Skip to content Skip to sidebar Skip to footer

ഖുർറം പർവേസ്: “പുതിയ കാലത്തിന്റെ ദാവീദ്”.

ഫായിസ സി എ.

2022ൽ ‘ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ’ UAPA ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാശ്മീരി മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഖുർറം പർവേസിനെയും ടൈം മാഗസിൻ ഉൾപ്പെടുത്തിയിരിക്കുന്നു.

2021 നവംബറിലാണ് ഖുർറം അറസ്റ്റ് ചെയ്യപ്പെടുന്നത്. “അദ്ദേഹത്തിൻ്റെ ശബ്ദം കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിശ്ശബ്ദനാക്കപ്പെട്ടത്”- ടൈം മാഗസിൻ പറയുന്നു. “താഴ്വരയിൽ ‘നിർബന്ധിത തിരോധാനത്തിലൂടെ’ മക്കളെ നഷ്ട്ടപെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം പുതിയ കാലത്തെ ദാവീദാണ്”- ടൈം മാഗസിൻ ചൂണ്ടിക്കാണിക്കുന്നു.

44 കാരനായ ഖുർറം പർവേസ് കശ്മീരിലെ ശ്രീനഗറിലാണ് ജനിച്ചതും വളർന്നതും. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന അദ്ദേഹം, 1999-ഓടെ കാശ്മീരിലെ ‘നിർബന്ധിത തിരോധാനം’ സംബന്ധിച്ചു പ്രവർത്തിക്കുന്ന, ‘അസോസിയേഷൻ ഓഫ് പരെന്റ്സ് ഓഫ് ഡിസപ്പിയേർഡ് പേര്സൺസ്’ (APDP) എന്ന ഗ്രൂപ്പുമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. 2002 മുതൽ, ഖുർറം എ.പി.ഡി.പിയുടെ കോർഡിനേറ്ററാണ്.

2000 മുതൽ ജമ്മു & കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ (JKCCS) പ്രോഗ്രാം കോർഡിനേറ്റർ കൂടിയാണ് ഖുർറം. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുകയും അതിനെതിരെയുള്ള ചർച്ചകൾക്ക് ഇടമൊരുക്കുകയുമാണ് JKCCS ചെയ്യുന്നത്.

2014 മുതൽ, ഖുർറം ഏഷ്യൻ ഫെഡറേഷൻ എഗെയ്ൻസ്റ്റ് ഇൻവോളണ്ടറി ഡിസപ്പിയറൻസ് (എഎഫ്എഡി) ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. ‘നിർബന്ധിത തിരോധാനം’ എന്ന വിഷയത്തിൽ പ്രവർത്തിക്കുന്ന ഏഷ്യൻ സംഘടനകളുടെ ഒരു പ്രാദേശിക ശൃംഖലയാണ് AFAD.

2004 ഏപ്രിലിൽ, JKCCS-ന്റെ ഫീൽഡ് വർക്കിനിടെ ഖുർറം സഞ്ചരിച്ച ഒരു വാഹനം സ്‌ഫോടനത്തിൽ തകരുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വലത് കാൽ മുറിച്ചു മാറ്റേണ്ടി വന്നു. അപകട ശേഷം ലാൻഡ്‌മൈനുകൾ നിരോധിക്കുന്നതിനുള്ള ഇന്റർനാഷണൽ കാമ്പെയ്‌നുമായി (ICBL) അദ്ദേഹം സജീവമായി സഹകരിച്ചു. അതിന്റെ ഫലമായി 2007-ൽ കശ്മീരിലെ സായുധ സംഘങ്ങളുടെ കൂട്ടായ്മയായ ‘യുണൈറ്റഡ് ജിഹാദ് കൗൺസിൽ’ ഖനി നിരോധന പ്രഖ്യാപനത്തിൽ ഒപ്പുവക്കുകയുണ്ടായി.

2016 സെപ്റ്റംബർ 14-ന് ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുത്തു സംസാരിക്കാൻ പോകാനോരുങ്ങവെ ഡൽഹി വിമാനതാവളത്തിൽ അദ്ദേഹം തടയപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ശ്രീനഗറിലെ വീട്ടിൽ നിന്ന് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുകയും നാല് ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. പുറത്തിറങ്ങിയ ഉടൻ ഖുർറം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1978-ലെ ‘ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം’ പ്രകാരം വാക്കാലുള്ള വിജ്ഞാപനത്തോടെയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. എന്നാൽ, രണ്ടര മാസത്തിനുശേഷം, ജമ്മു കശ്മീർ ഹൈക്കോടതി അദ്ദേഹത്തിന്റെ തടങ്കൽ നിയമവിരുദ്ധമായി കണക്കാക്കുകയും അറസ്റ്റിന് മേൽനോട്ടം വഹിച്ച ജില്ലാ മജിസ്‌ട്രേറ്റ് അധികാര ദുർവിനിയോഗം നടത്തി എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

2020 ഒക്ടോബറിൽ JKCCS ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യപ്പെട്ടു. 2021 നവംബർ 22 നു NIA ഖുർറം പർവേസിനെ അറസ്റ്റ് ചെയ്തു. 14 മണിക്കൂറോളം അദ്ദേഹത്തിന്റെ വീടും JKCCS ഓഫീസുകളും റെയ്‌ഡ്‌ ചെയ്തതിനു ശേഷമാണ് അറസ്റ്റ് നടക്കുന്നത്. UAPA, സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 121 ഐ.പി.സി(സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യൽ), സെക്ഷൻ 17 (തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ) തുടങ്ങി നിരവധി കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചാർത്തപ്പെട്ടു. ഖുർറം പർവേസിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളുയർന്നു. ‘ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്’ ഖുർറം ജയിലിലായിരിക്കുമ്പോൾ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയെ പറ്റി ആശങ്കപെടുകയുണ്ടായി. “ജുഡീഷ്യൽ ഹർറസ്സമെന്റ്” എന്നാണ് അറസ്റ്റിനെ അവർ വിശേഷിപ്പിച്ചത്.


യു.എൻ പ്രധിനിധി മേരി ലൗലോർ അദ്ദേഹത്തിനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളെ പറ്റി പറഞ്ഞതിങ്ങനെ, “അദ്ദേഹം ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ പ്രവർത്തകനാണ്.”

2006-ൽ അഹിംസാപരമായ മാർഗങ്ങളിലൂടെയുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾ മുൻനിർത്തി ഖുർറമിന് പ്രശസ്‌ത ‘റീബോക്ക് ഹ്യൂമൻ റൈറ്റ്‌സ് അവാർഡ്’ ലഭിക്കുകയുണ്ടായി. 2005 ഡിസംബർ മുതൽ 2006 ഏപ്രിൽ വരെ യുകെയിലെ ‘ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി’യിലെ പ്രശസ്തമായ ഷെവനിംഗ് ഫെലോഷിപ്പും 2009-ൽ മിഡ്-കരിയർ പ്രൊഫഷണലുകൾക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവൺമെന്റിന്റെ ‘ഇന്റർനാഷണൽ വിസിറ്റേഴ്‌സ് ലീഡർഷിപ്പ് പ്രോഗ്രാമും’ ഖുർറമിന് ലഭിക്കുകയുണ്ടായി.

ഖുർറം നിലവിൽ ഡൽഹിയിലെ രോഹിണി ജയിലിലാണ്. “എങ്ങനെയാണ് ചരിത്രം എഴുതപ്പെടുന്നത്? നിങ്ങൾ അതിന്റെ നല്ല വശങ്ങൾ മാത്രം പറയുമ്പോൾ പറയാത്തവ പറയാൻ ഒരാൾ വേണ്ടേ? ജനാധിപത്യം സത്യമാണെങ്കിൽ ഖുർറമിനെ പോലെയുള്ള ആളുകളെ നിങ്ങൾ ഭയക്കില്ലായിരുന്നു…”-
ടൈം മാഗസിനിന്റെ അംഗീകാരത്തോട് പ്രതികരിച്ചുകൊണ്ട് ഖുർറമിന്റെ ജീവിത പങ്കാളി സമീന മീർ പറയുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.