Skip to content Skip to sidebar Skip to footer

‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?

സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു.

കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും
ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ അന്വേഷണത്തിൽ ബഹുസ്വരത, മതേതരത്വം, സമൂഹസമത്വം എന്നിവയുടെ പ്രാധാന്യം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ബംഗ്ലാദേശിന്റെ ദേശീയ കവി കൂടിയായ കാസി നസ്രുൽ ഇസ്ലാം തന്റെ മാസികയായ ധുംകേതുവിലൂടെയും ഇതിഹാസകാവ്യമായ ബിരോധി (വിപ്ലവകാരി) യിലൂടെയും സ്വേച്ഛാധിപത്യ ഭരണത്തെയും വർഗീയ വിദ്വേഷത്തെയും വെല്ലുവിളിച്ചു.

ഹിന്ദു -മുസ്ലിം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലും അണിചേരാത്തതിനാൽ രണ്ടു പക്ഷത്തുനിന്നും അദ്ദേഹം എതിർപ്പുകൾ സമ്പാദിച്ചു. ഹൈന്ദവ, ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ അഗാധ പരിജ്ഞാനമുള്ള നസ്‌റുൽ ഇസ്ലാം സംഘടിത മതത്തോട് വിമുഖത കാണിക്കുകയും മതവും ദൈവവുമായുള്ള തന്റെ ബന്ധം വ്യക്തിപരമായി നിലനിർത്തിപോരുകയും ചെയ്തു.

ഹൈന്ദവ-ഇസ്ലാമിക പാരമ്പര്യങ്ങളുടെ ഏകീകരണമായിരുന്നു നസറുൽ ഇസ്ലാമിന്റെ രചനകൾ. അദ്ദേഹം ആധുനിക ബംഗാൾ കലകളിൽ ഗസലിനെ ഉയർത്തികൊണ്ടുവരികയും, ഭജനകളും കീർത്തനകളും രചിക്കുകയും ചെയ്തു.

“പള്ളികളും ക്ഷേത്രങ്ങളും വിഭജനരേഖക്കായി ഉപയോഗിക്കരുത് “. മുസ്ലിം – ഹൈന്ദവ സമുദായത്തിന്റെ ഒരുമയുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ മാസികയായ ധുംകേതുവിലൂടെയാണ് നസ്റുൽ ഇസ്ലാം ഇപ്രകാരം ഉപഹസിച്ചത്.

രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര സംഗീതം ബംഗാളി സംഗീതത്തിന് എത്രമാത്രം പ്രധാനമാണോ അത്രമാത്രം പ്രസക്തമായിരുന്നു നസ്‌റുൽ ഇസ്ലാമിന്റെ നസ്റുൽഗീതി ബംഗാളിന്. പശ്ചിമ പാകിസ്താന്റെ ഉറുദു ആധിപത്യ കാലത്ത് ബംഗാളി മുസ്ലിംകളുടെ ആസ്ഥാന കവിയായിമാറിയ ഈ ‘ബിരോധി കോപി’ (വിപ്ലവകവി) ബംഗാൾ സാഹിത്യത്തിന്റെ കുതിപ്പിന് മാത്രമല്ല ചുക്കാൻ പിടിച്ചത്. മറിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനും സ്ത്രീവിമോചനത്തിനും മത സൗഹാർദ്ദത്തിനും കൂടി വേണ്ടിയായിരുന്നു. ടെലഗ്രാഫിന്റെ പ്രസൂൺ ചൗധരി തന്റെ “റിബൽ പോയറ്റ്” എന്ന ലേഖനത്തിൽ നസ്രുൽ ഇസ്ലാമിനെക്കുറിച്ച് ഇപ്രകാരം എഴുതി; “കൊളോണിയലിസം, മതമൗലികവാദം, വരേണ്യത, ഫാസിസം എന്നിവയ്‌ക്കെതിരെ തൂലിക പടവാളാക്കിയ ആക്ടിവിസ്റ്റായിരുന്നു നസ്‌റുൽ ഇസ് ലാം.”

ഒരു കവിയുടെയും ആക്റ്റിവിസ്റ്റിന്റെയും ജനനം

ബൻകിം ചന്ദ്രചാറ്റർജി ആനന്ദമഠവും വന്ദേമാതരവും രൂപപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു
കാസി നസ്രുൾ ഇസ്ലാമിന്റെ ജനനം. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിൻ്റെത്. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. ദാരിദ്ര്യത്തിന്റെ കയ്പ്പുനീരിലായിരുന്നു ആ നാളുകൾ.
പ്രദേശത്തെ ഒരു പള്ളിയിൽ മുഅദ്ദിനായിട്ടായിരുന്നു തുടക്കം. ശേഷം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി നാനാവിധ ജോലികളിൽ ഏർപ്പെട്ടു.

അദ്ദേഹത്തിന്റെ കുടുംബം പാട്‌നയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു. 1899 മെയ് 24 ന് ബംഗാളിലെ അസൻസോൾ ജില്ലക്കടുത്തുള്ള ചുരുലിയയിലാണ് നസ്രുൽ ഇസ്ലാം ജനിച്ചത്. അവിടെയാണ് അദ്ദേഹം തന്റെ ബാല്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ചത്. തന്റെ അമ്മാവനായ ബാസിൽ കരീമിന്റെ ട്രാവലിംഗ് തിയറ്റർ ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് ചുവടുവെച്ചത്. പുരാണ ഗ്രന്ഥങ്ങളും, സംസ്‌കൃതത്തിലും ബംഗാളിയിലുമുള്ള ഹിന്ദു സാഹിത്യ ഗ്രന്ഥങ്ങളും അദ്ദേഹത്തിനു പരിചയപ്പെടുത്തിയത് അമ്മാവൻ ബാസിൽ കരീം തന്നെയായിരുന്നു.

തന്റെ കലാപരമായ കഴിവുകൾ മനസിലാക്കിയ ഇന്നത്തെ ബംഗ്ലാദേശായ കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള ഒരാൾ അദ്ദേഹത്തിന് തുടർ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകി. നസ്രുൽ ഇസ്ലാമിന്റെ ഉള്ളിലെ കവിയെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്റെ അധ്യാപകർ വലിയ പങ്ക് വഹിച്ചു. അറിയപ്പെടുന്ന കവി കുമുദ് രഞ്ജൻ മാലിക് നസ്രുലിന്റെ അധ്യാപകരിൽ ഒരാളായിരുന്നു. വിപ്ലവകാരിയായ ജുഗന്തർ പാർട്ടിയുമായി ബന്ധമുള്ള തന്റെ അധ്യാപകനായ നിബാരൺ ചന്ദ്ര ഘട്ടക്കിന്റെ സാന്നിധ്യം അദ്ദേഹത്തിന്റ ജീവിതത്തിലെ ഒരു നാഴികകല്ലാണ്. കൊളോണിയൽ ഭരണത്തോടുള്ള സമൂലമായ എതിർപ്പിനെത്തുടർന്ന് 1878-ലെ ഇന്ത്യൻ ആയുധ നിയമപ്രകാരം ജയിൽവാസം അനുഭവിച്ച ബംഗാളിലെ ആദ്യ വനിതയായിരുന്നു ഘട്ടക്കിന്റെ അമ്മായിയായ ദുകുരിബാല ദേബി. നസ്രുലിന്റെ വിപ്ലവ വീക്ഷണത്തിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു ഘട്ടക്കുമായുള്ള സമ്പർക്കങ്ങൾ.

തന്റെ പഠനം ഉപേക്ഷിച്ച് കറാച്ചിയിൽ സൈനിക പരിശീലനം തേടാൻ അദ്ദേഹം തീരുമാനിച്ചു. ഈ സമയത്ത്, അദ്ദേഹത്തെ ബോൾഷെവിക് വിപ്ലവം സ്വാധീനിക്കുകയും സാമ്രാജ്യ സേനയിലെ തന്റെ പങ്ക് അനാവരണം ചെയ്യാനും മനസ്സിലാക്കാനും തുടങ്ങി, ഒരു എഴുത്തുകാരൻ തന്റെ കാലഘട്ടത്തിൽ എങ്ങനെ രൂപപ്പെട്ടുവെന്ന് സെൻഗുപ്ത തന്റെ ദി വയറിന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

വിമുക്തഭടൻ എന്ന പദവി ഉപയോഗിച്ച് നിഷ്പ്രയാസം ഒരു സർക്കാർ ജോലി നേടാമായിരിന്നിട്ടുകൂടി നസ്രുൾ ഇസ്ലാം കവിതയുടെ വഴിയാണ് സ്വീകരിച്ചത്. 1919- ഓടുകൂടി, ‘ബംഗിയ മുസൽമാൻ’ സാഹിത്യ പത്രികയിൽ തന്റെ ആദ്യ കവിത ‘മുക്തി’ പ്രസിദ്ധീകരിച്ചു. അതിന് മുന്നോടിയായി തന്റെ ആദ്യ ഗദ്യമായ ‘ബൌണ്ടുളർ ആത്‍മകഹാനി’ ആയിരുന്നു അദ്ദേഹം പ്രസിദ്ധീകരിച്ച മറ്റൊരു സാഹിത്യകൃതി. തന്റെ ഒട്ടുമിക്ക സാഹിത്യ രചനകളും ‘മോസ്‌ലം ഭാരത് ‘ എന്ന വാരികയിലൂടെയാണ് വെളിച്ചം കണ്ടിരുന്നത്.

നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ച കാലഘട്ടത്തിലായിരുന്നു നസ്രുൽ ഇസ്ലാമിന്റെ കവിതകൾ രൂപാന്തരം പ്രാപിക്കുന്നതും വികസിക്കുന്നതും. പത്രപ്രവർത്തനത്തിലുള്ള താൽപര്യങ്ങൾ വളർന്നുവന്നതും അക്കാലത്തായിരുന്നു. 1922ലാണ് തന്റെ എക്കാലത്തെയും പ്രസിദ്ധമായ കവിത ബിരോധി അദ്ദേഹം എഴുതുന്നത്. അടിച്ചമർത്തുന്ന ഒരു ഭരണകൂടത്തെ അത്രയും സൂക്ഷ്മവും സരസവുമായി വെല്ലുവിളിച്ച ചുരുക്കം ചില കവിതകളിലൊന്നായിരുന്നു ബിരോധി.

ടാഗോറിന്റെ ‘ഷൊണാർ ടോറിയെ’ പോലും കടത്തിവെട്ടി ‘ബിരോധി’ ജനപ്രീതി സമ്പാദിച്ചു. ഒരിക്കൽ നസ്രുൽ ഇസ്ലാം ടാഗോറിന്റെ വീട്ടിലേക്ക് കയറിചെന്ന് തമാശരൂപേണ പറഞ്ഞുവത്രെ;”ഗുരുദേവാ, നിന്നെ കൊല്ലാനാണ് ഞാൻ വന്നത്”. ടാഗോറിന്റെ ആധിപത്യത്തെ പലപ്പോഴായി വെല്ലുവിളിച്ചെങ്കിലും, ഈ രണ്ട് മഹാകവികളും പരസ്പരം ബഹുമാനിക്കുകയും, പരസ്പരം പിന്തുണക്കുകയും ചെയ്തുപൊന്നു.

1922-ൽ തന്റെ മാസിക ധുംകേതുവിലൂടെ നസ്രുൽ ഇസ്ലാം പത്രപ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായി.
ധുംകേതുവിന്റെ ഒരു കോപ്പി സ്വന്തമാക്കാൻ ദിവസങ്ങളോളം ആളുകൾ ക്യൂ നിൽകുമായിരുന്നു. ആവേശം ആളിപടർത്താനുള്ള കനലുണ്ടായിരുന്നിട്ടുംപോലും ധുംകേതു സാമുദായിക സൗഹാർദത്തിന് ഊന്നൽ കൊടുത്തു. ആഴത്തിലുള്ള വിശകലനവും, അടിച്ചമർത്തലുകളെ കഠിനമായ വാക്കുകളിലൂടെയും വസ്തുതകളിലൂടെയും ചൂണ്ടികാണിച്ച ധുംകേതുവിനെ രവീന്ദ്രനാഥ ടാഗോറും ശരത് ചന്ദ്ര ചതോപാധ്യായയും പ്രശംസിക്കുകയുണ്ടായി. ടാഗോർ തന്റെ കാവ്യാത്മകമായ പ്രശംസയിൽ, ധൂമകേതുവിനോട് അതിന്റെ ധീരമായ വെല്ലുവിളിയിൽ ഇപ്പോഴും അർധബോധാവസ്ഥയിൽ ഉള്ളവരെ ഉണർത്താൻ ആവശ്യപെട്ടു.

മിശ്ര വിവാഹം!

വിവാദങ്ങളുടെ നായകനായ നസ്രുൽ ഇസ്ലാം 1924 ഏപ്രിൽ 25-ന് ബ്രഹ്മസമാജത്തിന്റെ പ്രമീള സെൻഗുപ്തയെ വിവാഹം കഴിച്ചു. ഇത് ഇരു സമുദായങ്ങളെയും പ്രകോപിപ്പിച്ചു. അക്കാലത്തെ അപൂർവം കാഴ്ചകളിൽ ഒന്നായിരുന്നു ഒരു മുസ്ലിം പുരുഷൻ ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്നത്. എന്നാൽ പ്രമീളയോടുള്ള നസ്രുൽ ഇസ് ലാമിന്റെ പ്രണയം മതത്തിൻ്റെ അതിരുകൾക്കും അപ്പുറത്തായിരുന്നു. തന്റെ മതേതര കാഴ്ചപ്പാടുകൾക്ക് തന്റെ മക്കളുടെ പേരുകളിലും അദ്ദേഹം നിലനിർത്തി —കാസി സബ്യസാചി, കൃഷ്ണ മുഹമ്മദ്, കാസി അനിരുദ്ധ.

1972 ൽ, ബംഗ്ലാദേശ് സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം കാസി നസ്രു ഇസ്ലാം കുടുംബ സമേതം ധാക്കയിൽ സ്ഥിരതാമസമാക്കി.1976 ഓഗസ്റ്റ് 29-ന് രോഗബാധിതനായി അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയുണ്ടായി.

സോയ ഭാട്ടി എഴുതി ‘ദി പ്രിന്റ് ‘ പ്രസിദ്ധീകരിച്ച ലേഖനം.

മൊഴിമാറ്റം : ഹന

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.