Skip to content Skip to sidebar Skip to footer

അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.

ഹിശാമുൽ വഹാബ്.

ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിപഥ്’ രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.

ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല. ഇന്ത്യൻ ഭരണകൂടം അക്രമത്തിന്റെ കുത്തക വർഗ്ഗീയ ആൾക്കൂട്ടങ്ങൾക്ക് വിട്ടുകൊടുത്ത സമയത്തു തന്നെയാണ് മറ്റൊരു തലത്തിൽ അക്രമ-സ്വഭാവമുള്ള പ്രതിഷേധങ്ങൾ അരങ്ങുതകർക്കുന്നത്.

ഇപ്പോൾ സജീവമായ ഈ ആൾക്കൂട്ടം ഭരണകക്ഷി അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉന്നമനത്തിനായി നിയമവിരുദ്ധ ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാക്ഷിയായവരാണ്. തെരുവിലെ രോഷാകുലരായ യുവാക്കൾ, അക്രമം ഒരു ഉപകരണമെന്ന നിലയിൽ വിജയകരമായി ഉപയോഗിക്കുന്നത് കണ്ടുപഠിച്ചത് ഇതേ രാഷ്ട്രീയക്കാരിൽ നിന്നാണ്. രാഷ്ട്രീയ ആവിഷ്കാരത്തിനുള്ള നിയമാനുസൃതമായ ഉപകരണമായാണ് തീകൊളുത്തലും പടർത്തലും അവർ ഇപ്പോൾ പരിഗണിക്കുന്നത്. തങ്ങളുടെ പരാതികൾ ക്ഷമയോടെ കേൾക്കാമെന്ന് വാഗ്ദാനം ചെയ്ത് അക്രമം ഒഴിവാക്കണമെന്ന് യുവാക്കളോട് പരസ്യമായി അഭ്യർത്ഥിക്കാൻ പോലും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. ജനവിരുദ്ധമായ ഒരു രാഷ്ട്രീയ തീരുമാനത്തെ പ്രതിരോധിക്കാൻ ടെലിവിഷൻ ചാനലുകളിൽ സൈനിക മേധാവികളെ ക്ഷണിച്ചു വരുത്തിയത് തെരുവുകളിൽ പ്രത്യേകിച്ച് ഒരു ഫലമുണ്ടാക്കിയില്ല.

നാല് വർഷത്തേക്ക് മാത്രം പ്രതിവർഷം 45,000 മുതൽ 50,000 വരെ സൈനികരെ റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി. മൊത്തം വാർഷിക റിക്രൂട്ട്‌മെന്റുകളിൽ 25% പേർക്ക് മാത്രമേ സ്ഥിരം കമ്മീഷനു കീഴിൽ 15 വർഷത്തേക്ക് തുടരാൻ അനുവദിക്കൂ. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് കൂടാതെ വർഷത്തിൽ രണ്ടുതവണ റിക്രൂട്ട്‌മെന്റ് നടത്തും. ഈ ഹ്രസ്വകാല കരാർ സൈനികർക്ക് അവരുടെ ശമ്പളത്തിനൊപ്പം ക്ഷാമബത്ത ലഭിക്കാത്തതും അവരുടെ കരാർ കാലയളവ് നാല് വർഷമായി പരിമിതപ്പെടുത്തി ഗ്രാറ്റുവിറ്റി നിഷേധിക്കുന്നതുമാണ് പ്രതിഷേധത്തിനുള്ള പ്രധാന കാരണങ്ങൾ. കേവലമായ സാമ്പത്തിക ലാഭത്തിനായുള്ള യൗവന-ഊർജ്ജത്തിന്റെ ചൂഷണമാണ് ഈ പാദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

അതിന്റെ മറ്റൊരു വശമെന്നത്, കരസേനയിൽ ഒരു ലക്ഷത്തിലധികം സൈനികരുടെ കുറവുണ്ടെങ്കിലും, ഈ വർഷം 46,000 സൈനികരെ മാത്രമാണ് ചേർത്തിട്ടുള്ളത് എന്നതാണ്. ഈ വർഷം വിരമിക്കുന്ന സൈനികരുടെ ഒഴിവു നികത്താൻ പോലും ഇപ്പോൾ കഴിയില്ല. അതേപോലെ, താൽക്കാലിക സ്വഭാവത്തിലുള്ള ഈ സ്കീം പ്രതിരോധ സേനയുടെ ആത്മബലത്തേയും സാരമായി ബാധിക്കും. ഇന്ത്യയുടെ ലോക -ശക്തിയാവാനുള്ള മോഹങ്ങളും അസ്ഥിരമായ സാമ്പത്തിക ശേഷിയും തമ്മിലുള്ള പൊരുത്തക്കേട് ഇത് വെളിപ്പെടുത്തുന്നു.

ഈ പദ്ധതി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി എന്നത് ഓരോ സംസ്ഥാനത്തിനും വേണ്ടിയുള്ള റിക്രൂട്ടബിൾ മെയിൽ പോപ്പുലേഷൻ അല്ലെങ്കിൽ ആർ.എം.പി എന്ന മെട്രിക് അടിസ്ഥാനമാക്കി സംസ്ഥാനം തിരിച്ചുള്ള റിക്രൂട്ട്‌മെന്റ് ടാർഗെറ്റുകൾ നീക്കം ചെയ്യപ്പെടുന്നു എന്നതാണ്. സായുധ സേനയിലെ പ്രാദേശിക, ഭാഷാപരമായ അല്ലെങ്കിൽ വംശീയ അസന്തുലിതാവസ്ഥയിലേക്കാണ് ഇത് നയിക്കുക.

ഒരു ജനാധിപത്യത്തിൽ ആരോഗ്യകരമായ സിവിൽ-സൈനിക ബന്ധങ്ങൾക്ക് സന്തുലിത സൈന്യം അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ അസന്തുലിത സൈന്യത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ബി.ജെ.പിയുടെ ഏകീകൃത പ്രത്യയശാസ്ത്രത്തിൽ നിന്ന് ഫെഡറലിസം ഭീഷണി നേരിടുമ്പോൾ, ഈ അപകടസാധ്യത കൂടുതൽ വ്യാപകവും തീവ്രവുമാണ്.

സൈനിക കരാർ അവസാനിച്ചതിന് ശേഷം ഈ അഗ്നിവീരന്മാരെ സമൂഹത്തിലേക്ക് പുനഃസംഘടിപ്പിക്കുന്നത് സാമൂഹിക വെല്ലുവിളിയാണ്. ജനാധിപത്യ പൗരസമൂഹത്തിന്റെ സൈനികവൽക്കരണം
തീവ്രദേശീയതയുടെ അജണ്ടയാണ്. രാജ്യത്തിൻറെ അഖണ്ഡതയും ദേശഭക്തിയും വിമർശന സ്വഭാവമില്ലാതെ അച്ചടക്കത്തോട് കൂടി പഠിപ്പിച്ചെടുത്ത സൈനിക-രീതിശാസ്ത്രത്തിൽ അഭിപ്രായങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമില്ല.

മുൻ സൈനികരുടെ പദവിയും പെൻഷന്റെ ആനുകൂല്യങ്ങളും ഇല്ലാതെ, പൗര സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യാവുന്ന കഴിവുകളൊന്നുമില്ലാതെ, അവർ സർക്കാർ വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ ജോലികളിലെ “മുൻഗണന”യെ ആശ്രയിച്ചിരിക്കും. ഈ “മുൻഗണന” അർദ്ധസൈനിക സേനകളിലേക്കോ സംസ്ഥാന പോലീസിലേക്കോ സ്വയമേവ പ്രവേശനം ഉറപ്പുനൽകുന്നില്ല. അക്രമത്തിൽ വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര ഗ്രൂപ്പുകൾക്കും സംഘടനകൾക്കും ഒരു പ്രധാന റിക്രൂട്ട്മെന്റ് സ്രോതസ്സായി അവരെ ലഭ്യമാക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളിൽ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ, സാമ്പത്തിക സാഹചര്യങ്ങൾ ദുർബലമാകുമ്പോൾ, അതിന്റെ അനന്തരഫലങ്ങൾ സങ്കൽപ്പിക്കാനാവാത്തവിധം ഭയാനകമാണ്.

സംഘ് പരിവാറിന്റെ നിലവിലെ ആൾക്കൂട്ടത്തിലേക്ക് പരിശീലനം സിദ്ധിച്ച, തീവ്ര ദേശീയതാവാദികളായ അഗ്നിവീരന്മാർ ചേരുമ്പോൾ പൗരസമൂഹത്തെ ക്രമേണ സൈനികവൽക്കരിക്കുകയാണ് അവർ ചെയ്യുക.

ആഗോളതലത്തിൽ വംശഹത്യ അരങ്ങേറിയ ഭൂപ്രദേശങ്ങളിലെല്ലാം തന്നെ സൈനികവൽക്കരിക്കപ്പെട്ട പൗരന്മാരും അക്രമത്തിൽ പങ്കാളികളായിട്ടുണ്ട്. ഭരണ കക്ഷിയുടെ പിന്തുണയോടുകൂടി രൂപവൽക്കരിക്കപ്പെടുന്ന ചാവേർപടകളിൽ അല്ലെങ്കിൽ സായുധ സംഘങ്ങളിൽ ചുരുങ്ങിയ കാലത്തെ സൈനിക പരിശീലനം നേടിയ പൗരന്മാർ ആയുധങ്ങൾ ഉപയോഗിക്കാനും ഇരകളെ പീഡിപ്പിക്കുവാനും തയ്യാറായിരിക്കും.

ഇന്ററാഹാംവെ സൈനികർക്ക് പരിശീലനം നൽകുന്ന ഫ്രഞ്ച് സൈനികൻ/ ‘ദി ന്യൂ ടൈംസ്’.

ഹോളോകോസ്റ്റ് വേളയിൽ, നാസി ജർമ്മനിയിലും യൂറോപ്പിലുടനീളവും ജൂതന്മാരെ പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും സഹായിക്കുന്ന തരത്തിൽ ധാരാളം സാധാരണക്കാർ പ്രവർത്തിച്ചിട്ടുണ്ട്. 1994ലെ റുവാണ്ടയിലെ വംശഹത്യയിൽ ‘ഇന്ററാഹാംവെ’ അടക്കമുള്ള വ്യത്യസ്ത സായുധ സംഘങ്ങൾക്ക് ടുട്സികളെ ഉന്മൂലനം ചെയ്യുവാൻ ആയുധങ്ങൾ നൽകിയത് ഫ്രാൻസ് ആയിരുന്നു. ‘ഇന്ററാഹാംവെ’ എന്ന പദം പിന്നീട് ടുട്സികളെ കൊല്ലുന്ന എല്ലാ പൗര-സായുധ സംഘങ്ങളെയും വിശേഷിപ്പിക്കുവാൻ ഉപയോഗിക്കപ്പെട്ടു.

വംശഹത്യക്കായി മുറവിളി കൂട്ടുന്ന സംഘപരിവാറിന്റെ സംഘടിപ്പിക്കുന്ന ഹിന്ദു പാർലമെന്റുകൾ മുറപോലെ നടക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം അതിവിദൂരമല്ല. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയും വാളുകളും തോക്കുകളും വിതരണം ചെയ്യുകയും ചെയ്യുന്ന ഹിന്ദുത്വ സദസ്സുകൾക്ക് വംശഹത്യ നടപ്പിലാക്കുവാൻ സായുധപരിശീലനം നേടിയ അഗ്നിവീരന്മാരുടെ ശേഷിയും ലഭ്യമാക്കുകയാണ് കേന്ദ്ര സർക്കാർ നിർവ്വഹിക്കുന്നത്.

ജെ എൻ യു സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്നു ലേഖകൻ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.