കേരളം ഐ.എസ്സിൻ്റെ റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ജനക്കൂട്ടത്തോടാണ് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി സംവദിക്കുന്നത്. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്കും മറ്റും, യുദ്ധം ചെയ്യാനും ലൈംഗിക അടിമകളാക്കാനും കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാരുമായി ഇഴഞ്ഞു നീങ്ങുകയാണ് സിനിമ.
സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ സുദീപ്തോയോടൊപ്പം ചേർന്ന് എഴുതിയ വിഷലിപ്തമായ തിരക്കഥ മത പരിവർത്തനത്തെ കുറിച്ചുള്ള തെറ്റായ കണക്കുകൾ ഇന്ത്യൻ മധ്യവർഗത്തിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് 2022ൽ ഇൻ ദി നെയിം ഓഫ് ലവ് എന്ന ഒരു ഡോക്യുമെന്ററിയും സുദീപ്തോ നിർമ്മിച്ചിരുന്നു. ഡോക്യുമെൻ്ററിയിൽ താൻ മുന്നോട്ട് വെച്ച് – എല്ലാ ഹിന്ദു-മുസ്‌ലിം ഇടപെടലുകൾക്കും പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് പറയുന്ന – വാദത്തെ പിന്തുണയ്ക്കാൻ ഫിക്ഷന്റെ സാധ്യത ഉപയോഗിക്കുകയാണ് കേരള സ്റ്റോറിയിൽ സുദീപ്തോ.

ഇതിന് പുറമെ നാടകീയത നിറഞ്ഞ് തുളുമ്പുന്ന രംഗങ്ങളും, അലമുറയിടുന്ന പശ്ചാത്തല സംഗീതവും, പ്രാചീന ആക്രമണ മുറകളും കൂടി വരുമ്പോൾ സിനിമ തീർത്തും അസഹനീയമാകുന്നു. സിനിമ ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെ മാത്രമാണ്. ഇസ്ലാമിൻ്റെ അടിസ്ഥാനം തന്നെ അതിൻ്റെ അനുയായികളെ തീവ്രവാദ ചിന്താഗതിയിലേക്ക് നയിക്കലാണെന്ന് സിനിമ പറഞ്ഞുവെക്കുന്നു. ആദ ശർമ്മ അവതരിപ്പിക്കുന്ന ശാലിനി എന്ന കഥാപാത്രം നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് മൂന്ന് പേരെ പരിചയപ്പെടുന്ന രംഗമുണ്ട് ചിത്രത്തിൽ. അതിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഓരോരുത്തരാണുള്ളത്. അതിൽ സോണിയ ബദ്ലാനി അവതരിപ്പിക്കുന്ന അസിഫ എന്ന മുസ്‌ലിം കഥാപാത്രത്തിൻ്റെ ദൈവ വിശ്വാസം തന്നെ അവളുടെ ഐ.എസ്സ് ബന്ധത്തിന് കാരണമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആസിഫ വളരെ തന്ത്രപരമായി തൻ്റെ കൂടെയുള്ള മറ്റു മതസ്ഥരെ തൻ്റെ വലയിൽ വീഴ്ത്തുന്നു. യാതൊരു സംശയമോ സംവാദമോ കൂടാതെ ആസിഫ പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവരായാണ് മറ്റുള്ളവരെ സൂദീപ്തോ സിനിമയിൽ കാണിക്കുന്നത്.

നരകത്തെ കുറിച്ച് അതുവരെ കേട്ടിട്ടില്ലാത്ത, ഹിജാബ് സ്ത്രീകളുടെ സുര്ഷിതത്വത്തിന് വേണ്ടിയാണ് എന്ന് ആസിഫ പറയുന്ന മുറക്ക് അത് വിശ്വസിച്ച് തലയിൽ തട്ടവുമിട്ട് മുസ്‌ലിം ചെറുപ്പക്കാരെ ഡേറ്റ് ചെയ്യാൻ ഇറങ്ങാൻ മാത്രം നിഷ്കളങ്കരും വ്യക്തിതമില്ലാത്തവരുമായാണ് മറ്റു മതസ്ഥരെ സുടീപ്തോ അവതരിപ്പിക്കുന്നത്.
മിക്കവാറും എല്ലാ സീക്വൻസുകളിലും ഇസ്‌ലാമിനെ സിനിമയുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായി കാണാം. ചെറിയ ഡയലോഗ് മുതൽ സിനിമയുടെ ചെറുതും വലുതുമായ ഫ്രെയിമിൽ ഒക്കെ അല്ലാഹു ആണ് ഏകദൈവം എന്നും ഇസ്‌ലാം മാത്രമാണ് ഏക മതമെന്നുമുള്ള കാഴ്ചപാടിനെ ആവർത്തിച്ച് അവതരിപ്പിക്കുന്നുണ്ട്.
ഇരകളെ കണ്ടെത്തുന്നതിൽ ഉണ്ടാവുന്ന കാലതാമസത്തിൽ അക്ഷമനായ ഒരു മതപണ്ഡിതൻ തന്റെ അനുയായികളോട് “അവരെ അടുത്ത് കൊണ്ടുവരാനും മയക്കുമരുന്ന് നൽകാനും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കഴിയുമെങ്കിൽ അവരെ ഗർഭിണിയാക്കാനും” ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം പൂർണ്ണമായി പിന്തുടർന്നതും അത് ചിത്രത്തിൽ കാണിക്കുന്നതും വേദനാജനകമാണ്.
138 മിനിറ്റ് ദൈർഘ്യമുള്ള സിനിമ പ്രസ്തുത വിഷയത്തിൽ ചർച്ചയിലുള്ള എല്ലാത്തരം അവലംബങ്ങളും ചിത്രത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ കാസർകോട് മലപ്പുറം എന്നീ സ്ഥലങ്ങൾ അപകടകരമായ റിക്രൂട്ട്‌മെന്റ് സൈറ്റുകളായാണ് ചിത്രീകരിക്കപ്പെടുന്നത്. ആസിഫയുടെ റിംഗ്‌ടോണിൽ പോലും “അല്ലാഹു” എന്ന വാക്ക് ഉപയോഗിക്കുന്നതും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.
ശാലിനിയുടെ കാമുകന്റെ സ്ഥലത്തെ ഒരു പോസ്റ്ററിൽ പറയുന്നത്: “ദേശീയത ഹറാമാണ്. ഇസ്ലാമാണ് നിങ്ങളുടെ ഐഡന്റിറ്റി” എന്നാണ്.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിനെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്നതാണ് സംഭാഷണത്തിന്റെ മറ്റൊരു വരി. ഇങ്ങനെ ഓരോ ഇന്ത്യൻ മുസ്‌ലിമിനെയും മതഭ്രാന്തന്മാരാക്കി, ഇസ്ലാമോഫോബിയയുടെ ആരോപണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സിനിമ ശ്രമിക്കുന്നു. മതപരിവർത്തനത്തിൽ വിലപിക്കുന്ന ഒരു ഗാനം പോലും സിനിമയിൽ ഉണ്ട്.
കേരളം മുഴുവൻ ഒരു ടൈം ബോംബിന്റെ മുകളിൽ ആണെന്നും ദൈവത്തിന്റെ സ്വന്തം നാട് അവസാനിക്കാൻ പോകുകയാണെന്നും ശാലിനിയുടെ സുഹൃത്ത് നൈമ മാത്യു പറയുന്നൊരു രംഗം ചിത്രത്തിൽ ഉണ്ട്. കേരളത്തെ ലൗ ജിഹാദ് അടക്കമുള്ള ‘മുസ്ലിം തീവ്രവാദത്തിലൂടെ’ അരക്ഷിതമായ ഒരു സ്ഥലമായി തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ് സിനിമ പ്രാഥമികമായും നിർവഹിക്കാൻ ശ്രമിക്കുന്നത്