ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, അതേസമയം ചെന്നൈയിലെ
ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചത് ഹോങ്കോങ്ങിനെപ്പറ്റിയാണ്.
ലോക മാധ്യമ സ്വാതന്ത്ര്യദിനം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ജോലിയുടെ പേരിൽ മാധ്യമപ്രവർത്തകർ എങ്ങനെ ആക്രമിക്കപ്പെടുന്നു, ഭീഷണികൾക്ക് വിധേയമാകുന്നു, കൊല്ലപ്പെടുന്നു എനിങ്ങനെയുള്ള റിപ്പോർട്ടുകളുടെ കുത്തൊഴുക്കിനിടയിൽ, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2022-ലെ വാർഷിക വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തിറക്കി.
180 രാജ്യങ്ങള്ക്കിടയില് 2021 ലെ 142-ൽ നിന്ന് എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം “പ്രതിസന്ധിയിലാണ്” എന്നും “മാധ്യമങ്ങൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ” എന്നും റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മുന്നറിയിപ്പും നൽകി.

ഈ സൂചിക ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളിൽ ഇടം നേടിയോ?
അവയിൽ ചിലത് ഞങ്ങൾ പരിശോധിച്ചു.
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് ഇതിനെപ്പറ്റി ഒന്നും റിപ്പോർട്ട് ചെയ്തില്ല.
ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്ക് “കഷ്ടകാലം” എന്ന കണ്ടെത്തൽ ചൂണ്ടിക്കാട്ടി തങ്ങളുടെ രണ്ടാം പേജിൽ ഒരു ചെറിയ കോളം വാർത്തയാണ് ഹിന്ദുസ്ഥാൻ ടൈംസ് തങ്ങളുടെ ഡൽഹി എഡിഷനിൽ കൊടുത്തത്. ഇൻഡെക്സിന്റെ കണ്ടെത്തലുകളോട് സർക്കാർ യോജിക്കുന്നില്ലെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് താക്കൂർ നേരത്തെ പറഞ്ഞിരുന്നുവെന്നും ഈ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

ദി ഹിന്ദുവാകട്ടെ ചെന്നൈ എഡിഷനിൽ ഈ റിപ്പോർട്ടിനെപ്പറ്റി 14-ാം പേജിൽ ഒരൊറ്റ കോളം വാർത്തയിൽ ഒതുക്കി. രാജ്യത്ത് മാധ്യമങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ വിമൻ പ്രസ് കോർപ്‌സിന്റെയും, പ്രസ്താവനക്ക് റിപ്പോർട്ടിൽ ഊന്നൽ നൽകുകയും ചെയ്തു.
തുടക്കം മുതൽ തന്നെ തനിക്കും തന്റെ അനുയായികൾക്കും ഇടയിലുള്ള ബന്ധം വശളാക്കാൻ നടക്കുന്ന നികൃഷ്ട ജീവികളായാണ് മാധ്യമ പ്രവർത്തകരെ മോദി കാണുന്നത് എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു റിപ്പോർട്ട്, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണ്ടെത്തലുകളെ വിശദമായി ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ എഡിഷനിൽ “ടൈംസ് നേഷൻ” എന്ന ആറാം പേജിൽ റിപ്പോർട്ടുണ്ടായിരുന്നു.

ഇൻഡെക്‌സിന് ഇന്ത്യയെക്കുറിച്ച് പറയാനുള്ളത് പൂർണ്ണമായും ഒഴിവാക്കിയ ഒരു എ.എഫ്.പി റിപ്പോർട്ട് കൊടുത്തുകൊണ്ടുള്ള കൗതുകകരമായ തീരുമാനമാണ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് എടുത്തത്. ചെന്നൈ പതിപ്പിന്റെ അവസാന പേജിൽ “ഹോങ്കോംഗ് പത്രസ്വാതന്ത്ര്യ റാങ്കിംഗിൽ ഏറ്റവും താഴെയായി” എന്ന തലക്കെട്ടിൽ ഉണ്ടായിരുന്ന വാർത്തയിൽ ഇന്ത്യയുടെ ഇൻഡക്‌സ് റാങ്കിനെപ്പറ്റി യാതൊരു പരാമർശവവുമുണ്ടായിരുന്നില്ല എന്നത് കൗതുകകരമാണ്.

നിർണായകമായ വാർത്താ ഏജൻസികളെയും ജയിലിൽ കിടക്കുന്ന മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാൻ അധികാരികൾ പുതിയൊരു സുരക്ഷാ നിയമം നടപ്പിലാക്കിയതിനാൽ ഹോങ്കോങ്ങ് അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ചാർട്ടിൽ കുത്തനെ ഇടിഞ്ഞു…” എന്ന് റിപ്പോർട്ട് പറയുന്നു.
ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് സൂചികയിലെ ഇന്ത്യയുടെ റാങ്കിനെക്കുറിച്ച് മറ്റൊരു തരത്തിലും റിപ്പോർട്ട് ചെയ്തിട്ടില്ല.

ടെലിഗ്രാഫ് ഒന്നാം പേജിൽ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു, അതിന്റെ പതിവ് ശൈലിയിൽ; “നന്നായി, മോദി! ഗോഡി റാങ്ക്: 150” എന്ന തലക്കെട്ടും. “കഴിഞ്ഞ വർഷത്തെ 142-ാം റാങ്കിൽ നിന്നുള്ള വലിയ ഇടിവാണ് ഇത്”. കൂടാതെ “ഇപ്പോൾ കുറച്ച് വർഷങ്ങളായി രാജ്യം പിന്തുടരുന്ന താഴോട്ടുള്ള പാതയിലെ ഏറ്റവും വലിയ ഇടിവാണിത്.” എന്നും റിപ്പോർട്ട് പറയുന്നു.
4-ാം പേജിലെ റിപ്പോർട്ട് തുടരുമ്പോൾ, മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ “വിമർശകമായ നിലപാടുകൾ”,
മാധ്യമ ഉടമസ്ഥതയുടെ “എകീകരണം” എന്നിവയെക്കുറിച്ച് സൂചികയിൽ പറഞ്ഞ കാര്യങ്ങളും ടെലിഗ്രാഫ് ഉദ്ധരിക്കുന്നുണ്ട്.