റെയില്‍വേ ഭൂമി കയ്യേറി എന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ 4,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയത് പത്തുവര്‍ഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച്.
മേജര്‍ സുരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തത് ഇങ്ങനെ; ‘ആരും എവിടെയും ഭൂമി വാങ്ങരുത്, നിങ്ങളുടെ സമുദായാംഗങ്ങള്‍ക്കൊപ്പം കൂട്ടമായി സര്‍ക്കാര്‍/ഡിഫന്‍സ്/റെയില്‍വേ ഭൂമി പിടിച്ചടക്കൂ. കോടതി അതിനെ നിയമാനുസൃതമാക്കും. ഇതിനെതിരെ ശബ്ദിച്ചാല്‍ നിങ്ങള്‍ രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കുന്നവനാകും’. റെയില്‍വേ പാളത്തിന് തൊട്ടടുത്തായുള്ള ഒരു ചേരിയുടെ ഫോട്ടോയാണ് ഇതോടൊപ്പം ട്വീറ്റ് ചെയ്തത്.
ഹല്‍ദ്വാനി എന്‍ക്രോച്‌മെന്റ് എന്ന ഹാഷ് ടാഗിലാണ് ഈ ട്വീറ്റ്. ബി.ജെ.പി പ്രവര്‍ത്തകയായ പ്രീതി ഗാന്ധിയും ഇതേ ഫോട്ടോ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ബി.ജെ.പിയുടെ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഭ ഉപാധ്യായ്, ബി.ജെ.പി തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രുതി ബംഗാരു എന്നിവര്‍ ഒരേ തലക്കെട്ടിലും ഹാഷ് ടാഗിലുമാണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്. സന്ദേഷ് ചൗധരി, എം ശ്രീനിവാസ റെഡ്ഡി, അഷുതോഷ് ഝാ, കപില്‍ കുമാര്‍ സിങ് അഡ്വക്കേറ്റ്, പരിതോഷ് ചന്ദേല്‍, അമര്‍ദീപ് തന്‍വാര്‍, റിതു സത്യസാധക് എന്നിവരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്ത മറ്റു ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍.
ഗൂഗ്ള്‍ ലെന്‍സ് ഉപയോഗിച്ചുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ കണ്ടെത്തിയത് ഈ ഫോട്ടോ എ.ബി.സി ന്യൂസ് 2016ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളതാണ് എന്നാണ്.

ഫോട്ടോയിലെ വിവരണം ഇങ്ങനെയാണ്; ‘കമ്മ്യൂട്ടര്‍ ട്രെയ്ന്‍ പോയതിന് പിന്നാലെ റെയില്‍വേ ട്രാക്കിലെ ചേരിയില്‍ ജീവിതവുമായി മുന്നോട്ടുപോകുന്ന ആളുകള്‍, ഡിസംബര്‍ 12, 2013, കൊല്‍ക്കത്തയില്‍ നിന്ന്. സമീര്‍ ഹുസൈന്‍/ ഗെറ്റി ഇമേജസ്’.

കൊല്‍ക്കത്തയിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള ചേരിയില്‍ നിന്ന് എടുത്തതാണ് ഈ ഫോട്ടോ. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഫോട്ടോ ഉപയോഗിച്ച്, ഹല്‍ദ്വാനിയിലെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ച സുപ്രീം കോടതി നടപടിയെ വിമര്‍ശിക്കുന്ന തരത്തിലാണ് ഈ ട്വീറ്റുകള്‍.
ആദ്യം പ്രസിദ്ധീകരിച്ചത് : ആൾട് ന്യൂസ്