Skip to content Skip to sidebar Skip to footer

“ഏതു ഭാഷയിലാണ് ഹൃദയമില്ലാത്തവരോട് സംവദിക്കേണ്ടത്?”

ജസ്റ്റിസ്‌ എൻ. വി രമണക്ക് തുറന്ന കത്ത്.

സരിത പാണ്ഡേയ്

ബഹുമാനപെട്ട ജസ്റ്റിസ് എൻ. വി രമണ,

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം.

നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടുമ്പോൾ വൈറ്റ് ഹൗസിനു മുന്നിലും യു.എസ് സുപ്രീം കോടതിക്കു മുന്നിലും രാജ്യത്തെ മറ്റു വിവിധ പൊതു ഇടങ്ങളിലുമായി ഒരുപാട് പേർ പ്രതിഷേധിക്കുകയാണ്. ‘റോയ് വേഴ്സസ് വെയ്ഡ്’ അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് അവരുടെ പ്രതിഷേധം.

അതേസമയം, അമേരിക്കയിലെ സിയാറ്റിലിൽ മറ്റൊരു പ്രതിഷേധം നടക്കുന്നുണ്ട്. അവിടെ പ്രതിഷേധിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ജനങ്ങളാണ്. കഴിഞ്ഞയാഴ്ച്ച ഹൂസ്റ്റൺ, ഡള്ളാസ്, സാൻഫ്രാൻസിസ്കോ തുടങ്ങി മറ്റു പല സ്ഥലങ്ങളിലും ഇന്ത്യൻ-അമേരിക്കൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. തങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയിൽ നിരാശരായാണ് അവർ തെരുവിലിറങ്ങിയിരിക്കുന്നത്.

എന്നാൽ, പ്രതിഷേധങ്ങൾ നിങ്ങൾക്ക് അപരിചിതമല്ലല്ലോ. പ്രതിഷേധവും കുത്തിയിരിപ്പ് സമരങ്ങളും നിരാഹാരവുമൊക്കെ ജീവിതത്തിന്റെ ഭാഗമായ ഒരു രാജ്യത്ത് നിന്നാണ് ഞാനും നിങ്ങളും വരുന്നത്. മഹാത്മാഗാന്ധിയുടെ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയുടെ സ്വാതന്ത്ര്യം കടപ്പെട്ടിരിക്കുന്നു.

എന്നിരുന്നാലും, യു.എസിലെയും ഇന്ത്യയിലെയും പ്രതിഷേധങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. അവരിൽ ഒരു വിഭാഗം തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതിനു നൽകേണ്ടി വരുന്ന വില വളരെ വലുതാണ്.
യു.എസിലെ വൈറ്റ് ഹൗസിനും സുപ്രീം കോടതിക്കും പുറത്തുള്ള പ്രതിഷേധക്കാർക്ക് തങ്ങളുടെ വീടുകൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയില്ല. തങ്ങളെ ജയിലിലടക്കുമെന്നോ, ഭരണകൂട പിന്തുണയുള്ള ജനക്കൂട്ടത്താൽ കൊല്ലപ്പെടുമെന്നോ അവർക്ക് ഭയപ്പെടേണ്ടതില്ല.

അതിനാൽ ഇന്ന്, ഞാനും നിങ്ങളും ഇന്ത്യക്ക് പുറത്തായിരിക്കെ, നിങ്ങൾക്ക് ജഡ്‌ജിയുടെ കസേരയിൽ ഇരുന്ന് ഭൂമിയിലെ 1.38 ബില്യൺ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഇല്ലാതിരിക്കെ, നിങ്ങളോട് സ്വതന്ത്രമായി സംസാരിക്കാനും കുറച്ച് ചോദ്യങ്ങൾ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഫിലാഡൽഫിയയിൽ നിങ്ങൾ പറഞ്ഞത് എന്നെ ഉത്സാഹിപ്പിച്ചു: “ലോക പൗരന്മാർ എന്ന നിലയിൽ നമ്മുടെ പൂർവ്വികർ പൊരുതി നേടിയ സ്വാതന്ത്ര്യം, ലിബർട്ടി, ജനാധിപത്യം എന്നിവ നിലനിർത്താനും മുന്നോട്ട് കൊണ്ടുപോകാനും നാം പരിശ്രമിക്കേണ്ടതുണ്ട്”.

അതേസമയം, വാറന്റില്ലാതെ, അവരുടെ അഭിഭാഷകനോട് ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്യുന്ന വീഡിയോകൾ കണ്ടതിന്റെ ഭയാനകത എന്നെ വിട്ട് പോയിട്ടില്ല. ടീസ്റ്റ തന്റെ ആയുസ്സിന്റെ വലിയൊരു ഭാഗം ചിലവഴിച്ചത്, 2002-ൽ ശാരീരികമായും സാമൂഹികമായും വൈകാരികമായും മുറിവേറ്റവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ്. അവർക്ക് എപ്പോൾ വേണമെങ്കിലും ആ പോരാട്ടം ഉപേക്ഷിക്കാമായിരുന്നു, മറ്റു പലരെയും പോലെ ഇത് തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിൽ തിരിഞ്ഞു നടക്കാമായിരുന്നു, ആവർത്തിച്ചുള്ള ഉപദ്രവങ്ങൾക്കും ഭീഷണികൾക്കും ഭയപ്പെടാമായിരുന്നു. പക്ഷേ, അവർ ഒരിക്കൽപോലും ആ പോരാട്ടത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. കാരണം ടീസ്റ്റ സത്യസന്ധയായ, അന്തസുള്ള സ്ത്രീയാണ്.

ടീസ്‌റ്റയുടെ അറസ്റ്റിന് പിന്നാലെ, പോലീസ് ഓഫീസർ ആർ.ബി.ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടു. നരേന്ദ്രമോദി പ്രധാനമന്ത്രിയാതാകുന്നതിനു മുമ്പ് തന്നെ മോദിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു ആർ.ബി ശ്രീകുമാർ. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്, താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ “കൊലപ്പെടുത്തിയതിന്” ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനോ, സ്വന്തം സാക്ഷികളെ അവതരിപ്പിക്കാനോ, തനിക്ക് പറയാനുള്ളത് കോടതിക്ക് മുന്നിൽ പറയാൻ പോലും വിചാരണ വേളയിൽ അദ്ദേഹത്തെ അനുവദിച്ചില്ല.

2002 ഗുജറാത്ത് കൂട്ടക്കൊലയിൽ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്നവർക്ക്, കേസിലെ മിക്ക സാക്ഷികളും മരിക്കുകയോ, അപ്രത്യക്ഷമാകുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്‌തിട്ടുള്ള സാഹചര്യത്തിൽ ഇവർ മൂന്നുപേരും ജയിലിലാകുന്നത് സൗകര്യപ്രദമായിരിക്കും. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ എന്തുകൊണ്ടാണ് ഉന്നതരും ശക്തരുമായ, അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത്?

നിങ്ങൾക്ക് സക്കിയ ജാഫ്രിയെ അറിയുമായിരിക്കും. 2002-ൽ തന്റെ ഭർത്താവിനെയും മറ്റ് ഡസൻ കണക്കിന് ആളുകളെയും അവരുടെ വീട്ടിലിട്ട് വെട്ടിയും തീവെച്ചും കൊലപ്പെടുത്തിയതിനെതിരെ വർഷങ്ങളായി നീതിക്കുവേണ്ടി പോരാടുകയാണ് അവർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോടതി അവർ സമർപ്പിച്ച ഹരജി തള്ളുകയുണ്ടായി. സക്കിയയെ പിന്തുണച്ചവർക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. നിങ്ങളുടെ സുപ്രീം കോടതിയുടെ ഈ വിധിയാണ് ടീസ്റ്റയുടെ ഏകപക്ഷീയമായ അറസ്റ്റിലേക്ക് നയിച്ചത്.

നീതി നടപ്പാക്കുമെന്ന് ഉറപ്പുള്ള ദൈവത്തിൽ, അല്ലാഹുവിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് വിധിയിൽ നിരാശനായ സക്കിയയുടെ മകൻ പ്രതികരിച്ചു. 20 വർഷമായി അവർ കാത്തിരിക്കുകയാണ്. “ഒരു മിനുട്ട് നൂഡിൽസിന്റെ യുഗത്തിൽ ആളുകൾ തൽക്ഷണ നീതി പ്രതീക്ഷിക്കുന്നു”വെന്ന് ഈ വർഷം ഏപ്രിലിൽ നിങ്ങൾ പറയുകയുണ്ടായി. എന്നാൽ സാക്കിയ പ്രതീക്ഷിക്കുന്നത് “ഒരു മിനുട്ട് നൂഡിൽസ്” അല്ല; ഈ 20 വർഷങ്ങൾ ആ കുടുംബത്തിന് അത്രമേൽ ദുഷ്കരവും, അപമാനകരവും, അപകടകരവുമായിരുന്നു. ഞാനൊരു ദൈവ വിശ്വാസിയല്ല, ഉയർന്ന സ്വർഗത്തിൽ നിന്നുള്ള ഒരു ദൈവം നീതി നടപ്പാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സക്കിയ ജാഫ്രിക്ക് നീതി ലഭിച്ചുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഇന്ത്യയിൽ ഓരോ ആഴ്‌ചയും ഭരണകൂട ഭീകരതയുടെ പുതിയ അരങ്ങേറ്റങ്ങൾ നടക്കുകയാണ്. രണ്ടാഴ്ച മുമ്പ്, ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ മാതാവിന്റെ വീട് പട്ടാപ്പകൽ പൊളിച്ചുകളയുകയുണ്ടായി. അവളുടെ പിതാവിന്റെ പേരിലുണ്ടാക്കിയ ഒരു വ്യാജ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഡസൻ കണക്കിന് മുസ്ലീം വീടുകളും വ്യാപാര സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തുകളഞ്ഞു. നിരവധി മുസ്ലീം പ്രതിഷേധക്കാരെ പോലീസ് വെടിവച്ചു കൊന്നു. അവരിൽ ചിലരെ രണ്ടോ മൂന്നോ തവണ നേരെ തലയിലാണ് വെടി വെച്ചത്. കുടുംബങ്ങൾ നശിപ്പിക്കപ്പെട്ടു.

സംസാരിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളുൾ ഉൾപ്പടെ ദാരിദ്ര്യത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെട്ടു. ചിലർ ഈ സംഭവങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധിച്ചു. ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ സുപ്രീം കോടതി ഇതെല്ലാം നിശബ്ദമായി വീക്ഷിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ മൗനം അധികാരികൾക്ക് ഇത് തുടരാനുള്ള അനുവാദമാണോ? ഈ സന്ദർഭത്തിലെ നിശബ്ദത കുറ്റകൃത്യത്തിൽ പങ്കുചേരലല്ലേ?

നമ്മുടെ മാതൃരാജ്യത്തെ ‘മുഖ്യധാരാ മാധ്യമങ്ങൾ’ എന്ന് വിളിക്കുന്നവർ അവരുടെ പ്രൈംടൈം ഷോകളിൽ, കേസുകൾ സ്വയം വിചാരണ നടത്തുകയും നിങ്ങളുടെ കോടതികളിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ അമ്പരപ്പിക്കുന്ന ശിക്ഷാവിധികൾ പ്രസ്താവിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വഴിയില്ല. ഗവൺമെന്റിന്റെ വളർത്തുനായ്ക്കളായ വാർത്ത അവതാരകരാണ് ആരൊക്കെ,എങ്ങനെ, എത്രത്തോളം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത്. അവരുടെ ചാനൽചർച്ചകൾ വിദ്വേഷ പ്രസംഗത്തിന്റെ അക്ഷരീയ നിർവചനമാണ്.

ഡൽഹി ഹൈക്കോടതിയിലെ നിങ്ങളുടെ ബഹുമാനപ്പെട്ട സഹപ്രവർത്തകരിലൊരാൾ പറയുകയുണ്ടായി. “നിങ്ങൾ പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല, നിങ്ങൾ വേദനിപ്പിക്കുന്ന രീതിയിൽ പറഞ്ഞാലേ കുറ്റകൃത്യമാവുന്നുള്ളു”. നിങ്ങൾ അദ്ദേഹത്തോട് യോജിക്കുന്നുണ്ടോ? അശരണരായ മുസ്‌ലിംകളുടെ വീടുകൾ നിലംപരിശാക്കുമ്പോൾ, തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വിലപിടിപ്പുള്ള ചില വസ്തുക്കൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് അവരെ അടിച്ചോടിക്കുമ്പോൾ, ഒരു മുതിർന്ന മാധ്യമപ്രവർത്തക ‘തമാശക്കായി’ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ‘ബുൾഡോസറുകളുടെ വർധിച്ച ആവശ്യം കണക്കിലെടുത്തു ഒരു ജെ.സി.ബി പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ’ എന്ന് ട്വിറ്ററിലൂടെ ചോദിക്കുകയുണ്ടായി.

ഈ വർഷം ആദ്യത്തിൽ ‘ജെനോസൈഡ് വാച്ച്’ ഇന്ത്യൻ മുസ്ലിംകൾക്ക് വംശഹത്യാ മുന്നറിയിപ്പ് നൽകിയിരുന്നു. റുവാണ്ടൻ വംശഹത്യ പ്രവചിച്ച ഡോ. ഗ്രിഗറി സ്റ്റാന്റനാണ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ സംഘടനയെ നയിക്കുന്നത്; ഇതിനുമുമ്പ് രണ്ട് തവണയെങ്കിലും അദ്ദേഹം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു പുഞ്ചിരിയോടെ ചെയ്താൽ, വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതും, നടപ്പിലാക്കുന്നതും കുറ്റകൃത്യമല്ലാതാവുമോ?

നർഗീസ് സൈഫി മൂന്ന് കൂട്ടികളുടെ അമ്മയാണ്. തെളിവുകളൊന്നും പരിശോധിക്കാതെ, വ്യാജ ആരോപണങ്ങളുടെ പേരിൽ നിസ്സാരമായി തുറങ്കിലടക്കപ്പെടുന്ന ഇന്ത്യൻ മുസ്ലിംകളിൽ ഒരാളായ, ആക്ടിവിസ്റ് ഖാലിദ് സൈഫിയുടെ ഭാര്യയാണ് അവർ. എന്തുകൊണ്ടാണ് തനിക്ക് പിതാവിനെ കാണാൻ കഴിയാത്തതെന്നും തന്നെ കാണുമ്പോൾ എന്തിനാണ് പോലീസ് അദ്ദേഹത്തെ വലിച്ചിഴക്കുന്നതെന്നും മകൾ തന്നോട് ചോദിക്കുന്നതായി നർഗീസ് പറയുന്നു. രണ്ട് വർഷത്തിലേറെയായി ഖാലിദ് ജയിലിലാണ്. അറസ്റ്റിലാകുമ്പോൾ മകൾ മറിയത്തിന് ആറ് വയസ്സായിരുന്നു. നർഗീസ് ഒരു വീട്ടമ്മയാണ്; ഖാലിദിന്റെ ചെറുകിട വ്യാപാരസ്ഥാപനം ഇപ്പോൾ പൂട്ടിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി അവർ ബുദ്ധിമുട്ടുകയാണ്. ഖാലിദ് ജയിലിൽ പീഡിപ്പിക്കപ്പെടുന്നു. നർഗീസ് മറിയത്തോട് എന്താണ് പറയേണ്ടത്? അദേഹത്തിന്റെ കേസ് വായിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചോ? അവളുടെ പിതാവിന് നീതി ലഭിക്കുമെന്ന് കുഞ്ഞു മറിയത്തിന് ഉറപ്പുനൽകാൻ നിങ്ങൾക്ക് കഴിയുമോ?

ഉമർ ഖാലിദിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എപ്പോഴും മുഖത്ത് പുഞ്ചിരിയും കൈകളിൽ പുസ്തകങ്ങളുമായി നടക്കുന്ന യുവ ആക്ടിവിസ്റ്റ്? വളച്ചൊടിച്ച ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുകയാണ് അദ്ദേഹം. രാജ്യത്തെ ഒരു ‘മുഖ്യധാര’ മാധ്യമ ഭീമനാണ് വീഡിയോ ആ രീതിയിൽ രൂപപ്പെടുത്തിയത്. ആ വീഡിയോ കണ്ടാൽ പക്ഷെ, നിങ്ങൾ ഉമറിനെക്കുറിച്ചു അഭിമാനിക്കും, കാരണം അദ്ദേഹം പവിത്രമായി കരുതുന്ന ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപിടിക്കുകയാണ് അതിൽ ഉമർ ചെയ്യുന്നത്. നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകരും ചുമതല നിർവഹിക്കുമ്പോൾ പരാമർശിക്കുന്ന അതേ ഭരണഘടന.

എന്നാൽ ഉമറിപ്പോൾ ജയിലിലാണ്. അദ്ദേഹം പുഞ്ചിരിച്ചും വായിച്ചും നീതിക്കായി കാത്തിരിക്കുന്നു. നിങ്ങളും ഒരു വിദ്യാർത്ഥി ആക്ടിവിസ്റ്റായിരുന്നല്ലോ, നിങ്ങൾക്ക് ഒരുപക്ഷെ ഉമറിന്റെ പ്രചോദനങ്ങളും ഊർജ്ജവും, പ്രതീക്ഷയോടെ തുടരാനുള്ള അദ്ദേഹത്തിന്റെ കഴിവുമൊക്കെ മനസ്സിലാക്കാൻ പറ്റുമായിരിക്കും. അദ്ദേഹത്തിന് ഒരു അവസരം ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉമറിന് ജാമ്യമെങ്കിലും അനുവദിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണെങ്കിൽ അത് ‘തൽക്ഷണ നൂഡിൽസ്’ ആവശ്യപ്പെടലാകുമോ?

നിങ്ങൾ അറിയുന്നുണ്ടാവില്ല, നിങ്ങൾ വേനലവധി ആസ്വദിക്കാൻ വന്നതാണല്ലോ (നിങ്ങൾക്കതിന് എല്ലാ അവകാശവുമുണ്ട്). നമ്മൾ ഇവിടെ ഒത്തുകൂടി, ജനാധിപത്യത്തെയും നീതിയെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഗൗതം നവ്‌ലാഖ, റോണ വിൽസൺ, വരവര റാവു, ആനന്ദ് തെൽതുംബ്‌ഡെ, ജി.എൻ. സായിബാബ, സുധീർ ധവെ, ഷോമ സെൻ, ഹാനി ബാബു, തുടങ്ങി നിരവധി പേർ ജയിലിലാണ്. ലോകം അവരെ “മനസ്സാക്ഷിയുടെ തടവുകാർ” എന്ന് വിളിക്കുന്നു. അത്യാധുനിക സ്‌പൈവെയറുകൾ വഴി അവരുടെ കമ്പ്യൂട്ടറുകളിൽ കയറികൂടിയതായി പിന്നീട് തെളിയിക്കപ്പെട്ട വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവർ ജയിലിലായത്.

ജെസ്യൂട്ട് വൈദികനായിരുന്ന ഫാദർ സ്റ്റാൻ സ്വാമി, പാർക്കിൻസൺസ് ബാധിച്ച് തകർന്ന തന്റെ ശരീരത്തിലേക്ക് വേണ്ടുന്ന ആഹാരം കഴിക്കാൻ ഒരു സ്ട്രോ പോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ജയിലിൽ വച്ച് മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന് നീതി എന്ന അന്തസ്സ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ലോകം അന്ന് ലജ്ജിച്ചു തല താഴ്ത്തി.

ചൈന, റഷ്യ, തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാത്രമാണ് മനസ്സാക്ഷിയുടെ തടവുകാരെന്ന് വിശേഷിപ്പിച്ചു ആളുകളെ ജയിലിലടക്കുന്നതെന്ന് പണ്ട് ഞാൻ വിശ്വസിച്ചിരുന്നു, ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഞാൻ കരുതി. വിയോജിക്കാനുള്ള സ്വാതന്ത്ര്യമല്ലാതെ, ശക്തരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ വിരൽ ചൂണ്ടാനുള്ള സ്വാതന്ത്ര്യമല്ലാതെ പിന്നെ സ്വാതന്ത്ര്യം എന്താണ് അർത്ഥമാക്കുന്നത്? നിലവിൽ, ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം’ (USCIRF) 44 ഇന്ത്യക്കാരെ മനസ്സാക്ഷിയുടെ തടവുകാരായി അംഗീകരിച്ചിട്ടുണ്ട്. ഫാദർ സ്റ്റാൻ സ്വാമിയുടെ അതേ വിധി നേരിടാൻ ഇവരെല്ലാവരും തയ്യാറാകണമെന്നാണോ നിങ്ങൾ കരുതുന്നത്? സുപ്രീം കോടതി ഈ തെറ്റുകൾ തിരുത്താൻ തയ്യാറാണോ?

മാധ്യമപ്രവർത്തകനായാണ് താങ്കൾ കരിയർ ആരംഭിച്ചത്. 2022ലെ ‘വേൾഡ് ഫ്രീഡം ഇൻഡക്‌സിൽ’ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡർ (RSF) ഇന്ത്യയെ 170 രാജ്യങ്ങളിൽ 150-ാം സ്ഥാനത്തേക്ക് താഴ്ത്തിയത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? 2014 മുതൽ, 22 മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടു, അതിൽ ഏഴ് പേർ 2021-ൽ മാത്രം ജയിലിലടക്കപ്പെട്ടു എന്നത് നിങ്ങളെ ആസ്വസ്തമാക്കുന്നുണ്ടോ? 2014ന് ശേഷം ഇന്ത്യയിൽ
22 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് എന്തുകൊണ്ടോ ഞെട്ടലുളവാക്കുന്നില്ല. ഈ കൊല്ലപ്പെട്ടവരൊന്നും വൻകിട കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രശസ്തരല്ല. ഇവർ അതിജീവനത്തിന് വേണ്ടത്ര സമ്പാദിക്കാൻ പോലും കഴിയാത്ത റിപ്പോർട്ടർമാരും സ്ട്രിംഗർമാരുമൊക്കെയാണ്.

ആസിഫ് സുൽത്താൻ, ഗുൽഫിഷ ഫാത്തിമ, ഫഹദ് ഷാ, സിദ്ദിഖ് കാപ്പൻ, സജാദ് ഗുൽ, ഷർജിൽ ഇമാം, എന്നിങ്ങനെ എത്രയെത്ര പേരുകളാണ്, ജയിലിലടക്കപെട്ടതിനും, “ഇന്ത്യ വിരുദ്ധ” കഥകൾ നിർമ്മിച്ചതിനുമൊക്കെ മാത്രം, തലക്കെട്ടുകൾ സൃഷ്ടിക്കുന്നത്.

നിങ്ങൾ ഒരു പത്രപ്രവർത്തകനായിരുന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുക, അധികാരത്തിന്റെ സൗകര്യം അനുഭവിക്കുന്നവരെ ചോദ്യം ചെയ്യുക എന്ന പത്രപ്രവർത്തനത്തിന്റെ സമയോചിതമായ ഉദ്ദേശ്യം: നിങ്ങൾ പരിശീലിച്ചിരുന്നില്ലേ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചാൽ അഅദ്ദേഹത്തിന്റെ പ്രിയപ്പെട്ട പഴത്തെക്കുറിച്ചോ, എനർജി ഡ്രിങ്കിനെ കുറിച്ചോ ചോദിക്കാനാണോ നിങ്ങൾ ഒരു മാധ്യമപ്രവർത്തകനെ ഉപദേശിക്കുക? അതോ 2002 ഫെബ്രുവരി മുതൽ മാർച്ച് വരെ ഗുജറാത്തിൽ എന്താണ് സംഭവിച്ചതെന്ന് ആ അധികാരപുരുഷനോട് ചോദിക്കാൻ നിങ്ങൾ അവളെ പ്രോത്സാഹിപ്പിക്കുമോ?

കഴിഞ്ഞയാഴ്ച്ച, ഞെട്ടിക്കുന്ന ഒരു വിധിന്യായത്തിൽ, കർണാടക ഹൈക്കോടതി, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം ഫലത്തിൽ അസാധുവാക്കുകയുണ്ടായി, ജാതീയമായ അധിക്ഷേപം പൊതുസ്ഥലത്ത് നടന്നാൽ മാത്രമേ അത് നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കാൻ കഴിയൂ എന്ന് കോടതി വിധിച്ചു. വിശേഷാധികാരമുള്ള ഹിന്ദുക്കൾക്കിടയിൽ ജാതി വിവേചനം അതിശക്തമായി തുടരുമ്പോൾ, കുതിരപ്പുറത്ത് കയറിയതിനും ‘മേൽജാതി’ക്കാർക്ക് നിശ്ചയിച്ചിട്ടുള്ള കിണറുകളിൽ നിന്ന് വെള്ളം കുടിച്ചതിനും ‘മേൽജാതി’ക്കാരെ പ്രണയിച്ചതിനുമൊക്കെ ദളിതർ കൊല്ലപ്പെടുമ്പോൾ, എസ്‌.സി-എസ്‌.ടി നിയമം ഇല്ലാതാക്കാനായി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദളിതരുടെ ജീവൻ പ്രാധാന്യമുള്ളതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവൻ പ്രാധാന്യമുള്ളതാണോ? ഇതിന് മറുപടി പറയുമ്പോൾ, ട്രെയിനിൽ വെച്ച് കൊലപ്പെട്ട കുഞ്ഞു ജുനൈദിനെയും, ക്ഷേത്രത്തിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കുഞ്ഞു അസിഫയെയും, ഗോഹത്യ ആരോപിച്ച് കുത്തിക്കൊലപ്പെടുത്തിയ അഖ്ലാകിനെയും, സ്വന്തം മകന്റെ മുന്നിൽ വെച്ച് ക്രൂരമായി കൊലപെടുത്തിയ പെഹ്‌ലു ഖാനെയും, ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിച്ചുകൊണ്ട് ആൾക്കൂട്ടം അടിച്ചു കൊന്ന തബ്രെസിനെയും, മുഹമ്മദ് സലീം (55), മുഹമ്മദ് ഖലീൽ, ആലം (35), സമീർ ഷാപൂർ (19), മുഷറഫ് (35), ബാബു (30), മെഹ്താബ് (22) , സക്കീർ സൈഫി (28), അഖിബ് (19) എന്നിവരെയും ഓർക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇവരെയെല്ലാം കൊലപെടുത്തിയത് ഹിന്ദു തീവ്രവാദികളാണ്, ഒരു ശിക്ഷാനടപടിയും നേരിടേണ്ടി വരാതെ.

ഇന്ത്യൻ ക്രിസ്ത്യാനികൾ വളരെക്കാലമായി ‘അരി സഞ്ചി’ പരിവർത്തനം എന്ന പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നതോടെ ഈ അക്രമണങ്ങൾ നിയമവിധേയമായിരിക്കുകയാണ്. ആറ് മാസം മുമ്പ് ക്രിസ്മസ് ദിനത്തിൽ, ഇന്ത്യയിലെ ക്രിസ്ത്യാനികൾ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളും ധരിച്ച് പള്ളിയിലേക്ക് പോകുമ്പോൾ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി. ഗുഡ്ഗാവിലെ ഒരു പള്ളിക്ക് പുറത്ത് തകർന്ന് കിടക്കുന്ന യേശുക്രിസ്തു പ്രതിമയുടെ ചിത്രം നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകും.

വിവിധ സ്ഥലങ്ങളിൽ സാന്താക്ലോസിന്റെ കോലം കത്തിക്കുന്നതിന്റെ വീഡിയോകൾ നിങ്ങളെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടാവാം. ഇന്ത്യയിലെ പാസ്റ്റർമാർ എവിടെയും, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന സാഹചര്യമാണ്. ക്രിസ്ത്യാനികൾക്ക് ലഭിക്കേണ്ടുന്ന മതസ്വാതന്ത്ര്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങൾ ‘ഘർവാപസി’യിലാണോ വിശ്വസിക്കുന്നത്?

ഇന്ത്യ പൂർണമായി ഒരു ഹിന്ദു രാഷ്ട്രമായി കഴിഞ്ഞോ? ബാബരി മസ്ജിദ് തകർത്തതിനെ സംബന്ധിച്ചുള്ള വിധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഹിന്ദു വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിനായി മസ്ജിദുകൾ / ദർഗകൾ / ആരാധനാലയങ്ങൾ വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്യുക സാധാരണമായിരിക്കുന്നു. 350 വർഷം മുമ്പ് മുഗൾ ചക്രവർത്തി ഔറംഗസേബ് പണികഴിപ്പിച്ച ഗ്യാൻവാപി മസ്ജിദ് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഭാഗികമായി അടച്ചുപൂട്ടി. കുത്തബ് മിനാറും താജ്മഹലും, പോലെയുള്ള ആത്ഭുദകരമായ വാസ്തുവിദ്യാ വിസ്മയങ്ങൾ നശിപ്പിക്കപെടുകയോ ക്ഷേത്രങ്ങളാക്കി മാറ്റുകയോ ചെയ്തേക്കാം. നിങ്ങൾ ഈ വംശഹത്യ കാണുന്നുണ്ടോ? ഇത് അംഗീകരിക്കുന്നുണ്ടോ?

ഹിജാബ് ധരിച്ച പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി കേൾക്കാൻ നിങ്ങളുടെ സുപ്രീം കോടതി വിസമ്മതിക്കുകയുണ്ടായി. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ, ഈ ഹിജാബി വിദ്യാർത്ഥികൾക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്?

ഞാൻ ആത്മാർത്ഥമായി നിങ്ങളോട് ചോദിക്കുകയാണ്, ഞാൻ ഇന്ത്യയിലെ ജുഡീഷ്യറിയിൽ വിശ്വസിക്കണോ?

അവസാനമായി, നജീബിന്റെ ഉമ്മയെപ്പോലെ, നജീബ് എവിടെയാണെന്ന് നിങ്ങളും ആശങ്കപ്പെടാറുണ്ടോ? അല്ലെങ്കിൽ, ആരാണ് ജഡ്ജി ലോയയെ കൊന്നതെന്ന്? അതോ, ഈ ചോദ്യങ്ങളൊക്കെ അപ്രസക്തമാണോ?

വരവര റാവുവും ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുകയുണ്ടായി?

“ഏത് ഭാഷ ഉപയോഗിച്ചാണ് നാം ഹൃദയമില്ലാത്തവരുമായി സംവദിക്കുക?”

എന്ന്,
സരിത പാണ്ഡേയ്,
ആശങ്കപെടുന്ന ഒരു എൻ.ആർ.ഐ.

ജൂൺ 26- 2022
വാഷിങ്ങ്ടൻ ഡി.സി

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.