ഗാന്ധിവധം: ദുഃഖാചരണം നടത്തിയവർ മധുരം വിതരണം ചെയ്തത് എന്തുകൊണ്ട്?

രാം പുനിയാനി
October 15, 2021

ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ  മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്

ഇന്ത്യക്ക് വേണ്ടി മാഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, ഒക്ടോബർ രണ്ടിൻ്റെ ഗാന്ധിജയന്തി ദിനത്തിൽ നാം സംസാരിക്കുമ്പോൾ തന്നെ, ട്വിറ്ററിൽ നിറഞ്ഞുനിന്നത് 'നാഥുറാം ഗോഡ്‌സെ അമർ രഹെ, നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' എന്നീ ട്വീറ്റുകളായിരുന്നു. അന്നത്തെ ഏറ്റവും വലിയ ട്വിറ്റർ പ്രചാരണമായിരുന്നു അത്.ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രശംസിച്ചുകൊണ്ട് നിറഞ്ഞ ഈ ഹാഷ്ടാഗ് എന്നെ ഞെട്ടിച്ചു കളഞ്ഞു.

2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഗോഡ്‌സെ സ്തുതികൾ പരസ്യമാക്കാൻ പലരും തയ്യാറാകുന്നത്. അതിന് മുമ്പ് ഗോഡ്സെയെ ഉള്ളിൽ ആരാധിക്കുകയും, പുറത്ത് അത് മറച്ചുവെച്ച് പ്രവർത്തിക്കുകയും ചെയ്ത ഹിന്ദുത്വവാദികൾ, ഭരണം കൈപ്പിടിയിലായതോടെ തങ്ങളുടെ തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങുകയായിരുന്നു. പല നാവുകൊണ്ട് സംസാരിക്കാൻ കഴിയുന്ന ഹിന്ദു മഹാസഭയും ആർ.എസ്.എസും വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ് തന്ത്രപൂർവ്വം നടപ്പാക്കുന്നത്.

ഗാന്ധി വധത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ കാണാം; "ഞങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹിന്ദു മഹാസഭയും ആർ.എസ്.എസും നമ്മുടെ രാജ്യത്തെ വലിയൊരു വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്". എന്നാൽ, "നാഥുറാം ആർ.എസ്.എസ് വിട്ടുപോയിരിക്കുന്നു" എന്നാണ് ആർ.എസ്.എസ് നൽകിയ മറുപടി. അതിനുള്ള ന്യായീകരണവും അവർ കണ്ടത്തിയിരുന്നു. ഗാന്ധി വധത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജീവൻലാൽ കപൂർ കമീഷനും ഗോഡ്സെയുടെയും സവർക്കറുടെയും ബന്ധം സ്ഥിരീകരിച്ചിക്കുകയും സവർക്കറും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഹിന്ദുത്വ ദേശീയതക്ക് ഒരേസമയം ഭിന്ന ഭാഷകളിൽ സംസാരിക്കാൻ കഴിയുമെന്ന് വല്ലഭായ് പട്ടേൽ കത്തിൽ പറയുന്നുണ്ട്. അതിൻ്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ആർ.എസ്.എസ് പ്രവർത്തകർ മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്. അതേസമയം തന്നെ ആർ.എസ്.എസ് മേധാവി ഗോൾവാൾക്കർ പതിമൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. ഒരേ സമയം ദു:ഖം ആചരിക്കുകയും, മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന ഇവർക്ക് ഇരട്ടമുഖമാണന്നും കത്തിൽ പറയുന്നുണ്ട്.

അപ്രകാരം, ആർ.എസ്.എസിൻ്റേയും ബി.ജെ.പിയുടേയും മുതിർന്ന നേതാക്കൾ തികച്ചും ഔപചാരികമായി ഗാന്ധിജയന്തി ആഘോഷിക്കുകയും ഗോഡ്‌സെയുടെ ചെയ്തികൾ മറച്ചു വെക്കുകയും ചെയ്യുന്നു. എന്നാൽ, താഴെ തട്ടിലുള്ളവർ തങ്ങളുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുകയും ഗോഡ്സെയെ ആരാധിക്കുകയും ചെയ്യുന്നു. ആർ.എസ്.എസ് തലവൻ രാജേന്ദ്ര സിംഗ്, 'ഗോഡ്സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു' എന്നാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഗോഡ്സേയുടെ ഹിംസാത്മക ചെയ്തികൾ മറച്ചു പിടിച്ച പല നേതാക്കളും ഇപ്പോൾ പരസ്യ പ്രസ്താവനകളുമായി രംഗത്തു വരാൻ തുടങ്ങിയിരിക്കുന്നു.

'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു, അദ്ദേഹത്തിൻ്റെ പേരാണ് നാഥുറാം ഗോഡ്സേ' എന്ന് കമൽഹാസൻ 2019ൽ പറഞ്ഞപ്പോൾ എന്തൊരു പുകിലായിരുന്നു എന്ന് ഓർക്കണം. ഈയിടെയായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഗോഡ്സെയുടെ ക്ഷേത്രങ്ങളും പ്രതിമകളും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഗ്വാളിയോറിൽ ഒരു ലൈബ്രറിയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. "നാഥുറാം ഗോഡ്സെ ഒരു ദേശീയവാദിയാണെന്ന്" മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ പ്രസ്താവിക്കുകയുണ്ടായി. ബി.ജെ.പിയുടെ അനിൽ സൗമിത്ര  'പാകിസ്ഥാന്റെ പിതാവ്' എന്നു വിളിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.

ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.
ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ  മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്

രാം പുനിയാനി