ഇന്ത്യയിലുടനീളം മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ പുതിയ എപ്പിസോഡ് ഗോവയിലാണ്. സെൻട്രൽ ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന പഴയ സഫാ മസ്ജിദ് പള്ളി ആയിരുന്നില്ല എന്നതാണ് വാദം. ഈ വാദം ഉന്നയിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ദർ കണ്ടെത്തിയ കാരണം, സഫാ മസ്ജിദിൽ കാണുന്ന തരത്തിലുള്ള ജല ശേഖരണ ടാങ്കുകൾ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമാണ് കാണാറുള്ളത് എന്നതാണ്.
‘മുസ്ലിം പള്ളികളുടെ ഉത്ഭവം അറബ് നാടുകളിൽ നിന്നാണ്, അവിടെ വെള്ളമില്ലായിരുന്നു, അതിനാൽ പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ ഉണ്ടാവേണ്ട കാര്യമില്ല. ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരം ടാങ്കുകൾ ഉണ്ടായിരുന്നുള്ളൂ, അതിനർത്ഥം സഫാ മസ്ജിദ് യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്നാണല്ലോ’- എന്നതാണ് കണ്ടുപിടിത്തം!
വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരത്തിലുള്ള വിചിത്രമായ സംസാരങ്ങൾ രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച സ്വയം പ്രഖ്യാപിത വിദഗ്ദരെക്കാൾ ഭിന്നിപ്പുണ്ടാക്കുന്ന വാചാടോപങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ഗോവയിലെ ബി.ജെ.പി കാബിനറ്റ് മന്ത്രിമാർ. “പോർച്ചുഗീസുകാർ നശിപ്പിച്ച ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കു”മെന്ന് ഗോവ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അത് പോരാ എന്ന മട്ടിൽ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സുദിൻ ധവാലിക്കർ, “ഗോവയിലെ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങൾ” അന്വേഷിക്കണമെന്ന് ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യോട് ആവശ്യപ്പെട്ടിരുന്നു.
സഫാ മസ്ജിദിന് നേരെയുള്ള ഈ പുതിയ ആക്രമണം പക്ഷെ, ഗോവയിലെ പള്ളികളുടെ വിസ്മരിക്കപ്പെട്ട അതുല്യമായ വാസ്തുവിദ്യ ശ്രദ്ധിക്കപ്പെടാൻ സഹായകമായി.
സ്വയം പ്രഖ്യാപിത വിദഗ്ധരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, സഫാ മസ്ജിദിന്റെ വാസ്തുവിദ്യാ ഘടകങ്ങൾ അസാധാരണമല്ല. ഇത്തരത്തിലുള്ള വേറെയും പള്ളികളുണ്ട് ഗോവയിൽ. സഫാ മസ്ജിദിൽ നിന്ന് 20 കിലോമീറ്ററിൽ അകലെ, സുർല ഗ്രാമത്തിലെ മണ്ഡോവി നദിയുടെ തീരത്ത് സമാനമായ ഒരു ഘടനയുണ്ട് – മനോഹരമായ സുർല തർ മസ്ജിദ്.
സഫാ മസ്ജിദിനെക്കാൾ ചെറുതും അലങ്കാരത്തിലും വിശദാംശങ്ങളിലും ലളിതവുമാണ് ഈ മസ്ജിദ് സമുച്ചയം. ഒരു വലിയ ചതുരാകൃതിയിലുള്ള ജല ശേഖരണ ടാങ്കിന് അഭിമുഖമായി താരതമ്യേന ചെറിയ കെട്ടിടത്തിന്റെ സമാനമായ ക്രമീകരണമാണ് മസ്ജിദിന്. പഴയ മസ്ജിദ് കെട്ടിടത്തിന് പിന്നിൽ പുതിയതായി തോന്നിക്കുന്ന ഒരു ദർഗയുമുണ്ട്.

ഈ സമുച്ചയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, അതിന്റെ പ്രായം സംബന്ധിച്ചു തർക്കമുണ്ടാവാൻ വഴിയില്ല: 1936-ൽ സിദ്ധേശ്വർ ക്ഷേത്രം രജിസ്റ്റർ ചെയ്യുമ്പോൾ, സുർല ഗ്രാമത്തിലെ പ്രധാന ദേവനായ സിദ്ധേശ്വരന്റെ അനുബന്ധ ദേവൻമാരിൽ ഒന്നായി മസ്ജിദിലെ
‘പീർ സാഹെബ്’നെയും പട്ടികപ്പെടുത്തിയിരുന്നു.
മുൻകാലങ്ങളിൽ ഈ പള്ളിയിലെ മുഹറം ആഘോഷം ഗ്രാമത്തിലെ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ഒരു പ്രധാന പരിപാടിയായിരുന്നുവെന്ന് ഗ്രാമനിവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ മുസ്ലീം ജനസംഖ്യയോടൊപ്പം അത്തരം ആഘോഷങ്ങളും കുറഞ്ഞു. എന്നാൽ മാർച്ച് മാസം നടക്കുന്ന, ഗ്രാമത്തിലെ പരമ്പരാഗത വസന്തോത്സവമായ ഷിഗ്മോ ആഘോഷത്തിന്റെ ഭാഗമാവാറുണ്ട് മസ്ജിദ്.
സുർള ടാർ മസ്ജിദിലെ ജല ശേഖരണ സംവിദാനം സഫാ മസ്ജിദിലെതിന് സമാനമാണ്. അതിന്റെ ഭിത്തികളോട് ചേർന്ന് ഓഗീ കമാനങ്ങൾ കൊണ്ട് നിരത്തിയിരിക്കുന്നു, അതിനിടയിൽ വെള്ളത്തിലേക്കുള്ള പടവുകളും കാണാം. പ്രാർത്ഥനാ ഹാൾ മാത്രമുള്ള സഫാ മസ്ജിദിൽ നിന്ന് വ്യത്യസ്തമായി, ഇവിടെയുള്ള മസ്ജിദ് കെട്ടിടത്തിൽ പ്രാർത്ഥനാ ഹാളിന് പുറമെ മറ്റൊരു ഹാളും അടങ്ങിയിരിക്കുന്നു. രണ്ട് കെട്ടിടങ്ങളും തകർന്ന തൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഈ തൂണുകൾ മുൻപുണ്ടായിരുന്ന പോർട്ടിക്കോയുടെ അവശിഷ്ടങ്ങളാവാം.
പെർനെമിലെ കോർഗാവോ ദർഗയിൽ, ഇപ്പോൾ ആധുനിക സാമഗ്രികൾ ഉപയോഗിച്ച് നവീകരിച്ച സമാനമായ ഒരു ഘടനയുണ്ട് – മധ്യഭാഗം ഉയർന്ന പ്രാർത്ഥനാ ഹാളും, ഹാളിനു മുകളിൽ ചെരിഞ്ഞ ടൈൽ വിരിച്ച മേൽക്കൂരയുമാണ്. അതിനു താഴെ പുറത്തേക്ക് തള്ളി നിൽക്കുന്ന മേൽക്കൂരയുള്ള ഒരു പോർട്ടിക്കോ.
ഈ ദർഗ കെട്ടിടം തെരേകോൾ നദിക്കരയിലായത് കൊണ്ടാവാം ഇവിടെ മറ്റു ജല ശേഖരണ സംവിധാനങ്ങളൊന്നുമില്ല.
19-ാം നൂറ്റാണ്ടിൽ, പോർച്ചുഗീസ് പര്യവേക്ഷകനായ എ. ലോപ്സ് മെൻഡസ് വരച്ച്, 1886-ൽ ‘എ ഇന്ത്യാ പോർച്ചുഗീസ’ പ്രസിദ്ധീകരിച്ച സാൻക്വെലിം പള്ളിയുടെ ചിത്രത്തിലും ഇതേ ഘടന കാണാം.

1997-ൽ വാസ്തുവിദ്യാ ചരിത്രകാരനായ മെഹർദാദ് ഷോക്കൂഹി സഫാ മസ്ജിദിനെക്കുറിച്ചു നടത്തിയ പഠനം അനുസരിച്ച്, അതിന്റെ യഥാർത്ഥ മേൽക്കൂര നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നുമുള്ള മസ്ജിദിന്റെ ഒരു ചിത്രത്തിൽ മേൽക്കൂരയില്ലാത്ത, അവഗണിക്കപ്പെട്ട നിലയിലാണ് മസ്ജിദിനെ കാണാൻ കഴിയുക. ഇപ്പോൾ നിലവിലുള്ള മേൽക്കൂര അടുത്തിടെ അധികാരികൾ പണിയിച്ചതാവാം.
യഥാർഥത്തിൽ തടി കൊണ്ട് നിർമ്മിച്ച, ടൈലുകൾ കൊണ്ട് അലങ്കരിച്ച ഒരു ചരിഞ്ഞ മേൽക്കൂരയാവാം ഉണ്ടായിരിന്നിരിക്കുക. കൂടാതെ ഒരു പോർട്ടിക്കോയാൽ ചുറ്റപ്പെട്ട പ്രാർത്ഥനാ ഹാളും. ഈ ക്രമീകരണം കേരളത്തിലെ പഴയ മസ്ജിദുകൾക്ക് സമാനമാണെന്ന് മെഹർദാദ് ഷോക്കൂഹി പറയുന്നു. ഇത് പടിഞ്ഞാറൻ തീര പ്രദേശങ്ങളിലെ മുസ്ലിം പള്ളികളുടെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
പക്ഷേ, മസ്ജിദിന്റെ ഉയർന്ന നിലം, അലങ്കാര ഇടങ്ങൾ, ഓഗീ കമാനങ്ങൾ എന്നിവ ഡെക്കാൻ സുൽത്താനേറ്റുകളുടെ വാസ്തുവിദ്യയോട് സാമ്യമുള്ളതാണ്. ഇതെല്ലാം കൂടിച്ചേരുന്ന ഒരു വാസ്തുവിദ്യാ സങ്കരമാണ് ഗോവയിലെ മസ്ജിദുകളിൽ കാണാൻ സാധിക്കുക. ഗോവയുടെ വ്യതിരിക്തവും സർഗ്ഗാത്മകവുമായ വൈവിധ്യമാർന്ന വാസ്തുവിദ്യാ പാരമ്പര്യങ്ങളുടെ ഭാഗമാണ് പള്ളികൾ, ക്ഷേത്രങ്ങൾ, ഗാർഹിക വാസ്തുവിദ്യ എന്നിവയിലെ ഈ വിസ്മയങ്ങൾ.
പള്ളികളും ജല ശേഖരണ സംവിധാനങ്ങളും.
ഇനി പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ ഇല്ല എന്ന വാദത്തിലേക്ക് വരാം. വസ്തുത പരിശോദിക്കുമ്പോൾ മുസ്ലിം പള്ളികളിൽ എല്ലായ്പ്പോഴും ജലാശയങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമാകും. അവ വലിയ ടാങ്കുകൾ തന്നെ ആവണമെന്നില്ല. ചെറിയ കുളങ്ങൾ മുതൽ പടികൾ കെട്ടിയ കിണറുകളോ മറ്റ് ഘടനകളോ ആവാം. ദക്ഷിണേഷ്യയിലും, അതിനു പുറത്തും മസ്ജിദുമായി ബന്ധപ്പെട്ട ഇത്തരം നിരവധി ജലാശയങ്ങൾ കാണാൻ കഴിയും.
ഇന്നത്തെ കാലത്ത്, ഈ ജലസ്രോതസ്സുകളിൽ പലതും ആധുനിക ജലസ്രോതസ്സുകളാൽ മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ. ഏത് രൂപത്തിലായാലും, പ്രാർത്ഥനക്ക് മുമ്പ് മുസ്ലിംകൾ നടത്തുന്ന ആചാരപരമായ ‘വുദു’വിന് ജലസ്രോതസ്സ് ആവശ്യമാണ്. മുസ്ലിം പള്ളികളിൽ മാത്രമല്ല ക്രിസ്ത്യൻ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള മിക്ക ആരാധനാലയങ്ങളിലും ജല ശേഖരണ സംവിദാനങ്ങൾ ഉണ്ട്. അതിനാൽ ഹിന്ദു ആരാധനാലയങ്ങളിൽ മാത്രമാണ് വെള്ളത്തിന് പ്രാധാന്യം ഉള്ളത് എന്ന വാദം നിലനിൽക്കുന്നില്ല.
സഫാ മസ്ജിദിന്റെ ടാങ്കിനെ കുറിച്ച് പറയവേ, കർണ്ണാടകയിലെ വിജയപുരയിൽ താജ് ഖാൻ ബാവോലി പോലെയുള്ള ചില മസ്ജിദുകൾക്ക് സമാനമായ ടാങ്കുകൾ ഉണ്ടെന്ന് മെഹർദാദ് ഷോക്കൂഹി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയ്ക്ക് ഗോവയിലെ മസ്ജിദ് ടാങ്കിന്റെ അരികിലുള്ള കമാനങ്ങളൊന്നുമില്ല പകരം സമതലമായ മതിലുകളാണ്.
കേരളത്തിലെ മസ്ജിദുകളിലും അലങ്കരിച്ച ജല ശേഖരണ ടാങ്കുകൾ ഉണ്ടായിരുന്നതായി 14-ആം നൂറ്റാണ്ടിലെ മധ്യകാല പര്യവേക്ഷകനും പണ്ഡിതനുമായ ഇബ്‌നു ബത്തൂത്തയുടെ വിവരണത്തിൽ നിന്ന് വ്യക്തമാകും. . ഇന്നത്തെ കോഴിക്കോടിന് വടക്ക് ദഹ്ഫത്താനിൽ, ചതുരാകൃതിയിലുള്ള, അലങ്കരിച്ച, ചവിട്ടുപടികളുള്ള ജല ശേഖരണ സംവിദാനമുള്ള ജാമി പള്ളിയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. വലുപ്പത്തിൽ വ്യതാസമുണ്ടെങ്കിലും, ദഹ്ഫതൻ ടാങ്ക്, പോണ്ട- സുർല ടാർ ടാങ്കുകൾക്ക് സമാനമാണ്. പ്രിയോളിലെ മംഗുഷി ക്ഷേത്രത്തിലെന്നപോലെ പിന്നീടുള്ള ഗോവൻ ക്ഷേത്ര ടാങ്കുകളെയും ഈ നിർമിതികൾ സ്വാധീനിച്ചിരിക്കാം.

സഫ മസ്ജിദിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്നതും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത് പ്രകാരമുള്ള 1560 എന്ന തീയതിക്ക് മതിയായ വിശദീകരണമൊന്നും നൽകിയിട്ടില്ല എന്നതും ഈ പള്ളി സമുച്ചയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചിലതൊക്കെ മറച്ചുവെക്കപ്പെടുന്നു എന്നതിന്റെ തെളിവായി സ്വയം പ്രഖ്യാപിത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സുർള മസ്ജിദ് പോലെ സഫാ മസ്ജിദിന്റെ ഉൽഭവത്തെ സംബന്ധിച്ച രേഖകളോ ലിഖിതങ്ങളോ ലഭ്യമല്ല എന്നത് ശരിയാണ്. ആർക്കിയോളജിക്കൽ സർവേ പ്രകാരമുള്ള 1560 എന്ന തീയതി തെളിയിക്കുന്ന എന്തെങ്കിലും തനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മെഹർദാദ് ഷോക്കൂഹി വിശദീകരിക്കുന്നുണ്ട്.
എന്നാൽ, ദക്ഷിണേഷ്യയിലെ പഴയ പല കെട്ടിടങ്ങളുടെയും അടിസ്ഥാന രേഖകൾ ലഭ്യമല്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഈ പള്ളിയുടെ സാന്നിധ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരേണ്ടതില്ല. കാരണം പതിനാലാം നൂറ്റാണ്ടിൽ ഗോവ ഡെക്കാൻ സുൽത്താനേറ്റുകളുടെ ഭാഗമാകുന്നതിന് വളരെ മുമ്പുതന്നെ ഇവിടെ മുസ്ലീംകൾ ഉണ്ടായിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട്, ഏഴാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഈ പ്രദേശത്ത് മുസ്ലിം സാനിധ്യം ഉണ്ടായിരുന്നതായി രേഖകൾ സൂചിപിപ്പിക്കുന്നു.
ഇങ്ങനെ ഒരു പ്രദേശത്ത് ഒരു പള്ളിയുടെ സാന്നിധ്യത്തിൽ ആശ്ചര്യപ്പെടുന്നതിന് പകരം, കൂടുതൽ പുരാതന പള്ളികൾ എന്തുകൊണ്ട് കാണാൻ സാധിക്കുന്നില്ല എന്നതാണ് നമ്മെ അലട്ടേണ്ടത്.
അതിനുള്ള ഉത്തരം വ്യക്തമാണ്. ആ പള്ളികൾ പോർച്ചുഗീസുകാർ തകർത്തു കളഞ്ഞതാവാം. എന്നാൽ അത്തരത്തിൽ നശിപ്പിക്കപ്പെട്ട, ഇപ്പോഴും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിം, ബുദ്ധ, ജയിൻ ആരാധനാലയങ്ങളെ പറ്റി ആശങ്കയോ അത് പുനർനിർമിക്കണമെന്ന ആഗ്രഹമോ ബി.ജെ.പിക്കില്ല. ഇതിൽ നിന്നും ഇത്തരം നുണ പ്രചാരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്.