ്കൃതവുമായ സംവിധാനങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് സർക്കാറിന്റെ വാദം. എന്നാൽ ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളുടെ അഭാവവും ജനങ്ങളിലേക്ക് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലെ അപര്യാപ്തതയും, മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളുടെ ന്യൂനതയും, അവ പ്രവർത്തികമാക്കുവാനുള്ള പ്രാദേശിക പദ്ധതികളുടെ അഭാവവുമൊക്കെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ് സംവിധാനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
2021-ൽ ലോകത്തിൽ തന്നെ സാമ്പത്തികമായി കൊടിയ നാശം വിതച്ച 10 പ്രകൃതി ദുരന്തങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിലായിരുന്നു. തൗക്തേ ചുഴലിക്കാറ്റും യാസ് ചുഴലിക്കാറ്റും ഒരു ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.
2010നും 2021നും ഇടയിൽ, ചുഴലിക്കാറ്റ് മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. 2013 മുതൽ വെള്ളപ്പൊക്കവും കനത്ത മഴയും കാരണം ഓരോ വർഷവും ഏകദേശം 1,000 പേരോളം മരണപെടുന്നുണ്ട്.

എന്തുകൊണ്ടാണ് സംവിധാനങ്ങൾ പരാജയപ്പെടുന്നത്?
വെള്ളപ്പൊക്കങ്ങൾ അസമിലും ബീഹാറിലും കാണുന്നതുപോലെ നദീതീരത്ത് ഉണ്ടാകുന്നതാകാം. അല്ലെങ്കിൽ, വലിയ തോതിൽ കനത്ത മഴയും മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്നതോ ആകാം.
ഇന്ത്യയിൽ, നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴ നിരീക്ഷിക്കുന്നത് ‘ഇന്ത്യൻ കാലാവസ്ഥാ (മെറ്റീരിയോളജിക്കൽ) വകുപ്പാണ്’. അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നത് കേന്ദ്ര ജല കമ്മീഷനാണ് നിരീക്ഷിക്കുന്നത്.
നിലവിൽ കേന്ദ്ര ജല കമ്മീഷൻ രാജ്യത്തുടനീളം 20 നദീതടങ്ങളെ ഉൾകൊള്ളിച്ച് കൊണ്ട് 1,600 ഹൈഡ്രോമെറ്റീരിയോളജിക്കൽ സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ സ്റ്റേഷനുകൾ മിക്കതും വെള്ളപ്പൊക്ക പ്രവചനങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകളായി ഉപയോഗിക്കപ്പെടുന്നു.
വെള്ളപ്പൊക്ക പ്രവചനത്തിൽ തന്നെ നിരപ്പ് പ്രവചനവും ഒഴുക്ക് പ്രവചനവും ഉൾപ്പെടുന്നുണ്ട്. ആളെ ഒഴിപ്പിക്കൽ, ആളുകളെയും അവരുടെ വസ്തുക്കളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങിയ പരിഹാര നടപടികൾ തീരുമാനിക്കുന്നതിന് നിരക്ക് പ്രവചനങ്ങൾ ദുരന്തനിവാരണ ഏജൻസികളെ സഹായിക്കുന്നു. അതേസമയം റിസർവോയറുകളുടെ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും വെള്ളപ്പൊക്കം താഴേക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനും വേണ്ടിയാണ് വിവിധ ഡാം അധികാരികൾ ഒഴുക്ക് പ്രവചനം ഉപയോഗിക്കുന്നത്. മഴ ലഭ്യമല്ലാത്തപ്പോൾ റിസർവോയറുകളിൽ മതിയായ ജല സംഭരണം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
അംഗീകൃത പ്രവർത്തന നടപടിക്രമം അനുസരിച്ചാണ് 325 സ്റ്റേഷനുകളിൽ (132 ഒഴുക്ക് പ്രവചന സ്റ്റേഷനുകൾ + 199 നിരപ്പ് പ്രവചന സ്റ്റേഷനുകൾ) കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക പ്രവചനങ്ങൾ പുറപ്പെടുവിക്കുന്നത്. ഇവ പ്രതിവർഷം 10,000 വെള്ളപ്പൊക്ക പ്രവചനങ്ങൾ പുറത്ത് വിടുന്നുണ്ട്. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ജാഗ്രതനിർദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര ജല കമ്മീഷൻ ഗൂഗിളുമായി സഹകരിക്കുന്നതായും കാണാം.
നഗരപ്രദേശത്തെ വെള്ളപൊക്ക പ്രവചനവുമായി ബന്ധപ്പെട്ട് മറ്റു സൗകര്യങ്ങൾക്ക് പുറമെ ഇടിമിന്നലും ചുഴലിക്കാറ്റും പോലുള്ള കഠിനമായ കാലാവസ്ഥയെ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനുമായി 33 സ്റ്റേഷനുകളുള്ള ഡോപ്ലർ കാലാവസ്ഥാ റഡാർ ശൃംഖല ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനുണ്ട്.
കൂടാതെ കാലാവസ്ഥാ വകുപ്പിന് കീഴിൽ 14 സ്ഥലങ്ങളിൽ (ആഗ്ര, അഹമ്മദാബാദ്, അസൻസോൾ, ഭുവനേശ്വർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജൽപായ്ഗുരി, ലഖ്നൗ, ന്യൂഡൽഹി, പട്ന, ശ്രീനഗർ, തിരുവനന്തപുരം) പ്രളയ മെറ്റീരിയോളജിക്കൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
എന്നിരുന്നാലും പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാപകമായ നാശത്തിന് കാരണമാകുന്നതിനാൽ ആസൂത്രണ ഏജൻസികൾക്കത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇത്തരം വെള്ളപൊക്കങ്ങളുടെ നാശ സാധ്യതയും മുന്നറിയിപ്പ് നൽകുന്നതിലെ തങ്ങളുടെ പൊതുവായ അഭാവവും തിരിച്ചറിഞ്ഞ കാലാവസ്ഥാ വകുപ്പ്, യു.എസ് ദേശീയ കാലാവസ്ഥ സർവീസുമായി സഹകരിച്ച്, 2020 ഒക്ടോബർ മുതൽ ദക്ഷിണേഷ്യൻ മേഖലയ്ക്കായി ഒരു ഫ്ലാഷ് ഫ്ലഡ് ഗൈഡൻസ് സിസ്റ്റം (ആകസ്മിക പ്രളയ നിർദേശ സംവിധാനം) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഹിമാലയൻ പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ഏകദേശം 6 -24 മണിക്കൂർ മുമ്പുവരെ മുന്നറിയിപ്പുകൾ നൽകാൻ ഈ സംവിധാനത്തിന് കഴിയും.

മാത്രമല്ല നീർത്തടങ്ങളിലും നഗര തലത്തിലും ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പെട്ടെന്നുള്ള വെള്ളപ്പൊക്ക പ്രവചനങ്ങൾ നൽകാൻ എല്ലാ അംഗരാജ്യങ്ങളെയും ഇവ പ്രാപ്തമാക്കുന്നു.
അതേസമയം, “ഫ്ലാഷ് ഫ്ളഡ് നിർദേശം പോലുള്ള സംവിധാനങ്ങൾ ഇന്ത്യയിലുണ്ടെങ്കിൽ, വടക്കുകിഴക്കൻ മേഖലയിൽ നമ്മൾ കാണുന്നതുപോലുള്ള പ്രളയം പ്രവചിക്കാൻ ഇന്ത്യക്ക് കഴിയുമോ?” മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ ഭാഗവുമായ ശ്രീധർ ബാലസുബ്രഹ്മണ്യൻ ചോദിക്കുന്നു. “നിലവിൽ, നമ്മുടെ സംവിധാനങ്ങൾക്ക് 24 മണിക്കൂർ മുമ്പ് പോലും വെള്ളപ്പൊക്കം പ്രവചിക്കാൻ കഴിയുന്നില്ല. സംഭവത്തിന് 48-72 മണിക്കൂർ മുമ്പെങ്കിലും വെള്ളപ്പൊക്കം പ്രവചിക്കാൻ കഴിയുന്ന ശക്തമായ ഒരു സംവിധാനം നിർമ്മിക്കാൻ കൂടുതൽ സംയോജിത ശ്രമം ഇവിടെ ആവശ്യമാണ്” അദ്ദേഹം കൂട്ടിചേർത്തു.
കാലാവസ്ഥ വകുപ്പ് ഇന്ത്യയുടെ തലസ്ഥാന നഗരങ്ങളിൽ ഏഴ് ദിവസത്തേക്ക് സ്ഥല-നിർദ്ദിഷ്ട പ്രവചനങ്ങളും അടുത്ത മൂന്ന് മണിക്കൂർ 700-ലധികം ജില്ലകളെ ഉൾക്കൊള്ളുന്ന തൽക്ഷണ അറിയിപ്പ് (അടിയന്തിര പ്രവചനങ്ങൾ) പുറപ്പെടുവിപ്പിക്കുന്നുണ്ട്. ഇതേ പ്രവചന സംവിധാനമാണ് ചുഴലിക്കാറ്റുകളുള്ള സന്ദർഭങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
മുംബൈ പോലുള്ള ചില നഗരങ്ങളിൽ വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ട്. എന്നാൽ ഐ- ഫ്ലോസ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം 2020 ജൂണിൽ ഉദ്ഘാടനം ചെയ്തത് മുതൽ പരാജയമായിരുന്നു. “മുംബൈയിൽ, ഐ- ഫ്ലോസ് നേരിട്ട് പ്രവചന സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുകയാണ്. അതിനാൽ ഇത് നേരത്തെയുള്ള മുന്നറിയിപ്പല്ല മറിച്ച് പ്രവചനം തന്നെയാണ്” ബാലസുബ്രഹ്മണ്യൻ വ്യക്തമാക്കുന്നു.
2021-’26 ലെ പ്രളയ നിയന്ത്രണം അതിർത്തി മേഖല പദ്ധതിക്കുമായി ഇന്ത്യ ഏകദേശം 15,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി, സംസ്ഥാനങ്ങൾക്ക് പ്രളയം തടയുന്നതിനായി ദീർഘകാല സംരക്ഷണത്തിന് അണക്കെട്ടുകൾ അല്ലെങ്കിൽ ഡാമുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള നിർണായകമായ പദ്ധതികൾ ഏറ്റെടുക്കാം.
സംവിധാനങ്ങളിലെ കൃത്യതയില്ലായ്മ.
ഇന്ത്യയിൽ അതിശക്തവും കനത്തതുമായ മഴയും ചുഴലിക്കാറ്റുകളും വർധിച്ചു വരികയാണ്. ചുഴലിക്കാറ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാപകമായ നാശനഷ്ട്ടങ്ങളുണ്ടാക്കാൻ കഴിവുള്ളവയാണ്.

ആറ് തീരദേശ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് 2,059 കോടി രൂപ ചിലവുള്ള ഒന്നാണ്. ഇതിൽ തന്നെ 126 കോടി രൂപ മുൻകൂർ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾക്കായി മാത്രം നീക്കിവച്ചിട്ടുള്ളതാണ്. ഈ സംസ്ഥാനങ്ങളിൽ വിവിധോദ്ദേശ്യ സൈക്ലോൺ ഷെൽട്ടറുകൾ, ഭൂഗർഭ കേബിളിംഗ്, റോഡുകൾ, പാലങ്ങൾ, എന്നിവയുൾപ്പെടെയുള്ള ശമന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതും ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെയിലെ പ്രൊഫസർ ബാലസുബ്രഹ്മണ്യൻ വിശ്വസിക്കുന്നത് ഇന്ത്യയുടെ ചുഴലിക്കാറ്റ് മുൻകരുതൽ സംവിധാനങ്ങൾ പ്രളയങ്ങൾക്കെതിരെയുള്ള മുൻകരുതലുകളെക്കാൾ മികച്ചതാണെന്നാണ്.
“ഇന്ത്യയ്ക്ക് നല്ല സംവിധാനങ്ങൾ ഉണ്ടെങ്കിലും അത് നവീകരിക്കേണ്ടതുണ്ട്. കാരണം, അസനിയുടെ കാര്യത്തിലെന്നപോലെ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ, അത് സംവിധാനങ്ങളെ സ്തംഭിപ്പിക്കുന്നു” മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ഉയർന്നുവന്ന ചുഴലിക്കാറ്റിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
” അസനി ഒറീസയിലേക്കും പിന്നീട് പശ്ചിമ ബംഗാളിലേയ്ക്കും വ്യാപിക്കുമെന്ന് IMD-GSS മോഡൽ പ്രവചിച്ചിരുന്നു. എന്നാൽ അത് ആന്ധ്രാപ്രദേശിലേക്ക് പോകുമെന്ന് (കൃത്യമായി) പ്രവചിച്ചത് യൂറോപ്യൻ മോഡലാണ്. വർദ ചുഴലിക്കാറ്റിന്റെ കാര്യത്തിലും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തെക്കൻ ആന്ധ്രാപ്രദേശിലേക്കുള്ള പാത തെറ്റായി പ്രവചിച്ചിരുന്നു. അതേസമയം യൂറോപ്യൻ മോഡൽ ചെന്നൈ എന്ന് വ്യക്തമായി പറഞ്ഞു, അത് കൃത്യമായിരുന്നു. നമ്മുടെ സംവിധാനങ്ങൾ മികച്ചതാണ്, പക്ഷേ അവ തീർച്ചയായും മെച്ചപ്പെടുത്തേണ്ടവയാണ്” അദ്ദേഹം പറഞ്ഞു. 2016ലാണ് വർദ ചുഴലിക്കാറ്റ് ഇന്ത്യയെ ബാധിച്ചത്.
ദുരന്ത മുന്നറിയിപ്പുകൾ സമയബന്ധിതമായി ആശയവിനിമയം നടത്തുന്നതിൽ ഒരു കുറവ് ഉണ്ടായിരുന്നെന്ന് 2019-ൽ ഭൗമശാസ്ത്ര മന്ത്രാലയം സമ്മതിച്ചിരുന്നു. ഭൗമശാസ്ത്ര മന്ത്രാലയം 2019ലെ ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്, “2017 ലെ ഓഖി ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോവുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകാൻ സാധിക്കാഞ്ഞത് വലിയ പിഴ ആയിരുന്നു” എന്നാണ്. “ഈ ആശയവിനിമയ വിടവ് പല ജീവനുകൾ നഷ്ടപ്പെടുത്തുകയും ഒപ്പം രക്ഷപ്രവർത്തകർക്ക് ഗുരുതരമായ പരിക്കുകളും മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങളും സമ്മാനിച്ചു.”
ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രം, “ജെമിനി” (അല്ലെങ്കിൽ ഗഗൻ എനേബിൾഡ് മറൈനേഴ്സ് ഇൻസ്ട്രുമെന്റ് ഫോർ നാവിഗേഷൻ ആൻഡ് ഇൻഫർമേഷൻ) എന്ന പേരിൽ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരുന്നു. ഇത് സാറ്റലൈറ്റ് സിസ്റ്റമായ “ഗഗൻ” വഴി കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ സ്വീകരിക്കുകയും ബ്ലൂടൂത്ത് വഴി മൊബൈൽ ഫോണുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രം വികസിപ്പിച്ച ഒരു ആപ്പ് ഉപഗ്രഹ സന്ദേശങ്ങളെ സ്പഷ്ടമായ മാപ്പുകളുടെയും ടെക്സ്റ്റുകളുടെയും രൂപത്തിൽ പരിവർത്തനം ചെയ്യുന്നു. ഡീകോഡ് ചെയ്ത വിവരങ്ങൾ ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഏത് ഭാഷയിലും കാണാൻ കഴിയും. കൂടാതെ മത്സ്യത്തൊഴിലാളികൾക്കും കടലിനെ ഉപജീവനത്തിനായി ആശ്രയിക്കുന്ന മറ്റുള്ളവർക്കും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.
“മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ അവസാന നാഴികയെത്തുന്നിടത്ത് എൻഡ്-ടു-എൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടതുണ്ട്” ഡൽഹി ആസ്ഥാനമായുള്ള വിദഗ്ധ – ഊർജ്ജ പരിസ്ഥിതി കൗൺസിൽ പ്രോഗ്രാം ലീഡർ അബിനാഷ് മൊഹന്തി പറഞ്ഞു. നിലവിൽ ഇന്ത്യയുടെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹം.
“ഒരു അത്യുഗ്ര ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണെങ്കിൽ, കർഷകർ, മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയ വിവിധ തല്പരകക്ഷികൾക്ക് എന്താണ് സംഭവിക്കുക? നേരത്തെയുള്ള മുന്നറിയിപ്പുകൾ ആഘാതം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നമ്മൾ വിവര സ്രോതസ്സുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്, പക്ഷെ അത് താഴെക്കിടയിലേക്ക് എത്തേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച്, ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന കൊടുങ്കാറ്റ് അലയടികളും വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും പ്രവചിക്കാൻ ഇന്ത്യൻ തീരങ്ങളിൽ ഒരു കൊടുങ്കാറ്റ് മുൻകരുതൽ സംവിധാനവും സ്ഥാപിച്ചിരുന്നു. അതിന്റെ രണ്ടാം ഘട്ടത്തിൽ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന്, തീരദേശ ജില്ലകളിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന നാശനഷ്ടങ്ങൾ പ്രവചിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ഉപകരണം വികസിപ്പിച്ചെടുത്തു.
“നേരത്തെയുള്ള മുൻകരുതൽ സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ശേഷിയുടെ തലത്തിൽ വിടവ് അവശേഷിക്കുന്നു,” മൊഹന്തി വിശദീകരിച്ചു. 30% ജില്ലകൾ മാത്രമാണ് ദുരന്ത നിവാരണ പദ്ധതികൾ പരിഷ്കരിച്ചത്. മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ ആസൂത്രണത്തിലും ദുരന്ത നിവാരണ/പ്രതികരണ പ്രോട്ടോക്കോളുകളിലും ഉടനടി സംയോജിപ്പിക്കേണ്ടതുണ്ട്.”
ഐ.ഐ.ടി ഗാന്ധിനഗറിലെ സിവിൽ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഉദിത് ഭാട്ടിയയുടെ അഭിപ്രായത്തിൽ “നമ്മുടെ മുൻകാല മുന്നറിയിപ്പ് സംവിധാനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളുടെ രൂക്ഷമായ അഭാവം നമ്മുടെ അറിവിൽ വലിയ വിടവുണ്ടാക്കുന്നു” ” വിവരങ്ങളുടെ ശേഖരണവും വ്യാപനവും മെച്ചപ്പെടുത്തേണ്ടതുണ്ട്… നമുക്ക് സാങ്കേതികവിദ്യ ഉണ്ടായിരിക്കാം, പക്ഷേ, പ്രാദേശിക തലങ്ങളിൽ ശാസ്ത്രീയ മാതൃകകൾ വികസിപ്പിക്കുന്നതിനുള്ള വിവരങ്ങൾ നമ്മുടെ പക്കലില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.”
നമ്മൾ, ഒരിക്കലും വിവരങ്ങൾ പരിശോധിച്ചിട്ടില്ലാത്തതിനാൽ, പ്രളയത്തിന്റെ പ്രതീക്ഷിക്കുന്ന വ്യാപ്തി എന്തായിരിക്കുമെന്ന് മനസിലാക്കാനുള്ള വിശദമായ വെള്ളപ്പൊക്ക മാതൃക ഇല്ലെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദമാക്കി.
ഇന്ത്യ കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ ശേഖരിക്കണമെന്നും ശാസ്ത്ര സമൂഹത്തിനും നയരൂപകർത്താക്കൾക്കും അവ പ്രയോജനംപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “നമ്മുടെ ഇടപെടലുകളുടെ ആഘാതം അളക്കാനും നമുക്ക് കഴിയണം. അല്ലാത്തപക്ഷം, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും”.
ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു
എല്ലാ സാങ്കേതിക പുരോഗതികളും, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾക്കുള്ള ചെലവും, ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങൾ കുറഞ്ഞുവെന്ന സർക്കാരിന്റെ അവകാശവാദങ്ങളും നിലനിൽക്കെ, വാസ്തവത്തിൽ, 2010നും 2021നും ഇടയിൽ അവ വർധിച്ചതായാണ് രാജ്യസഭയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
മൊഹന്തിയും ബാലസുബ്രഹ്മണ്യനും കണക്കാക്കുന്നത് ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങളുടെ വർദ്ധനവിന് കാരണം കേവലം മുൻകൂർ മുന്നറിയിപ്പിന്റെ പരാജയമായിരിക്കില്ല മറിച്ച് ചുഴലിക്കാറ്റുകളുടെ തീവ്രത, വർദ്ധിച്ചുവരുന്ന ജനസംഖ്യ, ചുഴലിക്കാറ്റ് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ എണ്ണം വർധിക്കൽ, തുടങ്ങി നിരവധി കാരണങ്ങളാവം.
“നമ്മുടെ ദുരന്ത നിവാരണ സംവിദാനത്തിന്റെ ഒരു ഘടകം മാത്രമാണ് നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ” ഭാട്ടിയ കൂട്ടിചേർത്തു. “നഗരത്തിൽ നാല് മണിക്കൂർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അവിടെ കൃത്യമായ ഡ്രെയിനേജ് സംവിധാനമില്ലെങ്കിൽ, ആ മുന്നറിയിപ്പ് കൊണ്ട് എന്ത് പ്രയോജനം?”
മറിച്ച്, പ്രവർത്തനക്ഷമമായ പ്രതികരണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിൽ കാര്യമായ മുന്നറിയിപ്പ് ഇല്ലെങ്കിലും, നമുക്ക് ഇപ്പോഴും നാശനഷ്ടങ്ങൾ ലഘൂകരിക്കാനാകും” ഭാട്ടിയ അഭിപ്രായപ്പെട്ടു. “മണിക്കൂറുകൾക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ മാറ്റാൻ കഴിയില്ല. നമ്മൾ അതിൽ ശ്രദ്ധാപൂർവം നിക്ഷേപിക്കണം. ആളുകളെ കേന്ദ്രീകരിച്ച് കൊണ്ട്, കാലാവസ്ഥാവ്യത്യാനങ്ങൾ തരണം ചെയ്യുന്ന സംവിധാനമാക്കി അതിനെ മാറ്റിയെടുക്കണം.”