വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്.
നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തിനും, 2013-ലെ മുസാഫർനഗർ കലാപത്തിനും ശേഷം നമ്മൾ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ, ഈ പറയുന്ന തീവ്രത കുറഞ്ഞ കലാപങ്ങൾ തുടക്കമിടുന്ന ബഹളങ്ങൾ പലപ്പോഴും പതിയെ മങ്ങുന്നതായി കാണാം. മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളും പൌരസമൂഹവും വർഗീയ സംഘർഷങ്ങളെ വിലയിരുത്തുന്നത്.

ഇത്തരം ചെറുത് എന്ന് പറയപ്പെടുന്ന കലാപങ്ങൾക്ക് ശേഷം ന്യൂനപക്ഷ സമുദായങ്ങൾ എടുത്തെറിയപ്പെടുന്നത് അക്രമോത്സുകമായ ഭൂരിപക്ഷത്തിന്റെ ഇടയിലേക്കാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) തിരഞ്ഞെടുപ്പ് സാധ്യതകളെ ഒറ്റയടിക്ക് ശക്തിപ്പെടുത്തിയ 2013-ലെ മുസാഫർനഗർ കലാപം, കുറഞ്ഞത് 60,000 മുസ്ലീങ്ങളെ കുടിയിറക്കുന്നതിലേക്ക് നയിച്ചിരുന്നു.
കലാപം ഒരു പ്രദേശത്തെ ജനസംഖ്യ പരമായി തന്നെ മാറ്റുകയും ഒരു സമുദായത്തെ പിഴുതെറിയുകയും ചെയ്യുന്നു. നിലവിൽ തിങ്ങി നിറഞ്ഞ വാസസ്ഥലങ്ങളിൽ താമസിച്ചിരുന്ന മുസ്‌ലിംങ്ങൾ അതിലും ചെറിയ ചേരികളിൽ താമസിക്കാൻ നിർബന്ധിതരായി. അതേസമയം ജാതി ഭേദമന്യേ ഒരു വലിയ വിഭാഗം ഹിന്ദുക്കൾ, നാടുവിടാൻ നിർബന്ധിതരായ ഈ മുസ്ലിങ്ങളുടെ ഗ്രാമഭൂമിയിൽ തങ്ങളുടെ അവകാശവാദം ഉന്നയിച്ചു.
സമുദായങ്ങൾക്കിടയിൽ വിദ്വേഷം കൊയ്യാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷ ശക്തികൾ വിതച്ച ആദ്യ വിത്തുകളായി ഈ കലാപങ്ങൾ മാറുന്നു.
ന്യൂനപക്ഷ സമുദായത്തിലെ ചില രാഷ്ട്രീയ വിഭാഗങ്ങൾ ഇത്തരം ആക്രമണങ്ങൾക്ക് മുന്നിൽ തങ്ങളുടെ അവകാശങ്ങളെ പ്രതിരോധിക്കുമ്പോഴും, മിക്ക കലാപബാധിത നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ഹിന്ദുത്വ സംഘടനകൾ മുസ്ലീങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റാൻ പാകത്തിനുള്ള പ്രചാരണം നടത്തുന്നു.
കഴിഞ്ഞ ദശകത്തിൽ, ബിജെപിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും മറ്റ് നേതാക്കളിൽ നിന്നും ഈ ഹിന്ദുത്വ സംഘടനകൾക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ചില ബിജെപി നേതാക്കളാണെങ്കിൽ കലാപത്തിന് തൊട്ടുപിന്നാലെ രോഷം നിയന്ത്രിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുപകരം വർഗീയ വികാരങ്ങൾ ആളിക്കത്തിക്കുന്നതായി കാണപ്പെട്ടു. കലാപം നടത്തുന്ന
ബിജെപി നേതാക്കൾക്കും മറ്റ് ഹിന്ദുത്വ പ്രവർത്തകർക്കും കാവി പാർട്ടിയുടെ ഉന്നത തലത്തിൽ നിന്ന് നേരിട്ട് സഹായം ലഭിക്കുന്നുണ്ടെന്ന് മിക്കവരും സമ്മതിക്കും.
എല്ലാത്തിനുമുപരി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബി.ജെ.പിയുടെ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നയപരമായ സംരംഭങ്ങളിലും മുസ്ലീങ്ങളോടുള്ള തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കാൻ ഒട്ടും മടിച്ചിട്ടില്ല.
ബിജെപി നേതാക്കൾക്ക് കലാപത്തിന്റെ പ്രധാന പ്രകോപനക്കാരെ സംരക്ഷിക്കാൻ മാത്രമേ ഇത്തരം ആക്രമണാത്മക പ്രചാരണം സഹായിക്കുകയുള്ളൂ. മിക്ക കേസുകളിലും അവർ ബജ്റംഗ്ദൾ, ശ്രീരാം സേന തുടങ്ങിയ തീവ്രഗ്രൂപ്പുകളിൽ നിന്നുള്ള പ്രവർത്തകരാണ്. വ്യത്യസ്‌ത സാഹചര്യങ്ങളിലും വർഗീയമായി ചിന്തിക്കാൻ മെനക്കെടാത്ത ഹിന്ദുക്കൾക്കിടയിൽ ഒരു സമവായം കൈവരിക്കുക എന്നതാണ് ഒരു സംയോജിത ഹിന്ദുത്വ കാമ്പെയ്‌നിന്റെ ലക്ഷ്യം.
‘എല്ലാവർക്കും വികസനം വാഗ്ദ്ധാനം ചെയ്യുന്ന’ മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പിക്ക് ഇക്കാലത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള ഒരേയൊരു ഉപകരണമായി കാണപ്പെടുന്നത് ഇത്തരം മൃദു വർഗീയ കലാപങ്ങളിലൂടെയും അതിനെത്തുടർന്നുള്ള വിദ്വേഷ പ്രചാരണത്തിലൂടെയും ഹിന്ദുക്കളെ ഏകീകരിക്കുന്ന പ്രക്രിയയാണ്.
കഴിഞ്ഞ രണ്ട് മാസമായി നടന്ന വർഗീയ കലാപങ്ങൾ പരിശോധിച്ചാൽ കൃത്യമായൊരു പാറ്റേർണിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.
ഒന്ന്, ഈ കലാപങ്ങളിലെല്ലാം ഹിന്ദുത്വ ഏജന്റുമാരായിരുന്നു ആദ്യം പ്രകോപനം ഉണ്ടാക്കിയത്.
മസ്ജിദുകൾക്ക് മുന്നിലെ ആക്രമണോത്സുകമായ റാലികൾ, വർഗീയമായ മീമുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ലെങ്കിൽ വർഗീയ നിറം ചാർത്തപ്പെട്ട വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങി പ്രകോപനങ്ങൾ എന്തുമാകാം, മിക്കവാറും എല്ലാ കലാപങ്ങളും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വിതയ്ക്കാനുള്ള സംഘടിത ശ്രമമായി കാണപ്പെടുന്നു.
രണ്ട്, ഹിന്ദുക്കളിൽ നിന്ന് പരമാവധി ശ്രദ്ധ ആകർഷിച്ച ആഘോഷങ്ങളുടെ സമയത്താണ് കലാപങ്ങളെല്ലാം തന്നെ നടന്നത്. രാമനവമി , ഹനുമാൻ ജയന്തി, ഈദ് – ഈ ആഘോഷങ്ങളെല്ലാം മുസ്ലീങ്ങൾക്കെതിരെ ചെറുതോ വലുതോ ആയ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള ഹിന്ദുത്വ ആക്രമണകാരികളുടെ ഒരു അവസരമായിരുന്നു.

മൂന്ന്, ഇത്തരം കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച മിക്ക സംസ്ഥാനങ്ങളും ഈ വർഷം അവസാനമോ അടുത്ത വർഷമോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ മൂന്ന് നഗരങ്ങളിൽ വർഗീയ കലാപങ്ങൾ അരങ്ങേറി. ഈ വർഷം ഡൽഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവിടെ കലാപം നടന്നത്. ബിജെപിയുടെ ശ്രദ്ധേയമായ വർഗീയ പ്രചാരണത്തിന് ശേഷം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സമഗ്ര ഭൂരിപക്ഷം നേടിയതിന് തൊട്ടുപിന്നാലെയാണ് വടക്കുകിഴക്കൻ ഡൽഹി അതിന്റെ ഏറ്റവും മോശമായ വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
അൽവാറും കരൗലിയും ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വന്തം മണ്ഡലമായ ജോധ്പൂരും ഉളള കലാപങ്ങളാൽ നടുങ്ങിയ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും 2023-ൽ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ്. 2023-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ഹുബ്ബള്ളിയിൽ കഴിഞ്ഞ മാസം ഒരു വാട്ട്‌സ്ആപ്പ് ചാറ്റിന്റെ പേരിൽ വർഗീയ കലാപം നടന്നിരുന്നു.
അതുപോലെ, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഹിന്ദുത്വ റാലികളുടെ പേരിൽ ഒന്നിലധികം വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേസമയം യുപി മുഖ്യമന്ത്രി ആദിത്യനാഥ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതായിട്ടാണ് കാണപ്പെട്ടത്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളോടും അസഹിഷ്ണുത പുലർത്തുന്നതായിട്ടാണ് സൂചന നല്കിയത്.
ഈ വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ നിരവധി (മൃദു) കലാപങ്ങൾ അരങ്ങേറിയെങ്കിലും, രണ്ടാം വിജയത്തിന് ശേഷം ആദിത്യനാഥിന്റെ സന്ദേശം അദ്ദേഹത്തിന്റെ “ക്രമസമാധാനം” കാമ്പെയ്നിൽ വീണുപോയവരെ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നു. മുസ്‌ലിംകൾക്കിടയിലെ അധമരെ പിന്തുണയ്ക്കുന്ന പാർട്ടികളായി മറ്റ് പാർട്ടികളെ മുദ്രകുത്താനുള്ള യോഗിയുടെ തന്ത്രമായിട്ടാണ് പ്രതിപക്ഷം ഈ കാമ്പെയ്നെ പരിഗണിക്കുന്നത്.
നാല്, പ്രതിപക്ഷ ശക്തികൾക്ക് കാര്യമായ തിരഞ്ഞെടുപ്പ് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് കലാപം നടന്നത്. ഉദാഹരണത്തിന്, ഗുജറാത്തിലെ ഹിമ്മത്നഗർ, ആനന്ദ്, ഖംബത്ത് എന്നിവിടങ്ങളിൽ ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലുകൾ ഉണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് നിസ്സാര വോട്ടുകൾക്ക് കോൺഗ്രസ് പരാജയപ്പെട്ട മണ്ഡലങ്ങളാണ് ഇവയെല്ലാം.
അതുപോലെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിതമായി മികച്ച പ്രകടനം നടത്തിയ നിമാദ് മേഖലയിലാണ് മധ്യപ്രദേശിലെ മിക്ക കലാപങ്ങളും അരങ്ങേറിയത്. ഖാർഗോൺ കലാപം സംസ്ഥാനത്ത് ഒരു വലിയ ഹിന്ദുത്വ പ്രചാരണത്തിന് വഴി തെളിയിച്ചിരുന്നു.
ഇവിടെ ആവർത്തിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് വരെ നമ്മുടെ മനസ്സിൽ വർഗീയ ചിന്തകൾ തിളച്ചുമറിയുക എന്നതാണ് പ്രധാന ആശയം.
ഒരു രാഷ്ട്രീയ തന്ത്രം
അശോക് ഗെലോട്ട് സർക്കാരിനോടുള്ള ബിജെപിയുടെ പ്രത്യേക രോഷം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത രാഷ്ട്രീയ തന്ത്രമാണെന്ന് കാണാൻ സാധിക്കും. വർഗീയ സംഘർഷങ്ങൾ ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗെലോട്ട് സർക്കാരിനെ കുറ്റപ്പെടുത്തുന്ന മിക്ക ബിജെപി നേതാക്കളും, അദ്ദേഹം ഹിന്ദുക്കളുടെ സുരക്ഷ വകവെയ്ക്കാതെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് ആരോപിച്ചു. വാസ്തവത്തിൽ, ടെലിവിഷൻ സംവാദങ്ങളിലും മറ്റിടങ്ങളിലും അവർ ഇതേ ശൈലി തുടരുന്നതായി കാണാം.
2013-ലെ മുസാഫർനഗർ കലാപത്തിൽ മുസ്ലീം വിരുദ്ധ അക്രമത്തിന് ഹിന്ദുത്വ ശക്തികൾ കൃത്യമായി നടപ്പിലാക്കിയതിന് ധാരാളം തെളിവുകൾ ഉണ്ടായിരുന്നിട്ടും ഉത്തർപ്രദേശിലെ മുലായം സിംഗ് യാദവ് സർക്കാരിനെതിരെ ബിജെപി ആരോപിച്ചതിന് സമാനമാണിത്. കലാപത്തിന് നേതൃത്വം നൽകികൊണ്ട് സമാജ്‌വാദി പാർട്ടിയുടെ “മുസ്‌ലിം അനുകൂല” നയങ്ങൾക്കെതിരെയും ക്രമസമാധാന രംഗത്തെ പരാജയങ്ങൾക്കെതിരെയും വലിയ പ്രചാരണം നടത്താനാണ് ബി ജെ പി തീരുമാനിച്ചത്. 2022ൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ബി.ജെ.പി ഇത് തന്നെയാണ് ആശ്രയിച്ചത്.
ബിജെപി ഭരിക്കുന്ന കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാൻ സംഘ്പരിവാർ നേതാക്കൾ തയ്യാറായില്ലെന്ന് മാത്രമല്ല, നേരെമറിച്ച് കലാപത്തിന് പ്രേരിപ്പിച്ചതെന്ന പേരിൽ മുസ്ലീങ്ങളെ ഏകപക്ഷീയമായി ഉത്തരവാദികളാക്കുകയും ചെയ്തു.
2002 ന് ശേഷം ഒരു വർഗീയ കലാപം പോലും സംസ്ഥാനം സാക്ഷ്യം വാഹിച്ചിട്ടില്ലെന്നും ബിജെപിക്ക് മാത്രമേ ഇത്തരമൊരു സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയൂ എന്നുമുള്ള വാദമാണ് ഗുജറാത്തിലെ മിക്ക ബിജെപി നേതാക്കളും ഉയർത്തുന്നത്. സംസ്ഥാനത്ത് മുസ്‌ലിംകളെ പൂർണമായി നിശ്ശബ്ദരാക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരമൊരു സമാധാനം ഉണ്ടായത് എന്നത് അവർക്ക് ഒരു വിഷയമായിരുന്നില്ല. എന്ന് മാത്രമല്ല, വാസ്തവത്തിൽ, ഗുജറാത്തിൽ മുസ്‌ലിംകൾക്ക് ഫലപ്രദമായി “അവരുടെ സ്ഥാനം” കാണിച്ചു കൊടുത്തതിൽ അഭിമാനിക്കുന്നവരാണ് മിക്കവരും.
എന്നിരുന്നാലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം, തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ബിജെപി തങ്ങൾ പരീക്ഷിച്ച രാഷ്ട്രീയ സൂത്രവാക്യം വീണ്ടും സ്വീകരിച്ചതായി തോന്നുന്നു. കലാപ രഹിത സംസ്ഥാനത്തിന്റെ ഭാഗമായി അഭിമാനിക്കുന്ന ബിജെപി നേതാക്കളും കാവി പാർട്ടി അനുഭാവികളും കഴിഞ്ഞ ഒരു മാസത്തിനിടെ തുടർച്ചയായി നടന്ന മൂന്ന് കലാപങ്ങളെ എങ്ങനെ ന്യായീകരിക്കുമെന്ന് ആളുകൾ അത്ഭുതപ്പെടാം.
കഴിഞ്ഞ മാസത്തെ തുടർച്ചയായ വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രി മൗനം വെടിയുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അപ്പോഴും അത്തരമൊരു പ്രതീക്ഷ നിലനിർത്തുക എന്നതിനർത്ഥം അദ്ദേഹം സൃഷ്ടിക്കാൻ സഹായിച്ചതും ഇപ്പോൾ ആഴത്തിൽ സംഘടിതമായി സംരക്ഷിക്കുന്നതുമായ വർഗീയ ആവാസവ്യവസ്ഥയെ നിരാകരിക്കുക എന്നതാണ്.
2016 നും 2020 നും ഇടയിൽ രാജ്യത്ത് 3,399 വർഗീയ അല്ലെങ്കിൽ മതപരമായ കലാപങ്ങൾ ഉണ്ടായതായി അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. മൊത്തത്തിൽ, ഈ കാലയളവിൽ 2.76 ലക്ഷത്തിലധികം കലാപക്കേസുകൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ (മൃദു) അക്രമം എന്ന് നാമിപ്പോൾ വിളിക്കുന്നവയാണ്.
മോദി വാദിക്കുന്ന “സ്മാർട്ട്” ഭരണം പോലെ, തിരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നയിക്കുന്ന ബി.ജെ.പിയും വർഗീയ ചിന്തകൾ വളർത്താനുള്ള “സ്മാർട്ട്” രീതികൾ സ്വീകരിച്ചതായിട്ടാണ് മനസിലാവുന്നത്
3 Comments