കെ. സഹദേവൻ
പ്ലാച്ചിമട കൊക്കൊകോള വിരുദ്ധ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ കന്നിയമ്മ വിട പറഞ്ഞു. 94ാമത്തെ വയസ്സിലായിരുന്നു കന്നിയമ്മ മരണപ്പെട്ടത്. ഒരു വര്‍ഷം മുമ്പുവരെ പ്ലാച്ചിമട സമരപ്പന്തലില്‍ കന്നിയമ്മയുണ്ടായിരുന്നു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരത്തില്‍ രാജ്യ തലസ്ഥാനത്തും കേരളത്തിൽ ഉടനീളവും നടന്ന സമരങ്ങളില്‍ കന്നിയമ്മ ഉണ്ടായിരുന്നു.
നഷ്ടപരിഹാരം നല്‍കാതെ, അടച്ചൂപൂട്ടി രക്ഷപ്പെട്ട കോളകമ്പനിയെ കുറ്റവിചാരണ ചെയ്ത്, അവരുടെ ഭൂമി പിടിച്ചെടുത്ത പ്രക്ഷോഭത്തിലൂടെയാണ് ഞാന്‍ കന്നിയമ്മയെ അടുത്ത് പരിചയപ്പെടുന്നത്. ആ സമരത്തില്‍ ഞങ്ങള്‍ 21പേരെ അറസ്റ്റ് ചെയ്യുകയും ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ജാമ്യം നിരസിച്ച് ജയിലില്‍ പോകാന്‍ തയ്യാറായ ഞങ്ങളുടെ കൂട്ടത്തില്‍ കന്നിയമ്മ, പാപ്പമ്മാള്‍ രണ്ട് പ്രായമായ അമ്മമാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കണ്ട ജഡ്ജ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ”ജയില്‍വാസം ബുദ്ധിമുട്ടായിരിക്കുമെന്നും, വേണമെങ്കിള്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാമെന്നും” ജഡ്ജ് പറഞ്ഞു. ഞങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പുഞ്ചിരിയോടെ, സൗമ്യഭാവത്തോടെ, കന്നിയമ്മ ആ വാഗ്ദാനം നിരസിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉപവാസം, ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍, പിന്നീട് ദീര്‍ഘകാലം കോടതി വരാന്തയില്‍. ഒടുവില്‍ കോടതി വെറുതെ വിടുന്നതുവരെ, വളരെ ക്ഷമയോടെ, പരാതികളില്ലാതെ അവര്‍ സമരത്തില്‍ ഉറച്ചുനിന്നു.

എല്ലാ സമരമുഖങ്ങളിലും ആ പ്രക്ഷോഭത്തെ ജീവത്തായി നിലനിര്‍ത്തുന്ന കന്നിയമ്മമാരെ കാണാം. ഒരുപക്ഷേ, ആയിരങ്ങളെ പിടിച്ചുനിര്‍ത്തുന്ന പ്രൗഢോജ്വല പ്രഭാഷണങ്ങളുടെ ഉടമകളോ, സമരത്തിന്റെ ഗതിവിഗതികൾ നിര്‍ണ്ണയിക്കുന്നവരോ, എഴുത്തുകാരോ ആയിരിക്കില്ല അവര്‍. എന്നാല്‍, സമരത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അവര്‍ കാണിക്കുന്ന ധീരതയും സ്ഥിതപ്രജ്ഞയും ആ സമരത്തെ മുന്നോട്ടുനയിക്കുന്നതില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറത്ത് ആ സമരത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യത്തെ മറ്റാരെക്കാളും കൂടുതലായി തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന്, വളരെ ശാന്തവും സൗമ്യവുമായ അവരുടെ ഇടപെടലുകളെ സൂക്ഷ്മായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.
ഒരു ജനകീയ പ്രക്ഷോഭ സ്ഥലിയെ അതിന്റെ എല്ലാ വിശുദ്ധിയോടും കൂടി സൂക്ഷിക്കാന്‍-അമിത ആക്ടിവിസത്തിന്റെ ഉള്‍പ്പിരിവുകളില്‍ നിന്നടക്കം കന്നിയമ്മമാര്‍ നടത്തുന്ന ത്യാഗം വിലപ്പെട്ടതാണ്. സമരപ്പന്തലിലെത്തുന്നവര്‍ക്ക് ഗ്രാമവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണിച്ചുകൊടുക്കാനും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യങ്ങളൊരുക്കാനും അവര്‍ എപ്പോഴുമുണ്ടാകും. ഏറ്റവും ഒടുവില്‍ കന്നിയമ്മയെ കാണുന്നത്, കോള ഭൂമി പിടിച്ചെടുക്കല്‍ കേസ് അവസാനിച്ച ദിവസമായിരുന്നു. അന്ന് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കന്നിയമ്മ ചോദിച്ച ചോദ്യം മനസ്സില്‍ തറഞ്ഞ് കിടക്കുന്നു. ”കന്നിയമ്മയ്ക്ക് വയസ്സായി, മരിക്കുമ്പോഴെങ്കിലും പ്ലാച്ചിമട കേസില്‍ (ട്രൈബ്യൂണല്‍ ബില്‍ സംബന്ധിച്ച്) തീരുമാനമുണ്ടാകുമോ?”

ഇതിന് ഉത്തരം നല്‍കേണ്ടത്, രാജ്യവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളാണ്. കോളക്കമ്പനി പ്ലാച്ചിമടയില്‍ നടത്തിയ ദ്രോഹങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിയോഗിച്ച ട്രൈബ്യൂണല്‍ വിധിച്ചിട്ടും ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാതെ കോള കമ്പനിക്ക് ഒത്താശകള്‍ ചെയ്തു കൊടുക്കുന്ന സര്‍ക്കാരുകള്‍ തന്നെയാണ് കന്നിയമ്മയുടെയും പാപ്പമ്മാളിന്റെയും ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. ട്രൈബ്യൂണല്‍ ബില്‍ പാസാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുകയും അത് നടപ്പിലാക്കാതിരിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാകൂ.
പ്ലാച്ചിമട സമരപ്പന്തലിന് കന്നിയമ്മയുടെ അസാന്നിധ്യം താങ്ങാവുന്നതിലും ഏറെയാണെന്ന് ആ സമരപ്പന്തല്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്ക് അറിയാവുന്നതാണ്. കന്നിയമ്മയുടെ അസാന്നിദ്ധ്യത്തെ മറികടക്കേണ്ടത് അവരുടെ സൗമ്യ സാന്നിധ്യം പുനരുജ്ജീവിപ്പിച്ചു കൊണ്ടായിരിക്കണം. കന്നിയമ്മ ഓര്‍മ്മിക്കപ്പെടണം. കന്നിയമ്മമാര്‍ ഓര്‍മ്മിക്കപ്പെടണം. ഇരകളാല്‍ നയിക്കപ്പെടുന്ന പ്രക്ഷോഭങ്ങളിലെ കേവല മുഖങ്ങളാകരുത് അവര്‍. കേരളത്തിന്റെ സമര ചരിത്രം പുതിയ രീതിയില്‍ ആലേഖനം ചെയ്യാന്‍ കന്നിയമ്മയുടെ സ്മരണയിലൂടെ നമുക്ക് സാധിക്കണം.