ഗാന്ധിക്ക് ‘മഹാത്മാ’ പദവി നൽകിയത് ബ്രിട്ടീഷ് രാജാണെന്നും, ഔദ്യോഗികമായി അത് അംഗീകരിച്ച് നൽകിയ മെമ്മോറാണ്ടത്തിന്റെ പകർപ്പ് എന്ന അവകാശവാദവുമായി ഒരു പുസ്തകത്തിൽ നിന്നുള്ള കത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1938 സെപ്‌റ്റംബർ 2-ലെ കത്ത്, പ്രവിശ്യയിലെ വിവിധ വകുപ്പുകളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയുന്നു, “ഭാവിയിൽ, എല്ലാ കത്തിടപാടുകളിലും ഗാന്ധിജിയെ ‘മഹാത്മാഗാന്ധി’ എന്ന് വിളിക്കണം.” പ്രമുഖ ട്വിറ്റർ ഉപയോക്താവ് ആയ ഋഷി ഭാഗ്രീ അടക്കമുള്ളവർ “It is interesting to see the memorandum of the British government through which Mr. Gandhi became Mahatma Gandhi officially.” എന്ന തലകേട്ടോടെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വസ്തുത
സെൻട്രൽ പ്രവിശ്യാ ഗവൺമെന്റും ബെരാർ പ്രവിശ്യയും ചേർന്ന് 1938ൽ പുറപ്പെടുവിച്ച മെമ്മോറാണ്ടം ആണ് ഇത് . മാത്രമല്ല കത്ത് ചില ചരിത്ര ഗ്രന്ഥത്തിലും ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിന്റെ അവസാനത്തിൽ, ഇത് സെൻട്രൽ പ്രവിശ്യകളിലെ കോൺഗ്രസ് സർക്കാറിന്റെ ഓഫീസ് ഓർഡർ ആണെന്നും എല്ലാവരും, (പ്രത്യേകിച്ച് ബ്രിട്ടീഷ്) ഉദ്യോഗസ്ഥരും ഇനി മുതൽ ഗാന്ധിയെ ‘മഹാത്മാ’ എന്ന് വിളിക്കാൻ നിര്ദേശിക്കുന്നുണ്ട്.

1917-ൽ പ്രസിദ്ധീകരിച്ച ‘ഹിസ്റ്ററി ഓഫ് സെൻട്രൽ പ്രൊവിൻസസ് ആൻഡ് ബെരാർ’ എന്ന പുസ്തകത്തിൽ, നാഗ്പൂർ, സൗഗോർ, നെർബുദ്ദ പ്രദേശങ്ങൾ കാര്യക്ഷമമായി ഭരിക്കാൻ കഴിയാത്തവിധം ദൂരെയായിരുന്നതിനാൽ 1861-ൽ പ്രവിശ്യയുടെ രൂപീകരണം നടന്നതായി പരാമർശിക്കുന്നുണ്ട്. (പേജ് 156).
ഹൈദരാബാദ് നൈസാമുമായി ഒരു കരാറിൽ ഏർപ്പെട്ടതിനെ തുടർന്ന് ബെരാർ പ്രവിശ്യയുടെ ഭാഗമായി. 1903 ഒക്ടോബറിൽ ബെരാറിനെ സെൻട്രൽ പ്രവിശ്യകളിലെ ചീഫ് കമ്മീഷണറുടെ ഭരണത്തിലേക്ക് മാറ്റിയപ്പോൾ ഇത് പ്രാബല്യത്തിൽ വന്നതിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്. (പേജ് 166)
1935-ൽ, ബ്രിട്ടീഷ് പാർലമെന്റ് ‘ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം’ പാസാക്കി. അത് ചില നിയന്ത്രണങ്ങളോടെ തിരഞ്ഞെടുപ്പിന് വഴിയൊരുക്കി. 1937-ൽ ആദ്യമായി പ്രവിശ്യാ തിരഞ്ഞെടുപ്പ് നടന്നു, മദ്രാസ് പ്രസിഡൻസി, യുണൈറ്റഡ് പ്രവിശ്യകളായ ആഗ്ര, ഔദ്, സെൻട്രൽ പ്രവിശ്യകൾ, ബെരാർ, ബീഹാർ, ഒറീസ്സ എന്നീ അഞ്ച് പ്രവിശ്യകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൻ വിജയം നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ബന്ധവും ഈ കാലയളവിൽ വഷളാകാൻ തുടങ്ങിയിരുന്നു.
അഥവാ ഈ മെമ്മോറാണ്ടം ഇറങ്ങിയ കാലയളവിൽ കോൺഗ്രസിന്റെ കയ്യിലായിരുന്നു അധികാരം എന്ന് ചുരുക്കം.
പ്രമുഖ ചരിത്ര പണ്ഡിതന്റെ നിരീക്ഷണത്തിൽ “ഈ മെമ്മോറാണ്ടം യഥാർത്ഥമാണ്, അക്കാലത്ത് ഗാന്ധിജിയെ മഹാത്മാ എന്ന് വിളിക്കാനുള്ള നിർദ്ദേശത്തിൽ മുസ്ലീം ലീഗ് പ്രതിഷേധിച്ചതിന്റെ തെളിവുകൾ കണ്ടത് പോലും ഞാൻ ഓർക്കുന്നുണ്ട്. 1937-ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു കോൺഗ്രസ് സർക്കാർ, ജനാധിപത്യ സമ്പ്രദായത്തിന് കീഴിൽ, അവരുടെ നേതാവിനെ ഔദ്യോഗിക ആശയവിനിമയത്തിൽ’ മഹാത്മാ’ എന്ന തലക്കെട്ടിൽ പരാമർശിക്കണമെന്ന് ആഗ്രഹിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ബ്രിട്ടീഷുകാർ ഇതിന് കൂട്ടുനിന്നതായി ഒരു സൂചനയുമില്ല. വാസ്തവത്തിൽ നേരെ വിപരീതമാണ്, ഈ മെമ്മോ ഭാഗികമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, കാരണം അടുത്തിടെ രാജ്യദ്രോഹിയെന്ന് വിളിക്കപ്പെടുന്ന ഒരു മനുഷ്യനെ ബഹുമാനിക്കാൻ അവരെ നിർബന്ധിക്കുക കൂടിയാണ് മെമ്മോറാണ്ടം ചെയ്യുന്നത്.
മാത്രമല്ല ആ കാലത്ത് തന്നെ രചിക്കപ്പെട്ട പല ചരിത്ര ഗ്രന്ഥങ്ങളിലും രബീന്ദ്രനാഥ് ടാഗോർ ആണ് ആദ്യമായി ഗാന്ധിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് എന്നും കാണാം

ഇതിൽ നിന്നൊക്കെ ഗാന്ധിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതും പിന്നീട് അത് ചരിത്രത്തിന്റെ ഭാഗമാകുന്നതുമൊക്കെ ഇന്ത്യയിൽ ഉള്ളവരുടെ തന്നെ ശ്രമ ഫലമായാണെന്നും ബ്രിട്ടീഷുകാർക്ക് അതിൽ പങ്കില്ലെന്നും വ്യക്തമാകുന്നു.