Skip to content Skip to sidebar Skip to footer

ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?

സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ മാസങ്ങൾ എടുത്തേക്കാം.

ഒരു കേസ് എപ്പോൾ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് നിർണ്ണയിക്കുന്ന വസ്തുനിഷ്ഠമായ ഒരു പ്രക്രിയയും സുപ്രീം കോടതിക്കില്ല. അതുകൊണ്ട് തന്നെ ഇതിന് ന്യായീകരണമൊന്നും നൽകേണ്ടതില്ല. കേസുകൾ ലിസ്റ്റുചെയ്യുന്നതിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിലും, സുപ്രീം കോടതിയുടെ ലിസ്റ്റിംഗ് പ്രക്രിയ ഏകപക്ഷീയമാണെന്ന് പല അഭിഭാഷകരും ജഡ്ജിമാരും മുമ്പും പരാതിപ്പെട്ടിട്ടുണ്ട്.

രോഹിത് രഞ്ജൻ

സുപ്രീം കോടതിയിൽ അനേകം കേസുകൾ കെട്ടികിടക്കുന്നുണ്ട്. ഇത്തരത്തിൽ തീർപ്പു കൽപ്പിക്കാതെ കെട്ടികിടക്കുന്ന കേസുകളിൽ ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകളുമുണ്ട്. അതുകൊണ്ട് തന്നെ ലിസ്റ്റിംഗ് പ്രക്രിയ പ്രധാനമാണ്.

സുപ്രീം കോടതിയിൽ ഒരു ഹർജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?

ആദ്യം, സുപ്രീം കോടതിയുടെ ഫയലിംഗ് കൗണ്ടറിലോ, കോടതിയുടെ വെബ്‌സൈറ്റ് വഴിയോ ഒരു കക്ഷി ഹർജി ഫയൽ ചെയ്യുന്നു. ശേഷം, സുപ്രീം കോടതി രജിസ്ട്രി (രേഖകൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം) ഹർജിയിൽ കോടതി നിയമങ്ങളും സമ്പ്രദായങ്ങളും പാലിക്കുന്നതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ഈ പോരായ്മകൾ കക്ഷികളെ അറിയിച്ചതിന് ശേഷം, അവ തിരുത്താൻ സാധാരണയായി 28 ദിവസത്തെ സമയം നൽകുന്നു. ഇത്തരം അപാകതകളില്ലാത്ത ഹർജികൾ അപൂർവമാണെന്ന് അഭിഭാഷകർ പറയുന്നു.

പോരായ്മകൾ പരിഹരിച്ചുകഴിഞ്ഞാൽ, വിഷയം കോടതിയിൽ രജിസ്റ്റർ ചെയ്യുകയും കക്ഷിക്ക് ഒരു ഹർജി നമ്പർ ലഭിക്കുകയും ചെയ്യും. ശേഷം, കേസ് വെരിഫിക്കേഷനായി അയക്കുന്നു. അവിടെ രജിസ്‌ട്രി അത് സൂക്ഷ്മമായി പരിശോധിക്കുന്നു. കൂടാതെ ഹർജി സമയബന്ധിതമാണോ, സമാനമായ കാര്യങ്ങൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടോ തുടങ്ങിയ വിവിധ കാര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. പരിശോധനക്ക് ശേഷം വിഷയം കോടതിയിലെ ലിസ്റ്റിംഗ് വിഭാഗത്തിന് കൈമാറുന്നു. ഇവിടെയാണ് കേസ് എപ്പോൾ പരിഗണിക്കുമെന്ന് തീരുമാനിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കേസുകൾക്കായി വ്യത്യസ്ത ബെഞ്ചുകൾ നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ബെഞ്ചിന് കൈമാറുന്നത്.

ആദ്യ വാദം കേൾക്കുന്ന ദിവസം, വിഷയം പരിഗണിക്കുന്ന ബെഞ്ചിന്, ഹർജിയെ ആശ്രയിച്ച്, അത് അംഗീകരിക്കുകയോ അല്ലെങ്കിൽ പ്രതികരിക്കാൻ മറുഭാഗത്തിന് നോട്ടീസ് നൽകുകയോ ചെയ്യാവുന്നതാണ്.

സാധാരണ കേസുകളിൽ കക്ഷികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ ഹർജിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും, രജിസ്ട്രി മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്തലില്ലെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു. ഈ മുഴുവൻ പ്രക്രിയയ്ക്കും ഏഴ് മുതൽ 10 ദിവസം വരെയാണ് എടുക്കുക.

കേസ് പരിഗണിച്ച്, ഹിയറിംഗുകൾ ആരംഭിച്ചാൽ, കോടതി അതിന് ഒരു നിർദ്ദിഷ്ട തീയതി നിശ്ചയിക്കാത്ത പക്ഷം, കേസ് കാലക്രമത്തിലാണ് പട്ടികപ്പെടുത്തുക.

ചില കേസുകൾ എങ്ങനെയാണ് വേഗത്തിൽ പരിഗണിക്കപ്പെടുന്നത്?

കക്ഷികൾക്ക് അടിയന്തിര ആശ്വാസം ആവശ്യമുള്ള സാഹചര്യത്തിൽ, പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് “മെൻഷനിങ് ” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയ ഉപയോഗിക്കുന്നു. ഇതിന് കീഴിൽ, അഭിഭാഷകർക്ക് നേരത്തെയുള്ള ലിസ്റ്റിംഗിനായി നിയുക്ത സുപ്രീം കോടതി രജിസ്ട്രാറെ സമീപിക്കാം. രജിസ്ട്രാർ വിസമ്മതിച്ചാൽ, കോടതി ആരംഭിക്കുന്ന സമയം, രാവിലെ 10.30-ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം അവതരിപ്പിക്കാം .

2019-ൽ സുപ്രീം കോടതി ഒരു ഓട്ടോമേറ്റഡ് ലിസ്‌റ്റിംഗ് സംവിധാനം കൊണ്ടുവന്നെങ്കിലും, ചീഫ് ജസ്റ്റിസിന്, കോടതിക്രമങ്ങളുടെ “മാസ്റ്റർ” എന്ന നിലയിൽ, കേസുകൾ എപ്പോൾ ലിസ്‌റ്റ് ചെയ്യണം എന്നതിൽ പൂർണ്ണ വിവേചനാധികാരമുണ്ട്. അദ്ദേഹത്തിന് ചില കേസുകൾ മുൻഗണനാക്രമത്തിൽ ലിസ്റ്റ് ചെയ്യാം.

കേസുകൾ ലിസ്റ്റുചെയ്യുന്നതിലെ വെല്ലുവിളികൾ എന്തൊക്കെ?

പരിശോധിച്ചുറപ്പിക്കൽ, ‘മെൻഷനിങ്’ എന്നിങ്ങനെയുള്ള ലിസ്റ്റിംഗ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ സുതാര്യമല്ല.

“കേസിന്റെ സ്ഥിരീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങൾ വെബ്‌സൈറ്റിൽ ട്രാക്ക് ചെയ്യാൻ കഴിയില്ല, അതുകൊണ്ട് കാലതാമസത്തിന് കാരണമായത് എന്തെന്ന് തിരിച്ചറിയുക പ്രയാസമാണ്,” അഡ്വ. തൽഹ അബ്ദുൾ റഹ്മാൻ പറയുന്നു. “ഈ പ്രക്രിയ ഒരു ദിവസം മുതൽ നിരവധി ദിവസങ്ങൾ വരെ സമയം എടുത്തേക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുമായോ രാഷ്ട്രീയക്കാരുമായോ അല്ലെങ്കിൽ ആൾക്കൂട്ട കൊലപാതകം പോലുള്ള രാഷ്ട്രീയവൽക്കരിക്കപ്പെട്ട കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെട്ട ചില സെൻസിറ്റീവായ കേസുകൾ ലിസ്റ്റ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാകാമെന്നും സ്ഥിരമായി പരാമർശിക്കേണ്ടതുണ്ടെന്നും
അഡ്വ. തൽഹ ചൂണ്ടികാണിക്കുന്നു.

നിരന്തരം സൂചിപ്പിച്ചതിനു ശേഷവും, ചില കാര്യങ്ങൾ ലിസ്റ്റ് ചെയ്യപ്പെടില്ല. ഉദാഹരണത്തിന്, കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ ഏപ്രിലിൽ ‘മെൻഷൻ’ ചെയ്‌തിട്ടും ഇപ്പോഴും പരിശോധനാ ഘട്ടത്തിലാണ്. വിഷയം ഒരാഴ്ചക്കകം ലിസ്റ്റ് ചെയ്യാമെന്ന് ജൂലൈ 13 നു ചീഫ് ജസ്റ്റിസ് സമ്മതിച്ചിട്ടുണ്ട്.

കേസുകൾ ‘മെൻഷൻ’ ചെയ്യുന്ന പ്രക്രിയയും സ്ഥിരമല്ല. നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കുന്നതിനാൽ വ്യത്യസ്ത സന്ദർഭങ്ങളിൽ അഭിഭാഷകരോട് വിവിധ സുപ്രീം കോടതി ഉദ്യോഗസ്ഥരെ സമീപിക്കാൻ ആവശ്യപ്പെട്ടേക്കാം.

ലിസ്റ്റിംഗുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ.

സുപ്രീം കോടതിയുടെ ലിസ്റ്റിംഗ് ഏകപക്ഷീയമാണെന്ന ആരോപണം നിരവധി അഭിഭാഷകർ ഉന്നയിച്ചിട്ടുണ്ട് .

2020-ൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന ദുഷ്യന്ത് ദവെ, കോടതി കേസുകൾ തിരഞ്ഞെടുത്ത് പട്ടികപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്തെഴുതുകയുണ്ടായി. റിപ്പബ്ലിക് ടി.വി അവതാരകൻ അർണാബ് ഗോസ്വാമിയുടെ ഹർജി ഒരു ദിവസത്തിനുള്ളിൽ വൈകല്യങ്ങൾ പരിഹരിക്കാൻ പോലും ആവശ്യപ്പെടാതെ പട്ടികപ്പെടുത്തിയെന്നും അതേ സമയം പല അടിയന്തര വിഷയങ്ങളും സുപ്രീം കോടതി പട്ടികപ്പെടുത്താതെ മാസങ്ങളോളം കെട്ടിക്കിടക്കുകയാണെന്നും ദവെ ചൂണ്ടിക്കാട്ടി. “ചില അഭിഭാഷകർ പ്രതിനിധീകരിക്കുന്ന ഹർജിക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു” എന്ന പ്രതീതിയാണ് ഇത് നൽകിയത് എന്നദ്ദേഹം പറഞ്ഞിരുന്നു.

അഭിഭാഷകർ മാത്രമല്ല, സുപ്രീം കോടതി ജഡ്ജിമാർ പോലും ലിസ്റ്റിംഗ് പ്രക്രിയയെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്.

2018-ൽ നാല് സുപ്രീം കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തുകയുണ്ടായി. രാജ്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കേസുകൾ യുക്തിസഹമായ അടിസ്ഥാനമില്ലാതെ ചീഫ് ജസ്റ്റിസിന് മുൻഗണനയുള്ള സെലക്ടീവ് ബെഞ്ചുകളിലേക്ക് നിയോഗിക്കുന്നുവെന്ന് അവർ പരാതിപ്പെട്ടു.

ചില ലിസ്‌റ്റിംഗ് വീഴ്ചകളിൽ ജഡ്ജിമാർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, 2021-ൽ, അലക്ഷ്യ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഫയൽ ചെയ്ത കേസ് സമാനമായ കാര്യങ്ങൾ കേൾക്കുന്ന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാതിരുന്നപ്പോൾ രണ്ടംഗ ബെഞ്ച് രജിസ്ട്രിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.

ജഡ്ജിമാർ തന്നെ പ്രക്രിയയുടെ സുതാര്യതയില്ലായ്മയിൽ ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, കുറഞ്ഞത് രണ്ട് സന്ദർഭങ്ങളിലെങ്കിലും, ഒരു ബെഞ്ച് അടിയന്തര പരിഗണനക്ക് ഉത്തരവ് നൽകിയതിന് ശേഷവും കോടതിയുടെ രജിസ്ട്രി കേസ് പട്ടികപ്പെടുത്തിയില്ല. ലിസ്റ്റിംഗ് നിർണ്ണയിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുള്ളതിനാൽ സാങ്കേതികമായി ഇത് തെറ്റല്ലെങ്കിലും സാധാരണ പിന്തുടരുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നതിൽ അഭിഭാഷകരും ജഡ്ജിമാരും ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി. “ഞങ്ങൾ നിർദ്ദേശിച്ചതിന് ശേഷവും വിഷയം ലിസ്റ്റ് ചെയ്യില്ലെന്ന് രജിസ്ട്രാർക്ക് (ജുഡീഷ്യൽ) എങ്ങനെ തീരുമാനിക്കാൻ കഴിയും?” എന്നാണ് ജൂൺ 28ന് കോടതി ചോദിച്ചത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.