രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 2ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. സിദ്ദിഖ് കാപ്പന്റെ പേരിൽ 9000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സജീവമാണ്. സിദ്ദിഖ് കാപ്പന്റെ മോചനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും, ട്വീറ്റുകളും ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ നിരവധി ട്വീറ്റുകളുമായി അക്കൗണ്ട് സംവദിക്കുകയും ചെയ്‌തിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര സംബന്ധിച്ച ട്വീറ്റുകളും അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്‌തിട്ടുണ്ട്. ആർ.ജെ.ഡി യെ പിന്തുണക്കുന്ന രീതിയിലാണ് അക്കൗണ്ടിൽ നിന്നുള്ള മുൻകാല ട്വീറ്റുകളിൽ ചിലത്.

2023 ഫെബ്രുവരി 3-ന് സിദ്ദിഖ് കാപ്പൻ മോചിതനായ ശേഷം തനിക്ക് വേണ്ടി സംസാരിച്ചവർക്ക് നന്ദി അറിയിക്കുന്നു എന്ന രീതിയിൽ ഈ അക്കൗണ്ട് ട്വീറ്റ് ചെയ്തതിങ്ങനെ:
“ഞാൻ തിരിച്ചെത്തി. പ്രയാസകരമായ സമയങ്ങളിൽ എനിക്ക് ശബ്ദം നൽകിയ ആളുകൾക്കും, എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നിന്ന എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു..”
ഡോ കഫീൽ ഖാൻ ഉൾപ്പടെ നിരവധി ആക്റ്റിവിസ്റ്റുകൾ ഈ ട്വീറ്റിന് ലൈക് ചെയ്‌തിട്ടുണ്ട്.

കൂടാതെ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പടെ നിരവധി പേർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്.

എന്നാൽ സിദ്ദിഖ് കാപ്പന്റെ പേരിലുള്ള ഈ ട്വിറ്റെർ അക്കൗണ്ട് വ്യാജമാണ്.
വസ്‌തുത :
ഈ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റുകൾ പരിശോധിച്ചപ്പോൾ, സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായ ഫെബ്രുവരി 3 നു മുൻപുള്ള ദിവസങ്ങളിൽ ഈ അക്കൗണ്ട് ട്വിറ്ററിൽ സജീവമായിരുന്നുവെന്ന് കണ്ടെത്തി. അതായത് കാപ്പൻ ജയിലിൽ കഴിയുമ്പോൾ തന്നെ ഈ അക്കൗണ്ട് സിദ്ദിഖ് കാപ്പൻ എന്ന പേരിൽ ട്വീറ്റ് ചെയ്യുകയും മറ്റ് ട്വീറ്റുകളുമായി സംവദിക്കുകയും ചെയ്‌തിരുന്നു. 2023 ജനുവരി 26 മുതൽ 30 വരെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ടെന്നീസ് താരം സാനിയ മിർസ, പത്രപ്രവർത്തകൻ അഭിസാർ ശർമ തുടങ്ങിയവരുടെ ട്വീറ്റുകൾക്ക് ഈ അക്കൗണ്ടിൽ നിന്നും ഒരേ രീതിയിലുള്ള നിരവധി പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഓരോ ട്വിറ്റർ അക്കൗണ്ടിനും പ്രത്യേകമായി നൽകുന്ന നമ്പർ ആണ് ട്വിറ്റർ ഐ ഡി. സിദ്ദിഖ് കാപ്പന്റെ പേരിലുള്ള അക്കൗണ്ടിന്റെ ട്വിറ്റർ ഐ.ഡി 1424004828603195395 ആണ്.

ഈ ട്വിറ്റർ ഐ.ഡി ഗൂഗിളിൽ തിരഞ്ഞപ്പോൾ ‘ഡിജിറ്റൽ ഫോറൻസിക്‌സ്, റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സെന്റർ’ (DFRAC) പുറത്തുവിട്ട ഒരു റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ആർ.ജെ.ഡി നേതാവ് അമർ പാസ്വാന്റെ പേരിലുള്ള @AmarPas28124530, എ.ബി.പി ന്യൂസ് അവതാരക റൂബിക ലിയാഖത്തിന്റെ പേരിലുള്ള @khan28124530 എന്നീ രണ്ട് അക്കൗണ്ടുകൾക്കും ഉപയോഗിച്ചിട്ടുള്ളത് ഇതേ ട്വിറ്റർ ഐ.ഡിയാണ്. ഈ രണ്ട് ഹാൻഡിലുകളിൽ നിന്നുള്ള പഴയ ട്വീറ്റുകളും പ്രതികരണങ്ങളും പരിശോധിച്ചപ്പോൾ, അതേ അക്കൗണ്ടാണ് ഇപ്പോൾ @SiddiqueKappan എന്ന് പേര് മാറ്റിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.



കൂടാതെ ഈ മൂന്ന് അക്കൗണ്ടുകളും ട്വിറ്ററിൽ ചേർന്നിട്ടുള്ളത് ഓഗസ്റ്റ് 2021 ലാണ്, ഇതിൽ നിന്നും ഇവ മൂന്നും ഒരേ അക്കൗണ്ടാണെന്നത് വ്യക്തമാകുന്നുണ്ട്.
ഇത് സംബന്ധിച്ച് ഫാക്റ്റ് ഷീറ്റ്സ് സിദ്ദിഖ് കാപ്പന്റെ കുടുംബവുമായി ബന്ധപ്പെടുകയും, അക്കൗണ്ട് വ്യാജമാണെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് കാപ്പൻ സ്ഥിരീകരിക്കുകയും ചെയ്‌തു.