Skip to content Skip to sidebar Skip to footer

‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.

ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10 ലക്ഷം രൂപ അടക്കണം. ഗണേശ പ്രതിമയുടെ ഉയരം സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ തീരുമാനിക്കാൻ കഴിയൂ. മറ്റു മതസ്ഥർ താമസിക്കാത്ത സ്ഥലങ്ങളിലൂടെ മാത്രമേ ഗണേശ പ്രതിമയെ നദിയിലൊഴുക്കാൻ കൊണ്ടുപോകാവൂ എന്നുമായിരുന്നു പ്രചരണം. ഈ നുണകൾ വളരെ ഗൗരവമായ പ്രത്യാഘാതമുണ്ടാക്കിയപ്പോൾ, സർക്കാർ ഇങ്ങനെയൊരു ഉത്തരവ് കൊണ്ടുവന്നിട്ടില്ല എന്ന് വ്യക്തമാക്കാൻ കർണാടക ഡി.ജി.പി, ആർ.കെ ദത്തയ്ക്ക് വാർത്താസമ്മേളനം നടത്തേണ്ടിവന്നു.

ഈ നുണയുടെ ഉറവിടം അന്വേഷിച്ചപ്പോൾ നമ്മളെത്തിയത് പോസ്റ്റ്കാർഡ്.ന്യൂസ് എന്നൊരു വെബ്സെെറ്റിലാണ്. അതിതീവ്ര ഹിന്ദുത്വം പിന്തുടരുന്ന ചിലരാണ് ഈ വെബ്സെെറ്റ് നടത്തുന്നത്. വ്യാജവാർത്തകളുണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഈ വെബ്സെെറ്റ് ദിവസേന ചെയ്യുന്നത്. ‘കർണാടകയിൽ താലിബാൻ ഭരണം’ എന്ന് വലിയൊരു ബാനർ ഓഗസ്റ്റ് 11ന് ഈ വെബ്സെെറ്റിൽ പ്രദര്‍ശിപ്പിച്ചിരുന്നു. സംഘപരിവാർകാർക്ക് അത് വിജയകരമായി ചെയ്യാൻ കഴിഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാരിനോട് ഏതെങ്കിലും തരത്തിൽ ദേഷ്യമോ ശത്രുതയോ ഉണ്ടായിരുന്നവരെല്ലാം ഇതിനെ ആയുധമാക്കി. ഏറ്റവും അമ്പരപ്പിക്കുന്ന, സങ്കടകരമായ കാര്യം ജനങ്ങൾ ഇതെല്ലാം കൂടുതലൊന്നും ചിന്തിക്കാതെ വിശ്വസിക്കുന്നു എന്നതാണ്. അവരാരും തലച്ചോറ് ഉപയോഗിക്കുന്നില്ല.

കഴിഞ്ഞയാഴ്ച, കോടതി ഗുർമീത് രാം റഹീം സിങ്ങ് എന്ന ആൾദെെവത്തിന് ബലാത്സംഗ കേസിൽ ശിക്ഷവിധിച്ചപ്പോൾ, ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള അയാളുടെ കുറേ ഫോട്ടോകൾ സാമൂഹ മാധ്യമങ്ങളിൽ വെെറലായി. മോദിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും, ഹരിയാനയിലെ ചില എം.എൽ.എമാർ‍ക്കൊപ്പമുള്ള ചില ഫോട്ടോകളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇത് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതാക്കളെയും പ്രവർത്തകരെയും അസ്വസ്ഥമാക്കി. ഇതിനെ പ്രതിരോധിക്കാൻ ഗുർമീത് ബാബയ്ക്കൊപ്പമിരിക്കുന്ന പിണറായി വിജയന്റെ ഫോട്ടോ അവർ പ്രചരിപ്പിച്ചു. ഈ ഫോട്ടോ മോർഫ് ചെയ്തതായിരുന്നു. യഥാർത്ഥ ഫോട്ടോയിൽ ഗുർമീത് ബാബയ്ക്കൊപ്പമിരിക്കുന്നത് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ ശരീരത്തിൽ പിണറായി വിജയന്റെ തല ചേർത്തുവെക്കുകയാണ് ചെയ്തത്. സംഘപരിവാറിന്റെ ഈ പ്രചരണം ശക്തിനേടുംമുമ്പ് ചിലർ യഥാർത്ഥ ഫോട്ടോ കണ്ടെത്തി സോഷ്യൽ മീഡിയയിൽ സത്യാവസ്ഥ വെളിപ്പെടുത്തി.

സത്യത്തിൽ കഴിഞ്ഞവർഷം വരെ ആർ.എസ്.എസിന്റെ വ്യാജവാർത്താപ്രചരണം തുറന്നുകാട്ടാൻ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് കുറേയധികം പേർ അതിനെതിരെ പ്രവർത്തിക്കുന്നുണ്ട്, അത് നല്ല കാര്യമാണ്. മുമ്പ് അത്തരം വ്യാജവാർത്തകൾ വലിയ പ്രചരണം നേടുമായിരുന്നു. ഇന്ന് യഥാർത്ഥ വാർത്തകളും വലിയരീതിയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആളുകൾ അതെല്ലാം വായിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഓഗസ്റ്റ് 15ന് റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ വിശകലനം ഓഗസ്റ്റ് 17ന് വെെറലായി. ധ്രുവ് രതീ ആണ് പ്രസംഗം വിശകലനം ചെയ്തത്. ധ്രുവ് രതീ കാണുമ്പോള്‍ ഒരു കൊളേജ് വിദ്യാർത്ഥിയെ പോലെയാണ്. പക്ഷേ, കഴിഞ്ഞ കുറേമാസങ്ങളായി അയാൾ മോദിയുടെ നുണകളെ സാമൂഹ്യമാധ്യമങ്ങളിൽ തുറന്നു കാട്ടുന്നുണ്ട്. മുമ്പ് ഇത്തരം വീഡിയോകൾ നമ്മളെപ്പോലുള്ള ചിലരിലല്ലാതെ വ്യാപകമായി ആളുകളിലേക്ക് എത്തിയിരുന്നില്ല, പക്ഷേ, ഓഗസ്റ്റ് 17ന് ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.

ധ്രുവ് രതീ

വീഡിയോയിൽ ധ്രുവ് രതീ പറയുന്നത്, മോദി സർക്കാർ ഒരു മാസം മുമ്പ് രാജ്യസഭയിൽ പറഞ്ഞത് പുതുതായി 33 ലക്ഷം നികുതിയടവുകാർ ഉണ്ടെന്നാണ്. ഇതിന് മുമ്പ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത് 91ലക്ഷം പുതിയ നികുതിയടവുകാർ ഉണ്ടെന്നാണ്. സാമ്പത്തികസർവേ വെളിപ്പെടുത്തിയത് 5.40 ലക്ഷം പുതിയ നികുതിയടവുകാർ ഉണ്ടെന്നാണ്. വീഡിയോയില്‍ ധ്രുവ് രതീ ഉയർത്തിയ ചോദ്യം ഇതിൽ ഏതാണ് ശരി എന്നായിരുന്നു.

ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾ ബി.ജെ.പി സർക്കാർ നൽ‌കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അതെല്ലാം വേദവാക്യമാണെന്നതുപോലെയാണ്. ടിവി വാർ‌ത്താ ചാനലുകളാണ് ഇതിൽ മുന്നിൽ. ഉദാഹരണത്തിന്, രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റപ്പോൾ പല ഇംഗ്ലീഷ് വാർത്താ ചാനലുകളും കോവിന്ദിന്റെ ട്വിറ്റർ ഫോളോവർമാരുടെ എണ്ണം ഒരു മണിക്കൂറിൽ മുപ്പതുലക്ഷം ആയി എന്ന വാർത്ത നൽകി. അവരുടെ ഉദ്ദേശ്യം കോവിന്ദിന് ഇത്രയും വലിയ ജനകീയ പിന്തുണയുണ്ടെന്ന് പറയുകയെന്നതാണ്. പല വാർത്താചാനലുകളും ആർ.എസ്.എസിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്നവയാണ്. അവർ സംഘപരിവാറിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സത്യം എന്തെന്നാൽ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഔദ്യോഗിക ട്വിറ്റർ എക്കൗണ്ട് പുതിയ രാഷ്ട്രപതിയുടെ പേരിലേക്കാക്കി എന്നതാണ്. ഈ മാറ്റം വന്നപ്പോൾ, രാഷ്ട്രപതി ഭവന്റെ ഫോളോവർമാർ കോവിന്ദിന്റെ ഫോളോവർമാരായി. മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രണബ് മുഖർജിക്ക് പോലും ട്വിറ്ററിൽ 30 ലക്ഷത്തിലധികം ഫോളോവർമാർ ഉണ്ടായിരുന്നു എന്നതാണ്.

ഇത്തരത്തിൽ ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെക്കുറിച്ചുള്ള സത്യംപറയാൻ ഇന്ന് കുറേപ്പേർ മുന്നോട്ടുവരുന്നുണ്ട്. ധ്രുവ് രതീ ഇത് വീഡിയോകളിലൂടെ ചെയ്യുന്നു. പ്രതീക് സിൻഹ ഇത് ആൾട്ട്ന്യൂസ്.ഇന്നിലൂടെ ചെയ്യുന്നു. എസ്.എം.ഹോക്സ്സ്ലേയർ‍, ബൂം, ഫാക്റ്റ് ചെക് എന്നിവരും ഇതേ ജോലിയാണ് ചെയ്യുന്നത്. ന്യൂസ്ലോൺഡ്രി.കോം, ദ വയർ.ഇൻ, സ്ക്രോൾ.ഇൻ, ദക്വിന്റ്.കോം എന്നിവരും ഇതില്‍ സജീവമാണ്. മേൽപ്പറഞ്ഞവരെല്ലാം വ്യാജവാർത്തകളെ തുറന്നുകാണിക്കുന്നവരാണ്. സംഘപരിവാറിന്റെ ആളുകൾ അവരിൽ നിരാശരാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവരാരും പണത്തിന് വേണ്ടിയല്ല ജോലി ചെയ്യുന്നത് എന്നാണ്. ഇവരുടെ ഒരേയൊരു ലക്ഷ്യം ഫാസിസ്റ്റുകളുടെ നുണഫാക്ടറികളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുക എന്നതാണ്.

ആഴ്ചകൾക്ക്മുമ്പ് ബംഗളൂരുവിൽ കനത്ത മഴ പെയ്തു. ആ സമയത്ത് സംഘപരിവാറിന്റെ ആളുകൾ ‘ചൊവ്വയിൽ ആളുകൾ നടന്നുപോകുന്ന ഫോട്ടോ നാസ പുറത്തുവിട്ടു’ എന്ന തലക്കെട്ടിൽ ഒരു ഫോട്ടോ പുറത്തുവിട്ടു. ഇത് ചൊവ്വയുടെ ഫോട്ടോ അല്ലെന്ന് ബംഗളൂരു നഗരസഭ പ്രസ്താവന പുറത്തിറക്കി. ഇതിനു പിന്നിൽ സംഘപരിവാറിന്റെ ഉദ്ദേശ്യം ‘ചൊവ്വ’ എന്നുവിളിച്ച് ബംഗളൂരുവിനെ കളിയാക്കുക എന്നതായിരുന്നു, റോഡുകൾ മോശമാണെന്നും സിദ്ധരാമയ്യ സർക്കാർ ബംഗളൂരിൽ ഒരു പണിയും ചെയ്തിട്ടില്ലെന്നും അവകാശപ്പെടാൻ, വ്യാജവാർത്തകൾ പടർത്തുക എന്നതായിരുന്നു സംഘപരിവാറിന്റെ ഉദ്ദേശ്യം. എന്നാൽ ഇത് അവരെ തിരിച്ചടിച്ചു. ഈ ഫോട്ടോ ബംഗളൂരുവിൽ നിന്നുള്ളതല്ല, ബി.ജെ.പി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നായിരുന്നു.

പശ്ചിമബംഗാളിൽ ഈയിടെ നടന്ന കലാപങ്ങൾക്കിടയിൽ, ആർ.എസ്.എസിലുള്ളവർ രണ്ട് പോസ്റ്ററുകൾ പുറത്തിറക്കി. അതിലൊന്നിന്റെ തലക്കെട്ട് ‘ബംഗാൾ കത്തുന്നു’ എന്നായിരുന്നു, കത്തുന്ന ഒരു കെട്ടിടമാണ് ആ ഫോട്ടോയിൽ. രണ്ടാമത്തെ പോസ്റ്റർ സാരി വലിച്ചുമാറ്റപ്പെടുന്ന ഒരു സ്ത്രീയുടേതാണ്. ‘ബംഗാളിൽ ഹിന്ദു സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു’ എന്ന തലക്കെട്ടോടെയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. അധികംവെെകാതെ ഈ ഫോട്ടോകൾക്ക് പിന്നിലെ സത്യം വെളിപ്പെട്ടു. ആദ്യത്തെ ഫോട്ടോ 2002ൽ മോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്ന സമയത്തെ, ഗുജറാത് വംശഹത്യയുടേത്. രണ്ടാമത്തെ ഫോട്ടോ ഒരു ഭോജ്പൂരി സിനിമയിലെ രംഗവും. ആർ.എസ്.എസ് മാത്രമല്ല, ബി.ജെ.പിയുടെ ആഭ്യന്തരമന്ത്രിമാരും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വിദഗ്ധരാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുറച്ചുപേർ ചേർന്ന് ദേശീയപതാക കത്തിക്കുന്ന ഫോട്ടോ ഷെയർ ചെയ്തു, റിപബ്ലിക് ദിനത്തിൽ ഹെെദരാബാദിൽ ചിലർ ചെയ്തതാണ് ഇത് എന്ന തലക്കെട്ടോടുകൂടി. ഗൂഗിൾ ഇമേജ് സെർച്ച് ചെയ്താല്‍ ഒരു ഫോട്ടോ എവിടെനിന്നുള്ളതാണ് എന്ന് കണ്ടെത്താൻ കഴിയും. പ്രതീക് സിൻഹ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്തി. ഈ ഫോട്ടോ ഹെെദരാബാദിൽനിന്നുള്ളതല്ല, പാകിസ്താനിൽ ഒരു നിരോധിത സംഘടന പ്രതിഷേധത്തിനിടെ ഇന്ത്യൻ പതാക കത്തിച്ചതിന്റെയാണ് ഫോട്ടോ.

അതിർത്തിയിൽ സെെനികർ ഇന്ത്യന്‍ പതാകയുയര്‍ത്തുമ്പോള്‍ ജെ.എൻ.യു പോലുള്ള സർവ്വകലാശാലകളിൽ പതാകയുയർത്തുന്നതിന് തടസ്സമെന്താണെന്ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി വക്താവ് സാംബിത് പത്ര ചോദിച്ചു. ഈ ചോദ്യംചോദിച്ച ശേഷം സാംബിത് പത്ര ഒരു ഫോട്ടോ കാണിച്ചു. പിന്നീട് വ്യക്തമായത് ഈ ഫോട്ടോ ഇന്ത്യൻ സെെനികരുടേതല്ല, അമേരിക്കൻ സെെനികരുടേതാണെന്നാണ്. രണ്ടാംലോക മഹായുദ്ധകാലത്തെടുത്ത ഫോട്ടോ, അമേരിക്കൻ സെെനികര്‌ ഇവോ ജിമ എന്ന ജാപനീസ് ദ്വീപ് പിടിച്ചടക്കിയ ശേഷം അവിടെ സ്ഥാപിച്ച പതാക. സാംബിത് ഫോട്ടോഷോപ് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയായിരുന്നു. ഇതും സാംബിത് പത്രയെ തിരിച്ചടിച്ചു, ട്വിറ്ററിൽ ട്രോൾ ചെയ്യപ്പെട്ടു.

ഈയടുത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഒരു ഫോട്ടോ ഷെയർ ചെയ്തു. 50,000 കിലോമീറ്റർ നീളത്തിൽ റോഡുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു എന്നാണ് അതോടൊപ്പം എഴുതിയത്. പക്ഷേ ഷെയർ ചെയ്തത് വ്യാജ ഫോട്ടോ ആയിരുന്നു. ഷെയർ ചെയ്ത ഫോട്ടോ ഇന്ത്യയിലേതായിരുന്നില്ല, മറിച്ച് ജപ്പാനിലേതായിരുന്നു, അതും 2009ൽ നിന്നുള്ളത്. കൽക്കരി വിതരണത്തിലൂടെ സർക്കാർ 25,900 കോടി സമ്പാദിച്ചിട്ടുണ്ടെന്നും ഗോയൽ മുമ്പ് ട്വീറ്റ് ചെയ്തു. അതിലുപയോഗിച്ച ഫോട്ടോയും വ്യാജമായിരുന്നു.

ഛത്തീസ്ഗഢിലെ പൊതുമരാമത്ത് മന്ത്രി രാജേഷ് മുറാത് ഒരിക്കൽ സ്വന്തം സർക്കാരിന്റെ വികസനവിജയം സൂചിപ്പിക്കാൻ ഒരു പാലത്തിന്റെ ഫോട്ടോ ഷെയർ ചെയ്തു, ഈ ട്വീറ്റിന് 2000 ലെെക്കുകൾ കിട്ടി. ഈ ഫോട്ടോ ഛത്തീസ്ഗഢിലെ അല്ലെന്നും വിയറ്റ്നാമിൽനിന്നുള്ളതാണെന്നും പിന്നീട് വ്യക്തമായി.

നമ്മുടെ കർണാടകത്തിലെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളൊന്നും വ്യാജവാർത്ത പടർത്തുന്നതിൽ ഒട്ടും പിന്നിലല്ല. കർണാടക എം.പി പ്രതാപ് സിംഹ ടെെംസ് ഓഫ് ഇന്ത്യയിൽ വന്നതാണെന്ന പേരിൽ ഒരു റിപ്പോർട്ട് ഷെയർ ചെയ്യുകയുണ്ടായി. ഒരു ഹിന്ദു പെൺകുട്ടിയെ ഒരു മുസ്ലിം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകത്തെ ധാർമികത പഠിപ്പിക്കുന്ന പ്രതാപ് സിംഹ ഇതിനു പിന്നിലെ സത്യമെന്താണെന്ന് അറിയാൻ ശ്രമിച്ചില്ല. ഒരു ദിനപത്രവും അങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. പകരം, അതിന്റെ തലക്കെട്ട് ഫോട്ടോഷോപ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേർത്തതാണ്, അതിനൊരു വർഗീയ സ്വഭാവവും ഉണ്ടാക്കി. ടെെംസ് ഓഫ് ഇന്ത്യയുടെ പേര് ഉപയോഗിക്കപ്പെട്ടു. ഇത് വലിയ വിവാദമായപ്പോൾ എം.പി വ്യാജവാർത്ത നീക്കംചെയ്തു. പക്ഷേ അതിൽ ക്ഷമ ചോദിക്കുകയുണ്ടായില്ല. വർഗീയമായൊരു നുണ പ്രചരിപ്പിച്ചതിൽ അയാൾക്ക് ഖേദവും ഉണ്ടായിരുന്നില്ല.

എന്റെ സുഹൃത്ത് വാസു ഈ കോളത്തില്‍ എഴുതിയതുപോലെ, ഞാനും ഒരിക്കല്‍ ചിന്തിക്കാതെ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച പട്‌നയില്‍ നടന്ന റാലിയില്‍ ഫോട്ടോഷോപ് ചെയ്ത് ലാലു യാദവ് പോസ്റ്റ് ചെയ്തു. കുറച്ചുസമയത്തിന് ശേഷം എന്റെ മറ്റൊരു സുഹൃത്തായ ശശിധര്‍ ഈ ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞു. ഞാനപ്പോള്‍ത്തന്നെ ഈ ഫോട്ടോ ഡിലീറ്റ് ചെയ്ത് സോറി പറഞ്ഞു. അതിന് ശേഷം യഥാര്‍ത്ഥ ഫോട്ടോയും വ്യാജ ഫോട്ടോയും ഞാന്‍ ഷെയര്‍ ചെയ്തു. വര്‍ഗീയമായ പ്രകോപനം അല്ല ഞാന്‍ ലക്ഷ്യമിട്ടത്. ജനങ്ങള്‍ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാനത് ഷെയര്‍ ചെയ്തതത്. വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ. അങ്ങനെയുള്ളവരുടെ എണ്ണം പെരുകട്ടെ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.