അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; ‘ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ’, ‘ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ’, ‘വിശ്വഹിന്ദു പരിഷത്ത് അമേരിക്ക’ തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്.
ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, “ഹിന്ദു ഫോബിയ” എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച ‘ഹേറ്റ് ക്രൈം സ്റ്റാറ്റിസ്റ്റിക്സ് 2021’ പുറത്തിറക്കിയിരുന്നു. അമേരിക്കയിലെ നിയമ നിർവ്വഹണ ഏജൻസികളുടെ പക്കലുള്ള കണക്കുകൾ പ്രകാരം, മൊത്തം 7,262 സംഭവങ്ങളിലായി 9,024 പേരാണ് ആക്രമിക്കപ്പെട്ടത്. വിദ്വേഷപരമായ കുറ്റകൃത്യങ്ങൾ, രാജ്യത്തുടനീളമുള്ള വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇത്തരത്തിൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്ന അക്രമങ്ങളുടെ എണ്ണം 2021ല്‍ 15,138ൽ നിന്ന് 11,834 ആയി കുറഞ്ഞുവെന്നതിനാൽ, വാർഷിക അടിസ്ഥാനത്തിൽ ഈ കണക്കുകൾ തുലനം ചെയ്യുകയും സാധ്യമല്ല.
ഇപ്പോൾ പുറത്ത് വന്ന ഡാറ്റ അനുസരിച്ച്, 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 64.8% ആക്രമണങ്ങൾക്കും കാരണം ഇരയുടെ വംശം / വർഗ്ഗം / വംശപരമ്പര എന്നിവയോടുള്ള കുറ്റവാളിയുടെ വിദ്വേഷമാണ്. ഇതിൽ 63.2%.വിദ്വേഷ കുറ്റകൃത്യങ്ങളും ആഫ്രിക്കൻ – അമേരിക്കൻ കറുത്ത വർഗ്ഗക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. 4.3% ഏഷ്യൻ വംശജർക്കെതിരെ നടന്നതും.
ഹിസ്പാനിക് -ലാറ്റിനോ വിരുദ്ധ ആക്രമണങ്ങൾ 6.1%വും, വെള്ളക്കാർക്കെതിരായ ആക്രമണങ്ങൾ 13.4% വും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളിൽ 19.7% ലൈംഗിക – ലിംഗ ന്യുനപക്ഷങ്ങൾക്കെതിരെ നടന്നതാണ്. 14.2% വ്യത്യസ്‌ത മതവിഭാഗങ്ങൾക്കെതിരെയും.
ആകെ 1,005 ആക്രമണ സംഭവങ്ങളാണ് വ്യത്യസ്‌ത മതവിഭാഗങ്ങൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്:
ജൂത വിരുദ്ധ ആക്രമണങ്ങൾ : 324
സിഖ് വിരുദ്ധ ആക്രമണങ്ങൾ: 214
മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ : 96
കത്തോലിക്കാ വിരുദ്ധ ആക്രമണങ്ങൾ: 62
ഹിന്ദു വിരുദ്ധ ആക്രമണങ്ങൾ : 10

എഫ്.ബി.ഐയുടെ റിപ്പോർട്ട് പ്രകാരം, അമേരിക്കയിൽ യെഹോവ മതക്കാരുടേത് കഴിഞ്ഞാൽ ഏറ്റവും കുറവ് അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള മത വിഭാഗമാണ് ഹിന്ദു. സിഖ് മതക്കാർക്ക് നേരെ 214 ആക്രമണങ്ങളും, മുസ്ലിംകൾക്കെതിരെ 96 ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഹിന്ദു മതക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 10 ആക്രമണങ്ങളാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുത്വ സംഘടനകൾ ആസൂത്രിതമായി നടത്തുന്ന അക്രമണങ്ങൾ മറച്ചുവെക്കാൻ, ആഗോള തലത്തിൽ “ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു” എന്ന രീതിയിൽ സൃഷ്ടിക്കപ്പെടുന്ന ആഖ്യാനങ്ങളിലെ വസ്‌തുതാവിരുദ്ധതയും ഇരവാദവും ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.