Skip to content Skip to sidebar Skip to footer

ANI ഉദ്ധരിക്കുന്ന ഉറവിടങ്ങൾ വ്യാജം.

ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, EU DisinfoLab എന്ന എൻ ജി ഓ, ഇന്ത്യൻ വാർത്ത ഏജൻസിയായ ‘ANI’ യുടെ വാർത്ത ഉറവിടങ്ങളെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2023 ഫെബ്രുവരി 23 ന് പുറത്തുവിട്ട, “Bad Sources: How Indian news agency ANI quoted sources that do not exist” എന്ന റിപ്പോർട്ടിൽ, ‘ANI’ പല സന്ദർഭങ്ങളിലായി ഉദ്ധരിച്ചിട്ടുള്ള വിദഗ്‌ധരും, മറ്റ് ഉറവിടങ്ങളും വ്യാജമാണെന്നാണ് EU DisinfoLab പറയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി നരേന്ദ്ര മോദി സർക്കാരിന് ഏറെ പ്രിയപ്പെട്ട വാർത്ത ഏജൻസിയാണ് ‘ANI’; അമിത് ഷാ, എസ്. ജയ്ശങ്കർ തുടങ്ങിയ മന്ത്രിമാർ അഭിമുഖങ്ങൾ പുറത്തുവിടാൻ ഉപയോഗിച്ചിരുന്നത് ‘ANI’ യെയാണ്. ഇന്ത്യൻ സർക്കാരിന്റെ വാദങ്ങളാണ് സത്യം എന്ന രീതിയിലാണ് ANI യുടെ റിപോർട്ടുകളെന്ന് ‘ദി കാരവൻ’ ആരോപിച്ചിരുന്നു.

ഇപ്പോൾ പുറത്തു വന്നിട്ടുള്ള റിപ്പോർട്ട്, 2019, 2020 വർഷങ്ങളിൽ EU DisinfoLab ‘ANI’ യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടുകളുടെ തുടർച്ചയാണ്. 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഡൽഹി ആസ്ഥാനമായുള്ള ബിസിനസ് സ്ഥാപനമായ ‘ശ്രീവാസ്തവ ഗ്രൂപ്പി’ന്റെ കീഴിൽ പ്രവർത്തിക്കുന്ന, വ്യാജ എൻ‌ജി‌ഒകളെയും വിദഗ്ധരെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ സ്വാധീന ശൃംഖലയെ പറ്റി പരാമർശിക്കുന്നുണ്ട്.

65-ലധികം രാജ്യങ്ങളിലായി 265-ലധികം വ്യാജ പ്രാദേശിക വാർത്താ സൈറ്റുകൾ ഈ ശൃംഖലയുടെ നിയന്ത്രണത്തിലുണ്ട്. 2019 ഒക്ടോബറിൽ, കശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഒരു കൂട്ടം വലതുപക്ഷ അംഗങ്ങളെ സ്പോൺസർ ചെയ്ത, ഡൽഹി ആസ്ഥാനമായുള്ള ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോൺ അലൈൻഡ് സ്റ്റഡീസ് (IINS), ശ്രീവാസ്തവ ഗ്രൂപ്പി’ന്റെ കീഴിലുള്ളതാണ് (ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, കാശ്മീർ സന്ദർശിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ആദ്യ രാഷ്ട്രീയ സംഘമായിരുന്നു ഇത്).

2020ൽ പുറത്തുവിട്ട റിപ്പോർട്ടിൽ, അന്താരാഷ്ട്ര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട്; വ്യാജ മാധ്യമങ്ങൾ അല്ലെങ്കിൽ പൂട്ടി പോയ മാധ്യമസ്ഥാപനങ്ങൾ, വ്യാജ വിദഗ്ധ സംഘടനകൾ, മരിച്ചു പോയ ആളുകളുടെ വിവരങ്ങൾ എന്നിവ ഉപയോഗിച്ച്, 15 വർഷങ്ങൾക്ക് മുൻപ് ശ്രീവാസ്തവ ഗ്രൂപ്പ് നടത്തിയ ഒരു സ്വാധീന പ്രവർത്തനത്തെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

“Bad Sources: How Indian news agency ANI quoted sources that do not exist” റിപ്പോർട്ടിലെ കണ്ടെത്തലുകൾ:

  1. .2014-ൽ പിരിച്ചുവിട്ട, ഇപ്പോൾ നിലവിലില്ലാത്ത ഒരു ‘തിങ്ക് ടാങ്കി’നെ ANI ആവർത്തിച്ച് ഉദ്ധരിച്ചിട്ടുണ്ട്.

മുൻ കനേഡിയൻ പാർലമെന്റ് അംഗം മരിയോ സിൽവ അധ്യക്ഷനായ, 2012-ൽ കാനഡയിൽ രജിസ്റ്റർ ചെയ്യുകയും 2014-ൽ ഔദ്യോഗികമായി പിരിച്ചുവിടുകയും ചെയ്ത IFFRAS എന്ന സംഘടനയെ, 2021 മെയ് മുതൽ 2023 ജനുവരി വരെ 200-ലധികം തവണ ANI ഉദ്ധരിച്ചിട്ടുണ്ട്. ഔദ്യോഗികമായി പിരിച്ചുവിട്ട ഈ സംഘടനയുടെ വെബ്സൈറ്റ്, ഓൺലൈനിൽ തുടരുകയും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ടായിരുന്നു. ശ്രീവാസ്തവ ഗ്രൂപ്പിൽ നിന്നുള്ള മറ്റ് വെബ്‌സൈറ്റുകളുടെ അതേ IP അഡ്രെസ്സാണ് IFFRAS വെബ്സൈറ്റിലുമുള്ളത്.

2020 ജനുവരി 29-ന്, മുസ്ലീം ബ്രദർഹുഡ്ന്റെ വർധിച്ചുവരുന്ന സാന്നിധ്യം’ ചർച്ച ചെയ്യാൻ മോൺട്രിയൽ സർവകലാശാലയിലെ പ്രൊഫസർമാരെ വെച്ച് ഒരു കോൺഫറൻസ് സംഘടിപ്പിച്ചതായി IFFRAS അവകാശപ്പെടുന്നുണ്ട്. എന്നാൽ ലിസ്റ്റുചെയ്തിരിക്കുന്ന പ്രൊഫസർമാരെ ബന്ധപ്പെട്ടപ്പോൾ, അതിൽ രണ്ടുപേർ പ്രതികരിക്കുകയും, അത്തരം ഒരു കോൺഫെറെൻസിൽ പങ്കെടുത്തിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടാതെ അവർ കൈകാരം ചെയ്യുന്ന വിഷയവുമായി ‘മുസ്‌ലിം ബ്രദർഹുഡിന്’ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. IFFRAS വെബ്‌സൈറ്റിൽ ലഭ്യമായ കോൺഫറൻസിന്റെ സംഗ്രഹം പരിശോധിച്ചപ്പോൾ, പ്രഭാഷകർ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള പല പരാമർശങ്ങളും മറ്റ് ഉറവിടങ്ങളിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന് കണ്ടെത്തി.

ഇത്തരം വ്യാജ IFFRAS കോൺഫെറെൻസുകളിൽ പങ്കെടുത്തതായി പരാമർശിക്കുന്ന 70ൽ കൂടുതൽ പ്രഭാഷകരും വ്യാജമാണ്. ഉദാഹരണത്തിന്, വെബ്‌സൈറ്റിൽ പരാമർശിക്കുന്ന ‘മിസ് ഒലിവർ കാർട്ടർ’ എന്ന ടൊറന്റോ സർവകലാശാല പ്രൊഫസർ ഒരു വ്യാജ ഐഡന്റിറ്റി ആണ്. ‘മിസ് സ്റ്റാഫനി കാംപെബെൽ’ എന്ന മാനിറ്റോബ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും വ്യാജമാണ്. ഇത്തരം വ്യാജ വ്യക്തികളെയും, കോൺഫെറെൻസുകളും ഉപയോഗിച്ച്, ANI ക്ക് വേണ്ടിയുള്ള വാർത്തകൾ ഉല്പാദിപ്പിക്കുകയാണ് IFFRAS ന്റെ ഒരേയൊരു ലക്ഷ്യമെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഈ വാർത്തകൾ പിന്നീട് മറ്റ് ഇന്ത്യൻ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.

2 . പത്രപ്രവർത്തകർ, ബ്ലോഗർമാർ, ജിയോപൊളിറ്റിക്കൽ വിദഗ്ധർ എന്നിങ്ങനെ നിലവിലില്ലാത്ത നിരവധി വ്യാജ ഐഡന്റിറ്റികളെ ANI ഉദ്ധരിച്ചിട്ടുണ്ട്.

2021 ജൂലൈയിൽ, ‘ദൈവദൂഷണ നിയമങ്ങൾ ദുരുപയോഗം ചെയ്തതിന് പാക്കിസ്ഥാന്റെ ജിഎസ്പി പ്ലസ് പദവി പിൻവലിക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനം.’ എന്ന തലക്കെട്ടിൽ ANI ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വ്യാജമാണ്. അങ്ങനെയൊരു പിൻവലിക്കൽ നടന്നിട്ടില്ല. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, 10 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അന്വേഷണാത്മക പത്രപ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന, ഫിലിപ്പ് ജ്യുൻ എന്ന ഐഡന്റിറ്റിയെ ഈ വാർത്തയിൽ ANI ഉദ്ധരിക്കുന്നുണ്ട്. എന്നാൽ ഈ ഐഡന്റിറ്റി വ്യാജമാണെന്നും അങ്ങനെയൊരു പത്രപ്രവർത്തകൻ ജീവിച്ചിരിപ്പില്ലെന്നും EU DisinfoLab കണ്ടെത്തി.

ഇത്തരം വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് നിർമ്മിച്ച വാർത്തകൾ, ANI ലൂടെ ഇന്ത്യൻ മാധ്യമങ്ങളിൽ ഉടനീളം പുനർനിർമ്മിക്കപ്പെടുന്നു. അങ്ങനെ ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് വ്യാജ വാർത്തകൾ എത്തിച്ചേരുന്നു. ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ആഖ്യാനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയും നിയമസാധുതയും കൊണ്ടുവരാനാണ് യൂറോപ്പിലും വടക്കേ അമേരിക്കയിലുമൊക്കെ വ്യാജ ഐഡന്റിറ്റികളെ സ്ഥാപിക്കുന്നതും തുടർന്ന് അവരെ ഉദ്ധരിക്കുന്നതും.

1971-ൽ, ‘ഏഷ്യൻ ഫിലിംസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ANI സ്ഥാപിച്ചത്. പിന്നീട് 1990കളിലാണ് ‘ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ റിപ്പോർട്ടുകളുടെ സത്യസന്ധതയെക്കുറിച്ചും നിരവധി തവണ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട വിവര സ്രോതസ്സുകളിൽ ഒന്നാണ് ANI.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.