Skip to content Skip to sidebar Skip to footer

2002 ൽ അറുകൊല ചെയ്യപ്പെട്ടത് മുസ്‌ലീംകൾ മാത്രമല്ല, ഹിന്ദു ധർമം കൂടിയാണ്

കെ.സുബ്രഹ്മണ്യം

ഹിന്ദു എന്ന പദം തദ്ദേശീയമായി ഉണ്ടായതല്ലെങ്കിലും, ഹിന്ദുവായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ഹിന്ദുവെന്ന ലാബൽ ഉപയോഗിച്ച് ചിലർ ഗുജറാത്തിൽ ചെയ്തുകൂട്ടിയത് കാണുമ്പോൾ എൻ്റെ മനസ്സ് പിടയുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ ഇനി എനിക്കെങ്ങനെ അഭിമാനിക്കാൻ കഴിയും. അവർ ചെയ്തത് ഹിന്ദുവിരുദ്ധമാണെന്ന് നിസ്സംശയം പറയാം.

ലോകത്തെ മറ്റു മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു സംസ്കാരത്തെയും തത്വചിന്തയെയും ജീവിത വീക്ഷണത്തെയും വ്യത്യസ്തമാക്കുന്നത്, ഹിന്ദുവിന് ‘ബ്രഹ്മാസ്മി’യാവാനും (ഞാൻ തന്നെ ദൈവം) തൻ്റെ അയൽക്കാരനോട് ‘തത്ത്വമസി’ (നീയാണ് സത്യം) എന്ന് പറയാനും കഴിയും എന്നതാണ്. എന്നാൽ, സ്വന്തം അയൽവാസികളെ കുത്തിയും കത്തിച്ചും കൊന്നവർക്കെങ്ങനെയാണ് തങ്ങൾ ഹിന്ദുക്കളാണ് എന്ന് പറയാൻ സാധിക്കുന്നത്?

ഹിന്ദു പാരമ്പര്യത്തിൽനിന്നകന്ന്, അതിന്‍റെ ഉത്തമമായ എല്ലാ ചിന്തകളെയും നിരാകരിച്ച്, ഹിന്ദു തത്വശാസ്ത്രത്തിന്റെയും ചിന്തയുടെയും സ്വതന്ത്രവും അന്വേഷണാത്മകവുമായ വഴികൾ ഉപേക്ഷിച്ചുകൊണ്ട് സെമിറ്റിക് മതങ്ങൾക്കെതിരെ ആഴത്തിൽ വെറുപ്പ് സൃഷ്ടിക്കുകയാണിക്കൂട്ടർ. ആത്മാവിലും ചിന്തയിലും അന്ധകാരയുഗത്തിലെ വ്രണങ്ങൾ പേറി നടക്കുന്ന ഈ ഹിന്ദു വിരുദ്ധർ അവരെ സ്വയം ഹിന്ദുവെന്ന് വിളിക്കുകയാണ്.

മറ്റ് മതങ്ങളെപോലെ ഒരു പ്രത്യേക ദൈവത്തെയോ, വിശ്വാസത്തെയോ, വെളിപാടിനെയോ, മതപരമായ ഘടനയെയോ അംഗീകരിക്കുന്നതിലല്ല ഹിന്ദു മതത്തിൻ്റെ അടിസ്ഥാനം. ഹിന്ദു ജീവിതരീതിയിൽ ദൈവമോ, പ്രവാചകനോ, പ്രവാചക വചനങ്ങളോ ഇല്ല, എന്നത് കൊണ്ട് തന്നെ ധർമ്മം അചഞ്ചലമല്ല. മറിച്ച്, മാറിക്കൊണ്ടിരിക്കുന്ന, കാലത്തിനനുസരിച്ച് മാറാൻ ബാധ്യസ്ഥമായ ഒന്നാണത്.

ഇന്ന് യുഗധർമ്മം എന്നത് ഭരണഘടന രൂപപ്പെടുത്തിയ മതേതരത്വമാണ്. അത് ലംഘിക്കുന്നവരെ ഹിന്ദുക്കളായി കണക്കാക്കാനാവില്ല. അവരെ ഹിന്ദു ജീവിതരീതിയുടെ ശത്രുക്കളായി മാത്രമേ കാണാൻ കഴിയൂ.

യഥാർത്ഥ ഹിന്ദു ജീവിതരീതി ഇന്ന് അപകടത്തിലാണ്. എന്നാൽ, അത് മറ്റ് മതങ്ങളാലല്ല. മറ്റുള്ളവരെ അനുകരിക്കാനും ഹിന്ദുവിസത്തിൻ്റെ സത്ത ഉപേക്ഷിക്കാനും ആഗ്രഹിക്കുന്ന, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ കാരണമാണ്. യഥാർത്ഥ ‘ബ്രഹ്മാസ്മി’യിലും ‘തത്ത്വമസി’യിലും വിശ്വസിക്കുന്നവർക്ക്, രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വന്നാലും ഇല്ലെങ്കിലും അത് അവരെ ബാധിക്കുന്ന വിഷയമാവില്ല.

എന്തുകൊണ്ടാണ് വിഷ്ണുവിൻ്റെ ഒമ്പത് അവതാരങ്ങളിൽ രാമൻ ഏറ്റവും ജനപ്രിയനായ അവതാരമാകുന്നത്? കാരണം, അദ്ദേഹം രാമരാജ്യം (നല്ല ഭരണം) കാഴ്ചവെക്കുകയും ധർമ്മം (നിയമവാഴ്ച) സംരക്ഷിക്കുകയും ചെയ്ത നല്ല മനുഷ്യനായിരുന്നു എന്നതുകൊണ്ടാണ്.

നിരപരാധികളെ കൊന്ന് ധർമ്മം ലംഘിക്കുന്നവർക്ക് രാമനെ ആരാധിക്കാൻ കഴിയില്ല. ജനന-മരണ ചക്രങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു ജീവിതരീതി, ഏത് രൂപത്തിലും ദൈവത്തെ ആരാധിക്കാനോ ആരാധിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ജീവിതരീതി, അദ്വൈതത്തോടുകൂടിയ പ്രപഞ്ച സാർവത്രികതയെ അംഗീകരിക്കുന്ന ഒരു ദർശനത്തിന് നിരപരാധികളെ കൊല്ലുന്നതുമായി പൊരുത്തപ്പെടുത്താൻ കഴിയില്ല.

ഗുജറാത്തിൽ ധർമ്മം കൊല്ലപ്പെട്ടു. നിരപരാധികളായ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ ധർമ്മ പ്രകാരം കുറ്റക്കാരാണ്. രാമൻ ജീവിച്ചിരുന്നെങ്കിൽ ഗുജറാത്തിലെ ‘അസുര’ ഭരണാധികാരികൾക്കെതിരെ തന്റെ വില്ലു പ്രയോഗിക്കുമായിരുന്നു. ജനനമരണ ചക്രങ്ങളുടെ സത്തയായ ജീവിതത്തോടുള്ള ആദരവും ഇഷ്ടദേവതകളുടെ ആരാധനയും ജീവനുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ഈശ്വരനെ കാണാനുള്ള കഴിവും വീണ്ടെടുക്കേണ്ടതുണ്ട്.

സ്വതന്ത്ര ഹിന്ദു ജീവിതരീതിയെ ഘടനാപരമായ ചട്ടക്കൂടുകളിലേക്ക് കടത്തിവിടാൻ ശ്രമിച്ചുകൊണ്ട് മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രലോഭനത്തെ ചെറുക്കേണ്ടതുമുണ്ട്. ധർമ്മം (നിയമവാഴ്ച) പുനഃസ്ഥാപിക്കണം. രാമരാജ്യം – നല്ല ഭരണം – സ്ഥാപിക്കുകയും പരിപോഷിപ്പിക്കുകയും വേണം.

ചിട്ടയുള്ള മറ്റേതെങ്കിലും മതം സ്വീകരിക്കുന്നത് പോലെയല്ല ഹിന്ദു ജീവിതരീതി. അതിനാൽ, ഈ ജീവിതരീതി മറ്റ് മതങ്ങളുമായി കലഹിക്കാതെ പ്രചരിപ്പിക്കാനും പരിപാലിക്കാനും പ്രാവർത്തികമാക്കാനും കഴിയണം. ഹൈന്ദവ ജീവിതരീതിയെ മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും താരതമ്യം ചെയ്യുന്നതുപോലെയാണ്. മതേതരത്വത്തിന്റെ അന്തസത്തയാണ് ഹിന്ദു ജീവിതരീതി. അതിന്റെ ചിന്താ പ്രക്രിയകളും ദാർശനിക പ്രതിഫലനങ്ങളും സ്വകാര്യമായി നിരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പൊതുസമൂഹത്തിൽ, ധർമ്മം, നിയമവാഴ്ച, എന്നിവ ബഹുമാനിക്കപ്പെടേണ്ടതാണ്.

ഈയിടെ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് രണ്ട് തരത്തിലുള്ള ഹിന്ദുമതത്തെ പരാമർശിച്ചു – ഒന്ന് വിവേകാനന്ദന്റേതും മറ്റൊന്ന് സ്വയം പ്രഖ്യാപിത “ഹിന്ദു” തീവ്രവാദികളുടേതുമാണ്. രണ്ടാമത്തേത് തീവ്ര മത പുരോഹിതരുടെ അതേ രീതി. ആ ഹിന്ദു തീവ്രവാദികളും സെമിറ്റിക് മതങ്ങളിലെ മൗലിക പുരോഹിതന്മാരും തമ്മിൽ വ്യത്യാസം ഒന്നുമില്ല.

ഹിന്ദു ജീവിതരീതി നമ്മുടെ കുട്ടികൾക്ക് ഒരു മതേതര ജീവിതരീതിയായി നമ്മൾ വിശദീകരിച്ചിട്ടില്ല എന്നതും ലോകത്ത് മറ്റെവിടെയെങ്കിലും ഈ വിധത്തിൽ ഹിന്ദു മതം നിലനിൽക്കുന്നില്ല എന്നതും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്.

കെ.സുബ്രഹ്മണ്യം:
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ മുൻ തലവനും ഇന്ത്യയിലെ മുൻനിര പ്രതിരോധ ചിന്തകരിൽ ഒരാളുമായിരുന്നു. നിലവിലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പിതാവ്. 2011ൽ മരണപ്പെട്ടു.

2002 ഏപ്രിൽ നാലിന് Dharma was killed in Gujarat എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.