Skip to content Skip to sidebar Skip to footer

ഇങ്ങനെയൊക്കെയാണല്ലോ ഇസ്ലാം സ്ത്രീയോട് ചെയ്‌തത്!

ഹിബ വി

ഞാൻ ആദ്യമായി പ്രസംഗിച്ചത് മദ്രസ വേദിയിലാണ്. ഇത്ര ബാസുള്ള ശബ്ദം വെച്ച് ഒരു നാണക്കേടും ഇല്ലാതെ ഇസ്ലാമിക ഗാനവും മാപ്പിളപ്പാട്ടും പാടി തീർത്തത് മദ്രസ സർഗ്ഗമേളകളിലാണ്. ക്വിസ്, പ്രസംഗം, പൊതു പരീക്ഷക്ക് ഡിസ്റ്റിഗ്‌ഷൻ തുടങ്ങി ഒരുപാട് സമ്മാനങ്ങൾ ഞാൻ മദ്രസയിൽന്ന് വാങ്ങി കൂട്ടിയുണ്ട്. അടി കിട്ടും, പോവാൻ മടിയാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വാശി പിടിച്ച് മദ്രസ പോക്ക് അഞ്ചാം ക്ലാസ്സിൽ വെച്ച് നിർത്തിയതും ഇതേ ഞാൻ തന്നെയാണ്.

എനിക്ക് അഞ്ചാം ക്ലാസിൽ വെച്ച് സ്കൂളിൽ നിന്ന് അടി കിട്ടിയത് ജനൽ ചാടിയതിനായിരുന്നു. (സർക്കാർ സ്കൂളിലെ കമ്പിയില്ലാത്ത ജനൽ). ജനൽ വഴി ക്ലാസ്സിൽ കയറിയ പെൺകുട്ടികൾ ആരൊക്കെ എന്ന് എടുത്തു ചോദിച്ചു ക്ലാസ് മുറിയുടെ മുന്നിൽ കൊണ്ട് പോയി പെൺകുട്ടികൾ ജനൽ ചാടുന്നതിനെ പരിഹസിച്ചു തന്ന അടി കൈനീട്ടി വാങ്ങി മിണ്ടാതെ സീറ്റിൽ പോയിരുന്ന് തലതാഴ്ത്തി കരഞ്ഞത് എനിക്കോർമ്മയുണ്ട്. എന്നെ സമ്പന്ധിച്ചിടത്തോളം അത് വലിയ അപമാനമായിരുന്നു. സ്കൂളുകളൊക്ക പൊളിച്ചു കളഞ്ഞാലോ, ആ സാറിനെ മാറ്റികളഞ്ഞാലോ ഇതിന് പരിഹാരം ആവുമെന്ന് എനിക്ക് ആരും പറഞ്ഞു തന്നിട്ടില്ല. ആ സാർ അല്ലെങ്കിൽ വേറൊരാൾ എന്നെ അപമാനിച്ചു, എന്റെ ‘ജനൽ ചാട്ടം’ നിർത്തിക്കാനുണ്ടായിരുന്ന സാധ്യത വളരെ വലുതായിരുന്നെന്ന് ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.

മദ്രസകൾ സ്ത്രീവിരുദ്ധതിയില്ലാത്ത സ്ഥലമാണെന്ന് എനിക്ക് അഭിപ്രായമില്ല. മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായതായി അടുത്ത സുഹൃത്തുക്കൾ പലരും പറഞ്ഞറിവുമുണ്ട്. എന്റെ ‘ഇമോഷൻ മെമ്മറി’ (ഓർമ്മകൾ വൈകാരിക വേലിയേറ്റങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ) ക്രീയേറ്റ് ചെയ്യുന്ന തരത്തിൽ എന്നിൽ അള്ളിപ്പിടിച്ചിരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല. അല്ലെങ്കിൽ, ക്ലാസ്സ്‌ റൂമിൽ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയുള്ള സ്ത്രീവിരുദ്ധ തമാശകൾ കേട്ട് പൊട്ടിച്ചിരിച്ചിരുന്ന ഒരു കുരുന്നായിരിക്കണം ഞാൻ. എന്നെ അത് ബാധിച്ചിട്ടില്ല.

ഇത്രയും പറഞ്ഞത് മതം വിട്ട് സ്ത്രീ വിരുദ്ധത തകർക്കാനുള്ള ആഹ്വാനം കേട്ടാണ്.(പലപ്പോഴും മതങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്ന സ്റ്റേറ്റ്മെന്റിൽ മുഴച്ചു നിൽക്കാറുള്ളത് ഇസ്ലാം സ്ത്രീ വിരുദ്ധമാണ് എന്ന പതിവ് പല്ലവിയാണ്). ഡിഗ്രി കാലത്ത്, സ്ത്രീ വിരുദ്ധത ചൂണ്ടികാണിച്ചപ്പോഴെല്ലാം മതമാണ് സ്ത്രീ വിരുദ്ധത സ്പോൺസർ ചെയ്യുന്നതെന്നും മതം പൂർണമായി ഉപേക്ഷിക്കുന്ന സുന്ദര ലോകമാണ് സ്ത്രീ വിരുദ്ധമുക്തമാവുന്നതെന്നും “മതം വിട്ട് ഹിബ സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിക്കൂ” എന്നും എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇസ്ലാമിന് ജൈവികമായിതന്നെ വിമോചന പരതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ലോകത്തിന്റെ പല ഭാഗത്തും സമുദായം നേരിടുന്ന അടിച്ചമർത്തലുകൾക്കും അനീതികൾക്കും ചൂഷണങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ മുസ്ലിംകൾ മുന്നോട്ട് വരുന്നത് ഇസ്ലാമിന്റെ വിമോചന പ്രത്യയശാസ്ത്രങ്ങളിൽ ഊന്നികൊണ്ട് തന്നെയാണ്.

നീതിയെക്കുറിച്ചും വിഭവ വിതരണത്തെ കുറിച്ചുമുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ കുറ്റമറ്റതാണ്. സാമൂഹ്യനീതിയിലാധിഷ്ഠിതമാണ് ഇസ്ലാമിന്റെ ജീവിത രീതി. സ്രഷ്ടാവല്ലാതെ മറ്റൊരാൾക്കുമുന്നിലുമുള്ള വിധേയത്വം അത് അംഗീകരിക്കുന്നില്ല. ആഫ്രോ അമേരിക്കൻ മുസ്ലിം മിനിസ്റ്റർ മാൽകം എക്സ് മുതൽ മുസ്‌കാനിൽ വരെ വിധേയപ്പെടാൻ വിസമ്മതിക്കുന്ന ‘മുസ്ലിംനെസ്സ്’ കാണാൻ കഴിയും. മുസ്ലിംകൾ നാനാഭാഗത്തും കാഴ്ച്ച വെക്കുന്ന പ്രതിരോധം ഈ നിഷേധാത്മകതയിൽ നിന്ന് ഉരുതിരിഞ്ഞതാണ്. റിസെർച്ച് ആവശ്യാർഥം നോർത്ത് ഈസ്റ്റ്‌ ഡൽഹി സന്ദർശിച്ച സുഹൃത്ത് ഇരകളുടെ നിശ്ചയദാർഢ്യത്തെ കുറിച്ച് എന്നോട്
സംസാരിക്കുകയുണ്ടായി. ആസൂത്രിതമായ വംശഹത്യയിൽ മകനെ നഷ്ടപെട്ട ഉമ്മ, അവൻ “ഞങ്ങളെ കാത്ത് സ്വർഗത്തിൽ ഇരിക്കുന്നുണ്ടെന്ന്” നിറ കണ്ണുകളോടെ പറയുകയുണ്ടായി. നീതിക്കു വേണ്ടി നില കൊള്ളാൻ ബാധ്യസ്ഥരാണെന്നും പരിമിതികളില്ലാതെ നീതി നടപ്പാക്കപ്പെടുന്ന ഒരു ദിവസം നമ്മെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള വിശ്വാസവും പ്രതീക്ഷയും തന്നെയാണ് സമുദായത്തിന്റെ അതിജീവന രഹസ്യം. എളുപ്പമുള്ളതൊന്നും ഇവിടെ ആരും പ്രതീക്ഷിക്കുന്നില്ല.

മരണാനന്തര ജീവിതം, സ്വർഗം, നരകം തുടങ്ങിയവയെ കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം യുക്തിരാഹിത്യത്തിന്റെ അങ്ങേയറ്റമായിട്ടാണ് പൊതുബോധം വിലയിരുത്താറുള്ളത്. മതം ഉപേക്ഷിച്ചവർ/ മതമില്ലാത്തവർ ‘യുക്തിവാദികൾ’ ആവുന്നു. യുക്തിയുടെ ബലം നൽകുന്ന മോറൽ ഹൈഗ്രൗണ്ടിൽ നിന്നുകൊണ്ട് ‘മതജീവികളെ’ മൂഢന്മാരും ലോകവിവരമില്ലാത്ത സംസ്കാരശൂന്യരുമായി എളുപ്പത്തിൽ ചിത്രീകരിക്കുന്നു. ഒരു മത നേതാവ് വേദിയിൽ വെച്ച് ഇറങ്ങിപ്പോവാൻ പറഞ്ഞ മിടുക്കിയായ കുട്ടിയോട് പൊതുബോധം സംസാരിക്കുന്നതും ഇതേ രീതിയിലാണ്. “മതം ഉപേക്ഷിക്കൂ വിവേചനം തിരിച്ചറിയൂ” എന്നതാണ് ഇവിടെ ഉപയോഗിക്കപ്പെടുന്ന മുദ്രാവാക്യം.
അല്ലെങ്കിൽ, പ്രഗത്ഭയായ ആ കുട്ടി തനിക്ക് നേരിടേണ്ടി വന്ന വിവേചനം തിരിച്ചറിയണമെങ്കിലോ, പ്രതികരിക്കണമെങ്കിലോ മതം ഉപേക്ഷിച്ചു ‘യുക്തിപൂർവ്വം’ ചിന്തിക്കണം എന്ന് വാശി പിടിക്കുന്നു. ‘യുക്തിക്ക്’ അപ്പുറം നിൽക്കുന്ന മതം എല്ലായ്പോഴും ഇസ്ലാം ആവുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്!

ഈ വാദങ്ങളെ ചരിത്രപരമായി സമീപിച്ചുകൊണ്ട് തന്നെ തകർക്കാവുന്നതാണ്.
കോളനി യുഗത്തിൽ ബ്രിട്ടൻ ലോകം മൊത്തം അടക്കി വാണിരുന്നപ്പോൾ പോലും ബ്രിട്ടീഷ് സ്ത്രീക്ക് സ്വത്തവകാശം ഉണ്ടായിട്ടില്ല. എന്നിരുന്നാലും, സ്വന്തം രാജ്യത്തെ സ്ത്രീകൾക്ക് വസ്തു അവകാശം വകവെച്ച് കൊടുക്കാൻ തയ്യാറാവുന്നതിന് മുമ്പുതന്നെ, 1867 ലെ വിധിയിലൂടെ പ്രിവി കൗൺസിൽ മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തിൽ വലിയ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. മറ്റു സ്ത്രീകൾക്ക് സ്വത്തവകാശത്തെ കുറിച് ചിന്തിക്കാൻ പോലും സാധ്യമാവാതിരുന്ന കാലത്ത്, ആറാം നൂറ്റാണ്ട് മുതൽ ഈ പറയുന്ന ‘പ്രാകൃത’ മതത്തിലെ സ്ത്രീകൾക്ക് പിതാവിന്റെ ധനത്തിലും ഭർത്താവിന്റെ ധനത്തിലും പുത്രന്റെ ധനത്തിലും അവകാശം ഉണ്ടായിട്ടുണ്ട്. പാരന്റിങ് ഉത്തരവാദിത്തം പങ്കുവെക്കപ്പെടണ്ടതിന്റെ ആവശ്യകതയും അടുത്ത കാലത്ത് മാത്രമാണ് പൊതു സമൂഹം ചർച്ചക്ക് വെക്കുന്നത്. എന്നാൽ, മാതാവ് ആവശ്യപ്പെടുകയാണെങ്കിൽ കുഞ്ഞിനെ മുലയൂട്ടുന്നതിന് പണം നൽകാനും അതുമല്ലെങ്കിൽ മുലയൂട്ടുന്നതിന് മാതാവിന് പകരം സ്ത്രീകളെ നിയമിക്കാനും കുട്ടിയുടെ പിതാവ് ബാധ്യസ്ഥനാണെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ട്. ഇത് കേവലം വാക്കുകളിൽ ഒതുങ്ങുന്നതല്ല, മറിച്ച് ‘പ്രാകൃത’ കാലത്ത് തന്നെ പിന്തുടർന്ന് പോന്നിട്ടുമുണ്ട്.

ആംഗ്ലോ സാക്സൺ നിയമശാസ്ത്രത്തിൽ വിഹാമോചനം വിപ്ലവകരമായി കൊണ്ട് വരുന്നത് ബ്രിട്ടീഷ് പാർലമെന്റ് 1857 ഇൽ The Matrimonial Causes Act പാസാക്കുന്നതിലൂടെയാണ്. 1923 ൽ ആണ് സ്ത്രീകളുടെ സ്ഥാനം വിവാഹാമോചനത്തിൽ തുല്യവത്കരിക്കപ്പെടുന്നത്. 1937 ൽ മാത്രമാണ് ക്രൂരത, ഉപേക്ഷിക്കൽ, ബുദ്ധിഭ്രമം തുടങ്ങിയവയെ അടിസ്ഥാനമാക്കി വിവാഹമോചനം സാധ്യമാവുന്നതിലേക്ക് പ്രസ്തുത ആക്ട് എത്തുന്നത്. Matrimonial Causes Act ന്റെ പ്രൊവിഷനുകളാണ് 1937- 1955 കാലഘട്ടത്തിലെ ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, പാർസീ കല്യാണങ്ങൾ ക്രമീകരിക്കുന്നതിലും 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലും ഉൾപെടുത്തപ്പെട്ടത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പേതന്നെ പുരുഷനിൽ നിന്ന് മഹർ ആവശ്യപ്പെട്ട് വിഹാഹം എന്ന കരാറിലേർപെടുന്നത് മുസ്ലിം സ്ത്രീക്ക് സാധ്യമായിട്ടുണ്ട്. ഇന്ന് കാണുന്ന സമുദായത്തിനകത്തെ സ്ത്രീധന സമ്പ്രദായം അക്കൾചുറേഷൻ -acculturation- (മറ്റൊരു സംസ്‍കാരത്തിലേക്ക്, സാധാരണയയായി ആധിപത്യം കൂടുതലുള്ളത്തിലേക്ക് കൂടിച്ചേരുന്ന രീതി) സമുദായത്തിലെത്തിയതാണ്. ഒരു സ്കൂൾ ഓഫ് ഇസ്ലാമും അതംഗീകരിക്കുന്നില്ല. പ്രമാണികമായി അതിനെ ഇസ്ലാമുമായി കൂട്ടിക്കെട്ടലും അസാധ്യമാണ്. സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യാനും (ഫസ്ഖ്) കാലങ്ങൾക്ക് മുൻപേ തന്നെ ഇസ്ലാമിൽ ഇടമുണ്ട്.
ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ വിമോചനം നടന്നിട്ടുള്ളത് ഇസ്ലാമിലൂടെയാണെന്ന് രേഖകൾ വെച്ച്, പ്രമാണികമായി തന്നെ സുന്ദരമായി തെളിയിക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ “ഇസ്ലാം സ്ത്രീ വിരുദ്ധതയെ സാങ്ഷൻ ചെയ്യുന്നു, ഇസ്ലാമിന് ശേഷം സ്ത്രീ വിരുദ്ധ ഉണ്ടായി” തുടങ്ങിയ വാദങ്ങളൊക്കെ എളുപ്പത്തിൽ പൊട്ടി പോവുന്നതാണ്.

ഡൽഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖിക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.