ജനുവരി 17ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐ.ടി നിയമത്തിൽ വരുത്താൻ പോകുന്ന ഭേദഗതിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾക്കുമേൽ നിയന്ത്രണം ശക്തമാക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിലയിരുത്തലിൽ വ്യാജവാർത്തയെന്ന് കണ്ടെത്തുന്ന റിപോർട്ടുകൾ പിൻവലിക്കാൻ പ്രസിദ്ധീകരിക്കുന്നവരെയും പ്രസിദ്ധീകരണത്തിൽ സാങ്കേതിക പങ്കു വഹിക്കുന്നവരെയും ഉത്തരവാദികളാക്കുന്ന ഭേദഗതിയാണിത്.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ഈ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിരുന്നു.
‘സർക്കാർ നയങ്ങൾ റിപോർട്ട് ചെയ്യുന്നതിൽ വരുന്ന വ്യാജവാർത്തകളുടെ വസ്തുത പരിശോധിക്കാൻ’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2019ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം നിലവിൽവന്നത്. ഭേദഗതി ചെയ്ത ഐ.ടി നിയമം നോഡൽ ഓഫീസുകൾക്ക്, ഒരു വാർത്താ റിപോർട്ടിനെ വ്യാജമെന്ന് വിലയിരുത്താനുള്ള അധികാരം നൽകുന്നുണ്ട്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തുന്നത് എങ്ങനെ എന്ന് ആർ.ടി.ഐ നിയമപ്രകാരം ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തപസ്യ എന്ന മാധ്യമപ്രവർത്തക വിശദീകരിക്കുകയാണ് ഇവിടെ.
അംഗൻവാടി കേന്ദ്രങ്ങളിൽ ‘പോഷൺ’ എന്ന കേന്ദ്ര സർക്കാർ ന്യൂട്രിഷൻ മിഷൻ പ്രകാരം ഭക്ഷ്യവസ്തുക്കൾ ലഭ്യമാകണമെങ്കിൽ, ആറുവയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി ആധാർ കാർഡ് നിർബന്ധമാക്കുമെന്ന് ദ റിപോർട്ടേഴ്‌സ് കലക്റ്റീവിൽ തപസ്യ 2022 ജൂൺ 30ന് റിപോർട്ട് പ്രസിദ്ധീകരിച്ചു. ജൂൺ 30ന് തന്നെ ഈ റിപോർട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജ വാർത്തയാണെന്ന് പറഞ്ഞു ട്വീറ്റ് ചെയ്തതോടെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ പ്രക്രിയയെ കുറിച്ച് തപസ്യ അന്വേഷണം നടത്തുന്നത്.
അഞ്ച് വയസ്സിനു താഴെയുള്ള 23% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഇന്ത്യയിൽ ആധാർ കാർഡ് ഉള്ളത്. ആധാർ ഇല്ല എന്ന കാരണത്താൽ കുട്ടികൾക്ക് ഏതെങ്കിലും ക്ഷേമ പദ്ധതികൾ നഷ്ടപ്പെടരുത് എന്ന, 2018ലെ സുപ്രീം കോടതി വിധിക്ക് എതിരായാണ് പോഷകാഹാരം ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കുന്ന നടപടി. ഈ റിപോർട്ട് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചരണം നേടിയതോടെ, ജൂൺ 30ന്, വനിതാ ശിശുവികസന മന്ത്രാലയം അവരുടെ വാദം ട്വീറ്റ് ചെയ്തു. പദ്ധതിക്ക് കീഴിൽ പോഷകാഹാരം ലഭിക്കാൻ ആധാർ നിർബന്ധമാക്കിയിട്ടില്ല എന്നായിരുന്നു ട്വീറ്റ്. രേഖാപരമായ തെളിവുകളൊന്നും നൽകാതെയാണ് ഈ വാർത്ത വ്യാജമാണെന്നുള്ള വാദം പി.ഐ.ബി ഉന്നയിച്ചത്.

വനിതാ ശിശുവികസന മന്ത്രാലയത്തിലേക്ക് അയച്ച ആർ.ടി.ഐ അപേക്ഷ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലേക്കും ഫോർവേഡ് ചെയ്യപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്കിങ് എങ്ങനെയാണ് നടത്തുന്നതെന്ന് വിവരാവകാശ നിയമം പ്രകാരം നടത്തിയ അന്വേഷണങ്ങളിൽ വെളിപ്പെട്ടു.
ആർ.ടി.ഐ പ്രതികരണങ്ങളിൽ നിന്നും മനസ്സിലായത് സർക്കാർ നയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന വാർത്തകളിൽ വസ്തുതകളുടെ കൃത്യത പരിശോധിക്കാനായി പ്രത്യേകിച്ചൊരു രീതിയും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പാലിക്കുന്നില്ല എന്നാണ്.
പ്രസ് ഇൻഫർമേഷൻ ഫാക്റ്റ് ചെക്കുമായി ബന്ധപ്പെട്ട് നടന്ന കത്തിടപാടുകളുടെ ഫയലുകളാണ് തപസ്യ, വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്നും ആവശ്യപ്പെട്ടത്.
2022 ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച മാർഗരേഖകൾ പ്രകാരം പോഷകാഹാര പദ്ധതിയുടെ ഗുണഭോക്താവാകാൻ ഒരു കുട്ടിക്ക് ആധാർ നിർബന്ധമില്ല എന്നായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പിന്റെ മറുപടി. സർക്കാർ ചൂണ്ടിക്കാണിച്ച മാർഗരേഖ നിലവിൽവന്നത് ഈ വാർത്ത പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞാണ്.
ഫാക്റ്റ് ചെക് ചെയ്തത് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജൂലൈ 20ന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. കൂടുതൽ വ്യക്തതയ്ക്കായി അപ്പീൽ നൽകിയപ്പോൾ വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകിയ മറുപടി ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. ഈ റിപോർട്ട് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചതായും തെളിവുകളില്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വന്തം നിലയ്ക്ക് നടത്തിയ വസ്തുതാന്വേഷണം ആണ് ഇതെന്ന് സൂചിപ്പിക്കുന്നു.
തപസ്യ എഴുതുന്നു, “ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള ഈ വാർത്ത പുറത്തുവന്നതോടെ, ഇതൊരു വലിയ ചർച്ചയായി. ആധാറിനെക്കുറിച്ചു ജനങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചുതുടങ്ങി. ഈ നീക്കം വലിയൊരു തെറ്റാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. എന്നാൽ, പരസ്യമായി അത് സമ്മതിക്കാതെ, രഹസ്യമായി ഈ മാർഗരേഖകൾ പുതുക്കി. ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആധാർ നിർബന്ധമാക്കുകയില്ല എന്നും മാതാവിന്റെ ആധാർ ഐ.ഡി മതിയാകുമെന്നും 2022 ആഗസ്റ്റിൽ സർക്കാർ പുതിയ മാർഗരേഖകൾ പുറത്തിറക്കി.
ജൂണിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്ന് പറയാൻ ആഗസ്റ്റിൽ പുതുക്കിയ മാർഗരേഖകളാണ് സർക്കാർ ഉയർത്തിക്കാണിക്കുന്നത്.”