2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.
എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും ‘ഉസ്‌മാൻ’ എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ചു പോലീസിന്റെ അവകാശവാദം. എന്നാൽ ഇത് കള്ളമാണെന്ന് വിജയ് കുമാർ ചൗധരിയുടെ ഭാര്യ തന്നെ വ്യക്തമാക്കിയിരുന്നു.
തന്റെ ഭർത്താവ് ഹിന്ദുവാണെന്നും പേര് വിജയ് എന്നാണെന്നും അവർ ആവർത്തിച്ചുപറഞ്ഞു.
2023 ഫെബ്രുവരി 24നാണ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന വെടിവെപ്പിൽ ഉമേഷ് പാൽ കൊല്ലപ്പെടുന്നത്. ഫെബ്രുവരി 27 ന്, ഉമേഷ് പാലിന്റെ കൊലപാതകികൾ ഉപയോഗിച്ച വാഹനം ഓടിച്ചുവെന്ന് ആരോപിച്ച് അർബാസ് എന്നയാളെ യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. അതേദിവസം തന്നെ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഗാസിപൂർ സ്വദേശിയായ സദാഖത് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് മാർച്ച് 6 ന് പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ, ഉമേഷ് പാലിനെതിരെ വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന വിജയ് ചൗധരിക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മരണശേഷം പുറത്തുവന്ന വാർത്തകളിലും ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങളിലും വിജയ് കുമാർ ചൗധരി “ഉസ്മാൻ ചൗധരി” യായി. “ഉസ്മാൻ” എന്നത് ചൗധരിയുടെ അപരനാമമാണെന്നാണ് പല മാധ്യമങ്ങളും അവകാശപ്പെട്ടത്.


യോഗി ആദിത്യനാഥിന്റെ മുൻ മാധ്യമ ഉപദേഷ്ടാവും എം.എൽ.എ യുമായ ശലഭ് മണി ത്രിപാഠി, പ്രീതി ഗാന്ധി, ബി.ജെ.പി യുവജന വിഭാഗം ദേശീയ സെക്രട്ടറി തജീന്ദർ പാൽ സിംഗ് ബഗ്ഗ തുടങ്ങിയ ബി.ജെ.പി അംഗങ്ങൾ ഏറ്റുമുട്ടൽ സംബന്ധിച്ച് ട്വിറ്ററിൽ നടത്തിയ പ്രതികരണങ്ങളിൽ “ഉസ്മാൻ ചൗധരി” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ആർ.എസ്.എസ് മുഖപത്രം ഓർഗനൈസറിലെ തലക്കെട്ടിൽ ഉസ്മാൻ എന്ന പേര് എടുത്തുകാണിക്കുന്നുണ്ട്. ഹിന്ദി പത്രങ്ങളായ അമർ ഉജാലയും, ദൈനിക് ഭാസ്‌കറും തലക്കെട്ടിൽ വിജയ് ചൗധരിയെ ഉസ്മാൻ എന്നാണ് വിശേഷിപ്പിച്ചത്. നിരവധി ഇംഗ്ലീഷ് വാർത്താ മാധ്യമങ്ങളും വിജയ് ചൗധരിയെ ഉസ്മാൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഉത്തർപ്രദേശിലെ ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ, ആദ്യം വിജയ് ചൗധരിയെ ഉസ്മാൻ എന്ന് വിശേഷിപ്പിച്ചെങ്കിലും, ചൗധരി ഇസ്ലാം മതം സ്വീകരിച്ചിരുന്നോ എന്ന അന്വേഷണം നടക്കുകയാണെന്ന് പിന്നീട് തിരുത്തി പറഞ്ഞു.
തന്റെ ഭർത്താവിന്റെ പേര് ഉസ്മാൻ എന്നല്ലെന്നും അദ്ദേഹത്തെ ബോധപൂർവം മുസ്ലീമായി ചിത്രീകരിക്കുകയാണെന്നും ചൗധരിയുടെ ഭാര്യ സുഹാനി ആരോപിച്ചു: “അവർ [പോലീസ്] നുണ പറയുകയാണ്. ഇത് ബോധപൂർവം ചെയ്യുന്നതാണ്. ഈ ഗ്രാമത്തിലുള്ളവർ ഉൾപ്പെടെ എല്ലാവർക്കും യഥാർഥ പേര് അറിയാം. പിന്നെങ്ങനെയാണ് പെട്ടെന്ന് ഞങ്ങൾ മുസ്ലിമായത്? അദ്ദേഹത്തെ (വിജയ് ) മുസ്ലിമാക്കി ചിത്രീകരിക്കുകയാണ്.” വിജയ് ചൗധരി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്നും സുഹാനി ആരോപിച്ചു. പോലീസ് രാവിലെ വന്ന് ഭർത്താവിനെയും, പിതാവിനെയും കൂട്ടിക്കൊണ്ടുപോകുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിജയ് ചൗധരിക്ക് മുസ്ലിം നാമം നൽകുന്നതിലൂടെ കൊലപാതകം ന്യായീകരിക്കപ്പെടുന്ന ഇന്ത്യയിലെ അപകടകരമായ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.