യൂറോപ്യൻ രാജ്യങ്ങളിൽ മുസ്ലിം വിരുദ്ധത വ്യവസ്ഥാപിതമായി ശക്തിപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന, ‘യൂറോപ്യൻ ഇസ്ലാമോഫോബിയ റിപ്പോർട്ട് 2021’ പുറത്തു വന്നിരിക്കുന്നു. വംശീയത ആഴത്തിൽ നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ, അതിന്റെ ഭാഗമായി വർണവിവേചനവും മുസ്ലിം വിരുദ്ധതയും ശക്തിപ്പെടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇസ്ലാമോഫോബിയ പ്രത്യേക വകുപ്പായി പരിഗണിക്കുന്നതിന് പകരം മുസ്ലിം വിരുദ്ധത വിദ്വേഷ പ്രവർത്തനങ്ങളിൽ പൊതുവായി ഉൾപ്പെടുത്തി കേസ് എടുക്കുന്ന രീതിയാണ് യൂറോപ്യൻ രാജ്യങ്ങളിലെ പോലീസ് സ്വീകരിക്കാറുള്ളത്. അവിടങ്ങളിൽ നടക്കുന്ന മുസ്ലിം വിരുദ്ധതയിൽ
12 ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.
ഓസ്ട്രിയ
2021ൽ 1061 മുസ്ലിം വിരുദ്ധ വിദ്വേഷ കേസുകളാണ് ഓസ്ട്രേലിയയിൽ രെജിസ്റ്റർ ചെയ്തത്.
ഓൺലൈനിൽ 68 ശതമാനവും രാഷ്ട്രീയക്കാരിലൂടെ 32 ശതമാനവും പൊതുസമൂഹത്തിൽ 25 ശതമാനവും മുസ്ലിം വിരുദ്ധത ഉത്പാദിപ്പിക്കുന്നു.
കുറ്റവാളികൾ 76.9 ശതമാനം ആണുങ്ങൾ ആണെങ്കിൽ ഇതിന്റെ ഇരകൾ കൂടുതലും സ്ത്രീകളാണ് (69 ശതമാനം)
ഫ്രാൻസ്
2021ൽ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗമായ SCTR (The Service Central du Rensignment Territorial) 213 മുസ്ലീം വിരുദ്ധ കേസുകൾ ഫ്രാൻസിൽ രെജിസ്റ്റർ ചെയ്തു.
ഇതിൽ 22 ശതമാനം കേസുകൾ വ്യക്തികൾക്ക് നേരെയുള്ളവയാണ്.
പകുതി കേസുകളും (109) മുസ്ലിം ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ശ്മശാനങ്ങൾ എന്നിവ നശിപ്പിച്ച കേസുകളാണ്.
ജർമനി
ജർമനിയിൽ റെക്കോർഡ് ചെയ്യപ്പെട്ട 55,048 രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ 23,604 എണ്ണം വലത് പക്ഷ പശ്ചാത്തലം ഉള്ളവയാണ്. ഇതിൽ 732 കേസുകൾ മുസ്ലിം വിരുദ്ധതയുടെ പേരിൽ റെക്കോര്‍ഡ് ചെയ്ത കേസുകളാണ്. 54 കേസുകൾ പള്ളികൾക്ക് നേരെയും 43 കേസുകൾ വ്യക്തികൾക്ക് എതിരെയുമായിരുന്നു.
യുണൈറ്റഡ് കിങ്ഡം
കഴിഞ്ഞ 10 വർഷത്തിൽ മതപരമായ വിദ്വേഷ കേസുകൾ 291ശതമാനമാണ് യൂകെയിൽ വർധിച്ചത്. ഇതിൽ 43 ശതമാനവും മുസ്ലിം വിരുദ്ധ വിദ്വേഷങ്ങൾ ആയിരുന്നു. ഫലസ്തീൻ ഇസ്രായേൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ(മേയ് ജൂണ്‍ 2021) ഇസ്ലാമോഫോബിയ വിദ്വേഷ കേസുകൾ 430 ശതമാനം വർധനവ് ഉണ്ടാകുന്നു എന്ന് TellMAMA റിപ്പോർട്ട് ചെയ്തിരുന്നു.
സ്വീഡൻ
2017 – 21 കാലയളവിൽ 14,710 വിദ്വേഷ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ
996 കേസുകൾ മതപരമായ വിദ്വേഷങ്ങളാണ്. 4,298 വംശീയ വിദ്വേഷത്തെ മുൻനിർത്തിയുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വീഡിഷ് പബ്ലിക് ഹെല്‍ത്ത് ഏജൻസിയുടെ കണക്ക് അനുസരിച്ച് 20 ശതമാനത്തിലധികം യൂറോപ്യർ അല്ലാത്ത കുട്ടികൾ തങ്ങളുടെ വംശം കാരണം അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്നു എന്ന് വ്യക്തമാക്കുന്നു.
ബെൽജിയം
ബെൽജിയത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുസ്ലിം വിരുദ്ധ ആക്രമണങ്ങളിൽ 89 ശതമാനവും സ്ത്രീകൾക്ക് നേരെയുള്ളവയാണ്. ഇസ്ലാമോഫോബിയ റിപ്പോർട്ട് ചെയ്തതിൽ 46 ശതമാനവും ഓൺലൈനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ്.