Skip to content Skip to sidebar Skip to footer

സ്കോളർഷിപ്പ്; ആസൂത്രിത വിവേചനങ്ങൾ

സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ – പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്.

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ഏഴാം ഭാഗം

സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച കോടതിവിധി പുറത്തുവന്നയുടൻ സർക്കാർ പ്രതികരിച്ചത് ആ വിധിക്കുമേൽ അപ്പീൽ പോകില്ല എന്നാണ്. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ സ്കോളർഷിപ്പ് ആനുപാതികമായി വീതംവെക്കാൻ തീരുമാനിച്ചു. മുസ്‌ലിം സംഘടനകളുടെ പ്രതിഷേധങ്ങൾ മുഖവിലക്ക് എടുക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നുമാത്രമല്ല, മുസ്‌ലിംകൾക്കു വേണ്ടിമാത്രം തുടങ്ങിയ സ്കോളർഷിപ്പ് 

വീതംവെക്കുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടിയവരെ, ‘തീകോരിയിടുന്നവരും വർഗീയ വാദികളുമായി ചിത്രീകരിക്കുകയാണ് അധികാരികൾ ചെയ്തത്. രാജ്യത്ത് നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയുടെ പഴുത് ഇത്രമാത്രം സങ്കുചിതമായി ഉപയോഗിക്കാൻ ഭരണകൂടത്തിനുതന്നെ സാധിക്കുന്നു എന്നതാണ് സാമൂഹ്യ നീതി നേരിടുന്ന വെല്ലുവിളി.

മന്ത്രിസഭാ തീരുമാനത്തിന് ശേഷം ന്യൂനപക്ഷ വിദ്യാർഥികളുടെ സ്ക്കോളർഷിപ്പ് വിഹിതം പുന:ക്രമീകരിച്ച് GO ( M S ) No. l35/2021/GAD ആയി 16.07.2021 ന് പൊതുഭരണ (ന്യൂനപക്ഷ ) വകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവ് അനുസരിച്ച് സ്കോളർഷിപ്പുകളിൽ ഏതൊക്കെ സമുദായങ്ങൾക്ക് ഏതൊക്കെ അനുപാതത്തിൽ ലഭിക്കുമെന്ന് വ്യക്തമല്ല. ഉത്തരവിൻ്റെ അവസാന പാരഗ്രാഫ് ഇങ്ങനെയാണ്: “സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്ക്കോളർഷിപ്പുകൾ അർഹതയുള്ള പാഴ്സിയുൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും (മുസ്‌ലിം -26.56 % , കൃസ്ത്യൻ – 18.38%, ബുദ്ധർ – 0.01% , ജൈൻ -0.01% , സിക്ക് -0.0 1% മുതലായവ) നൽകുന്നതിനും, ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ജനസംഖ്യാനുപാതത്തിൽ അനുവദിക്കാനും മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായത്തിൽ നിന്നും അർഹരായ അപേക്ഷകർ ഉള്ളപക്ഷം നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന തുകയിലോ, ആനുകൂല്യം ലഭിക്കുന്ന എണ്ണത്തിലോ കുറവുണ്ടാകരുതെന്ന വ്യവസ്ഥയോടെ അംഗീകരിച്ചു ഉത്തരവാകുന്നു”.

ഈ ഉത്തരവ് പ്രകാരം മുസ്‌ലിംൾക്ക് എത്ര ശതമാനം ലഭിക്കുമെന്നോ ക്രൈസ്തവർക്ക് എത്ര ശതമാനം ലഭിക്കുമെന്നോ ബുദ്ധ, ജൈന, സിക്ക്, പാഴ്സി സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് എത്ര ശതമാനം ലഭിക്കുമെന്നോ വ്യക്തമല്ല. അടുത്ത കബളിപ്പിക്കൽ നടപടിയിലേക്കുള്ള ചൂണ്ടുപലക മാത്രമാണ്. അല്ലെങ്കിൽ ഓരോ സമുദായങ്ങൾക്കും എത്ര ശതമാനമാണ് സ്കോളർഷിപ്പ് വിഹിതം എന്നത് സർക്കാരിന് ഉത്തരവിൽ വ്യക്തമായി പറയാമായിരുന്നു. ഈ ഉത്തരവിലെ പഴയക്ലാസിൽ പഠിച്ച അംശബന്ധക്കണക്കിൽ വിശദീകരിച്ചാൽ മാത്രമാണ് ഓരോ സമുദായത്തിനും എത്രയെന്ന് ഒരാൾക്ക് വ്യാഖ്യാനിക്കാനാവുന്നത്. അതുപോലും വ്യാഖ്യാനം മാത്രമാണ്.

ഈ ഉത്തരവനുസരിച്ച് 2011ലെ സെൻസസ് പ്രകാരം ആകെ ന്യൂനപക്ഷങ്ങൾ എന്നത് 26.56 (മുസ്‍ലിം) +18.38 (ക്രിസ്ത്യൻ)+0.01 (ബുദ്ധ) + 0.01 (ജൈന)+0.01 (സിഖ്) എന്നിങ്ങനെ, ആകെ 44.97 ശതമാനമാണ്. പാഴ്സികളുടെ സംഖ്യ വ്യക്തമാക്കിയിട്ടുമില്ല. ഇതനുസരിച്ച് മുസ്‌ലിംകൾക്ക് കിട്ടേണ്ട സ്കോളർഷിപ്പ് വിഹിതം 26.46/44.97 ആയിരിക്കണം. അതനുസരിച്ച് 59.06 ശതമാനമാണ്. ക്രൈസ്തവരുടേത് 18.28/44.97 അതായത് 40.87 ബാക്കിയുള്ളത് 0.07 ശതമാനമാണ്. അതിൻ്റെ മൂന്നിലൊന്നാകും ബുദ്ധർ, ജൈനർ, സിഖ് എന്നിവർക്ക് ലഭിക്കുന്നത്. അപ്പോൾ പാഴ്സികളുടെ വിഹിതം എത്രയെന്നത് മറ്റൊരു ചോദ്യം. ഈ കണക്കൊക്കെ ഉദ്യോഗസ്ഥർ ഓരോ സ്കോളർഷിപ്പും വരുമ്പോൾ അപ്പപ്പോൾ കൃത്യമായി കണക്കുകൂട്ടി നൽകണം എന്നാണോ ഈ ഉത്തരവിലെ അവ്യക്തതകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ഉത്തരവിലും മുഖ്യമന്ത്രി പറഞ്ഞതിലും പ്രധാനമായ മറ്റൊരു കാര്യമാണ് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന തുകയിലോ ആനുകൂല്യം ലഭിക്കുന്ന എണ്ണത്തിലോ കുറവുണ്ടാകരുത് എന്നത്. ഇത് കഴിഞ്ഞ വർഷം കിട്ടിയ സ്കോളർഷിപ്പിൻ്റെ എണ്ണത്തിൽ കുറവുണ്ടാവുകയില്ല എന്നുമാത്രമാണ്. അതുകൊണ്ട് എന്താണ് ഫലമെന്ന് പഴയ കണക്കുകൾ നോക്കിയാൽ മനസ്സിലാകും.

ന്യൂനപക്ഷ വിഹിതം 2012 മുതൽ 2021 വരയുള്ള ഓരോ സാമ്പത്തിക വർഷങ്ങളിലും വെട്ടിക്കുറച്ചിരിക്കുയായിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ ബജറ്റ് വിഹിതം അനുവദിച്ചത് കഴിഞ്ഞ വർഷമാണ്. 2012-13 ൽ 84.50 കോടിയും 2013-14ൽ 103 കോടിയും,2014-15ൽ 130കോടിയും 2016-17 ൽ 90 കോടിയും 2016-17 ൽ 107 കോടിയും 2017-18ൽ 99 കോടിയും 2018-19 ൽ 110 കോടിയും 2019-20 ൽ 63 കോടിയും 2020-21 ൽ കേവലം 52.4 കോടിയുമാണ് അനുവദിച്ചത്. അതായത് അടിക്കടി കുറഞ്ഞ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു എന്നതാണ്. ഇതിലെ 40 ശതമാനത്തോളും ചെലവഴിച്ചിട്ടുമില്ല. അതിൽതന്നെ ഏതൊക്കെ സമുദായങ്ങൾക്ക് എത്രയൊക്കെ എന്ന കണക്കും സൂക്ഷിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും വിവരാവകാശ പ്രകാരം ലഭ്യമായതും.

ന്യൂനപക്ഷ വകുപ്പിന് ഏറ്റവും കുറഞ്ഞ തുക അനുവദിച്ച കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പിന് ചെലവഴിച്ച തുക 14 കോടിയാണ്. കാര്യങ്ങൾ നേരായരീതിയിൽ നടന്നാൽ ഈ പതിനാല് കോടിയിൽ മുസ്‌ലിം സ്കോളർഷിപ്പുകളുടെ എണ്ണം അനുപാതമാക്കി, അതാകും അടുത്ത വർഷത്തെ 59.06 ശതമാനമായി വരുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിൽ നിന്നും മേൽ സൂചിപ്പിച്ച ഉത്തരവനുസരിച്ചും മനസ്സിലാകുന്നത്. ഇ.ഡബ്ല്യു.എസ് റിസർവേഷൻ വന്നപ്പോൾ പിന്നാക്കക്കാരുടെ ക്വാട്ട കുറവ് വരില്ലെന്ന് കരുതി അതിനെ പിന്തുണച്ചവർക്കുണ്ടായ അതേ അനുഭവം തന്നെയാണ് സ്കോളർഷിപ്പിലും വരാൻ പോകുന്നതെന്ന് വ്യക്തം.

സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ – പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്. നിലവിൽ പരിതാപകരമായ അവസ്ഥയുള്ളവരാണ് പരിവർത്തിത ക്രൈസ്തവർ. ലത്തീൻ കത്തോലിക്കരും മെച്ചമല്ല. നരേന്ദ്രൻ പാക്കേജനുസരിച്ച് ഉദ്യോഗങ്ങളിൽ മുസ്‌ലിംകൾ കഴിഞ്ഞാൽ എണ്ണത്തിൽ ബാക്ക്ലോഗ് കൂടുതലായി വന്നവരാണ് ലത്തീൻ സമുദായം. ആനുപാതികമായി നോക്കിയാൽ മുസ്‌ലിംകളെക്കാൾ നഷ്ടംസംഭവിച്ചത് അവർക്കാണ്. പിന്നാക്കം നിൽക്കുന്ന ഈ രണ്ട് സമുദായങ്ങളും മുന്നാക്ക ക്രൈസ്തവരോട് സ്കോളർഷിപ്പ് ലഭിക്കാൻ മത്സരിക്കേണ്ടി വരും. അവർ ഇനിയും പിന്നോട്ടടിക്കാനാണ് മുൻകാല ചരിത്രം അനുസരിച്ച് സാധ്യത. നിലവിൽ ലഭിച്ച് കൊണ്ടിരുന്നത് അവർക്ക് നഷ്ടപ്പെടുമെന്നുറപ്പ്.

മുന്നാക്ക ക്രൈസ്തവർക്കാകട്ടെ രണ്ട് തരത്തിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. മുന്നാക്ക വികസന കോർപ്പറേഷൻ്റെ സമുന്നതി പദ്ധതി പ്രകാരം ഉള്ള സ്കോളർഷിപ്പുകൾ നിലവിലെ ന്യൂനപക്ഷ സ്കോളർഷിപ്പിനേക്കാൾ ഉയർന്ന തുകയാണുള്ളത്. ബിരുദതലത്തിൽ 6000 രൂപയാണ് സമുന്നതി സ്കോളർഷിപ്പുള്ളത്. ന്യൂനപക്ഷ സ്കോളർഷിപ്പാകട്ടെ 5000 രൂപയും. പ്രോഫഷണൽ ഡിഗ്രിക്ക് ഇത് യഥാക്രമം 8000 വും 7000 വും ആണ്. പി.ജി ക്കാകട്ടെ യഥാക്രമം 10000 വും 6000 വും. പ്രോഫഷണൽ പിജി.ക്ക് 16000 വും 7000 വും. സി.എ/സി.എസിന് മാത്രമാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് അൽപ്പം കൂടുതലുള്ളത്. യഥാക്രമം 10000വും 15000 ആണത്. ഇനി മുന്നാക്കവിഭാഗ കോർപ്പറേഷൻ സ്കോളർഷിപ്പുള്ളതും ന്യൂനപക്ഷക്ഷേമ വകുപ്പിന് ഇല്ലാത്തതുമായ വിഭാഗങ്ങളുണ്ട്. ഹയർസെക്കൻഡറിക്ക് 4000, ഡിപ്ലോമയ്ക്ക് 6000, എം.ഫിൽ 25000, പി.എച്ച്.ഡി 25000, ദേശിയ സ്ഥാപനങ്ങളിൽ 50000 എന്നിങ്ങനെയാണവ.മുന്നാക്ക ക്രൈസ്തവർക്ക് ഈ സാദ്ധ്യതയും ന്യൂനപക്ഷക്ഷേമ വകുപ്പുവഴിയുള്ള സ്കോളർഷിപ്പ് സാധ്യതയും നിലനിൽക്കുന്നു. ഇത്തരത്തിൽ സാമൂഹ്യനീതി അട്ടിമറിക്കും വിധമാണ് കോടതിവിധിയും സർക്കാർ തീരുമാനവും.

2008 ൽ മുസ്‍ലിംകൾക്ക് മാത്രമായിത്തുടങ്ങിയ സ്കോളർഷിപ്പ് പദ്ധതിയിൽ ലത്തീൻ കത്തോലിക്കരെയും പരിവർത്തിത ക്രൈസ്തവരെയും 2011ൽ ഉൾപ്പെടുത്തിയതിന് ഒരു സർക്കാർ ഉത്തരവെങ്കിലുമുണ്ട്. എന്നാൽ, പിന്നീട് പ്രത്യേക ഉത്തരവൊന്നുമില്ലാതെ, 2015 മുതലുള്ള ഉത്തരവുകളിൽ Muslims and other minority communities എന്ന് സ്കോളർഷിപ്പ് മാറ്റിയത് കാണാം. ഈ പഴുതാണ് യഥാർത്ഥത്തിൽ കോടതിയെ സമീപിച്ചവർ ഉപയോഗപ്പെടുത്തിയതും വസ്തുതകൾ കോടതിയെ ബോധ്യമാക്കാതെ സർക്കാർ കേസ് തോറ്റുകൊടുത്തതും. കോടതി വിധി വന്നപ്പോൾ അപ്പീൽ പോകണ്ടതില്ല എന്ന് സർക്കാർ തീരുമാനമെടുക്കുകയും സ്കോളർഷിപ്പ് അനുപാതം ധൃതിയിൽ മാറ്റുകയും ചെയ്ത ശേഷം ഇപ്പോൾ അപ്പീലിന് പോകും എന്നാണ് സർക്കാർ പറയുന്നത്. മുസ്‌ലിം പദ്ധതി ന്യൂനപക്ഷ പദ്ധതിയാക്കി മാറ്റിയതിന്റെ അടിസ്ഥാനത്തിൽ അത് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള കോടതി വിധിക്കെതിരെയല്ല അപ്പീൽ പോകുന്നത്. മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ഉപ തരംതിരിവുകൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെയാണ് അപ്പീൽ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കോശി കമ്മീഷനെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ കമ്മീഷൻ്റെ പഠനത്തിനുശേഷം ചില ക്ഷേമപദ്ധതികൾ സർക്കാർ പ്രഖ്യാപിക്കേണ്ടി വരും. ക്രൈസ്തവ ന്യൂനപക്ഷത്തിന് അത്തരം ക്ഷേമപദ്ധതി പ്രഖ്യാപിക്കുമ്പോൾ നിലവിലെ ഈ കോടതി വിധിപ്രകാരം ആ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്കും ബുദ്ധ-ജൈന-സിഖ്-പാഴ്സി സമുദായങ്ങൾക്കും നൽകേണ്ടിവരും. അത് വരാതിരിക്കാനാണ് സർക്കാർ അപ്പീലിന് പോകുന്നത് എന്നതാണ് വാസ്തവം. അല്ലെങ്കിൽ കോടതി വിധിക്ക് സ്റ്റേ വാങ്ങി നിലവിലെ സ്റ്റാറ്റസ്കോ തുടർന്നുകൊണ്ട് അപ്പീൽ നടപടികളുമായി സർക്കാരിന് പോകാമായിരുന്നു. 

കാര്യങ്ങൾ വളരെ ആസൂത്രിതവും സങ്കീർണ്ണവുമാണ്. അബദ്ധത്തിൽ എവിടെയോ കടന്നുകൂടിയ ന്യൂനപക്ഷം എന്ന പദത്തിൽ നിന്ന് സംഭവിച്ചതല്ല. ബോധപൂർവ്വം തിരുകിക്കയറ്റിയതും സംഘ്പരിവാർ തുടക്കമിട്ട്, സവർണ്ണ ക്രൈസ്തവ ലോബി ഏറ്റെടുത്തതുമായ, അപകടകരമായ പ്രചരണത്തെ തങ്ങളുടെ താത്കാലിക നേട്ടത്തിന് തന്ത്രപൂർവ്വം ഉപയോഗിക്കുകയാണ് ഭരണകൂടം. ഇത് കേരളീയ സമൂഹത്തിലുണ്ടാക്കുന്ന വിവേചനങ്ങളും അനന്തര ഫലങ്ങളും ചെറുതായിരിക്കില്ല.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.