Skip to content Skip to sidebar Skip to footer

‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ ബാബ മുഹമ്മദിൻ്റെ മുദ്രാവാക്യവും ഹിന്ദു- മുസ്ലിം ഐക്യ മാതൃകകളും

നകുൽ സിംഗ് സോഹ്നി

“അവർ ‘ഹർ ഹർ മഹാദേവ്’ എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ ‘അല്ലാഹു അക്ബർ’ ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി.

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ ചരമവാർഷികത്തിന് അടുത്ത ദിവസമാണ് ഗുലാം സാഹബ് അന്തരിച്ചത് എന്നത് അതിശയമാണ്.

കരിമ്പ് കർഷകർ സമരത്തിനിറങ്ങിയപ്പോൾ രണ്ട് ഇതിഹാസ നേതാക്കൾ അധികാരികളെ മുട്ടുകുത്തിച്ചതു സംബന്ധിച്ച് പടിഞ്ഞാറൻ യു.പിയിൽ പലതരം കഥകളുണ്ട്. സോഷ്യൽ മീഡിയ നിലവിലില്ലാത്ത, മുഖ്യധാരാ മാധ്യമങ്ങൾ പടിഞ്ഞാറൻ യു.പിയുടെ പരുക്കൻ ഭൂപ്രകൃതിയിലൂടെ അപൂർവ്വമായി സഞ്ചരിച്ചിരുന്ന ഒരു കാലത്ത്, ഈ കഥകളിൽ ഭൂരിഭാഗവും വാമൊഴിയായി കൈമാറിയ ചരിത്രത്തിന്റെ ഏടുകളാണ്.

ഒരു സമരത്തിനിടെ മുസാഫർനഗർ കളക്ടർ ബാബ ഗുലാം മുഹമ്മദ് ജൗലയെ കാണാൻ പോയതിനെക്കുറിച്ച് ഒരു കഥയുണ്ട്. സമരം അവസാനിപ്പിക്കാൻ കരാറിൽ ഏർപ്പെടണമെന്ന ആവശ്യവുമായി പോയതാണ് കലക്ടർ. ജൗലയിലെ കരിമ്പു തോട്ടത്തിലാണ് ബാബയെ കളക്ടർ കണ്ടു മുട്ടിയത്. അദ്ദേഹം വേനൽച്ചൂടിൽ കരിമ്പുതോട്ടങ്ങളിലൂടെ ഓടിനടന്ന് ജോലി ചെയ്യുന്നത് കലക്ടർ നോക്കി നിന്നു. “ഇരിക്കൂ,” ബാബ നിലത്തേക്ക് ചൂണ്ടികാണിച്ചുകൊണ്ട് കലക്ടറോട് പറഞ്ഞു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, കലക്ടർ സാഹിബിനെ സ്വാഗതം ചെയ്യാൻ വയലിൽ കസേരകളിലായിരുന്നു. “ഈ ചൂടിൽ നിലത്തൊന്നിരുന്നു നോക്കൂ, കർഷകർ അനുഭവിക്കുന്ന യാതനകൾ നിങ്ങൾ മനസ്സിലാക്കണം, എന്നിട്ടേ നിങ്ങൾ അവരുടെ വിധി തീരുമാനിക്കാവൂ.”

സത്യമോ അതിശയോക്തിയോ ആകട്ടെ, ഇത്തരം ഓരോ കഥയും കരിമ്പ് കർഷകരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്.

പടിഞ്ഞാറൻ യു.പിയിലെ കരിമ്പ് ജില്ലകളിൽ വലിയ ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. ഇരു മതങ്ങളിലെയും പ്രബല ജാതികളിൽ പെട്ട പലരും കർഷകരും ഭൂവുടമകളുമാണ്. ഈ പ്രദേശത്തെ ഏതൊരു വിജയകരമായ കർഷക പ്രസ്ഥാനത്തിനും രണ്ട് പ്രമുഖ മതങ്ങളുടെയും ഐക്യം പ്രധാനമാണെന്ന് നേതാക്കളായ ടികായത്തിനും ജൗലയ്ക്കും അറിയാമായിരുന്നു. ‘ഹർ ഹർ മഹാദേവ്, അല്ലാഹു അക്ബർ’ എന്ന ഐതിഹാസിക മുദ്രാവാക്യം യൂണിയന്റെ അവിഭാജ്യഘടകമായി മാറിയിരുന്നു. മതപരമായ ഐക്യം തകർക്കാൻ സാധ്യതയുള്ള പല സംഭവങ്ങളിലും BKU മതമൈത്രി പുനഃസ്ഥാപിക്കാൻ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ഒരു മുസ്ലീം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബാബ ടികായത് നിരാഹാര സമരം നടത്തിയിരുന്നു. ‘നൈമ കാണ്ട്’ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. നിരാഹാര സമരം പോലീസിനെ നടപടിയെടുക്കാൻ നിർബന്ധിക്കുകയും പിന്നീട് പെൺകുട്ടിയെ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്‌തു.

2013-ൽ മുസാഫർനഗറിലും ഷാംലിയിലും നടന്ന കലാപത്തിന് ശേഷം ഗുലാം സാഹബ് തകർന്നുപോയി! കലാപം പടിഞ്ഞാറൻ യു.പിയുടെ ഘടനയെ കീറിമുറിച്ചു, ഹിന്ദു, മുസ്ലീം കർഷകർ ബദ്ധവൈരികളായി.
അക്രമത്തിലേക്ക് നയിച്ച 2013 സെപ്തംബറിലെ മഹാപഞ്ചായത് നടന്നത് BKU വിനെ ഉപയോഗിച്ചാണ് എന്നതായിരുന്നു പലർക്കും കൂടുതൽ വിഷമമുണ്ടാക്കിയത്. കുപ്രസിദ്ധമായ ആ മഹാപഞ്ചായത്തിൽ, ബി.ജെ.പി നേതാക്കൾ BKUവിനെ ഹൈജാക്ക് ചെയ്തു. തുടർന്നുള്ള അക്രമങ്ങൾ പടിഞ്ഞാറൻ യു.പിയെ ഇപ്പോഴും മുറിവേല്പിച്ചുകൊണ്ടിരിക്കുന്നു.

‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ എന്ന മുദ്രാവാക്യം ഞാൻ യൂണിയന് നൽകി. ഇപ്പോൾ അവശേഷിക്കുന്നത് ‘ഹർ ഹർ മഹാദേവ്’ മാത്രമാണ്. സത്യത്തിൽ, അതുപോലുമല്ല, ‘ഹർ ഹർ മോദി’ മാത്രമാണ് അവശേഷിക്കുന്നത്. യൂണിയനിൽ ഇനി ഞങ്ങളുടെ റോൾ എന്താണ്?” കലാപത്തിന് ശേഷം ‘മുസാഫർനഗർ ബാഖി ഹേ…’ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ ഗുലാം സാഹബ് പറഞ്ഞു.

2013 ലെ കലാപത്തിന് ശേഷം അചിന്തനീയമായത് സംഭവിച്ചു. BKU മതത്തിന്റെ അടിസ്ഥാനത്തിൽ പിളർന്നു. ബാബ ഗുലാം മുഹമ്മദ് ജൗല ഭാരതീയ കിസാൻ മസ്ദൂർ മഞ്ച് (BKMM) എന്ന സ്വന്തം യൂണിയൻ ആരംഭിച്ചു. “യേ 35 ബിരാദ്രി കി യൂണിയൻ ഹേ. ജാട്ട് കെ ഇലാവ സബ് (ഇത് 35 കമ്മ്യൂണിറ്റികൾക്കുള്ള യൂണിയനാണ്. ജാട്ടുകൾ ഒഴികെ എല്ലാവർക്കും).” പിളർപ്പിൽ അദ്ദേഹം സന്തോഷവാനായിരുന്നോ? “അല്ല”- അദ്ദേഹം ആത്മാർത്ഥമായി മറുപടി പറഞ്ഞു. “എന്നാൽ, ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ലായിരുന്നു.” എന്നിരുന്നാലും, ബാബയുടെ ശുഭാപ്തിവിശ്വാസം അദ്ദേഹത്തെ വഞ്ചിച്ചില്ല. “ജാട്ടുകൾ അടിസ്ഥാനപരമായി മതേതര സമൂഹമാണ്. ഞങ്ങൾക്ക് പള്ളികൾ ഇല്ലാതിരുന്ന പല ഗ്രാമങ്ങളിലും അവർ സ്വന്തമായി പണം സ്വരൂപിച്ചു പള്ളികൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. “ഫിസ ഫിർ ബദ്‌ലെഗി (കാര്യങ്ങൾ മാറി മറിയും)”- അദ്ദേഹം പറഞ്ഞു. “നാലോ അഞ്ചോ വർഷമെടുക്കുമായിരിക്കും. ജാട്ടുകൾ അവരുടെ തെറ്റ് മനസ്സിലാക്കുന്നുണ്ട്. അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിന് കുറച്ച് വർഷങ്ങൾ എടുക്കുമായിരിക്കും”.

വെറുമൊരു പ്രവചനമായിരുന്നില്ല ബാബയുടേത്. ബാബ ഗുലാം മുഹമ്മദ് ജൗലയെ വളർത്തിയ മണ്ണിനു മേലുള്ള വിശ്വാസമായിരുന്നു അത്. അദ്ദേത്തിന്റെ മണ്ണിലേക്ക് തന്റെ കാതുകൾ ചേർത്തു വെച്ചതിന്റെ പ്രതിഫലനമായിരുന്നു അത്. അദ്ദേഹത്തിന്റെ കൈകൾ ജനങ്ങളുടെ സ്പന്ദനമറിഞ്ഞു. അദ്ദേഹം മുസ്ലിംകളുടെ മാത്രം നേതാവായിരുന്നില്ല, മറിച്ചു ആ പ്രദേശത്തെ മുഴുവൻ കർഷകരുടെയും ബാബ ആയിരുന്നു.

ബാബയുടെ പ്രവചനം യാഥാർഥ്യമായി. ഏകദേശം അഞ്ച് വർഷത്തിന് ശേഷം, പടിഞ്ഞാറൻ യു.പിയിലെ നിരവധി പഞ്ചായത്തുകളിൽ ഹിന്ദു-മുസ്ലിം കർഷകർ ഒത്തുചേർന്ന് പ്രവർത്തിച്ചു. എന്നാൽ, ഐക്യത്തിന്റെ ഏറ്റവും മനോഹരമായ നിമിഷം 2021 ജനുവരി അവസാനത്തിൽ, ഡൽഹി അതിർത്തിയിൽ നടന്ന ചരിത്രപരമായ കർഷക സമരത്തിലായിരുന്നു. 2021 ജനുവരി 29 ന് മുസഫർനഗറിൽ ഒരു ചരിത്രപ്രധാനമായ മഹാപഞ്ചായത്ത് നടന്നു. അനേകായിരം ഹിന്ദുക്കളും മുസ്ലിംകളും അതിൽ പങ്കെടുത്തു.

പഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത പ്രധാന പ്രഭാഷകരിൽ ഗുലാം മുഹമ്മദ് ജൗലയും ഉണ്ടായിരുന്നു. അദ്ദേഹം വളരെ വ്യക്തമായി തന്നെ പറഞ്ഞു; “നിങ്ങൾ ഇതുവരെ ചെയ്ത ഏറ്റവും വലിയ രണ്ട് തെറ്റുകൾ: ഒന്ന്, നിങ്ങൾ അജിത് സിങ്ങിനെ പരാജയപ്പെടുത്തി. രണ്ട്, നിങ്ങൾ മുസ്ലിംകളെ കൊന്നു”. കൗതുകകരമെന്നു പറയട്ടെ, സദസ്സിനിടയിൽ നിന്ന് ആക്രോശങ്ങളുണ്ടായില്ല, ആരും അദ്ദേഹത്ത എതിർത്തില്ല, വായാടിപ്പിക്കാൻ ശ്രമിച്ചില്ല. നിശബ്ദമായിരുന്നു അവർ ബാബയെ ശ്രവിച്ചു, ആത്മപരിശോധന നടത്തി. “ഐക്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന്”, ബാബ ഉറപ്പിച്ചു പറഞ്ഞു. സ്വന്തം തെറ്റ് അംഗീകരിക്കണം. നിങ്ങളുടെ മുസ്ലീം സഹോദരന്മാരോട് നിങ്ങൾ തെറ്റ് ചെയ്‌തു എന്ന് സ്വയം മനസ്സിലാക്കണം. വേദിയിലിരുന്ന പല ഹിന്ദു ജാട്ട് നേതാക്കളും തങ്ങൾക്ക് സംഭവിച്ച തെറ്റ് സമ്മതിക്കുകയുണ്ടായി.

മുസഫർനഗർ കലാപത്തിലേക്ക് നയിച്ച മഹാപഞ്ചായത്തിനു കൃത്യം എട്ട് വർഷത്തിന് ശേഷം, 2021 സെപ്തംബർ 5-ന് നടന്ന ചരിത്രപ്രസിദ്ധമായ കിസാൻ മഹാപഞ്ചായത്തിൽ ബാബയുടെ ദുർബലമായ ആരോഗ്യം പ്രകടമായിരുന്നു. താൻ പ്രസംഗിക്കാൻ പോലും കഴിയാത്ത വിധം ദുർബലനായിരിക്കുന്നു എന്ന് അദ്ദേഹം രാകേഷ് ടികായത്തിനോട് പറഞ്ഞു. പ്രസിദ്ധമായ ആ മുദ്രാവാക്യം ഒരിക്കൽ കൂടി മുഴങ്ങികേൾക്കണമെന്ന് അദ്ദേഹം രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് നിരാശപ്പെടുത്തിയില്ല, ‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ അന്ന് മുസാഫർനഗറിലുടനീളം അലയടിച്ചു.

തുടർന്നുള്ള യു.പി തെരഞ്ഞെടുപ്പിൽ ബിജെപി അനായാസമായി വിജയിച്ചുവെങ്കിലും കർഷക സമരവും കലാപങ്ങളും ഏറ്റവും ശക്തമായി ബാധിച്ച കരിമ്പ് ജില്ലകളിൽ ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത്, ജൗലാ സാഹിബിന്റെ പൊതുപരിപാടികൾ കുറയാൻ തുടങ്ങി. എന്നാൽ കിസാൻ പഞ്ചായത്തുകളിലേല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യം എന്ന അദ്ദേഹത്തിന്റെ സ്വപ്നം പടിഞ്ഞാറൻ യു.പിയിൽ ഭാഗികമായി മാത്രമേ യാഥാർത്ഥ്യമായിട്ടുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ആവേശവും എന്നും വലിയ പ്രചോദനമായി നിലനിൽക്കും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.