ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്മൃതി ഇറാനി പറഞ്ഞു.
“സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം, ക്രമസമാധാനവും പൊതു സമാധാനവും നിലനിർത്തുന്നതിന് അവരെ സഹായിക്കാൻ കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാറുണ്ട്” അവർ കൂട്ടിച്ചേർത്തു.
രാജ്യത്തെ ആഭ്യന്തര സുരക്ഷയും ക്രമസമാധാന നിലയും കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
“ഇന്ത്യാ ഗവൺമെൻ്റിന്റെ ആഭ്യന്തര മന്ത്രാലയം, സാമുദായിക സൗഹാർദ്ദ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്, അക്രമത്തെ തുടർന്ന് രൂപപ്പെടുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ എടുക്കുന്നു” സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്രം പറയുമ്പോൾ, ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ നിരവധി ആക്രമണ സംഭവങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജൂണിൽ പുറത്തുവിട്ട, ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് റിപ്പോർട്ട് ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഫോർ 2021’ അനുസരിച്ച് 2021ൽ ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കെതിരായ നിരവധി ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവ അരങ്ങേറിയിട്ടുണ്ട്.
സെപ്റ്റംബർ 26-ന് ബീഹാറിലെ ഗയ ജില്ലയിൽ നിന്നുള്ള 14 വയസ്സുള്ള ഒരു ക്രിസ്ത്യൻ ബാലന്റെ മേൽ ചിലർ ആസിഡ് എറിഞ്ഞതിനെ തുടർന്ന് മരിച്ച സംഭവം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 26 ന് പോലീസ് തങ്ങളെ നഗ്നരാക്കി ചോദ്യം ചെയ്യുന്നതിനിടെ മർദ്ദിച്ചുവെന്ന ജംഷഡ്പൂരിലെ രണ്ട് മുസ്ലീം പുരുഷന്മാരുടെ ആരോപണങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ജമ്മു കശ്മീരിലെ തീവ്രവാദികൾ എന്നാരോപിക്കപ്പെടുന്നവർ ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള സാധാരണക്കാരെ കൊലപ്പെടുത്തിയെന്നും, ഇത് ഈ സമുദായങ്ങൾക്കിടയിൽ വ്യാപകമായ ഭയമുളവാക്കുന്ന സാഹചര്യമുണ്ടാക്കിയെന്നും
റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങളും നടന്നിട്ടുണ്ട്. ഹിന്ദുത്വവാദികൾ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അവരെ ഓൺലൈൻ “ലേലം” ചെയ്യുന്ന ആപ്പുകൾ സൃഷ്ടിക്കുകയും ചെയ്തു.
ഇതിൽ പല കേസുകളിലെയും പ്രതികൾക്ക് ജാമ്യം വരെ ലഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗക്കേസുകളിൽ ജാമ്യത്തിൽ കഴിയുമ്പോൾ നരസിംഹാനന്ദ സരസ്വതിയെപ്പോലുള്ള കുറ്റവാളികൾ വീണ്ടും പ്രകോപനപരമായ പരാമർശങ്ങൾ ആവർത്തിക്കുകയുണ്ടായി .
കൂടാതെ, ഡിസംബർ 5ന് പുറത്തുവിട്ട ഒരു വസ്തുതാന്വേഷണ റിപ്പോർട്ടിൽ 2021 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് നേരെ ഇന്ത്യയിലുടനീളം 305 ആക്രമണങ്ങൾ
നടന്നതായി കണ്ടെത്തി.
ഡിസംബറിൽ പുറത്തു വന്ന മറ്റൊരു റിപ്പോർട്ടിൽ, ‘പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്’, 2021 ജനുവരിക്കും 2021 നവംബറിനുമിടയിൽ കർണാടകയിൽ മാത്രം ക്രിസ്ത്യാനികൾക്കെതിരായി നടന്ന 39 അക്രമ സംഭവങ്ങൾ പട്ടികപ്പെടുത്തിയിരുന്നു.