2008 അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിലെ 38 കുറ്റാരോപിതരെയും വധശിക്ഷയ്ക്ക് വിധിച്ചതാണ് ഈ വർഷത്തെ കേസുകൾ കുത്തനെ ഉയരാൻ കാരണം. പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയ, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ, കൊലപാതക കേസുകൾ എന്നിവയാണ് വധശിക്ഷ വിധിച്ച മറ്റു കേസുകൾ. രണ്ട് ദുരഭിമാന കൊല കേസുകളും വധശിക്ഷ വിധിച്ചവയിൽ പെടും.
ഈ വർഷം ഗുജറാത്തിലെ കോടതികൾ വധശിക്ഷ വിധിച്ച കേസുകളുടെ എണ്ണം, കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട ആകെ കേസുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ്. 2011ൽ 13 പേരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി, 2016ൽ പുറത്തിറക്കിയ ഡെത് പെനാൽറ്റി ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഹിമാചൽ പ്രദേശ്, മേഘാലയ, മിസോറാം, സിക്കിം, ഗോവ, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വധശിക്ഷ കേസുകൾ ഉണ്ടായിരുന്നില്ല. 2021 ലെ വാർഷിക സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ, മണിപ്പൂർ, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വധശിക്ഷ വിധിച്ച കേസുകൾ ഉള്ളതായി കാണാം.
2016 വരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവുമധികം വധശിക്ഷ വിധിച്ച/നടപ്പാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ് (79) ആണ്. 2021ൽ ഇത് 86 ആയി. ഏറ്റവും കുറവ് വധശിക്ഷ വിധിച്ച സംസ്ഥാനങ്ങൾ- മണിപ്പൂർ, ഹിമാചൽ പ്രദേശ് – 3.
ഇന്ത്യയ്ക്ക് മുന്നോട്ടുള്ള വഴി വധശിക്ഷ നിർത്തലാക്കൽ ആണെന്നു 2015ൽ ദേശീയ ലോ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.1980ൽ സുപ്രീം കോടതി വധശിക്ഷ വകുപ്പ് ഉപയോഗിക്കുന്നതിനെ അപൂർവങ്ങളിൽ അപൂർവം കേസുകളിലേക്ക് പരിമിതപ്പെടുത്തിയതും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള തീവ്ര ശിക്ഷാ രീതിയായി വധശിക്ഷയെ കണക്കാക്കുന്നത്, നീതിന്യായ വ്യവസ്ഥയിൽ പുനരധിവാസത്തിന് സാധ്യത ഇല്ലാതാക്കുന്നുവെന്ന് ലോ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്ത് തീവ്രവാദ കേസുകൾ, ഇന്ത്യൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യൽ എന്ന വകുപ്പിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ എന്നിവയിൽ ഒഴികെ വധശിക്ഷയുടെ ഉപയോഗം നിർത്തലാക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
യുനൈറ്റഡ് നേഷൻസ് ഹ്യുമൻ റൈറ്റ്സ് കൗൺസിലിന്റെ ‘ഇന്റർനാഷണൽ കോവിനന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ് ഫോർ ദ അബോളിഷൻ ഓഫ് ഡെത് പെനാൽറ്റി’യുടെ പ്രോട്ടോകോളിനെതിരെ ഇന്ത്യ വോട്ട് ചെയ്തു. ഒക്ടോബർ 2021ലാണ് പ്രോട്ടോകോൾ പുറത്തിറക്കിയത്.
ബഹാമാസ്, ബഹ്റൈൻ, ബംഗ്ളാദേശ്, കാമറൂൺ, ചൈന, ജപ്പാൻ, ലിബിയ, പാകിസ്ഥാൻ, സോമലിയ, സുഡാൻ എന്നീ രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. 2021 ഡിസംബറിൽ കസാഖിസ്ഥാൻ വധശിക്ഷ നിർത്തലാക്കി നിയമം കൊണ്ടുവന്നിരുന്നു.