അബ്ദുല്ല ഖാസിമി
ഫാറൂഖ് സെയർ, പ്രിയങ്ക വർമ, നേഹ സിങ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന, ഫഹിം ഇർഷാദ് രചനയും സംവിധാനവും നിർവഹിച്ച, 2019-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രമാണ് ‘ആനിമാനി’. റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷവും, സങ്കീർണതകൾ നിറഞ്ഞ സിനിമ വാണിജ്യപരവും സാഹിത്യപരവുമായ ചർച്ചകളിൽ നിന്ന് ഏറെ ആകലെയാണ്. ഇടത്തരം മുസ്ലീം കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയിൽ തുടങ്ങി ഉത്തർപ്രദേശിലെ ബീഫ് നിരോധന പ്രഖ്യാപനത്തോടെ അവരുടെ ജീവിതം എങ്ങനെ ദുരിതപൂർണമായി മാറുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഭൂരിപക്ഷ വിദ്വേഷത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും ഈ കാലഘട്ടത്തിൽ, ‘പൈശാചികരായ വിദേശിക’ളായി മുസ്ലിംകളെ ‘അപരൻ’ എന്ന വാർപ്പുമാതൃകയിൽ പ്രതിഷ്ഠിച്ചുകൊണ്ട് മുഖ്യധാരാ ഹിന്ദി സിനിമ കാവി നിറവുമായി ഇഴുകിച്ചേർന്നുകൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതും വിശ്വാസ്യയോഗ്യരല്ലാത്തതുമായ മധ്യകാലഘട്ടത്തിലെ അപരിഷ്കൃതരായ ആക്രമണകാരികളായിട്ടാണ്
മുസ്ലിംകളെ ചിത്രീകരിക്കുന്നത്. ഇത്തരം നിരാശാജനകമായ സമയത്ത്, ഫാഹിം ഇർഷാദിന്റെ സിനിമ സമകാലിക ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തിന്റെ മികച്ച ആഖ്യാനവും സത്യസന്ധമായ പ്രതിനിധാനവും കൊണ്ട് ശ്രദ്ധേയമാവുന്നു.
പ്രധാന കഥാപാത്രങ്ങൾ അവരുടെ ദൈനംദിന ജോലികളിൽ ഏർപ്പെടുന്ന രംഗങ്ങളിലൂടെ കാണികൾക്ക് അവരെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സംഭാലിലെ കബാബ് വിൽപ്പനക്കാരനാണ് നായകൻ ഭൂട്ടോ. മാതാപിതാക്കളും ഭാര്യയും സഹോദരിയും അവരുടെ നാല് വയസ്സുള്ള മകളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തെ അദ്ദേഹമാണ് സംരക്ഷിക്കുന്നത്.
തന്റെ ഒഴിവുസമയങ്ങളിൽ പൊതു അറിയിപ്പുകൾ രേഖപ്പെടുത്തുന്ന ഭൂട്ടോയുടെ പിതാവ് ഇക്രം അഹമ്മദ് ഖാൻ സമുദായത്തോട് അർപ്പണബോധമുള്ളൊരു വ്യക്തിയാണ്. വലിയ മതവിശ്വാസിയും ലോലഹൃദയയുമായ ഭൂട്ടോയുടെ
മാതാവ് വീട്ടിലെ എല്ലാവരുടെയും സന്തോഷത്തിന്റെ നെടുംതൂണാണ്. ചെറുപ്പക്കാരിയും തുറന്ന മനസ്സുള്ളതുമായ നാട്ടിൻപുറത്തുകാരിയായ അദ്ദേഹത്തിന്റെ ഭാര്യ തരണ്ണും പതിയെ നഗരജീവിതത്തിലേക്ക് കടക്കുകയാണ്. വിവാഹമോചിതയായ അവന്റെ സഹോദരി നാസോ മകളായ ആയത്തിനൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുന്നു.
ഈ നാലു വയസ്സുകാരിയാണ് കുടുംബത്തിലെ സന്തോഷത്തിന് കാരണം. സിനിമയിലുടനീളം, ആയത് തന്റെ പാവകളികളിൽ മുഴുകി ഓടുകയും ആനിമാനി (തലകറങ്ങി തറയിൽ വീഴുന്നതുവരെ വൃത്താകൃതിയിൽ ഓടുന്ന ഒരു കളി) കളിക്കുകയും ചെയ്യുന്നത് കാണാം. പ്രത്യേക മുറികളും നടുവിൽ ഒരു നടുമുറ്റവുമുള്ള ഒരു പഴയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ചെറിയ എല്ലാ ഒത്തുചേരലുകൾക്കും ചർച്ചകൾക്കും പൊതുവായ ഇടമാണ് ആ നടുമുറ്റം. ഇത്തരം രംഗങ്ങളിലൂടെ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവാഹങ്ങളിൽ നിന്ന് ഏറെ അകന്ന അവരുടെതായ നിഷ്കളങ്കമായ ലോകത്തെ ഒരു ചെറിയ സന്തുഷ്ട കുടുംബത്തെ ചലച്ചിത്രകാരൻ വരച്ചു കാണിക്കുന്നു.
എന്നിരുന്നാലും, കഥാപാത്രങ്ങളിൽ എപ്പോഴും ഉത്കണ്ഠയും നിരാശയും ഉണ്ടാകാറുള്ളതായി നമുക്ക് കാണാം. ഭൂട്ടോയുടെ സഹോദരി നാസോയ്ക്ക് തന്റെ പരാജയപ്പെട്ട ദാമ്പത്യത്തെ കുറിച്ച് നിരന്തരം നിരാശയും ഒരു ബാധ്യതയായി മുദ്രകുത്തപ്പെടുമോ എന്ന ആകുലതയുമാണ്. വീട്ടിലെ ഈ സംഭവവികാസങ്ങൾ കാരണം ഭൂട്ടോയുടെ ഭാര്യ സ്വന്തമായൊരു വീടിനാവശ്യപ്പെടുന്നു. ഒപ്പം ബിസിനസ് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ആശങ്കകൾക്കും ഇത് കാരണമാകുന്നു. കഥ പുരോഗമിക്കുമ്പോൾ, തൊഴിലാളിവർഗ കുടുംബങ്ങളിൽ
നാശം വിതച്ച ഉത്തർപ്രദേശിൽ സംസ്ഥാനവ്യാപകമായി ഏർപ്പെടുത്തിയ ഗോ മാംസ നിരോധനത്തിലേക്ക് സിനിമ നമ്മളെ കൊണ്ടുപോകുന്നു. ഈ നിരാശകളും ഉത്കണ്ഠകളും ഭൂട്ടോയെയുംകുടുംബത്തിനെയും കൂടുതൽ ദുരിതത്തിൽ എത്തിക്കുന്നു.
അനധികൃത അറവുശാലകൾ അടച്ചുപൂട്ടുകയും ചെറുകിട മാംസക്കച്ചവടക്കാർക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതോടെ, ഭൂട്ടോ മാംസം ലഭിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ തേടുന്നു. കുറച്ചു കാലത്തേക്ക് സംയമനം പാലിക്കാനുള്ള തന്റെ പിതാവിന്റെ കർക്കശമായ ഉപദേശം ഉണ്ടായിരുന്നിട്ടും, സ്ഥിരമായി കൈക്കൂലി നൽകാനും കരിഞ്ചന്തയിൽ നിന്ന്ഇ റച്ചി വാങ്ങാനും പോലീസിന്റെ പ്രേരണയിൽ ഭൂട്ടോ അകപ്പെടുന്നു. പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി തഴച്ചുവളരുന്ന തന്റെ ചെറുകിട ബിസിനസ്സ് അവസാനിപ്പിക്കാൻ ഭൂട്ടോ തയ്യാറായില്ല. ഇത് കുടുംബത്തിൽ കടുത്ത പിരിമുറുക്കത്തിന് കാരണമാകുന്നു. ഇത് അവരെ നിശബ്ദതയുടെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വലയത്തിലേക്ക് നയിക്കുന്നു.
നിലവിലെ കലുഷിത സാഹചര്യങ്ങൾ വഷളാക്കികൊണ്ട് ഭൂട്ടോ ഒരു തർക്കത്തിനിടെ ഭാര്യയെ തല്ലുമ്പോൾ അദ്ദേഹത്തിന്റെ പുരുഷാധിപത്യ ബോധം പുറത്തുവരുന്നതായി കാണാം. പിന്നീട് അയാൾക്ക് കുറ്റബോധം തോന്നുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത്തരം പ്രബലമായ ആക്രമണാത്മക സ്വഭാവം വീട്ടിലെ സ്ത്രീകൾക്കിടയിലുള്ള ഐക്യദാർഢ്യ ബോധത്താൽ നന്നായി എതിർക്കപ്പെടുന്നുണ്ട്. അതിജീവിക്കാനുള്ള വഴികൾ കണ്ടെത്താൻ പാടുപെടുന്ന മുസ്‌ലിംകളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടെയും ജീവിത യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമാണ് ഇത്തരം തീവ്രവും ചിലപ്പോൾ എതിർപ്പുള്ളതുമായ കുടുംബ സാഹചര്യങ്ങൾ.
കൈവശം വെക്കലെന്നകുറ്റകൃത്യവും ചോദ്യങ്ങളും
ഇന്ത്യൻ രാഷ്ട്രത്തിനെതിരായ അക്രമ പ്രവർത്തനങ്ങളുമായി ഇസ്‌ലാമിനെ നിശബ്ദമായി കൂട്ടിയിണക്കുന്നതിലൂടെ, ഇന്ത്യൻ മുസ്‌ലിംകൾ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്നും ഇന്ത്യൻ രാഷ്ട്രത്തോടുള്ള വിശ്വസ്തത തെളിയിക്കേണ്ടവരാണെന്നുമാണ് 90-കൾ മുതലുള്ള ബോളിവുഡ് സിനിമകൾ സൂചിപ്പിക്കുന്നതെന്ന് ഛദ്ദയും കവൂരിയും വിശദീകരിക്കുന്നുണ്ട്. മാ തുജെ സലാം, ജാൽ, ഹീറോ, LOC കാർഗിൽ, ഇന്ത്യൻ എന്നിവ ഈ ആശയം പ്രതിഫലിപ്പിക്കുന്ന ചില സിനിമകളാണ്. റായ് (2004) പറയുന്നതുപോലെ, “നല്ല” മുസ്‌ലിംകൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഇന്ത്യൻ രാഷ്ട്രത്തോടുള്ള തങ്ങളുടെ കൂറ് “വാദിച്ചോ പ്രകടിപ്പിച്ചോ” ഉളള പ്രക്രിയ അവർ സാധാരണയായി ഏറ്റെടുക്കാറില്ല. പകരം, അവർ ഇത് ചെയ്യുന്നത് ഒന്നുകിൽ ഇന്ത്യയോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിച്ചുകൊണ്ടുള്ള ദേശഭക്തി പ്രസംഗങ്ങളിലൂടെയോ അല്ലെങ്കിൽ ദേശീയ കുടുംബത്തിന്റെ ഭാഗമാണെന്ന് മനസിലാക്കപ്പെടുന്ന പ്രവൃത്തികളിലൂടെയോ ആണ്.
പ്രകടനാത്മകമായ ദേശീയതയിൽ മുഴുകുകയോ, ‘നല്ല -ചീത്ത മുസ്ലീം’ എന്ന ദ്വന്ദം പിന്തുടരുകയോ ചെയ്യാത്ത,അതിനാൽ അപരനയോ വിദേശിയായോ മാത്രം കണക്കാക്കപ്പെടുന്നതിൽ നിന്ന് വിഭിന്നമായി ഒരു തൊഴിലാളിവർഗ മുസ്ലീം മനുഷ്യന്റെ ജീവിതസമാനമായ ചിത്രം വരച്ചുകൊണ്ട് ഫാഹിം ഇർഷാദ് യഥാർത്ഥ ജീവിതത്തിലും റീൽ ജീവിതത്തിലും ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാണിക്കാണിക്കുന്നു. ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലിനോടും അതിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഉടനീളമുള്ള മുസ്‌ലിം യുവാക്കളെ വ്യാജ ആരോപണങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതിനെയുമൊക്കെ കള്ളകേസിന്റെ പേരിൽ ഭൂട്ടോ അനുഭവിച്ച 8 വർഷത്തെ ജയിൽ ജീവിതത്തെ കാണിച്ചു കൊണ്ട് സിനിമ പറയാതെ പറയുന്നുണ്ട്. ഇത് അവന്റെ ബിസിനസ്സ് പെട്ടെന്ന് തകർക്കുന്നു. ഇതൊക്കെയും സൂചിപ്പികുന്നത്
ഭൂട്ടോ ചെയ്ത ഒരേയൊരു കുറ്റകൃത്യത്തെയാണ്; അദ്ദേഹം ഇന്ത്യയിലെ ഒരു മുസ്ലീം ആണെന്നത്.
വിവിധ പോലീസ് ചെക്ക്‌പോസ്റ്റുകളിൽ ഭീമമായ തുക കൈക്കൂലി നൽകി മടുത്ത ഭൂട്ടോ, പോലീസ് എസ്.ടി.എഫ് ടീമിനോട് തന്റെ ആശങ്ക ഉന്നയിക്കുമ്പോൾ, അവർ അവനോട് പാകിസ്ഥാനിലേക്ക് പോകാൻ പറയുന്നു. ഇന്ന് ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട് കാണിക്കുന്ന ഈ വഞ്ചനയുടെയും നിസ്സംഗതയുടെയും വേദനാജനകമായ യാദാർഥ്യം സിനിമയിൽ വ്യക്തമയി പകർത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ അഭിലാഷങ്ങളും അവരുടെ സമുദായത്തിന്റെ കേന്ദ്ര വിഷയങ്ങളും ചിത്രീകരിക്കുന്നതിലെ ബൗദ്ധിക സത്യസന്ധതയും ആത്മാർത്ഥതയും ‘ആനി മാനി’ യെ ഒരു ഹൃദ്യവും മൂല്യവത്തായതുമായ കാഴ്‌ചയാക്കി മാറ്റുന്നു.
സ്വതന്ത്ര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ MUBI-ഇന്ത്യയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.