രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്റ്റ്വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഹാർഡ്‌വെയർ ഇന്ത്യ വാങ്ങിയത് സംബന്ധിച്ച രേഖകൾ.
രാഹുൽ ഗാന്ധി ഉൾപ്പടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാർ, മധ്യപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചിട്ടുണ്ടെന്ന് 2021 ജൂലൈയിൽ OCCRP പ്രസിദ്ധീകരിച്ച ‘ദി പെഗാസസ് പ്രൊജക്റ്റ്’ എന്ന അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, രാജ്യത്തെ വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്, “ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സുസ്ഥിരമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള” ശ്രമമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞു. 2021 ഒക്ടോബറിൽ, സുപ്രീം കോടതി ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പരിശോധിച്ച ചില ഫോണുകളിൽ മാൽവെയറുകൾ കണ്ടെത്താനായെങ്കിലും, പെഗാസസ് വിന്യസിച്ചു എന്നതിന് കൃത്യമായ തെളിവുകൾ നിലവിലില്ല എന്ന് പറഞ്ഞ് ഓഗസ്റ്റിൽ കോടതി അന്വേഷണം അവസാനിപ്പിച്ചു.
2019 ൽ, 121 ഇന്ത്യക്കാർ ഉൾപ്പെടെ ആഗോളതലത്തിൽ 1,400 വ്യക്തികളുടെ മൊബൈലുകളിൽ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചതായി വാട്ട്‌സ്ആപ്പ് റിപ്പോർട്ട് ചെയ്‌തപ്പോഴാണ് ഇന്ത്യയിൽ പെഗാസസ് ചർച്ചയാകുന്നത്. അന്നത്തെ വിവരസാങ്കേതിക മന്ത്രി ശങ്കർ പ്രസാദ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം:
“ദേശീയ സുരക്ഷക്കായി എന്തെങ്കിലും ചെയ്യേണ്ടി വരുമ്പോൾ, അത് സാധാരണ പ്രവർത്തന നടപടിക്രമം അനുസരിച്ച് മാത്രമേ ഇന്ത്യയിലെ സർക്കാർ അധികാരികൾ ചെയ്യുകയുള്ളു. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൗരന്മാരെ നിരീക്ഷിക്കുന്നതിന് സർക്കാർ ഏജൻസികൾക്ക് സ്ഥാപിതമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. ദേശീയ താല്പര്യം മുൻനിർത്തി, കൃത്യമായ കാരണങ്ങൾ സൂചിപ്പിച്ച്, കേന്ദ്ര- സംസ്ഥാന സർക്കാരുകളിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ നിന്നുള്ള അനുമതി നേടിയ ശേഷം, അവരുടെ മേൽനോട്ടത്തിലേ അത് ചെയ്യാൻ സാധിക്കൂ.”
2021 ജൂലൈ 19 ന് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ നൽകിയ വിശദീകരണം:
” രാജ്യ സുരക്ഷയുടെ ഭാഗമായി, ഏതെങ്കിലും അടിയന്തര സാഹചര്യത്തിലോ, അല്ലെങ്കിൽ പൊതു സുരക്ഷയെ മുൻനിർത്തിയോ നിയമാനുസൃതമായി പൗരന്മാരുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ പാലിക്കേണ്ടുന്ന നടപടിക്രമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1885 ലെ സെക്ഷൻ 5(2), ഐടി ആക്ട്, 2000 ലെ സെക്ഷൻ 69 എന്നീ നിയമങ്ങൾ ഉപയോഗിച്ച് നിരീക്ഷണത്തിനായുള്ള അഭ്യർത്ഥന നൽകുകയും, യോഗ്യതയുള്ള അധികാരികൾ പരിശോധിച്ച് അനുമതി നൽകുകയും വേണം.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു അവലോകന സമിതിയുടെ രൂപത്തിൽ മേൽനോട്ട സംവിധാനവും നിലവിലുണ്ട്. സംസ്ഥാന സർക്കാരിന്റെ കാര്യത്തിൽ, ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക.”
2021 ഓഗസ്റ്റ് 9 ന് കേന്ദ്ര പ്രതിരോധ മന്ത്രി അജയ് ഭട്ട്, “എൻ.എസ്.ഒ ഗ്രൂപ്പുമായി പ്രതിരോധ മന്ത്രാലയം ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന്” രാജ്യസഭയെ അറിയിച്ചു.
എന്നാൽ OCCRP അവലോകനം ചെയ്ത 2017 ലെ ഇറക്കുമതി രേഖകൾ അനുസരിച്ച്, 2017 ഏപ്രിലിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയ്ക്ക് എൻഎസ്ഒയിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ മറ്റു പലയിടത്തും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഹാർഡ്‌വെയർ ഷിപ്പ്‌മെന്റ് ലഭിച്ചിരുന്നു. ഡെൽ കമ്പ്യൂട്ടർ സെർവറുകൾ, സിസ്‌കോ നെറ്റ്‌വർക്ക് ഉപകരണങ്ങൾ, അൺ ഇന്റെറപ്റ്റബിൾ പവർ സപ്ലൈ ബാറ്ററികൾ എന്നിവ ഈ ഷിപ്മെന്റിൽ ഉൾപ്പെടുന്നു. വിമാനമാർഗ്ഗം ഡെലിവറി ചെയ്ത ഷിപ്പ്‌മെന്റിൽ “പ്രതിരോധ- സൈനിക ഉപയോഗത്തിന് ” എന്ന് അടയാളപ്പെടുത്തിയിരുന്നു, അതിന്റെ വില $315,000 ആയിരുന്നു. ഈ വിവരണവും – ഇറക്കുമതിയുടെ സമയവും – ജനുവരിയിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള, 2017 ലെ ഒരു പ്രധാന ആയുധ ഇടപാടിന്റെ “കേന്ദ്രഭാഗങ്ങൾ” പെഗാസസും, ഒരു മിസൈൽ സംവിധാനവുമായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇറക്കുമതി നടന്നതായി കസ്റ്റംസ് രേഖകൾ കാണിക്കുന്ന തീയതിക്ക്, ഒന്നര ആഴ്ച മുമ്പാണ്, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിതരണം ചെയ്യാൻ കരാറിലേർപ്പെട്ടിരുന്ന ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ആ കരാറിന്റെ സമാപനം പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്ത ഹാർഡ്‌വെയർ പെഗാസസിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും 2019-ൽ, ‘മെറ്റ’ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ ഫയൽ ചെയ്ത ഒരു കേസിൽ, യു.എസ് കോടതിയിൽ സമർപ്പിച്ച പെഗാസസ് സ്പൈവെയറിന്റെ ബ്രോഷറിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളോട് ഈ ഹാർഡ്‌വെയറിന് സാമ്യമുണ്ട്.

ഒരു മെക്സിക്കൻ കമ്പനിയും എൻ.എസ്.ഒ ഗ്രൂപ്പും തമ്മിലുള്ള, പെഗാസസിനായുള്ള കരാറിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളും ഇതിന് സമാനമാണ്. മെക്സിക്കൻ മാധ്യമമായ Aristegui Noticias ഈ കരാർ റിപ്പോർട്ട് ചെയ്‌തിരുന്നു. മറ്റൊരു എൻ.എസ്.ഒ ഗ്രൂപ്പ് ഉപഭോക്താവായ ഘാനയിലേക്ക് സമാനമായ ഹാർഡ്‌വെയർ ഷിപ്പ്‌മെന്റ് നടന്നതായി ‘മെറ്റ’ യു എസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കാണിക്കുന്നു.