ലൈംഗിക ചൂഷണത്തിനെതിരെ ജർമ്മൻ ജിംനാസ്റ്റിക്ക്

Staff Editor
August 07, 2021
German Gymnastics

 

വർഷങ്ങളായി നിലനിൽക്കുന്ന ലൈംഗിക ചൂഷണ മനോഭാവങ്ങൾ മാറ്റാനാണ് ജർമൻ ടീം ഇത്തവണ പുതിയ വസ്ത്ര രീതി പരീക്ഷിച്ചത്. സ്പോട്സിൽ മാത്രമല്ല മറ്റു മേഖലകളിലേയും ലൈംഗിക ചൂഷണ സ്വഭാവമുള്ള വസ്ത്രധാരണാ രീതികൾക്കെതിരെ, ലോകമെങ്ങും സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നതിന് ഇത് കാരണമായെങ്കിൽ!

വലിയ സന്ദേശങ്ങൾ ലോകത്തിന് നൽകുന്നു എന്നതാണ് ടോകിയോ ഒളിമ്പിക്സിൻ്റെ ഒരു പ്രത്യേകത. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്നെതിരായ വനിതാ കായിക താരങ്ങളുടെ ക്രിയാത്മക പ്രതിഷേധമാണ് അതിൽ ഏറ്റവും പ്രധാനം. സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നിർണായകമായ ചുവടുവെപ്പായി ഇതിനെ മനസ്സിലാക്കാവുന്നതാണ്. ശരീരം തുറന്നിടാനുള്ള അവകാശങ്ങൾക്കായി വാദിക്കുന്നവരും മറ്റും, ശരീരം മാന്യമായി മറച്ച് ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കാൻ പോരാടുന്നവരേയും പിന്തുണക്കേണ്ടതുണ്ട്. സ്പോർസിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികവത്കരണത്തിൽ പ്രതിഷേധിച്ച് ജർമനിയുടെ ജിംനാസ്റ്റിക് ടീം വസ്ത്രരീതിയിൽ കാര്യമായ മാറ്റം വരുത്തിയാണ് മത്സരത്തിനിറങ്ങിയത്.

ചെറുപ്പക്കാരായ സ്ത്രീകൾ മാറ്റുരക്കുന്ന സ്പോർട്സ് ഇനമാണ് ജിംനാസ്റ്റിക്ക്.  പതിറ്റാണ്ടുകളായി വനിതാ ജിംനാസ്റ്റുകൾ ബിക്കിനിയാണ് ഒളിമ്പിക്സിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ബിക്നി വസ്ത്ര രീതിയിൽ മാറ്റം വരുത്തിയാണ് ഇത്തവണ ജർമ്മൻ അത്‌ലറ്റ്കൾ ടോക്കിയോ മൈതാനത്ത് എത്തിയത്. യഥാർത്ഥത്തിൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ ജിംനാസ്റ്റിക്സിൽ പങ്കെടുക്കുന്നവർക്ക് ശരീരം മുഴുവൻ മൂടുന്ന  വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്. എന്നാൽ, മതപരമായ കാരണങ്ങളാൽ മാത്രമാണ് ഇന്നുവരെ ഈ അനുവാദം ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, ടോക്കിയോ ഒളിമ്പിക്സ് അതിലും മാറ്റം വരുത്തിയിരിക്കുന്നു.സ്പോട്സിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികവത്കരണത്തിൽ പ്രതിഷേധിച്ചാണ് ജർമൻ ടീം വസ്ത്രരീതിയിൽ മാറ്റം വരുത്തിയത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പരമ്പരാഗത വേഷമായ തോള് മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീൻ ഷാഫർ-ബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്.ഇത് ഒളിമ്പിക്സ് വാർത്തകളിൽ പ്രത്യേകം ഇടം പിടിക്കുകയും ചെയ്തു.അവരുടെ സ്വന്തം തീരുമാനമാണ് ഇങ്ങനെയൊരു വസ്ത്രധാരണ രീതി. ഈ വസ്ത്രരീതി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകളും കൈയ്യടികളുമാണ് നേടിയത്.

കായിക രംഗത്ത് ലൈംഗികാതിക്രമങ്ങൾ പുതുമയുള്ള വാർത്തയേ അല്ല. പ്രത്യേകിച്ച് ഒളിംപിക്സുകളിൽ. താരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ജിംനാസ്റ്റുകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അമേരിക്കൻ ജിംനാസ്റ്റിക്സ് നാഷണൽ ടീം ഡോക്ടർ ലാറി നാസറിനെ ജയിലിലടച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.കായിക താരങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതിൻ്റെ വാർത്തകൾ പലതും ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് പുറത്തു വരാറുണ്ട്. പേടിയോടുകൂടിയ പ്രാക്ടിസുകൾ, കോച്ചുമാരുടെ ഭീഷണിപ്പെടുത്തൽ, ശരീരിക അപമാനങ്ങൾ എന്നിങ്ങനെയുള്ള നിരവധി പരാതികളാണ് ഉയരാറുള്ളത്.

കഴിഞ്ഞ കാലത്തെ കയ്പേറിയ കഥകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട നിരവധി സ്ത്രീകളെ കാണാം. "ഞാൻ  ജിംനാസ്റ്റിക്സിൽ രിക്കാറുണ്ടായിരുന്നു, ഞങ്ങളുടെ മീറ്റിൽ എല്ലായ്പ്പോഴും രണ്ട് മധ്യവയസ്കർ ഞങ്ങളുടെ കാലുകൾ ഉയർത്തുമ്പോൾ മാത്രമേ ഫോട്ടോ എടുക്കാറുണ്ടായിരുന്നുള്ളൂ" യൂക്കോ എന്ന പ്രശസ്ത ജിംനാസ്റ്റിക്ക് താരം ട്വിറ്ററിൽ എഴുതിയതാണിത്. ജപ്പാനിൽ "ബ്ലൂമേഴ്സ്" എന്നറിയപ്പെടുന്ന വസ്ത്രധാരണ രീതിയാണ് ആദ്യകാലത്ത് പൊതുവെ ഉണ്ടായിരുന്നത്. എന്നാൽ കാലം മാറുംതോറും അവരുടെ വസ്ത്രധാരണ രീതിയും മാറി. ആദ്യകാലത്തെ വസ്ത്രധാരണ രീതി പുതിയ തലമുറയിലുള്ള പെൺകുട്ടികൾക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെയാണ് ബിക്കിനിയിലേക്ക് എത്തിയത്.അതോടെ ലൈംഗികവൽക്കരണവും ശക്തിപ്പെട്ടു. വർഷങ്ങളായി നിലനിൽക്കുന്ന ലൈംഗിക ചൂഷണ മനോഭാവങ്ങൾ മാറ്റാനാണ് ജർമൻ ടീം   ഇത്തവണ പുതിയ വസ്ത്ര രീതി പരീക്ഷിച്ചത്.അതിന് എല്ലാവിധ സപ്പോർട്ടുമായി ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ് മുന്നോട്ട് വന്നത് മറ്റൊരു ആശ്വാസകരമായ വാർത്തയാണ്.ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുത്തുകൊണ്ടുള്ള വാർത്തയായിരുന്നു അത്.

മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്നും ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്സിക്യൂട്ടീവ് യിയാനിസ് എക്സാർക്കോസ് വ്യക്തമാക്കി.ശരീരഭാഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേ ജർമനിയുടെ ജിംനാസ്റ്റിക്സ് ടീം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ് യിയാനിസ് എക്സാർക്കോസിന്റെ പ്രതികരണം. സ്പോട്സിൽ മാത്രമല്ല മറ്റു മേഖലകളിലേയും ലൈംഗിക ചൂഷണ സ്വഭാവമുള്ള വസ്ത്രധാരണാ രീതികൾക്കെതിരെ, ലോകമെങ്ങും സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നതിന് ഇത് കാരണമായെങ്കിൽ

 

Staff Editor