കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നടന്നുകൊണ്ട് സംസാരിക്കുന്ന ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘എത്രത്തോളം പോകുന്നോ അത്രവരെ നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം’ എന്ന് രാഹുല്‍ ഗാന്ധി പറയുന്നതായാണ് വീഡിയോയിലുള്ളത്.
വാദം :
‘കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു’ എന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബി.ജെ.പിയുടെ ദേശീയ ഐ.ടി ഹെഡ് അമിത് മാളവ്യ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് എഴുതി; ‘എത്രത്തോളം പോകുന്നോ അത്രവരെയും നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം…’ അതെങ്ങനെ ശരിയാകും?
വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പിയുടെ ഡല്‍ഹി സെക്രട്ടറി കുല്‍ജീത് സിങ് ചാഹലും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഭാരത് ജോഡോ യാത്ര ‘സമയം കൊല്ലൽ’ ആണെന്നാണ് ചാഹല്‍ ട്വീറ്റ് ചെയ്തത്.
വീഡിയോയിലുള്ള പരാമര്‍ശം ഭാരത് ജോഡോ യാത്രയെ കുറിച്ചാണെന്നാണ് ഈ ട്വീറ്റ് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ മുൻ വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജും ഈ വീഡിയോ ട്വീറ്റ് ചെയ്തു.
വസ്തുത :
നാഷണല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വി അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായി നൽകിയ 16 സെക്കന്റുള്ള വീഡിയോയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാക്കുന്നുണ്ട്.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലേക്ക് നടന്നുവരുന്ന രാഹുല്‍ ഗാന്ധിയോട് ഒരാൾ വേഷത്തെക്കുറിച്ച് ചോദിക്കുന്നു. ടീ ഷേര്‍ട്ട് മാത്രമേ ഇടൂ? എന്ന ചോദ്യത്തോടാണ് എത്രത്തോളം പോകുന്നോ അത്രവരെയും നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം എന്ന് രാഹുല്‍ ഗാന്ധി മറുപടി പറയുന്നത്.
എ.എന്‍.ഐ റിപോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. ഒരു റിപോര്‍ട്ടറാണ് രാഹുല്‍ ഗാന്ധിയോട് ടീ ഷര്‍ട്ടിനെക്കുറിച്ച് ചോദിക്കുന്നത് എന്ന് സിദ്ധാര്‍ത്ഥ് ശര്‍മ പറയുന്നു. ബി.ജെ.പി നേതാക്കള്‍ ഈ റിപോര്‍ട്ടറുടെ ചോദ്യം സന്ദര്ഭത്തില്നിന്നും വേര്‍പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. അതോടൊപ്പം ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചന നല്‍കുകയാണ് രാഹുല്‍ ഗാന്ധി എന്നും ഇവര്‍ കള്ളം പറഞ്ഞു.
വീഡിയോയില്‍നിന്ന് പശ്ചാത്തലശബ്ദങ്ങള്‍ ഒഴിവാക്കി നടത്തിയ പരിശോധനയില്‍ വ്യക്തമായത് ബി.ജെ.പി നേതാക്കള്‍ രഖ് ദേംഗേ (put it back) എന്ന വാക്കിനെ രോക് ദേംഗേ (will end) എന്നാക്കി മാറ്റുകയായിരുന്നു എന്നാണ്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതാണിത്.
ആദ്യം പ്രസിദ്ധീകരിച്ചത്: ആൾട് ന്യൂസ്