Skip to content Skip to sidebar Skip to footer

മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?

മതം മാറ്റത്തെ സംബന്ധിച്ചും ‘ലൗ ജിഹാദി’നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്.

PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത്

പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

  1. കഴിഞ്ഞ അഞ്ച് വർഷമായി, ഇസ്ലാമിക ഭീകരരുടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ പലമടങ്ങ് വർധിച്ചു. ലൗ ജിഹാദിന്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ പി.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മതംമാറ്റി. സി.പി.ഐ എം, സി.പി.ഐ, ഡി.എം.കെ, പെരിയാറൈറ്റ്സ് എന്നിവയുടെ ഔദ്യോഗിക രക്ഷാകർതൃത്വത്തോടെ കേരളത്തിലും തമിഴ്‌നാട്ടിലും ഇത് ഇപ്പോഴും തുടരുകയാണ്.

2. ലൗ ജിഹാദിന്റെ ഭാഗമായി ഹിന്ദു പെൺകുട്ടികൾക്കൊപ്പം രണ്ടായിരത്തിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഐ.എസ് നിയന്ത്രണത്തിലുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലൈംഗിക അടിമകളായി വിൽക്കുന്നത് കേരളം കണ്ടിട്ടുണ്ട്.

ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം അറിയാൻ കെവിൻ പീറ്ററിനെ factsheets.in ബന്ധപ്പെട്ടെങ്കിലും കൃത്യമായി പ്രതികരിക്കാൻ തയ്യാറായില്ല.

ലൗ ജിഹാദിന്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്ന ആരോപണം ഉന്നയിക്കുന്ന കെവിൻ പീറ്റർ അതിനെ സാധൂകരിക്കുന്ന തെളിവുകളോ, വസ്തുതാപരമായ റിപ്പോർട്ടോ അനുബന്ധമായി മുന്നോട്ട് വെക്കുന്നില്ല. പരാമർശിത സംഘടനയെ നിലവിൽ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലും, നിരോധനത്തിന്റെ കാരണമായോ അല്ലാതെയോ തന്നെയും പ്രസ്തുത സംഘടനക്ക് എതിരെയോ മുസ്ലിം സംഘടനകൾക്ക് ആർക്കെങ്കിലുമെതിരെയോ ഇങ്ങനെയൊരു പ്രശ്നം ഉന്നയിക്കുകയോ അതിന്റെ ഭാഗമായി നിയമനടപടികൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല.

മാത്രമല്ല കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ സി.പി.ഐ എം, സി.പി.ഐ, ഡി.എം.കെ, പെരിയാറൈറ്റ്സ് എന്നീ മുഖ്യധാര ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികളുടെ ഔദ്യോഗിക രക്ഷാകർതൃത്വത്തോടെ ആണ് അവ നിർവഹിക്കപ്പെടുന്നത് എന്ന ഗുരുതര ആരോപണം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ഒരു മതസമുദായത്തിന് എതിരെ, ഭരണഘടനപരമായി പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നേരെ ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് തന്നെ ഗൗരവകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായിരിക്കെ, വസ്തുതയുടെ പിൻബലവുമില്ലാതെ തീർത്തും നിരുത്തരവാദപരമായി ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഭരണകൂടവും നിയമപാലകരും നീതിപീഢങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ലൗ ജിഹാദ് ആരോപണത്തെ സംബന്ധിച്ചുള്ള ചില റിപോർട്ടുകൾ:

2017 ഓഗസ്റ്റിൽ എൻ.ഐ.എ പൊതു ഉപദേശകനെ ലൗ ജിഹാദ് വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ആ അന്വേഷണത്തിലും അതിനെ തുടർന്നും ആവർത്തിച്ചുള്ള പോലീസ് അന്വേഷണങ്ങൾ ഏതെങ്കിലും സംഘടിത മതപരിവർത്തന പദ്ധതിയുടെ തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.

2009 ൽ കർണാടക സർക്കാരും സമാനമായി ഒരു സ്ത്രീയുടെ വിവാഹത്തെ കുറിച്ച്, അത് ലൗ ജിഹാദാണോ എന്ന് പരിശോധിക്കാനും അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ധനസഹായങ്ങളെ കുറിച്ചും അന്വേഷിക്കാൻ രഹസ്യാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി

എന്നാൽ ലൗ ജിഹാദിന് ഇരയായി എന്നാരോപിക്കപ്പെട്ട സ്ത്രീ കോടതിയിൽ അത് നിഷേധിച്ചതോടെ ആ ആരോപണം തള്ളിപോയി.

കേരളത്തിലും പല ഘട്ടങ്ങളിൽ ലൗ ജിഹാദ് ആരോപണം ഉന്നയിക്കപ്പെടാറുണ്ടെങ്കിലും ഒന്നും തന്നെ വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

കെവിൻ പീറ്റർ ഉന്നയിക്കുന്ന മറ്റൊരു ആരോപണം; ‘ലൗ ജിഹാദിന്റെ ഭാഗമായി രണ്ടായിരത്തിൽ അധികം ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഐ.എസ് നിയന്ത്രണത്തിലുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലൈംഗിക അടിമകളായി വിൽക്കുന്നത് കേരളം കണ്ടിട്ടുണ്ട്’.

ലൗ ജിഹാദ് തന്നെയും രാജ്യത്ത് ഉണ്ട് എന്ന് തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണ് അതിന്റെ മറവിൽ രണ്ടായിരത്തിൽ അധികം പെൺകുട്ടികളെ ഐ.എസിലേക്ക് കൊണ്ടുപോയി എന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുന്നത്. ലൗ ജിഹാദിലൂടെ രാജ്യത്തിന്റെ പുറത്തേക്ക് സംഘടിതമായി ഹിന്ദു ക്രിസ്ത്യൻ സ്ത്രീകളെ കൊണ്ടുപോകുന്നു എന്നത് ഇന്നുവരെ വസ്തുതാപരമായി തെളിയിക്കപ്പെടാത്ത വാദമാണ്.

വസ്തുത വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, അത് പൊതുസമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം എന്നിവ ഇല്ലാത്തപക്ഷം അവയെ നിയമനടപടികളിലൂടെ പ്രതിരോധിക്കാൻ നമ്മുടെ നിയമ സംവിധാനത്തിലൂടെ സാധ്യമാവേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.