ശംസീർ ഇബ്റാഹീം
അനധികൃത കയ്യേറ്റം, ബംഗ്ലാദേശി – റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്.
രാമനവമി – ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ തന്നെ ഷാഹീൻബാഗിലെ ബുൾഡോസിങ് ശ്രമം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ ഇപ്പോൾ. മുസ്ലിം വിദ്വേഷം മുഖ്യ അജണ്ടയാക്കിയ സംഘ് പരിവാർ സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രതിജ്ഞ ചെയ്ത ഭരണകൂട – അധികാര കേന്ദ്രങ്ങളും ചേർന്ന് നടപ്പിലാക്കുന്ന ഈ സംഹാര യജ്ഞത്തിനെതിരെ സാധ്യമാകുന്ന പ്രതിരോധങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. പക്ഷേ, ആ പ്രതിരോധങ്ങൾക്ക് രണ്ടു തരത്തിലുള്ള ശക്തികളെ നേരിടേണ്ടി വരുന്നു.

ഒന്നാമത്തേത്, സംഘ് പരിവാർ സംഘടനകൾ നടത്തുന്ന “നിയമവിരുദ്ധമായ” ആക്രമണങ്ങളും പ്രകോപനങ്ങളുമാണ്. ഭൂരിപക്ഷവികാരങ്ങളും ആക്രമണണോത്സുകതയും ആളിക്കത്തിച്ചു കൊണ്ടാണ് ഇത് നടത്തുന്നത്. ഇത്തരം “നിയമവിരുദ്ധ പ്രവർത്തനങ്ങൾ” തെല്ലൊന്നടങ്ങിയ ശേഷമാണ് രണ്ടാമത്തെ ശക്തിയായ ഭരണകൂടം പ്രത്യക്ഷപ്പെടുന്നത്. അക്രമികളെ ശിക്ഷിക്കാനും അക്രമിക്കപ്പെട്ടവർക്ക് നീതിയും നഷ്ടപരിഹാരവും സുരക്ഷിതത്വവും നൽകാനും ബാധ്യതപ്പെട്ട ഭരണകൂട – അധികാര സംവിധാനങ്ങൾ പക്ഷെ സംഘപരിവാർ സംഘടനകൾ നിയമ വിരുദ്ധമായി നടത്തുകയോ, നടത്താൻ ആഗ്രഹിക്കുകയോ ചെയ്ത കാര്യങ്ങൾ “നിയമവിധേയമായി” ചെയ്യുന്ന ഏജൻസികളായി മാറുന്നു. അതാണ് ഖാർഗോണിലും ജഹാംഗീർപുരിയിലും ഷാഹീൻബാഗിലും കാണുന്നത്. നിയമത്തിൻ്റെ ഭാഷയും സങ്കേതങ്ങളും ഉപയോഗിച്ച് കൊണ്ട് ഉന്നം വെക്കുന്ന സാമൂഹിക ജനവിഭാഗത്തിലെ ‘നിയമ ലംഘകരായ’ വ്യക്തികൾക്ക് പകരം,
ആ സാമൂഹിക ജനവിഭാഗത്തെ (ഇവിടെ മുസ്ലിംകൾ) മൊത്തത്തിൽ പാഠം പഠിപ്പിക്കുക എന്ന വംശീയ പ്രതികാര ബുദ്ധിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് പ്രതികാര താൽപര്യാർഥമുള്ള ഇത്തരം നിരവധി നിയമങ്ങൾ നിലവിലുണ്ടായിരുന്നു. ആ നിയമങ്ങളാകട്ടെ, ഉന്നം വെച്ചിരുന്നത് മേൽപ്പറഞ്ഞത് പോലെ വ്യക്തികളെ ആയിരുന്നില്ല; സമുദായങ്ങളെയും ഗോത്രങ്ങളെയുമായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം 1870 കളിൽ രൂപീകരിച്ചു ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത ക്രിമിനൽ ട്രൈബ്സ് ആക്റ്റ് (CTA) പ്രകാരം ഒരു സമുദായത്തിലെ / ഗോത്രത്തിലെ ഒരു വ്യക്തി കുറ്റം ചെയ്താൽ അതിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളായി നോട്ടിഫൈ ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നു. മലബാറിലെ മാപ്പിള ഔട്ട്റേജിയസ് ആക്റ്റിലും ഇപ്രകാരം ഒരു കമ്യൂണിറ്റിയെ മുഴുവനായി പിഴ ചുമത്തി ശിക്ഷിക്കുന്ന രീതിയിലുള്ള വംശീയ വകുപ്പുകൾ ഉണ്ടായിരുന്നു. നിയമവിരുദ്ധ നിർമ്മിതികൾ എന്ന ഭാഷ്യം വെച്ച് മുസ്ലിം വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും ആരാധനാ കേന്ദ്രങ്ങളെയും ഉന്നമിടുന്ന സംഘ് പരിവാർ ബുൾഡോസിങ്ങിലും പ്രവർത്തിക്കുന്നത് ഇതേ വംശീയ പ്രതികാര ബുദ്ധിയാണ്.

അനീതിയുടെയും ഭൂരിപക്ഷ പ്രീണനത്തിന്റെയും മികച്ച ഉദാഹരണമാണ് ബാബരി കേസുകളിലെ നിയമ തീർപ്പുകൾ. മുസ്ലിം സമൂഹത്തിനു പൗരത്വം നിഷേധിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നത് ജനാധിപത്യ പ്രക്രിയകൾ നടന്നതിന് ശേഷമാണ്. പൗരത്വ നിയമ ഭേദഗതിയെ “നിയമവിധേയ വംശഹത്യാ പദ്ധതി” എന്ന് വിശേഷിപ്പിക്കുന്നത് അത് കൊണ്ടാണ്. ഇന്ത്യയുടെ ഭരണഘടന വിവിധ ന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും വാഗ്ദാനം ചെയ്യുന്ന എല്ലാ പരിരക്ഷകളും ജനാധിപത്യ പ്രക്രിയകളിലൂടെയും നിയമ വിധേയ മാർഗങ്ങളിലൂടെയും തന്നെ എടുത്തു കളഞ്ഞു കൊണ്ടിരിക്കുകയാണ്. മത വിശ്വാസ – പ്രബോധന – പ്രഖ്യാപന അവകാശങ്ങൾ വക വെച്ച് തരുന്ന ഭരണഘടനയുള്ള ഒരു രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ മത പരിവർത്തന നിരോധന നിയമം പ്രയോഗത്തിൽ വരുന്നത് എന്ത് കൊണ്ടെന്ന ചോദ്യം നമുക്ക് മുമ്പിലുണ്ട്നീതിയും പരിരക്ഷയും പ്രദാനം ചെയ്യേണ്ട ഭരണഘടന/നിയമം തുടങ്ങിയ സങ്കേതികതകൾ ഉപയോഗിച്ചുതന്നെ ഒരു വംശീയ ഭരണകൂടത്തിന് ജനാധിപത്യ പ്രക്രിയകളിലൂടെ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ സാധിക്കുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യമാണ്.
മുസ്ലിം ഉന്മൂലനത്തിനായി യാഥാർത്ഥത്തിൽ ഇപ്പോൾ നിയമവിരുദ്ധ ഭാഷകളോ, ശൈലികളോ ആവശ്യമില്ലെന്ന അവസ്ഥ സംജാതമായിട്ടുണ്ട്.

മുസ്ലിം സമൂഹത്തെ മൾട്ടിപ്പിൾ ഗെറ്റോവൈസേഷന് വിധേയമാക്കുന്ന നിലവിലെ ബുൾഡോസിങ് ഓപ്പറേഷനെ ചെറുക്കേണ്ടതുണ്ട്. സുപ്രീം കോടതി വിലക്കുകളെയും കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കുന്ന ഒരു ഭരണകൂടത്തിന്റെ വംശീയ നടപടികളെ പ്രതിരോധിക്കാൻ ജനാധിപത്യ ഭാഷയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭരണകൂടം തുടർന്നും നിയമ – ഭരണ ഭാഷയിൽ തന്നെയായിരിക്കും സംസാരിക്കുക. പൗരത്വ സർട്ടിഫിക്കറ്റും പൊസഷൻ സർട്ടിഫിക്കറ്റും അടിയാധാരങ്ങളും കാണിച്ചു കൊടുത്താൽ, ‘ഉത്തരവുമായി’ വരുന്ന ഉദ്യോഗസ്ഥർ തൃപ്തിയടയുഞ്ഞു കൊള്ളുമെന്ന് ധരിക്കുന്നത് രാഷ്ട്രീയമായ അബദ്ധമാണ്.
Join us | http://bit.ly/JoinFactSheets3